Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞങ്ങളെ ക്യാൻവാസ് ചെയ്തത് പ്രസവശുശ്രൂഷയ്ക്ക് ക്ലെയിം കിട്ടുന്ന പോളിസി എന്ന് പറഞ്ഞ്; ഒരുവർഷം പരമാവധി ഒരുമാസത്തെ തുക അനുവദിക്കുമെന്ന് വാഗ്ദാനം; പ്രസവം കഴിഞ്ഞ് ക്ലെയിം കിട്ടാൻ അപേക്ഷിച്ചപ്പോൾ തുക നൽകാതെ ഒളിച്ചുകളി; പോളിസി പ്രകാരം ഒന്നര ലക്ഷം കിട്ടാൻ അർഹതയുള്ളപ്പോൾ വെറും അഞ്ച് ദിവസത്തെ ക്ലെയിം തുകയായ 25,000 പോക്കറ്റിൽ വച്ച് തടിയൂരി'; ബജാജ് അലയൻസ് തങ്ങളെ ചതിച്ചുവെന്ന് ദമ്പതികളുടെ പരാതി; ചില രേഖകൾ കിട്ടിയില്ലെന്ന് ഇൻഷുറൻസ് കമ്പനിയുടെ വിശദീകരണം

'ഞങ്ങളെ ക്യാൻവാസ് ചെയ്തത് പ്രസവശുശ്രൂഷയ്ക്ക് ക്ലെയിം കിട്ടുന്ന പോളിസി എന്ന് പറഞ്ഞ്; ഒരുവർഷം പരമാവധി ഒരുമാസത്തെ തുക അനുവദിക്കുമെന്ന് വാഗ്ദാനം; പ്രസവം കഴിഞ്ഞ് ക്ലെയിം കിട്ടാൻ അപേക്ഷിച്ചപ്പോൾ തുക നൽകാതെ ഒളിച്ചുകളി; പോളിസി പ്രകാരം ഒന്നര ലക്ഷം കിട്ടാൻ അർഹതയുള്ളപ്പോൾ വെറും അഞ്ച് ദിവസത്തെ ക്ലെയിം തുകയായ 25,000 പോക്കറ്റിൽ വച്ച് തടിയൂരി'; ബജാജ് അലയൻസ് തങ്ങളെ ചതിച്ചുവെന്ന് ദമ്പതികളുടെ പരാതി; ചില രേഖകൾ കിട്ടിയില്ലെന്ന് ഇൻഷുറൻസ് കമ്പനിയുടെ വിശദീകരണം

എം മനോജ് കുമാർ

കൊച്ചി: പ്രസവവുമായി ബന്ധപ്പെട്ട ചെലവുകൾ താങ്ങാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് ഐടി പ്രൊഫഷണൽ ആയ സനീഷ് മാത്യു ഭാര്യ ജീനയുടെ പ്രസവച്ചെലവ്ക്കായി ബജാജ് അലയൻസ് പോളിസിയിൽ ചേർന്നത്. പോളിസിയിൽ പറയുന്ന കാര്യങ്ങൾ വിശ്വസിച്ച് പോളിസിയിൽ ചേർന്നപ്പോൾ വഞ്ചിക്കപ്പെട്ട അവസ്ഥയാണ് സനീഷിനു നേരിടേണ്ടി വന്നത്. 80000 രൂപ ക്ലെയിം ലഭിക്കാൻ ആശുപത്രി രേഖകൾ സഹിതം അപേക്ഷ നൽകിയപ്പോൾ ഇൻഷൂറൻസ് കമ്പനി നൽകിയത് വെറും 25000 രൂപ. പോളിസി പ്രകാരം ഒന്നര ലക്ഷം ലഭിക്കാൻ അർഹതയുണ്ടായിരിക്കെയാണ് ഇരുട്ടടിയടിയടിച്ച് കമ്പനി വെറും 25000 രൂപ മാത്രം നൽകി തടിയൂരിയത്.

ബജാജ് നടത്തിയ ചതിക്കെതിരെ ബംഗളൂരുവിൽ ഐടി പ്രൊഫഷണലായി ജോലി നോക്കുന്ന ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി സനീഷ് മാത്യുവാണ് ഇൻഷൂറൻസ് ഓംബുഡ്‌സ്മാനെതിരെ പരാതി നൽകിയത്. പ്രസവ ശുശ്രൂഷ കൂടി ഉൾപ്പെട്ട സ്‌കീം എന്ന് പറഞ്ഞാണ് സനീഷ് മാത്യു ബജാജ് അലയൻസ് പോളിസി എടുക്കുന്നത്. ദിവസം 5000 രൂപ എന്ന രീതിയിൽ ഒരു വർഷം പരമാവധി ഒരു മാസത്തെ തുക നൽകാം എന്നാണ് പോളിസിയിൽ ചേരുമ്പോൾ പറഞ്ഞത്. അതിനുള്ള മെയിലും നൽകി. എന്നാൽ പ്രസവം കഴിഞ്ഞു പോളിസി തുകയ്ക്ക് സമീപിച്ചപ്പോൾ പ്രസവത്തിനു അഞ്ച് ദിവസത്തെ ക്ലെയിം നൽകാനേ വകുപ്പുള്ളൂ എന്നാണ് ബജാജ് അറിയിച്ചത്. ഈ ചതി ചൂണ്ടിക്കാട്ടിയാണ് സനീഷ് ഇൻഷൂറൻസ് ഓംബുഡ്‌സ്മാന് പരാതി നൽകിയത്.

ഒട്ടനവധി പരാതികളാണ് ആരോഗ്യ ഇൻഷൂറൻസ് പോളിസിയുമായി ബന്ധപ്പെട്ടു ഉയർന്നുവരുന്നത്. ഏതെങ്കിലും കാരണങ്ങൾ ചൂണ്ടിക്കാട്ടി ക്ലെയിം നിഷേധിക്കുന്ന ഇൻഷൂറൻസ് കമ്പനികളുടെ രീതിയാണ് പരാതികൾക്ക് ആധാരമായി വരുന്നത്. മുൻപ് പൊതുമേഖലാ ജനറൽ ഇൻഷൂറൻസ് കമ്പനികൾ ആണെങ്കിൽ ഇന്ന് സ്വകാര്യ കമ്പനികളുടെ കുത്തൊഴുക്കാണ് മേഖലയിൽ ദൃശ്യമാകുന്നത്. അതുകൊണ്ട് തന്നെ പരാതികളുടെ പ്രവാഹവും വർദ്ധിക്കുകയാണ്. ആരോഗ്യ ഇൻഷൂറൻസ് ക്ലെയിം നിഷേധിച്ചതിന്റെ പേരിലാണ് ഇന്ത്യയിലെ ആരോഗ്യ ഇൻഷൂറൻസ് രംഗത്തെ അതികായരായ ബജാജ് അലയൻസിനെതിരെ ഇൻഷൂറൻസ് ഓംബുഡ്‌സ്മാന് പരാതി നൽകേണ്ട അവസ്ഥ സനീഷിനു വന്നിരിക്കുന്നത്.

പ്രസവ ചികിത്സയ്ക്ക് ക്ലെയിം നൽകുന്ന പോളിസി എന്ന് പറഞ്ഞാണ് സനീഷ് മാത്യുവിനെയും ഭാര്യയേയും ബജാജ് അലയൻസ് ഇൻഷൂറൻസിൽ ചേർത്തത്. അതിനാൽ സനീഷ് മാത്യു ഒരു പോളിസിയിലും ഭാര്യ ജീന മാത്യു പ്രസവ ചികിത്സയ്ക്ക് ക്ലെയിം നൽകുന്ന മറ്റൊരു ബജാജ് പോളിസിയിലുമാണ് ചേർന്നത്. എന്നാൽ പ്രസവശേഷം ആശുപത്രിയിൽ ചെലവായ 80000 രൂപ ബിൽ ഉൾപ്പെടെ ബജാജ് അലയൻസ് കൊച്ചി ഓഫീസിൽ ഹാജരാക്കിയപ്പോൾ അവർ ക്ലൈം തുക നൽകിയില്ല. പരാതിയും പ്രശ്‌നങ്ങളുമായി സനീഷ് കമ്പനിക്ക് തുടരൻ മെയിലുകൾ നൽകിയപ്പോൾ 25000 രൂപ ഒരറിയിപ്പും നൽകാതെ ഭാര്യയുടെ അക്കൗണ്ടിലിട്ടു തടിതപ്പുകയാണ് ബജാജ് ചെയ്തത്. പ്രസവത്തിനുള്ള പോളിസി തുക നിഷേധിച്ചത് ചൂണ്ടിക്കാട്ടി സനീഷ് പരാതി നൽകിയപ്പോൾ 80000 ആവശ്യപ്പെട്ടു സുനീഷ് നൽകിയ ക്ലൈം 25000 രൂപയ്ക്ക് സെറ്റിൽ ചെയ്തു എന്ന മെയിൽ ആണ് സനീഷിനു ബജാജ് നൽകിയത്. ഒരു ദിവസം 5000 രൂപ വെച്ച് ഒരു വർഷത്തിൽ മാക്‌സിമം മൂന്നു ലക്ഷം രൂപ നൽകുന്ന ബജാജ് പോളിസിയിലാണ് സനീഷ് ഭാര്യയെ ചേർത്തിയിരുന്നത്. എന്നാൽ പ്രസവമായതിനാൽ വെറും അഞ്ചു ദിവസത്തെ ക്ലൈം തുക മാത്രമേ അനുവദിക്കാൻ കഴിയൂ എന്ന് ചൂണ്ടിക്കാട്ടി ഈ പരാതി ബജാജ് അവസാനിപ്പിക്കുകയായിരുന്നു. പ്രസവം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്ന പോളിസിയാണിത് എന്ന ബജാജിന്റെ മെയിൽ തന്നെ കമ്പനി അധികൃതർക്ക് സനീഷ് നൽകിയെങ്കിലും പരാതി അവരുടെ രീതിയെങ്കിലും അവസാനിപ്പിക്കുകയാണ് ബജാജ് ചെയ്തത്. ഇതിനെ തുടർന്നാണ് ഇൻഷൂറൻസ് കമ്പനിക്ക് എതിരെ ഇൻഷൂറൻസ് ഓംബുഡ്‌സ്മാന് പരാതി നൽകി സനീഷ് കാത്തിരിക്കുന്നത്.

കാഷ് ലെസ് സ്‌കീമിലല്ല സനീഷ് മാത്യു ചേർന്നിരുന്നത്. തുക അടച്ച ശേഷം പിന്നീട് റീ-ഇംബേഴ്‌സ്‌മെന്റ് നൽകുന്ന സ്‌കീമിലാണ്. അതിനാൽ ഡിസ്ച്ചാർജ് ആയ ശേഷമാണ് തുക ലഭിക്കാൻ ക്ലൈം ചെയ്തത്. എന്നാൽ പതിവിനു വിപരീതമായി കൂടുതൽ ദിവസം പ്രസവത്തിനായി ആശുപത്രിയിൽ കിടന്നു എന്ന രീതിയിലാണ് ബജാജ് പ്രതികരിച്ചത്. അതിനാൽ ആശുപത്രിയിൽ കിടന്നത് ഉൾപ്പെടെയുള്ള വിശദ റിപ്പോർട്ട് ആണ് ബജാജ് തേടിയത്. ഒപ്പം ഇൻഹൗസ് ആശുപത്രി കേസ് ഷീറ്റ് വേണം എന്നും കമ്പനി ആവശ്യപ്പെട്ടു. ഇൻഹൗസ് ആശുപത്രി കേസ് ഷീറ്റ് നൽകുന്ന പതിവില്ലാത്തതിനാൽ ജീനയെ പ്രവേശിപ്പിച്ച തൊടുപുഴ അർച്ചന ആശുപത്രി അധികൃതർ ഇത് നിഷേധിച്ചു. പകരം കമ്പനി ആവശ്യപ്പെട്ട പ്രകാരം ഡീറ്റെയിൽഡ് റിപ്പോർട്ട് നൽകി. കോടതി ഉത്തരവുണ്ടെങ്കിൽ അത് നൽകാം എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. പക്ഷെ അതിനു പകരം ആശുപത്രി അധികൃതർ നൽകിയ ഡീറ്റെയിൽഡ് റിപ്പോർട്ട് ബജാജ് പരിഗണിക്കുകയും ചെയ്തു.

എന്നാൽ വിചിത്രമായി അഞ്ച് ദിവസത്തെ തുക മാത്രം നൽകി അവർ പരാതി അവസാനിപ്പിക്കുകയായിരുന്നു. . ജൂലൈ 27 നാണ് തൊടുപുഴ അർച്ചന ആശുപത്രിയിൽ ജീനയെ പ്രവേശിപ്പിക്കുന്നത്. ചില കോംപ്ലിക്കെഷൻ ഉള്ളതിനാൽ ആദ്യമേ അഡ്‌മിറ്റ് വേണം എന്ന് ആശുപത്രി അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. ജൂലൈ 27 നു ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഓഗസ്റ്റ് ആറിനാണ് പ്രസവം നടക്കുന്നത്. ഓഗസ്റ്റ് പതിനൊന്നിനു ഡിസ്ചാർജ് ആയി. ഈ കാലയളവ് നീണ്ടതാണ് എന്നാണ് കമ്പനി ചൂണ്ടിക്കാട്ടിയത്. ഇതോടെ ഒരു വർഷം പരമാവധി 30 ദിവസം വരെ ക്ലൈം ലഭിക്കുമായിരുന്ന പോളിസിയിൽ നിന്ന് സനീഷ് മാത്യുവിനു ലഭിച്ചത് വെറും അഞ്ചു ദിവസത്തെ ക്ലൈം മാത്രം. ഇതോടെയാണു പരാതിയുമായി സനീഷ് മുന്നോട്ടു പോയത്.

ക്ലെയിം നിഷേധവുമായി വന്നത് തിക്തമായ അനുഭവങ്ങളെന്നു സനീഷ് മാത്യു:

പ്രസവ സംബന്ധമായ സ്‌കീം ആണെന്ന് അറിഞ്ഞാണ് ബജാജ് അലയൻസ് പോളിസിയിൽ ചേർന്നത്. ആശുപത്രിയിൽ കിടന്നാൽ ഒരു ദിവസം 5000 രൂപ എന്നാണ് പറഞ്ഞത്. ഒരു വർഷം പരമാവധി ഒരു മാസത്തെ തുക ലഭിക്കും. പ്രസവത്തിനും ഇത് ലഭിക്കും എന്നാണ് അവർ പറഞ്ഞത്. ഇത് പ്രകാരമാണ് ഭാര്യ ജീനയെ സ്‌കീമിൽ ചേർത്തത്. എന്നാൽ ഭാര്യയ്ക്ക് പ്രസവം കഴിഞ്ഞപ്പോൾ ക്ലൈം തുക അവർ അനുവദിച്ചില്ല. 80000 രൂപയാണ് ഞങ്ങൾക്ക് ക്ലൈം ആയി നൽകേണ്ടത്. ഇത് പ്രകാരമുള്ള സകല രേഖകളും ഞങ്ങൾ കൈമാറിയിരുന്നു. എന്നാൽ അവർ പ്രസവത്തിനു ആകെ നൽകിയത് അഞ്ച് ദിവസത്തെ ചെലവ് മാത്രം. ആകെ നൽകിയത് 25000 രൂപ മാത്രം. ജൂലായ് 27 നാണ് ഭാര്യയെ പ്രസവത്തിനു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവം നടന്നത് ഓഗസ്റ്റ് 6നും. ഒരു വർഷത്തേക്ക് പരമാവധി 30 ദിവസം ക്ലൈം എന്നാണ് പറഞ്ഞത്. പ്രസവത്തിനു എത്ര ദിവസം ക്ലൈം ലഭിക്കും എന്ന് ബജാജ് ഓഫീസിൽ എഴുതി ചോദിച്ചിരുന്നു. മുപ്പത് ദിവസം വരെ കവർ ചെയ്യും എന്നാണ് പറഞ്ഞത്. ജൂലൈ 27 നു അഡ്‌മിറ്റ് ആയി. തൊടുപുഴ അർച്ചന ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കുറച്ച് കോംപ്ലിക്കേഷൻ ഉള്ളതിനാലാണ് നേരത്തെ പ്രവേശിപ്പിച്ചത്.

ഓഗസ്റ്റ് ആറിനു പ്രസവം നടന്നപ്പോൾ പതിനൊന്നിനു ഡിസ്ചാർജ് ആയി. അതിനു ശേഷം ക്ലെയിമിന് അപേക്ഷ നൽകി. ഓഗസ്റ്റ് പതിനഞ്ചിന് ക്ലെയിമിന് അപേക്ഷ നൽകി. സെപ്റ്റംബർ ഏഴു വരെ അവർ ഒന്നും ചെയ്തില്ല. രവിപുരത്തെ ഓഫീസിലേക്ക് അപേക്ഷ അയച്ചു. സെപ്റ്റംബർ ഏഴിന് ഇവരുടെ പ്രതികരണം വന്നു. ആശുപത്രിവാസം ദീർഘമാണ്. അതിനാൽ വിശദ റിപ്പോർട്ട് വേണം. ഇത് ഡോക്ടരുടെ കയ്യിൽ നിന്ന് വേണം എന്ന് ഇവർ ആവശ്യപ്പെട്ടു. ഇൻഹൗസ് ആശുപത്രി കേസ് ഷീറ്റ് വേണം എന്ന് ഏജൻസി പറഞ്ഞു. അത് കോടതി ഓർഡർ ഉണ്ടെങ്കിൽ മാത്രമേ നൽകൂ എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ദീർഘമായ ആശുപത്രി വാസത്തിനു കാരണമായ എല്ലാ സംഗതികളും എഴുതി നൽകാം എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആരുവന്നാലും ഈ റിപ്പോർട്ട് നൽകാം എന്ന് ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു. അതോടെ ആശുപത്രിയിൽ പോയി റിപ്പോർട്ട് ശേഖരിച്ച് കമ്പനിക്ക് അയച്ചു നൽകി. എന്നിട്ടും ഇൻഷൂറൻസ് അധികൃതർ നിശബ്ദത പാലിച്ചു. എന്നിട്ട് ഒക്ടോബർ ഒന്നിന് രഹസ്യമായി 25000 രൂപ ഭാര്യയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തു. അക്കൗണ്ടിൽ പണം ക്രെഡിറ്റ് ചെയ്യും മുൻപ് അവർ മുൻകൂട്ടി വിവരം അറിയിക്കേണ്ടതുണ്ട്. ഇത്തരം ഒരു വിവരവും അവർ നൽകിയില്ല. അതുകൊണ്ട് 25000 രൂപ നൽകിയ കാര്യം പോലും ഭാര്യ അറിഞ്ഞില്ല. വളരെ ദിവസങ്ങൾക്ക് ശേഷമാണ് ഈ വിവരം അറിയിക്കുന്നത്. പണം ക്രെഡിറ്റ് ചെയ്ത രീതി ചൂണ്ടിക്കാട്ടിയും ഇത്ര തുകയല്ല അനുവദിക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടിയും നിരവധി മെയിലുകൾ ഇവർക്ക് നൽകി. പക്ഷെ കൃത്യമായ ഒരു വിവരവും ഇവർ നൽകിയില്ല. നവംബർ 19 നു തീരുമാനം അറിയിക്കാം എന്ന് പറഞ്ഞു ബജാജ് അലയൻസ് ഓഫീസിൽ നിന്നും മെയിൽ വന്നു. എന്നിട്ടും ഒരു റെസ്‌പോൺസ് വന്നില്ല. ഒടുവിൽ അവർ മെയിൽ ചെയ്തു. 80000 രൂപയുടെ ക്ലൈം 25000 രൂപയ്ക്ക് തീർപ്പാക്കിയിരിക്കുന്നു. കാരണം പ്രസവത്തിനു അഞ്ച് ദിവസം മാത്രമേ ക്ലൈം ഉള്ളൂ എന്നാണ് അവർ പറഞ്ഞത്. പക്ഷെ അവർ ഇത് ആദ്യം ചൂണ്ടിക്കാട്ടിയതുമില്ല. ഇതോടെയാണ് പരാതിയുമായി മുന്നോട്ടു പോയത്. അതുമല്ല പോളിസിയിൽ ഇവർ ബന്ധപ്പെടാൻ രണ്ടു നമ്പരുകൾ നൽകി. ഇത് രണ്ടും കമ്പനിയുമായി ഒരു ബന്ധവുമില്ലാത്ത നമ്പരുകൾ ആണ്. എന്തൊക്കെയോ തട്ടിപ്പുകൾ ബജാജുമായി ബന്ധപ്പെട്ടു നടക്കുന്നുണ്ട്- സനീഷ് മാത്യു പറയുന്നു.

ബജാജ് ഓഫീസ് ഈ കാര്യത്തിൽ നൽകുന്ന വിശദീകരണം:

ഈ പോളിസിയുമായി ബന്ധപ്പെട്ടു സനീഷ് വിളിച്ചിരുന്നു. പിന്നീടുള്ള കമ്യൂണിക്കെഷൻ നേരിട്ട് കമ്പനി ഹെഡ് ക്വാർട്ടെഴ്‌സുമായാണ് നടത്തിയത്. അവരുടെ ആശുപത്രി വാസം ദീർഘിച്ചതായി ഞങ്ങൾക്ക് തോന്നി. അതിനു വിശദീകരണം ചോദിച്ചു. ഇൻഹൗസ് ആശുപത്രി കേസ് ഷീറ്റ് അടക്കമുള്ള രേഖകൾ അതിന്റെ ഫോട്ടോ കോപ്പി വേണം എന്നാണ് ആവശ്യപ്പെട്ടത്. ആ രേഖകൾ ഞങ്ങൾ ചോദിച്ചാൽ അവർ നൽകേണ്ടതുണ്ട്. എന്തിനു വേണ്ടി ഇത്ര ദിവസം എന്നറിയാൻ വേണ്ടിയിട്ടാണ് ചോദിക്കുന്നത്. പക്ഷെ ആ രേഖകൾ സനീഷ് നല്കിയില്ലാ എന്നാണ് തോന്നുന്നത്. മെയിലുകൾ പരിശോധിച്ചപ്പോൾ അത് നൽകിയതായി കണ്ടില്ല. ഇനിയും വേണമെങ്കിൽ അത് ഓപ്പൺ ചെയ്യാൻ കഴിയും. രേഖകൾ ഹാജരാക്കിയാൽ മാത്രം മതി-അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP