Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതുവരെ കവച് നടപ്പാക്കിയത് ആകെയുള്ള ട്രാക്കുകളുടെ രണ്ടുശതമാനം മാത്രം; ട്രെയിനുകളുടെ കൂട്ടയിടി ഒഴിവാക്കാൻ മാത്രമല്ല, അമിതവേഗത്തിന് കടിഞ്ഞാണിടാനും, ലെവൽക്രോസിങ്ങിൽ വിസിൽ ഊതാനും, മൂടൽ മഞ്ഞിൽ വഴി തെളിക്കാനും കവചിന് മിടുക്ക്; ഒഡിഷയിൽ കവച് ഉണ്ടായിരുന്നെങ്കിൽ ദുരന്തം ഒഴിവാകുമായിരുന്നോ?

ഇതുവരെ കവച് നടപ്പാക്കിയത് ആകെയുള്ള ട്രാക്കുകളുടെ രണ്ടുശതമാനം മാത്രം; ട്രെയിനുകളുടെ കൂട്ടയിടി ഒഴിവാക്കാൻ മാത്രമല്ല, അമിതവേഗത്തിന് കടിഞ്ഞാണിടാനും, ലെവൽക്രോസിങ്ങിൽ വിസിൽ ഊതാനും, മൂടൽ മഞ്ഞിൽ വഴി തെളിക്കാനും കവചിന് മിടുക്ക്; ഒഡിഷയിൽ കവച് ഉണ്ടായിരുന്നെങ്കിൽ ദുരന്തം ഒഴിവാകുമായിരുന്നോ?

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിന് പിന്നിൽ സാങ്കേതിക പിഴവോ, മാനുഷിക പിഴവോ? റെയിൽവെ നടത്തുന്ന അന്വേഷണത്തിൽ, യഥാർഥ കാരണം വ്യക്തമാകും. 261 പേരുടെ ജീവൻ പൊലിയാൻ ഇടയാക്കിയ ദുരന്തത്തിന് പിന്നാലെ തന്നെ റെയിൽവെക്ക് എതിരെ പ്രതിപക്ഷം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. വന്ദേഭാരതിന് പിന്നാലെ ഓടുന്ന റെയിൽവെ സുരക്ഷ മറക്കുന്നു എന്നാണ് ആക്ഷേപം.

കൊറോമാൻഡൽ ഷാലിമാർ എക്സ്‌പ്രസും, ചരക്കുതീവണ്ടിയും, യശ്വന്ത്പൂർ -ഹൗറ സൂപ്പർ ഫാസ്റ്റും ഉൾപ്പെട്ട കൂട്ടയിടിയുടെ ആഘാതത്തിൽ കോച്ചുകൾ മേലേക്ക് ഉയർന്നുപൊങ്ങിയാണ് ട്രാക്കിൽ പതിച്ചത്. രണ്ടുട്രെയിനുകളുടേതുമായി 17 കോച്ചുകൾ സാരമായി തകർന്നു. കൂട്ടയിടി നടന്നതിനെ കുറിച്ച് ഒന്നിലേറെ വിശദീകരണങ്ങൾ വരുന്നുണ്ട്. ഏതായാലും ഉറപ്പായ ഒരുകാര്യം, സംഭവ സ്ഥലത്ത് മൂന്നുട്രെയിനുകൾ ഉണ്ടായിരുന്നുവെന്നും ഒരേ സ്ഥലത്ത് രണ്ടുകൂട്ടയിടികൾ നടന്നുവെന്നുമാണ്.

ചരക്ക് തീവണ്ടിയുടെ ട്രാക്കിൽ കൊറോമാൻഡൽ എങ്ങനെ വന്നു?

പല ചോദ്യങ്ങൾ ഉയരുന്നതിൽ, ഏറ്റവും പ്രസക്തമായ ചോദ്യം ഇതാണ്: രണ്ടുതീവണ്ടികൾ എങ്ങനെ ഒരേ ട്രാക്കിൽ വന്നു? ഇതൊരു സാങ്കേതിക പിഴവാണോ, അതോ മാനുഷിക പിഴവാണോ? പല വിദഗ്ധരും സിഗ്നൽ തകരാറിലേക്ക് വിരൽ ചൂണ്ടുന്നു.

എവിടെ കവച്?

ട്രെയിനുകളുടെ കൂട്ടയിടി ഒഴിവാക്കാൻ രാജ്യത്തുടനീളം കവച് സംവിധാനം ഏർപ്പെടുത്തി വരികയായിരുന്നു റെയിൽവെ. ഒരു ട്രെയിൻ സിഗ്നൽ തെറ്റിച്ചാൽ അപ്പോൾ കവച് മുന്നറിയിപ്പ് നൽകും.( സിഗ്നൽ പാസ്ഡ് അറ്റ് ഡേഞ്ചർ-എസ്‌പിഎഡി). ഈ സംവിധാനത്തിന് ട്രെയിൻ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാനും മറ്റൊരു ട്രെയിൻ ഒരേ ട്രാക്കിൽ വന്നാൽ ബ്രേക്കുകളുടെ നിയന്ത്രണം ഏറ്റെടുക്കാനും, ട്രെയിൻ നിർത്താനും സാധിക്കും.

ഏന്തായാലും അപകടം ഉണ്ടായ റൂട്ടിൽ കവച് ഇല്ലായിരുന്നുവെന്ന് റെയിൽവെ വക്താവ് അമിതാഭ് ശർമ സ്ഥിരീകരിച്ചു. കൊറോൻഡൽ എക്സ്‌പ്രസിന്റെ ഏറ്റവും അധികം തകർന്നുപോയത് സ്ലീപ്പർ ക്ലാസ് കോച്ചുകളായിരുന്നു. അവധിക്കാലത്ത് ഈ കോച്ചുകളിൽ വൻതിരക്കായിരിക്കും. റിസർവ് ചെയ്യാത്ത യാത്രക്കാർ കൂടി കോച്ചുകളിൽ കടന്നുകൂടുക പതിവ്. 

ട്രെയിനുകളുടെ ഓരോ മിനിറ്റിലെയും യാത്ര കൃത്യമായി ഒരു കേന്ദ്രത്തിലിരുന്നു നിരീക്ഷിക്കാനും ഒരു മേഖലയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ വിവരം അങ്ങോട്ടെത്തുന്ന മറ്റു ട്രെയിനുകൾക്കു ലഭ്യമാക്കാനും സഹായിക്കുന്ന കവച് ഇല്ലാതിരുന്നതിന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. 262 പേരുടെ ജീവൻ. 900 ത്തോളം പേർക്ക് പരിക്കുമേറ്റു.

ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കവച്

2022 ലെ ബജറ്റിലാണ് ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കവച് അവതരിപ്പിച്ചത്. ഈ സാങ്കേതിക സംവിധാനത്തിന് കീഴിൽ 2000 കിലോമീറ്റർ റെയിൽവെ ശൃംഖല കൊണ്ടുവരാനാണ് ലക്ഷ്യമിട്ടത്. റെയിൽവെ മന്ത്രി അശ്വിൻ വൈഷ്ണവ് കവച് സംവിധാനം വിശദീകരിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇതുവരെ മൊത്തം റൂട്ടിൽ രണ്ടുശതമാനത്തിൽ മാത്രം കവച് ഏർപ്പെടുത്തിയതെന്നാണ് തൃണമൂൽ അടക്കം പ്രതിപക്ഷം ചോദിക്കുന്നത്. ഇതുവരെ കവച് നടപ്പാക്കിയത് 1445 കിലോമീറ്ററിൽ മാത്രമാണ്. അതായത് ആകെയുള്ള ട്രാക്കുകളുടെ 2 ശതമാനം മാത്രം. ബാക്കി 98 ശതമാനം ട്രാക്കുകളിലും കൂട്ടിയിടി ഒഴിവാക്കാനുള്ള ഈ സംവിധാനമില്ല.

2011-12 ൽ മമത മാനർജി റെയിൽവെ മന്ത്രി ആയിരിക്കുമ്പോൾ, ട്രെയിൻ കൊളീഷൻ അവോയിഡൻസ് സിസ്റ്റം കൊംണ്ടുവന്നിരുന്നു. മോദി സർക്കാർ അധികാരമേറ്റപ്പോൾ കവചെന്ന് പേര് മാറ്റി ക്രെഡിറ്റ് എടുത്തെന്നാണ് തൃണമൂലിന്റെ ആരോപണം. 2019 വരെ കവച് വിപുലമാക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും തൃണമൂൽ പറഞ്ഞു. 2019 ലാണ് കവച് നിർമ്മാണത്തിനും സ്ഥാപനത്തിനുമായി മൂന്നുകമ്പനികൾക്ക് അംഗീകാരം നൽകിയത്.

റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്‌സ് ഓർഗനൈസേഷൻ(RDSO) ഈ മൂന്നുകമ്പനികളുമായി സഹകരിച്ചാണ് കവച് വികസിപ്പിച്ചെടുത്തത്.

അമിത വേഗത്തിൽ പായുമ്പോളും കവചമാകും

ലോകോമോട്ടീവ് പൈലറ്റുകൾക്ക് അപായ സൂചന ൻകുന്നതിന് പുറമേ അമിത വേഗം നിയന്ത്രിക്കാനും കവച് ഇടപെടും. കനത്ത മൂടൽമഞ്ഞ് പോലെ മോശം കാലാവസ്ഥയിൽ വേണ്ട പിന്തുണ നൽകും. ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രവർത്തിപ്പിച്ചാണ് കവച് അപകടങ്ങൾ ഒഴിവാക്കുന്നത്. ദക്ഷിണമധ്യ റെയിൽവേയിലാണ് ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

ലോക്കോമോട്ടീവ് പൈലറ്റുകൾ കൃത്യ സമയത്ത് പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഇടപെടുന്ന ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനം, വേഗത്തിൽ പോകുമ്പോഴും, മൂടൽ മഞ്ഞും മഴയും ഉള്ളപ്പോഴും, കാബിനിൽ സിഗ്നൽ ഡിസ്‌പ്ലേ, റെയിൽവെ കേന്ദ്രത്തിൽ നിന്നുള്ള സഞ്ചാര പാതയുടെ കൃത്യമായ പുതുക്കൽ, ലെവൽ ക്രോസിങ്ങുകളിൽ ഓട്ടോമാറ്റിക് വിസിലിങ്, ട്രെയിനുകൾ തമ്മിൽ കൂട്ടയിടി ഒഴിവാക്കാൻ നേരിട്ടുള്ള ആശയവിനിമയം, അടിയന്തര സഹാചര്യങ്ങളിൽ ട്രെയിനുകളെ നിയന്ത്രിക്കാനുള്ള സംവിധാനം ഇതെല്ലാം അടങ്ങിയതാണ് കവച്.

സൗത്ത്-സെൻട്രൽ റെയിൽവേയിൽ ലിംഗപള്ളി-വികരബാദ്-വാഡി, വികരബാദ്-ബിദർ മേഖലകളിൽ 250 കിലോമീറ്ററോളം കവചിന്റെ പരീക്ഷണ ഓട്ടം നടന്നിരുന്നു. ഇത് വിജയകരമായതിനെ തുടർന്നാണ് മൂന്നുകമ്പനികളെ കവചിന്റെ വികസനം ഏൽപ്പിച്ചത്.

16.88 കോടിയാണ് ഇതിന്റെ മൊത്തം ചെലവ് കണക്കാക്കുന്നത്. ന്യൂഡൽഹി-ഹൗറ, ന്യൂഡൽഹി-മുംബൈ സെക്ഷനുകളിൽ 2024 ഓടെ പൂർത്തിയാകും. ഇതിന് ശേഷമാകും വിപുലീകരണം.

കവച് ഉണ്ടായിരുന്നെങ്കിൽ ഒഡിഷ അപകടം ഒഴിവാക്കാമായിരുന്നോ?

ഒഡിഷ റൂട്ടിൽ കവചില്ലായിരുന്നു എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. കവച് ഉണ്ടായിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു എന്ന് പ്രതിപക്ഷം അടക്കം വാദിക്കുകയും സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. എന്തായാലും അപകടത്തിന്റെ യഥാർഥ കാരണം പുറത്തുവന്നാലേ ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിക്കാനാകൂ. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ഓട്ടോമാറ്റിക് ട്രെയിൻ കൂട്ടയിടി സംരക്ഷണ സംവിധാനമാണ് കവത്. മറ്റ് രാജ്യങ്ങളിൽ കിലോമീറ്ററിന് 2 കോടി ചെലവ് വരുമ്പോൾ കവചിന് 50 ലക്ഷം മാത്രം. സൗത്ത് സെൻട്രൽ റെയിൽവേയിൽ, ഗുല്ലഗുഡജചിറ്റ്ഗിഡ റെയിൽവേ സ്റ്റേഷനുകൾക്ക് മധ്യേ 2022 മാർച്ച് നാലിന് ആയിരുന്നു വിജയകരമായ പരീക്ഷണം. അന്ന് റെയിൽവെ മന്ത്രി തന്നെ നേരിട്ട് അത് പരിശോധിച്ചിരുന്നു.

രണ്ടുട്രെയിനുകൾ നേർക്കുനേർ വരുന്ന സാഹചര്യം സൃഷ്ടിച്ചായിരുന്നു പരീക്ഷണം. 380 മീറ്റർ അകലെ വച്ച് കവച് ഓട്ടോമാറ്റിക്കായി ബ്രേക്കിട്ട് കൂട്ടയിടി ഒഴിവാക്കി. റെഡ് സിഗ്നൽ കണ്ടപ്പോൾ കടന്നുപോകാതെ ബ്രേക്കിട്ടു. ലേവൽക്രോസിൽ വിസിൽ ശബ്ദം ഉച്ചത്തിലും വ്യക്തവുമായിരുന്നു. ലൂപ് ലൈൻ എത്തിയപ്പോൾ ട്രെയിനിന്റെ സ്പീഡ് 60 കിലോമീറ്ററിൽ നിന്ന് 30 ആയി കവച് കുറയ്ക്കുകയും ചെയ്തു. അതുകൊണ്ട് ട്രാക്കുകളുടെ 100 ശതമാനത്തിലും കവച് സംവിധാനം കൊണ്ടുവന്നാൽ, അപകടങ്ങൾ തീർച്ചയായും ഒഴിവാക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP