Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇറ്റലിയിൽ മാത്രം ഇന്ന് മരിച്ചത് 919 പേർ; സ്പെയിനിൽ 769 പേരുടെ ജീവൻ എടുത്തതും മാരക വൈറസ് തന്നെ; ലോകത്താകെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26,348 എന്ന് വാർത്താ ഏജൻസി

ഇറ്റലിയിൽ മാത്രം ഇന്ന് മരിച്ചത് 919 പേർ; സ്പെയിനിൽ 769 പേരുടെ ജീവൻ എടുത്തതും മാരക വൈറസ് തന്നെ; ലോകത്താകെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26,348 എന്ന് വാർത്താ ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

പാരിസ്: കൊറോണ വൈറസ് മരണ താണ്ഡവമാടുമ്പോൾ ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26,000 കടന്നു. ഇറ്റലി സ്പെയിൻ, ഇറാൻ രാജ്യങ്ങളിലാണ് വെള്ളിയാഴ്ച ഏറ്റവുമധികം ആളുകൾ മരിച്ചത്. ഇതുവരെ 26,348 പേർ മരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ടു ചെയ്തു. ഇറ്റലിയിൽ വെള്ളിയാഴ്ച മാത്രം 919 പേർ മരിച്ചതായി സിവിൽ പ്രൊട്ടക്ഷൻ ഏജൻസി അറിയിച്ചു. കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതിനു ശേഷം ഒരു രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ മരണനിരക്കാണ് ഇത്. ഇതോടെ കോവിഡ് ബാധിച്ച് ഇറ്റലിയിൽ ആകെ മരിച്ചവരുടെ എണ്ണം 9,134 ആയി.

സ്പെയിനിൽ ഇന്നു മാത്രം 769 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 4,858 ആയി. 64,059 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിക്കു ശേഷം സ്ഥിതി ഏറ്റവും ഗുരുതരമാകുന്ന യൂറോപ്യൻ രാജ്യമാണ് സ്പെയിൻ. ഏപ്രിൽ 12 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മരണസംഖ്യയിൽ സ്പെയിനും ചൈനയെ മറികടന്നു. യുഎസിലാണ് ഏറ്റവുമധികം രോഗികൾ ഉള്ളത് – 85, 991. 1300ലധികം ആളുകൾ മരിച്ചു.

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും പതിനായിരം കടന്നു. രോഗം ആദ്യ സ്ഥിരീകരിച്ച ബ്രസീലിലാണ് 3000ത്തിലധികം രോഗികളും. 77 പേരാണ് ബ്രസീലിൽ മരിച്ചത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലാകെ 181 പേർ മരിച്ചു. ഇറാനിൽ 144 പേരാണ് വെള്ളിയാഴ്ച കോവിഡ് ബാധമൂലം മരിച്ചത്. ആകെ 2,400 പേർ മരിച്ചു. 32,000 പേർക്കു രോഗം സ്ഥിരീകരിച്ചു.

വ്യാഴാഴ്ച ഏറ്റവുമധികം പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചതോടെ ചൈനയേയും ഇറ്റലിയേയും മറികടന്ന് കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്ക ഒന്നാമതാത് ഞെട്ടലോടെയാണ് ലോകം കേട്ടത്. 16,000 ത്തിലധികം പേർക്കാണ് ഒറ്റദിവസം അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. നിലവിലെ കണക്കനുസരിച്ച് 85,594 പേർക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയാകട്ടെ ഈ മഹാമാരിയെ നേരിടാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കയാണ്. ന്യയോർക്ക് നഗരത്തിൽപോലും ആശുപത്രികളിൽ രോഗികളെ ഉൾക്കൊള്ളിക്കാൻ തക്ക വെന്റിലേറ്ററുകളും ബെഡുമില്ല. മാസ്‌കും ഗ്ലൗസുംപോലും ലഭ്യമല്ല. 'ഇത് അമേരിക്കയാണോ അതോ ഒരു മൂന്നാലോക രാജ്യമാണോ'- ന്യൂയോർക്കിലെ ഒരു ആശുപത്രി സന്ദർശിച്ച ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ ഡാനി റോജേഴ്‌സണിന്റെ പ്രതികരണം ഇങ്ങനെയായിരിന്നു. ഡോകർടമാരും ഇത് സ്ഥിരീകരിക്കുന്നു. 'വെന്റിലേറ്ററുകളില്ല, കിടത്താൻ ബെഡുകളുമില്ല. ന്യൂയോർക്ക് നഗരത്തിലാണ് ഇതു സംഭവിക്കുന്നതെന്ന് ചിന്തിക്കാനാകുന്നില്ല. മൂന്നാം ലോക രാജ്യത്ത് സംഭവിക്കുന്നതുപോലെയാണിത്' നിരാശയോടെ ഇക്കാര്യങ്ങൾ പറയുന്നത് കോവിഡ്19 ബാധിച്ച രോഗികളെ ചികിത്സിക്കുന്ന ഡോക്ടറാണ്.

അതിനിടെ നാല് മാസത്തിനുള്ളിൽ 80,000 പേർ മരിക്കാൻ സാധ്യതയുണ്ടെന്ന ഗവേഷണ ഫലത്തെ ആശങ്കയോടെയാണ് അമേരിക്കൻ ജനത കാണുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വാങിഷ്ടണിലെ സ്‌കൂൾ ഓഫ് മെഡിസിന് കീഴിലുള്ള ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവലൂഷൻ എന്ന ഗവേഷണ സംഘടനയാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. കാര്യങ്ങൾ കൈവിട്ടു പോയാൽ ഏപ്രിലോടെ ഓരോ ദിവസവും 2300 പേർ വീതം മരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ലാകത്തിലെ ഏറ്റവും സമ്പന്നമായ രാഷട്രത്തിന് ഇതെന്താണ് സംഭവിക്കുന്നത്. 'ദ ഗ്രേറ്റ് അമേരിക്കൻ ഡിസാസ്റ്റർ' എന്നാണ് ഗാർഡിയൻ പത്രം ഇതേക്കുറിച്ച് വിശേഷിപ്പിച്ചത്. എങ്ങനെയാണ് അമേരിക്ക ഈ നിലയിൽ എത്തിയത് എന്നതിനെക്കുറിച്ചും സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾ പരോഗമിക്കയാണ്

കോവിഡ് പടരുന്നതിനിടെ അമേരിക്കയിൽ കടുത്ത സാമ്പത്തിക മാന്ദ്യവും ഭക്ഷ്യക്ഷാമവും ഉണ്ടാവുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞാഴച് അമേരിക്കക്കാർ തോക്ക് വാങ്ങുന്ന തിരക്കിലാണെന്നാണ് റോയിട്ടേഴസ് അടക്കമുള്ള ലോക മാധ്യമങ്ങൾ എഴുതിയത്. കാലിഫോർണിയയിലായിരുന്നു ഈ കാഴ്ച കൂടുതൽ. സത്യത്തിൽ ഇത് രാഷ്ട്രീയ നിരീക്ഷകരെയും വല്ലാതെ അമ്പരപ്പിച്ചിട്ടുണ്ട്. കടുത്ത ഭക്ഷ്യക്ഷാമവും അരാജക്വവുമാണ് ഇനിയുള്ള ദിവസങ്ങളിൽ അമേരിക്കക്കാർ പ്രതീക്ഷിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയായാണ് പലരും ഈ തോക്ക് വാങ്ങിക്കൂട്ടലിനെ കാണുന്നത്. ഇന്ത്യയിൽനിന്നൊക്കെ വിഭിന്നമായി പരസ്യമായി തോക്ക് കടയിൽനിന്നൊക്കെ വാങ്ങാൻ കിട്ടുന്ന അവസ്ഥയാണ് അമേരിക്കയിൽ ഉള്ളത്. പ്രശസ്ത യുഎസ് മാധ്യമപ്രവർത്തകൻ മീൽ ഗ്രേമാൻ ഇങ്ങനെ പറയുന്നു.' തങ്ങളുടെ ഭരണാധികാരികളിൽ അവർക്ക് വേണ്ടത്ര വിശ്വാസമില്ല. ട്രംപിനെക്കൊണ്ടോ അദ്ദേഹത്തിന്റെ ഭരണകൂടത്തെക്കൊണ്ടോ ഒന്നും ഈ മഹാമാരിയെ പിടിച്ചു നിർത്താനാവില്ല എന്നവർ കരുതുന്നു.അവശ്യസാധനങ്ങൾ ആളുകൾ വൻതോതിൽ തങ്ങളുടെ വീടുകളിൽ സ്റ്റോക്ക് ചെയ്തു കഴിഞ്ഞാൽ അത് താമസിയാതെ വിപണിയിൽ അവയുടെ ലഭ്യത കുറയ്ക്കും. ഒടുവിൽ ആകെ ക്രമസമാധാന നില തകരുകയും, കഴിക്കാനുള്ള ഭക്ഷണം പോലും കിട്ടാതെ ഒടുവിൽ നഗരത്തിൽ കലാപങ്ങൾ വരെ ഉണ്ടാകുമെന്നും അവർ കരുതുന്നു. അങ്ങനെ വരുമ്പോൾ പിന്നെ ആളുകൾ വിശപ്പടക്കാൻ വേണ്ടി പരസ്പരം വീടുകേറി കൊള്ളയടിക്കാൻ വരെ തയ്യാറാകും. ആ സാഹചര്യത്തിൽ സ്വയരക്ഷയ്ക്കുവേണ്ടിയാണ് ആളുകൾ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നത്. ' -അദ്ദേഹം ചൂണ്ടിക്കാട്ടി .

കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ അമേരിക്കയിൽ തോക്കുകളുടെയും വെടിമരുന്നിന്റെയും വിൽപ്പന കുതിച്ചുയരുകയാണ്. വൈറസ് മൂലം സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭയമാണ് ചില അമേരിക്കക്കാരെ സ്വയം സംരക്ഷണത്തിനുള്ള ഒരു മാർഗ്ഗമായി തോക്കുകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാലിഫോർണിയയിലെ കൽവർ സിറ്റിയിലെ മാർട്ടിൻ ബി റിറ്റിങ് തോക്ക് ഷോപ്പിൽ കഴിഞ്ഞ ഒരാഴ്ചയായി ക്യൂ ഒഴിഞ്ഞ നേരം ഉണ്ടായിട്ടില്ല.'നമുക്ക് തോക്കുകൾ ആവശ്യമില്ലെന്ന് രാഷ്ട്രീയക്കാരും തോക്ക് വിരുദ്ധരും വളരെക്കാലമായി നമ്മോട് പറയുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ, അവരടക്കം ധാരാളം ആളുകൾ ഭയത്തോടെയാണ് ജീവിക്കുന്നത്. എന്തുചെയ്യണമെന്ന് സ്വയം തീരുമാനിക്കാം' എന്നാണ് ഒരു ഉപഭോക്താവ് 'ലോസ് ആഞ്ചലസ് ടൈംസിനോട്' പറഞ്ഞത്.

തന്റെ സ്റ്റോറിൽനിന്നും ഇത്തരത്തിൽ വൻതോതിൽ ആയുധ വിൽപ്പന നടക്കുന്നത് ആദ്യമാണ് എന്ന് നോർത്ത് കരോലിനയിലെ ഷാർലറ്റിലുള്ള ഹയാട്ട് ഗൺസ് എന്ന രാജ്യത്തെ ഏറ്റവും വലിയ തോക്ക് ഷോപ്പുകളുടെ ഉടമ ലാറി ഹയാട്ട് പറയുന്നു. 'തങ്ങളെയും കുടുംബത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആളുകൾക്ക് തോന്നി തുടങ്ങിയതാണ് തോക്കുകളും വെടിക്കോപ്പുകളും വാങ്ങുന്നതിനുള്ള വലിയ തിരക്കിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെൻസിൽവാനിയ, ടെക്സസ്, ഫ്ലോറിഡ, ഇല്ലിനോയിസ്, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലും തോക്കുകളുടെയും വെടിക്കോപ്പുകളുടെയും വിൽപ്പന കുതിച്ചുയരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP