Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

5000 മൈക്രോഫിനാൻസ് യൂണിറ്റുകളെ ഉപയോഗിച്ച് തട്ടിയത് 500 കോടി! എസ്എൻഡിപിയുടെ പേരിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ പകൽക്കൊള്ളയോ? വായ്പ നൽകിയത് പത്ത് ശതമാനം മാത്രം; ബാക്കി എവിടെയെന്ന ചോദ്യത്തിന് വെള്ളാപ്പള്ളിക്ക് മിണ്ടാട്ടമില്ല; വഴിയാധാരമായവരിൽ ഏറെയും പാവപ്പെട്ട സ്ത്രീകൾ

5000 മൈക്രോഫിനാൻസ് യൂണിറ്റുകളെ ഉപയോഗിച്ച് തട്ടിയത് 500 കോടി! എസ്എൻഡിപിയുടെ പേരിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ പകൽക്കൊള്ളയോ? വായ്പ നൽകിയത് പത്ത് ശതമാനം മാത്രം; ബാക്കി എവിടെയെന്ന ചോദ്യത്തിന് വെള്ളാപ്പള്ളിക്ക് മിണ്ടാട്ടമില്ല; വഴിയാധാരമായവരിൽ ഏറെയും പാവപ്പെട്ട സ്ത്രീകൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: എസ്എൻഡിപിയിൽ വെള്ളാപ്പള്ളി നടേശൻ പിടിമുറുക്കിയത് മൈക്രോ ഫിനാൻസ് തട്ടിപ്പിന്റെ മറവിലാണെന്ന കാര്യം സമുദായത്തിന് ഉള്ളിലുള്ള മിക്കവർക്കും അറിവുള്ളതാണ്. 500 കോടിയുടെ ഇടപാടിൽ താഴെ തട്ടിലുള്ള എസ് എൻ ഡി പി നേതാക്കൾക്കും ചെറുകിട തട്ടിപ്പുകൾക്ക് അവസരമൊരുക്കിയാണ് എസ് എൻ ഡി പിയിൽ വെള്ളാപ്പള്ളി പിടിമുറുക്കിയത്. സമുദായ സംഘടനയിൽ ഗോകുലം ഗോപാലനെ പോലുള്ള വരെ പുറത്താക്കാനും മൈക്രോ ഫിനാൻസിലൂടെ ഉണ്ടാക്കിയെടുത്ത സൗഹൃദമാണ് വെള്ളാപ്പള്ളിയെ തുണച്ചത്. കേരളത്തിലുടനീളം മൈക്രോ ഫിനാൻസ് പദ്ധതിയുടെ പേരിൽ എസ്എൻഡിപി നേതാക്കൾ കോടികൾ തട്ടിയെടുത്തുവെന്നാണ് നേരത്തെ ഉയർന്നിരുന്ന ആരോപണം. വയനാടും കണ്ണൂരിലും കോഴിക്കോടുമെല്ലാം വ്യാപകമായി തട്ടിപ്പ് നടന്നു. 5000 മൈക്രോ ഫിനാൻസ് യൂണിറ്റുകളാണ് വെള്ളാപ്പള്ളി തട്ടിക്കൂട്ടിയത്. ഓരോ യൂണിറ്റിലും ഒരു ലക്ഷം രൂപയുടെ ഇടപാട് മാത്രമാണ് നടന്നതെങ്കിൽ കൂടി നടന്നത് 50 കോടിയുടെ ഇടപാടുകളാകും. എന്നാൽ, ഒരു യൂണിറ്റിൽ മാത്രം 25 ലക്ഷം രൂപ വരെ ബാങ്കുകളിൽ നിന്നും മറ്റുമായി നേടിയെടുത്തിരുന്നു. അതുകൊണ്ട് തന്നെയാണ് സാധാരണക്കാരെ ഉപയോഗിച്ച് കേരളത്തിൽ നടത്തിയ വലിയ തട്ടിപ്പാണ് ഇതെന്ന ആരോപണം സിപിഐ(എം) നേതാക്കൾ ഉന്നയിക്കുന്നതും.

സർക്കാർ ഏജൻസികളിൽ നിന്നും ബാങ്കുകളിൽ നിന്നും ചെറിയ പലിശയ്ക്ക് മൈക്രോ ഫിനാൻസിനായി വായ്‌പ്പ എടുത്തിരുന്നു. എത്രമാത്രം രൂപ ഇങ്ങനെ നേടി എന്നതിന്റെ കൃത്യമായ കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല. 600 കോടി രൂപ ഇത്തരത്തിൽ നേടിയതിന്റെ തെളിവുകൾ മാത്രമാണ് പുറത്തുവന്നത്. എന്നാൽ അതിനുമപ്പുറത്ത് സ്വാധീനമുപയോഗിച്ച് ദേശസാൽകൃത ബാങ്കുകളിൽ നിന്നും വെള്ളാപ്പള്ളി പണം നേടിയിരുന്നു. അതിന് ശേഷം വ്യാജ ആളുകൾക്ക് നൽകിയതായി രേഖയുണ്ടാക്കി ഭൂരിഭാഗം പണവും വെള്ളാപ്പള്ളി തട്ടിയെടുക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ഇതിൽ ചെറിയൊരു തുക എസ്എൻഡിപി അണികൾക്ക് നൽകി. അതിലും വൻ കൊള്ളയുണ്ടാക്കി. ചെറിയ പലിശയ്ക്ക് കിട്ടിയ തുക കൊള്ളപ്പലിശയ്ക്ക് കൊടുത്താണ് പാവപ്പെട്ട ഈഴവരെ വഞ്ചിച്ചത്. ഇതിന് കൂട്ടുനിന്ന പ്രാദേശിക നേതാക്കൾക്കും ലാഭം കിട്ടി.

മൈക്രോ ഫിനാൻസ് തട്ടിപ്പു പുറത്തു വന്നതോടെ പലരും പരാതിയുമായി എത്തുകയാണ്. ഇതോടെയാണ് കോടികളുടെ കള്ളക്കളിയുടെ യഥാർത്ഥ മുഖം പുറത്തുവരുന്നത്. കാസർഗോഡും മൈക്രോ ഫിനാൻസിന്റെ പേലിൽ തട്ടിപ്പ് നടന്നുവെന്നാണ് സൂചന. മൈക്രോ ഫിനാൻസ് വനിതാസംഘത്തിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ എസ്എൻഡിപി നേതാക്കൾ ഇവിടെ നിന്നും മുങ്ങിയെന്നാണ് ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് സമാനമായ സംഭവങ്ങൾ കേരളത്തിൽ ഉടനീളം നടക്കുന്നുണ്ട്.

സംസ്ഥാന പിന്നോക്കവിഭാഗ കോർപറേഷനിൽനിന്ന് വെള്ളപ്പള്ളി നടേശൻ 15 കോടി രൂപ മൈക്രോ ഫിനാൻസിന്റെ പേരിൽ ഈഴവർക്ക് വായ്പ നൽകാൻ എടുത്തിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ ദേശസാൽക്കൃത ഷെഡ്യൂൾഡ് ബാങ്കിൽനിന്ന് 600 കോടിയോളം രൂപ എടുത്തു. ധനലക്ഷ്മി, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയിൽ നിന്നും ചെറിയ പലിശയ്ക്ക വായ്പ എടുത്തു. കേവലം രണ്ടു ശതമാനം വാർഷിക പലിശയ്ക്കാണ് ഈ വായ്പ ലഭ്യമാക്കുന്നത്. ഇത് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഉപയോക്താക്കൾക്ക് പരമാവധി അഞ്ചു ശതമാനം പലിശയ്ക്കാണ് നൽകേണ്ടത്. എന്നാൽ, എസ്എൻഡിപി നൽകിയതാകട്ടെ, 12 ശതമാനം പലിശയ്ക്കാണ്. കേവലം പത്തു ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമാണ് എസ്എൻഡിപി യോഗം വായ്പ നൽകിയത്. ബാക്കി തുക വ്യാജ വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിയെടുക്കുകയായിരുന്നു എന്നതാണ് ആക്ഷേപം. അയ്യായിരത്തോളം മൈക്രോ ഫിനാൻസ് കോർപ്പറേഷനുകളിലൂടെ ഇങ്ങനെ പണം വിതരണം ചെയ്തു.

പിന്നോക്ക വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ചെറുകിട സംരംഭങ്ങൾക്കും പദ്ധതികൾക്കുമായി ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപറേഷൻ ലിമിറ്റഡും(എൻബിസിഎഫ്ഡിസി) ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ലിമിറ്റഡും(എൻഎംഡിഎഫ്‌സി) വായ്പ നൽകുന്നത്. ഈ വായ്പകളുടെ സംസ്ഥാനതല ചാനലൈസിങ് ഏജൻസിയാണ് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ. ഗുണഭോക്താക്കൾക്ക് നൽകുന്ന വായ്പയ്ക്കുള്ള പലിശ അഞ്ച് ശതമാനമായിരിക്കണമെന്നും ഇതിൽ മൂന്ന് ശതമാനം എൻബിസിഎഫ്ഡിസിക്കും രണ്ട് ശതമാനം എൻഎംഡിഎഫ്‌സിക്കുമാണെന്നും വ്യവസ്ഥയുണ്ട്. സംസ്ഥാന ഏജൻസിയിൽനിന്ന് വായ്പാ തുക ഒന്നിച്ച് വാങ്ങിയെടുക്കുന്ന സംഘടനകൾ സ്വയംസഹായ സംഘങ്ങളിൽനിന്ന് അഞ്ച് ശതമാനം പലിശയാണ് വാങ്ങേണ്ടതെന്നും നിഷ്‌കർഷിക്കുന്നുണ്ട്. ഇത് മറികടന്നാണ് കൊല്ലത്ത് എസ്എൻഡിപി സ്വയംസഹായ സംഘങ്ങൾക്ക് നൽകിയ വായ്പകൾക്ക് 12 ശതമാനം പലിശ വാങ്ങിയത്. ഇതിലൂടെ തന്നെ വെള്ളാപ്പള്ളിയും കൂട്ടരും കോടികളുടെ ലാഭം ഉണ്ടാക്കിയിട്ടുണ്ട്.

ആളുകളുടെ പേരും വ്യാജവിലാസവും നൽകിയാണ് കോർപറേഷനെ കബളിപ്പിച്ചത്. ഇതുസംബന്ധിച്ച് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് നടത്തിയ പദ്ധതി അവലോകന റിപ്പോർട്ടിൽ എസ്എൻഡിപി 12 ശതമാനം പലിശയ്ക്കാണ് ഉപയോക്താക്കൾക്ക് വായ്പ വിതരണം ചെയ്തതെന്നും ഈ സ്വയംസഹായസംഘങ്ങൾക്ക് എസ്എൻഡിപി ഒരു പിന്തുണയും നൽകുന്നില്ലെന്നും വ്യക്തമാണ്. രണ്ടു ശതമാനം പലിശയ്‌ക്കെടുത്ത പണം എസ്എൻഡിപി 12 ശതമാനം പലിശയ്ക്കാണ് ഉപയോക്താക്കൾക്ക് നൽകിയതെന്ന് 2010 ഡിസംബർ 15ന് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ പിന്നോക്കവിഭാഗ കോർപറേഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു ജാമ്യവുമില്ലാതെയാണ് ഈ വായ്പകൾ എസ്എൻഡിപിക്ക് നൽകിയത്. ഒന്നരവർഷം കഴിഞ്ഞിട്ടും വിനിയോഗ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. പല സംഘടനകളുടെയും പേരിൽ വ്യാജരേഖയുണ്ടാക്കിയാണ് വായ്പയെടുത്തതെന്ന് കോർപറേഷന്റെ ജില്ലാ മാനേജർമാർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. വായ്പാ ദുർവിനിയോഗം തെളിഞ്ഞ സാഹചര്യത്തിൽ എസ്എൻഡിപി പിഴപ്പലിശയോടെ തിരിച്ചടയ്ക്കണം. വായ്പ തട്ടിയെടുത്തതു സംബന്ധിച്ച് ഉപയോക്താക്കളിൽ പലരും ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ സമുദായ നേതാവിന്റെ പിൻബലത്തിൽ നടന്ന വെള്ളാപ്പള്ളിയെ തൊടാൻ ആരും തയ്യാറായില്ല.

എന്നാൽ സ്വാധീനത്തിന്റെ കരുത്തിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തിയ കൊല്ലത്തെ എസ്എൻഡിപി യോഗത്തിനുതന്നെ അഞ്ചു കോടി വീണ്ടും അനുവദിപ്പിക്കാൻ വെള്ളാപ്പള്ളിക്കായി. സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ ജനുവരി 29ന് ഇതിന് ഉത്തരവിട്ടു. എസ്എൻഡിപി യോഗം വായ്പാ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുവെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സ്വയംസഹായ സംഘങ്ങളിൽനിന്ന് 12 ശതമാനം പലിശ വാങ്ങുന്ന എസ്എൻഡിപി യോഗം മുകളിലേക്ക് അടയ്‌ക്കേണ്ട അഞ്ച് ശതമാനം കഴിഞ്ഞ് ബാക്കിയുള്ള ഏഴ് ശതമാനം പലിശ എന്തു ചെയ്യുന്നുവെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. തട്ടിപ്പ് കണ്ടെത്തിയിട്ടും കാര്യമായ നടപടിയെടുക്കാതെ വീണ്ടും വായ്പയ്ക്കായി അഞ്ചു കോടി രൂപ അനുവദിച്ചത് ദുരൂഹമാണ്. ആലപ്പുഴ ജില്ലയിൽ നൽകിയ വായ്പകളുമായി ബന്ധപ്പെട്ട 55 ഫയലും 60 രേഖയും കാണാതായെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് വെള്ളാപ്പള്ളി ഇറങ്ങിയതോടെ മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തുവരുന്നത്. വി എസ് അച്യൂതാനന്ദൻ ഏറ്റെടുത്ത വിവാദം ചൂടുപിടിച്ചതോടെ പ്രശ്‌നം വഷളായി. കാസർഗോഡ് തട്ടിപ്പ് നടത്തിയ തൃക്കരിപ്പൂർ, കാലിക്കടവ് യൂണിയൻ ഭാരവാഹികൾ മുങ്ങി.നാല് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സംഘത്തിന്റെ മറവിൽ 30 ലക്ഷം രൂപയാണ് പിന്നോക്ക വികസന കോർപറേഷനിൽനിന്ന് വായ്പയെടുത്തത്. അംഗങ്ങളുടെ ഫോട്ടോ നൽകിയാണ് വായ്പ തരപ്പെടുത്തിയത്. പേക്കടത്തെ വനിതാ നേതാവിന്റെ ഒത്താശയോടെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയതായി അംഗങ്ങൾ ആരോപിക്കുന്നു. മടക്കര, കാരി, ഒളവറ മേഖലയിലും വ്യാപകമായി തട്ടിപ്പ് നടത്തിയതായി പുറത്തുവന്നിട്ടുണ്ട്. എസ്എൻഡിപി ശാഖകളുടെ കീഴിലാണ് മൈക്രോ ഫിനാൻസ് സംഘങ്ങൾ പ്രവർത്തിച്ചിരുന്നത്. എല്ലാ ശാഖകളിൽനിന്നും ഇത്തരത്തിൽ വ്യാജരേഖയുടെ മറവിൽ പണം തട്ടിയതായി വിവരമുണ്ട്. ജില്ലാ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതികൾ ചന്തേര പൊലീസിന് കൈമാറി. അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധമുണ്ട്. കർമസമിതി നേതൃത്വത്തിൽ പ്രക്ഷോഭം ഊർജിതമാക്കാനാണ് ശ്രമം.

പിരിച്ചുവിട്ട സ്വാശ്രയസംഘങ്ങളുടെ പേരിൽ പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് ലക്ഷങ്ങൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയാണ് തട്ടിപ്പ് നടത്തിയത്. കുടുംബശ്രീ അംഗങ്ങളുടെ വ്യാജതിരിച്ചറിയൽ രേഖ ഉപയോഗിച്ചും വായ്പയെടുത്ത് തട്ടിപ്പ് നടത്തി. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് ആളുകൾ അന്വേഷിച്ച് എത്തിയപ്പോൾ മാത്രമാണ് തട്ടിപ്പിനെ കുറിച്ച് ഇരയായവർ മനസ്സിലാക്കിയത്. ഓരോരുത്തരുടെ പേരിലും 60,000 രൂപ മുതൽ 70,000 രൂപ വരെ വായ്പ എടുത്തിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളുടെ വ്യാജതിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചും വായ്പ എടുത്തു. രണ്ട് കുടുംബശ്രീ സംഘങ്ങളിലായി പത്തുപേരുടെ പേരിൽ വായ്പ എടുത്തിട്ടുണ്ട്. ഓരോരുത്തരുടെ പേരിലും 20,000 രൂപ എടുത്തു. ഇക്കാര്യവും പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് പദ്ധതിയുടെ അവലോകനത്തിനായി ആളുകൾ എത്തിയപ്പോഴാണ് കള്ളക്കളി പുറത്തായത്. പശു വളർത്തൽ അടക്കമുള്ള സ്വയം പര്യാപത പദ്ധതികൾക്കാണ് പിന്നാക്ക വികസന കോർപ്പറേഷൻ വായ്പ നൽകുന്നത്. പദ്ധതി നടത്തിപ്പ് എവിടം വരെയായി എന്നതടക്കം എല്ലാ കാര്യങ്ങളും അന്വേഷിക്കാൻ കോർപ്പറേഷനിൽ നിന്ന് ആളുകൾ വായ്പ എടുത്തവരെ തേടി എത്തിയപ്പോഴായിരുന്നു തട്ടിപ്പ് തിരിച്ചറിഞ്ഞത്.

ബാങ്ക് ഓഫ് ഇന്ത്യ അടൂർ ശാഖയിൽനിന്ന് 2012 ജൂൺ 16 നാണ് എസ്.എൻ.ഡി.പി അടൂർ യൂണിയൻ ഏഴു കോടി 68 ലക്ഷം രൂപ 256 മൈക്രോ യൂണിറ്റുകൾക്കായി വായ്പയെടുത്തത്. മൂന്നു ലക്ഷം രൂപ സർവീസ് ചാർജ് കിഴിച്ച് ഏഴു കോടി 65 ലക്ഷം രൂപ അന്നത്തെ യൂണിയൻ പ്രസിഡന്റ് നിബുരാജും സെക്രട്ടറി അരുൺ തടത്തിലും ബാങ്കിൽ നിന്ന് ഒന്നിച്ചു കൈപ്പറ്റി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ കത്തില്ലാതെയാണ് ബാങ്ക് മാനേജരും യൂണിയൻ പ്രസിഡന്റും സെക്രട്ടറിയും പണമിടപാടു നടത്തിയതെന്ന് വരുത്തി തീർത്ത് വെള്ളാപ്പള്ളി രക്ഷപ്പെട്ടു. ഈ യൂണിയൻ പിരിച്ചു വിടുകയും അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇത്തരം ഇടപാടുകൾ പോലും വെള്ളാപ്പള്ളിക്ക് വേണ്ടിയായിരുന്നോ എന്ന സംശയമാണ് ഉയരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP