Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

അനിയനും കുടുംബവും ഇറ്റലിയിൽ നിന്ന് വരുന്നെന്ന് കേട്ടപ്പോഴേ..ഓമന പറഞ്ഞു: അവിടെല്ലാം കൊറോണയാണ് ...കെട്ടിപ്പിടിക്കാൻ നിൽക്കരുതെന്ന്; കണ്ടപ്പോൾ സന്തോഷം അടക്കാനാകാതെ കെട്ടിപ്പിടിച്ചു; പനി വന്നപ്പോൾ കാര്യമാക്കിയില്ല; കണ്ടു പിടിച്ചത് റാന്നി താലൂക്കാശുപത്രിയിലെ ഡോക്ടർ; ആശുപത്രിയിൽ കിട്ടിയത് മെച്ചപ്പെട്ട ചികിൽസയും കരുതലും: കോവിഡ് അനുഭവങ്ങൾ പങ്കുവച്ച് ഐത്തലയിലെ ദമ്പതികളായ ഓമനയും ജോസഫും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അനിയനും കുടുംബവും ഇറ്റലിയിൽ നിന്ന് വരുന്നുവെന്ന് കേട്ടപ്പോഴേ ഭാര്യ ഓമന എന്നോട് പറഞ്ഞു അവിടെ എല്ലാം കൊറോണയാണ്. കെട്ടിപ്പിടിക്കാനൊന്നും നിൽക്കണ്ട. അവർ വന്നു കണ്ടപ്പോൾ ഞാൻ അതൊന്നും ഓർത്തില്ല. സന്തോഷം കൊണ്ട് കെട്ടിപ്പുണർന്നു. പിന്നെയുള്ളതെല്ലാം ചരിത്രം. കോവിഡിന്റെ രണ്ടാം വരവിൽ ഇന്ത്യയിൽ ആദ്യം രോഗികളായ ഐത്തല പട്ടയിൽ ജോസഫും (65) ഭാര്യ ഓമനയും(60) തങ്ങൾക്ക് രോഗം ബാധിച്ച അവസ്ഥ ഓർത്തെടുക്കുകയാണ്. കോവിഡ് 19 നെക്കുറിച്ച് പത്രത്തിലും ടിവി വാർത്തകളിലും കണ്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി 29ന് അനിയനും ഭാര്യയും മകനും ഇറ്റലിയിൽനിന്ന് എത്തുമ്പോൾ അവരെ കെട്ടിപ്പിടിക്കാൻ നിൽക്കരുതെന്ന് കൊറോണ ഭയമുണ്ടായിരുന്ന ഭാര്യ ഓമന പറഞ്ഞിരുന്നു. ഇറ്റലിയിൽ രോഗം രൂക്ഷമാകുന്ന സാഹചര്യത്തിലായിരുന്നല്ലോ അവരുടെ വരവ്. നാലുവർഷത്തിനുശേഷം അനിയനെയും കുടുംബത്തെയും കണ്ട സന്തോഷത്തിൽ ഓമന പറഞ്ഞതുകാര്യമാക്കാതെ അവരെ കെട്ടിപ്പിടിച്ചു.

റാന്നിയിൽ എൽഐസി കെട്ടിടത്തിന്റെ വാച്ച്മാൻ ആയി ജോലി ചെയ്യുകയായിരുന്നു ഞാൻ. പതിവുപോലെ ജോലിക്കുപോയി ഒരുദിവസം രാത്രി 7.30ന് തിരിച്ചുവരുമ്പോൾ ഭയങ്കരമായ ചുമയും കഫക്കെട്ടും അനുഭവപ്പെട്ടു. സ്‌കൂട്ടർ ഓടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. മെഡിക്കൽ ഷോപ്പിലെത്തി ചുമയ്ക്കും പനിക്കുമുള്ള മരുന്നുവാങ്ങി ഒരുവിധം വീട്ടിലെത്തി. കുറച്ചു കഞ്ഞികുടിച്ചു ഗുളികയും ചുമയുടെ മരുന്നും കഴിച്ചെങ്കിലും ബുദ്ധിമുട്ട് മാറിയില്ല. രാത്രി നല്ല വിറയലും ഉണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് ഓമനയ്ക്കും പനിയായി.

പിറ്റേദിവസം മാർച്ച് അഞ്ചിന് രാവിലെ എട്ടിന് റാന്നി താലൂക്ക് ആശുപത്രിയിൽ എത്തി. ഡോക്ടർ ആനന്ദിനെയാണു കണ്ടു സംസാരിച്ചത്. ഡോക്ടർ വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. കോവിഡ് 19 ലക്ഷണങ്ങൾ ആണെന്ന് മനസിലാക്കിയ ഉടൻ ഡോക്ടർ ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു.പിന്നെയെല്ലാം വേഗത്തിലായിരുന്നു. താലൂക്ക് ആശുപത്രിയുടെ മൂന്നാം നിലയിൽ ഐസലേഷൻ വാർഡിനായി നേരത്തെ സജ്ജീകരിച്ചിരുന്ന മുറിയിൽ ഞങ്ങളെ എത്തിച്ചു. വയ്യാത്തതിനാൽ അവിടുത്തെ ഒരു ബെഡിൽ കിടന്നു. ആ മുറിയിൽ ഉണ്ടായിരുന്ന ബാക്കി എല്ലാവരെയും പെട്ടെന്നുതന്നെ അവിടെ നിന്നും മാറ്റി. നഴ്സുമാർ കൊണ്ടുവന്ന ദോശയിൽ ഒരെണ്ണം ഒന്നു കഴിച്ചു.

എന്റെയും ഓമനയുടെയും വിരലിൽ എന്തോ ഒരു ഉപകരണം ഘടിപ്പിച്ചു. അപ്പോഴത്തെ സാഹചര്യംകണ്ടു ഞങ്ങൾക്ക് കൊറോണ ഉണ്ടെന്നു മനസിലായി. മറ്റുള്ളവർ ഞങ്ങളെ അകറ്റി നിർത്തുമോയെന്നായി മനസിൽ. അപ്പോഴത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവില്ല. രാവിലെ എട്ടിന് എത്തിയ ഞങ്ങൾ ഒരു മണിവരെ ആശുപത്രിയിലുണ്ടായിരുന്നു. ഇതിനിടയിൽ ഡോക്ടർമാർ തിരക്കിട്ട ചർച്ചകൾ നടത്തുന്നുണ്ടായി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. രോഗികളും മറ്റ് ആശുപത്രി അധികൃതരും കയറുന്ന ലിഫ്റ്റിൽ കയറാതെ കെട്ടിടത്തിനു പുറകിലെ സ്റ്റെയർകെയ്സ് വഴിയാണ് ഞങ്ങളെ ആശുപത്രിയുടെ പിൻഭാഗത്ത് എത്തിച്ചത്. ആംബുലൻസ് ആരുംവരാത്ത പ്രദേശത്തേക്കു മാറ്റിയിട്ടു. ആരെയും കാണിക്കാതെ ആംബുലൻസിൽ കയറ്റി. അത്യാവശ്യ സാധനങ്ങൾ എടുക്കുന്നതിനായി ആംബുലൻസിൽത്തന്നെ വീട്ടിൽ എത്തിച്ചു. ഒരു ബാഗിൽ കണ്ണാടിയും കുറച്ചു വസ്ത്രങ്ങളും മരുന്നുകളും ഓമന എടുത്തുവച്ചു. പുതിയതായി വാങ്ങിവച്ചിരുന്ന ഡ്രസുകളും മറ്റു സാധനങ്ങളും എടുക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. അരമണിക്കൂറിനകം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. ഞങ്ങൾ എത്തുമ്പോൾ ഡോക്ടർമാരെല്ലാം മാസ്‌ക് ധരിച്ചിരുന്നു.

ഐസലേഷൻ മുറിയിൽ വലിയ സൗകര്യം ഉണ്ടായിരുന്നുവെന്ന് ജോസഫ് പറഞ്ഞു. മൂന്നു ബെഡുകൾ അടങ്ങിയ മുറിയിൽ ടോയ്ലറ്റ് സൗകര്യവും ഉണ്ടായിരുന്നു. എല്ലാദിവസവും രാവിലെയും വൈകിട്ടും പ്രത്യേകവേഷം ധരിച്ച(പി.പി.ഇ കിറ്റ്) ധരിച്ച രണ്ടുപേർ വന്നു മുറിയും ടോയ്ലറ്റും വൃത്തിയാക്കും. പുതിയ ഡ്രസും കൊണ്ടുവന്നു തരും.

ഡോ. നസ്ലിമും ഡോ.ശരത്തും അടങ്ങുന്ന കുറച്ചുപേരാണ് എന്നെയും ഭാര്യയെയും ചികിത്സിച്ചത്. ആദ്യംമുതലേ ശരീരവേദന അനുഭവപ്പെട്ടിരുന്നു. എത്ര രാത്രിയായാലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അറിയിക്കണം എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. രോഗം സ്ഥിരീകരിച്ച അന്നുമുതൽ 15 ദിവസത്തോളം ഭക്ഷണംകഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വായിൽ കയ്പ് അനുഭവപ്പെട്ടു. ഭക്ഷണം ഇഷ്ടംപോലെ ലഭിക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നുംകഴിക്കാൻ തോന്നിയില്ല. ഓറഞ്ചും ഏത്തപ്പഴവും കഴിച്ചാണു രണ്ടുമൂന്നുദിവസം തള്ളിനീക്കിയത്. പരവേശം എടുക്കുമ്പോൾ മാത്രം കുറച്ചു ചായകുടിക്കും.

ഈ രോഗമാണെന്നു സൂചനകിട്ടിയ വെപ്രാളത്തിനിടയിൽ കണ്ണാടി ഒടിഞ്ഞു പോയിരുന്നു. ആശുപത്രി അധികൃതർ പകരം കണ്ണാടി വാങ്ങിതരുകയും ആവശ്യമായ സാധനങ്ങൾ കൃത്യസമയത്ത് എത്തിക്കുകയും ചെയ്തിരുന്നു. ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി ഉണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ബോബി എബ്രഹാം കിഴക്കേ മുറിയിലിനെ അങ്ങേയറ്റം പ്രശംസിക്കാതെ വയ്യ.26 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ആരോഗ്യം വീണ്ടെടുക്കുന്ന അവസ്ഥയിലേക്കു തങ്ങൾ മാറിയെന്ന ഓമന പറഞ്ഞു.

ആശുപത്രിയിലായിരുന്നപ്പോൾ ഭക്ഷണവും മരുന്നും കഴിക്കാൻ ബുദ്ധിമുട്ടായിരുന്നു. വായിൽ കയ്പ് അനുഭവപ്പെട്ടതിനാൽ ആദ്യത്തെ കുറച്ചുദിവസം ഗുളിക കഴിച്ചിരുന്നത് ഓറഞ്ച് നീര് കുടിച്ചായിരുന്നു. ഡോക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും എല്ലാവിധ സഹായങ്ങളും ചെയ്തുതന്നു. എല്ലാ ദിവസവും മുറിയിൽ എത്തുന്ന ഡോക്ടർമാർ മുഖംമൂടിവച്ചു കണ്ണടവച്ചിരുന്നതിനാൽ ആരുടെയും മുഖം കണ്ടിരുന്നില്ല. രോഗം ഭേദമായി ആശുപത്രിയിൽ നിന്നു പോകുന്നതിനുമുമ്പു പരിചരിച്ച എല്ലാവരുടെയും കാണുന്നതിനായി ആഗ്രഹിച്ചിരുന്നു. സുഖവിവരങ്ങൾ അന്വേഷിക്കാൻ എത്തുന്ന ഡോക്ടർമാരുടെ അടുത്ത് ഈ ആഗ്രഹം പറഞ്ഞിരുന്നു. മാനസികമായി ബുദ്ധിമുട്ട് ഉണ്ടായപ്പോൾ ഡോക്ടർമാർ ആശ്വസിപ്പിച്ചിരുന്നു. അവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പഞ്ചായത്ത് പ്രസിഡന്റ് ബോബി എബ്രഹാം കിഴക്കേമുറിയിൽ ഞങ്ങൾക്കുവേണ്ട സാധനങ്ങൾ ഇപ്പോൾ വീട്ടിൽ എത്തിക്കുന്നുണ്ട് എന്നും ഓമന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP