Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചാടിപ്പോയി; ഒളിച്ചു കടന്നത് ഇറ്റലിയിൽ നിന്നും എത്തിയ ഹരിയാന സ്വദേശി; തിരച്ചിലിന് ഒടുവിൽ ഇയാളെ നഗരത്തിലെ ഹോട്ടലിൽ നിന്നും കണ്ടെത്തി; കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച സ്വദേശിക്കൊപ്പം സഞ്ചരിച്ച വ്യക്തി വിവാഹച്ചടങ്ങിലെത്തി; പിന്നാലെ ദുബായിലേക്ക് പോയി; ഇറ്റലിയിൽ നിന്നെത്തിയ വിദേശി ഉത്സവത്തിലും പങ്കെടുത്തു; ഇയാൾ താമസിച്ചിരുന്ന വർക്കലയിലെ റിസോർട്ട് അടച്ചുപൂട്ടി; കൊറോണയിൽ ആശങ്ക കടുക്കുന്നു

കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചാടിപ്പോയി; ഒളിച്ചു കടന്നത് ഇറ്റലിയിൽ നിന്നും എത്തിയ ഹരിയാന സ്വദേശി; തിരച്ചിലിന് ഒടുവിൽ ഇയാളെ നഗരത്തിലെ ഹോട്ടലിൽ നിന്നും കണ്ടെത്തി; കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച സ്വദേശിക്കൊപ്പം സഞ്ചരിച്ച വ്യക്തി വിവാഹച്ചടങ്ങിലെത്തി; പിന്നാലെ ദുബായിലേക്ക് പോയി; ഇറ്റലിയിൽ നിന്നെത്തിയ വിദേശി ഉത്സവത്തിലും പങ്കെടുത്തു; ഇയാൾ താമസിച്ചിരുന്ന വർക്കലയിലെ റിസോർട്ട് അടച്ചുപൂട്ടി; കൊറോണയിൽ ആശങ്ക കടുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം/ മലപ്പുറം: കൊറോണ വൈറസ് ബാധയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലയിൽ നിന്നും കൂടുതൽ ആശങ്കപ്പെടുത്തുന്ന വാർത്തകൾ. കോവിഡ് 19 സംശയത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ആൾ ചാടിപ്പോയി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചയാളാണ് ചാടിപ്പോയത്. ഇയാൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി വിവരം ലഭിച്ചു. തുടർന്നു നടന്ന പരിശോധനയിൽ ഇയാളെ നഗരത്തിൽ ഒരു ഹോട്ടലിൽ നിന്നും കണ്ടെത്തി.

ഹരിയാന സ്വദേശിയായ ഇയാൾ ഇറ്റലിയിൽ നിന്നുമാണ് എത്തിയത്. ഇയാളെ ഇന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴയിൽ ഇന്നലെ സമാനമായ സംഭവം നടന്നിരുന്നു. കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് വിദേശ ദമ്പതികൾ ചാടിപ്പോയത്. പിന്നീട് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി. ഇവർ ഇപ്പോൾ ആലുവ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

യുകെയിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസുലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതെയാണ് ഇവർ കടന്നുകളയുകയായിരുന്നു. എക്‌സാണ്ടർ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കടന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലും സമാനമായ സംഭവം ഉണ്ടായി. ഐസൊലേഷൻ വാർഡിൽ നിന്ന് അഞ്ച് പേരാണ് ചാടിപ്പോയത്. ഇവരിൽ നാല് പേരുടേയും സ്രവ പരിശോധനാ ഫലം വന്നിട്ടില്ല. ഒരാളുടേത് നെഗറ്റീവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച 5 പേരെ വയനാട്ടിൽ ആരോഗ്യവകുപ്പ് കണ്ടെത്തി. ഇവരിൽ വെള്ളമുണ്ട സ്വദേശിയായ ഒരാൾ പരിശോധനകൾക്കു മുൻപേ ദുബായിലേക്കു തിരിച്ചുപോവുകയും ചെയ്തു. ഇദ്ദേഹം മാനന്തവാടിയിൽ 1000 പേരോളം വന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. മറ്റു 4 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. അതേസമയം, കണ്ണൂർ സ്വദേശിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത 56 പേരെ മലപ്പുറത്തുനിന്നും ആരോഗ്യ വിഭാഗം കണ്ടെത്തി. ഇവർ വീടുകളിൽ സ്വയം നിരീക്ഷണത്തിലാണ്. ആരിലും രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. മാർച്ച് അഞ്ചിന് ദുബായ് കോഴിക്കോട് സ്‌പൈസ് ജെറ്റ് (SG 54) വിമാനത്തിൽ യാത്ര ചെയ്തവരാണിവർ. ഇതേ വിമാനത്തിലെ യാത്രക്കാരനായിരുന്ന കണ്ണൂർ പെരിങ്ങോം സ്വദേശിക്കു കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കണ്ണൂർ സ്വദേശി ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന അഞ്ചു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്. ലണ്ടനിൽനിന്ന് എത്തിയ കോവിഡ് ബാധിതൻ നിർദ്ദേശങ്ങൾ ലംഘിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ലണ്ടനിൽ നിന്ന് ബഹ്‌റൈൻ വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇയാൾ 11ന് രാവിലെയാണ് പേട്ടയിലുള്ള സഹോദരി താമസിക്കുന്ന ഫ്‌ളാറ്റിലെത്തിയത്. ഇവിടെനിന്ന് കാറിൽ ബന്ധുവിനൊപ്പം ജനറൽ ഹോസ്പിറ്റലിലെത്തി. ബന്ധു കാറിൽ മടങ്ങി. പിന്നീട് ഇയാൾ ഒപി ടിക്കറ്റ് കൗണ്ടർ വഴി കോവിഡ്19 ഒപിയിലെത്തി. അവിടെനിന്നും ഐസലേഷൻ വാർഡിലെത്തിയ ഇയാൾ സ്രവം പരിശോധനയ്ക്കായി നൽകി. അതിനുശേഷം 150 മീറ്ററോളം നടന്ന് ജനറൽ ആശുപത്രിയുടെ മുന്നിലെത്തി ഓട്ടോറിക്ഷയിൽ പുറത്തേക്കു പോയി. രണ്ട് കടകളിലും ബാങ്കിലും കയറിയശേഷം തിരികെ പേട്ടയിലെ ഫ്‌ളാറ്റിലെത്തി. അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്ന് രണ്ടു ദിവസത്തിനുശേഷം ഇയാളെ മെഡിക്കൽ കോളജിലേക്കു മാറ്റി. നിർദ്ദേശങ്ങൾ നൽകിയെങ്കിലും ഇയാൾ അതൊന്നും പാലിച്ചില്ലെന്നാണ് അധികൃതർ പറയുന്നത്. അധികൃതർക്ക് വീഴ്ച വന്നെന്ന മറുവാദവുമുണ്ട്.

ഐസലേഷനിൽ പരിശോധനയ്ക്കായി വന്ന പനിയുള്ള രോഗി ആളുകൾക്കിടയിലൂടെ നടന്ന് ആശുപത്രിയുടെ മുന്നിലെത്തി ഓട്ടോയിൽ പോകേണ്ട സാഹചര്യം ഉണ്ടായതെങ്ങനെ എന്ന ചോദ്യത്തിന്, തിരക്കുള്ളതിനാൽ എല്ലാവരെയും ആംബുലൻസിൽ വീട്ടിൽ എത്തിക്കാനാകില്ലെന്നാണ് അധികൃതരുടെ മറുപടി. 'ലണ്ടനിൽനിന്ന് വന്നയാൾ കോവിഡ് ഒപിയിലെത്തുമ്പോൾ 90 പേരാണ് അവിടെ ഉണ്ടായിരുന്നത്. തിരക്കു കാരണം എല്ലാവരെയും ആംബുലൻസിൽ മടക്കികൊണ്ടുപോകാനാകില്ല. ഒപിയിൽ വരുന്നവരോട് സ്വകാര്യ വാഹനത്തിൽ പോകാമെന്നും ആരോടും ഇടപഴകരുതെന്നും പറയാറുണ്ട്' ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ലണ്ടനിൽനിന്ന് വന്നയാൾ വീട്ടിലേക്ക് മടങ്ങിയപ്പോൾ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി.

രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരനെ നിരീക്ഷിക്കുന്നതിലും അധികൃതർക്ക് വീഴ്ച പറ്റിയെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇറ്റലിയിൽ രോഗം പടർന്നശേഷമാണ് ഇയാൾ ഡൽഹി വഴി ഫെബ്രുവരി 27ന് കേരളത്തിലെത്തുന്നത്. ഇറ്റലിയിൽനിന്ന് വരുന്നവരെ നിരീക്ഷിക്കണമെന്ന കേന്ദ്ര നിർദ്ദേശം വരുന്നത് 26ന്. തിരുവനന്തപുരത്തെത്തിയശേഷം വർക്കലയിലേക്ക് പോയ ഇയാൾ റിസോർട്ടിൽ താമസിച്ചുവരുന്നതിനിടയിലാണ് സംശയത്തെത്തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് പോയത്. ഓട്ടോറിക്ഷയിലായിരുന്നു യാത്ര. സ്രവം പരിശോധനയ്ക്കായി കൊടുത്തശേഷം തിരികെ എത്തിയതും ഒട്ടോയിലാണ്. ഇതിനിടയിൽ പലയിടത്തും ഇയാൾ സഞ്ചരിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തതായും വിവരമുണ്ട്.

കോവിഡ് സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ താമസിച്ചിരുന്ന വർക്കലയിലെ റിസോർട്ട് അടച്ചുപൂട്ടി. റിസോർട്ടിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇറ്റാലിയൻ പൗരനുമായി സമ്പർക്കം പുലർത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. തിരുവനന്തപുരത്തെ കോവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേർ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. രോഗബാധിതർ സഞ്ചരിച്ച സ്ഥലങ്ങളിൽ അതേ സമയത്ത് ഉണ്ടായിരുന്നവർ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അറിയിച്ചു.

അതേസമയം കോവിഡ് ബാധ സംശയിച്ച് വീടുകളിൽ നിരീക്ഷണത്തിലുള്ളവർ അധികൃതരുടെ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതു ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ആരോഗ്യ വകുപ്പു നൽകിയിട്ടുണ്ട്. കോവിഡ് ഐസലേഷനിൽ എത്തുന്നവരോടു തിരികെ വീടുകളിലെത്തുന്നതുവരെ ആരോടും ഇടപഴകരുതെന്നും വീട്ടിലെത്തിയാൽ മുറിക്കുള്ളിൽ കഴിയണമെന്നും നിർദ്ദേശിക്കാറുണ്ടെങ്കിലും പലരും ഇതു ലംഘിക്കുന്നതാണ് അധികൃതർക്കു തലവേദനയാകുന്നത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ ചിലർ കല്യാണ ചടങ്ങുകളിലും പൊതു സ്ഥലങ്ങളിലും എത്തിയതായി ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും നിരീക്ഷണ കാലാവധി പൂർത്തിയാകാതെ പുറത്തിറങ്ങില്ലെന്നും എഴുതി വാങ്ങിയാണ് ഇപ്പോൾ ആളുകളെ വീട്ടിലേക്കു വിടുന്നത്. ഇത് എത്രത്തോളം പ്രയോജനം ചെയ്യുമെന്ന് അധികൃതർക്കും ഉറപ്പില്ല. കോവിഡ് ബാധ സ്ഥിരീകരിച്ചവരോ ബന്ധുക്കളോ മാധ്യമങ്ങളോടു സംസാരിക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP