Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇറ്റലിക്കാരുടെ ബന്ധുക്കളുടെ പരിശോധനയിൽ സംശയം ഉയർന്നതോടെ ഡോക്ടർ ചോദിച്ച ചോദ്യം നിർണ്ണായകമായി; ഐത്തലയെ തകർക്കാതെ നോക്കിയ ആനന്ദ് ഡോക്ടറും 28 ദിവസത്തെ ഐസുലേഷനിൽ; കൊറോണ സംശയം ചർച്ചയാക്കിയതും രോഗബാധ തിരിച്ചറിഞ്ഞതും ഈ ആതുര സേവകന്റെ മികവ്; പ്രതിരോധത്തിന് മുന്നിട്ടിറങ്ങി ആശുപത്രി സൂപ്രണ്ട് ശംഭു ഡോക്ടറും; കേരളത്തെ മഹാമാരിയിൽ നിന്ന് രക്ഷിച്ചത് റാന്നിയിലെ ഈ രണ്ട് ആതുര സേവകർ

ഇറ്റലിക്കാരുടെ ബന്ധുക്കളുടെ പരിശോധനയിൽ സംശയം ഉയർന്നതോടെ ഡോക്ടർ ചോദിച്ച ചോദ്യം നിർണ്ണായകമായി; ഐത്തലയെ തകർക്കാതെ നോക്കിയ ആനന്ദ് ഡോക്ടറും 28 ദിവസത്തെ ഐസുലേഷനിൽ; കൊറോണ സംശയം ചർച്ചയാക്കിയതും രോഗബാധ തിരിച്ചറിഞ്ഞതും ഈ ആതുര സേവകന്റെ മികവ്; പ്രതിരോധത്തിന് മുന്നിട്ടിറങ്ങി ആശുപത്രി സൂപ്രണ്ട് ശംഭു ഡോക്ടറും; കേരളത്തെ മഹാമാരിയിൽ നിന്ന് രക്ഷിച്ചത് റാന്നിയിലെ ഈ രണ്ട് ആതുര സേവകർ

എം മനോജ് കുമാർ

റാന്നി: കഴിഞ്ഞ മഹാപ്രളയം തകർത്ത പഞ്ചായത്താണ് റാന്നിയിലെ പഴവങ്ങാടി പഞ്ചായത്ത്. ഈ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡാണ് ഐത്തല. ഈ ഐത്തലയിലാണ് ലോകത്തെ വിറപ്പിച്ച കൊറോണയും എത്തിനോക്കിയത്. ഇവിടെ 9 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഐത്തലയിലെ പമ്പാ നദിയോട് ചേർന്ന ഒരു വലിയ ഭാഗം മഹാപ്രളയം നശിപ്പിച്ചപ്പോൾ വലിയ പ്രശ്നം നേരിടാതിരുന്ന ഭാഗമാണ് ഇപ്പോൾ കൊറോണ വിഴുങ്ങിയത്.

പ്രളയവും കൊറോണയും ഐത്തലയെ തന്നെ ചിഹ്നഭിന്നമാക്കി മാറ്റിയെന്നാണ് ഐത്തലക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഐത്തലയുടെ ഒരു തലവിധിയായാണ് പ്രളയത്തെയും കൊറോണയെയും ഐത്തലക്കാർ കാണുന്നത്. പക്ഷെ പ്രളയത്തിൽ തകർന്നടിഞ്ഞപ്പോൾ അതേ വേഗതയിൽ കരകയറാൻ ഐത്തലക്കാർ കാണിച്ച മനോബലം തന്നെയാണ് ഇപ്പോൾ കൊറോണ വന്നപ്പോഴും ഐത്തലയ്ക്ക് തുണയാകുന്നത്.

ഇറ്റലിയിൽ നിന്നും വന്ന കുടുംബം വഴിയാണ് ഐത്തലയിൽ കൊറോണ എത്തിയത്. ഐത്തലക്കാരായ ഇറ്റലിയുള്ളവർ ഐസൊലേഷൻ അവഗണിച്ചതാണ് ഐത്തലയെ കുഴപ്പത്തിൽ ചാടിച്ചത്. ഇറ്റലിക്കാർ ഉറ്റവരെയും ബന്ധുക്കളെയും സന്ദർശിച്ചതോടെ കൊറോണ ഐത്തലയിലും റാന്നിയിലും പത്തനംതിട്ടയിലും പടർന്നു. റാന്നി താലൂക്ക് ആശുപത്രിയിലെ മിടുക്കൻ ഡോക്ടറായ ഡോക്ടറായ ആനന്ദാണ് കൊറോണ ആദ്യമായി തിരിച്ചറിയുന്നത്. ആശുപത്രി സുപ്രണ്ടായ ഡോക്ടർ ശംഭുവിനു മുന്നിൽ ആനന്ദ് ഡോക്ടറാണ് സംശയങ്ങൾ ചൂണ്ടിക്കാണിച്ച് ഇതുകൊറോണയാണോ എന്ന സംശയം ഉന്നയിച്ചത്.

ഇതോടെയാണ് കേരളത്തിലെ ആരോഗ്യവകുപ്പ് ഉണരുന്നത്. ഇവർക്കൊക്കെ കൊറോണയാണ് എന്ന് ആദ്യം തിരിച്ചറിഞ്ഞത് ഡോക്ടർ ആനന്ദും ഡോക്ടർ ശംഭുവുമാണ്. പിന്നീട് കൊറോണ വന്ന വഴിയിലൂടെ കേരളം സഞ്ചരിക്കുകയും ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ അതിജാഗ്രതയോടെ കേരളം കൊറോണയ്ക്ക് മൂക്കുകയർ ഇടുകയും ചെയ്തു. കേരളത്തിൽ കൊറോണ ആദ്യമായി കണ്ടെത്തിയ ഡോക്ടർ ആനന്ദ് ഇപ്പോൾ ഐസൊലേഷനിൽ തുടരുകയാണ്.

28 ദിവസം ഡോക്ടർ ആനന്ദ് ഐസൊലേഷനിൽ തുടരുമെന്ന് പത്തനംതിട്ട ഡിഎംഒ മറുനാട നോട് പറഞ്ഞു. ഐത്തല ഇപ്പോൾ അതിവേഗം ഐത്തല കരകയറുകയാണ്. ഐത്തല മുക്തി നേടി തുടങ്ങിയെന്നാണ് ഐത്തല പഞ്ചായത്ത് മെമ്പറായ ബോബി എബ്രഹാം മറുനാടൻ മലയാളിയോട് പറഞ്ഞത്. കൊറോണ നിരീക്ഷണത്തിലുള്ള പലരുടെയും പരിശോധനാ റിപ്പോർട്ട് നെഗറ്റീവാണ്. ആശുപത്രിയിൽ കൊറോണയുമായി ബന്ധപ്പെട്ടവർ ഹോം ക്വാറന്റൈനിലാണ്. ഇവരെല്ലാം ആശുപത്രിയിൽ നിന്നും വിടുതൽ നേടിയവരാണ്- ബോബി എബ്രഹാം പറയുന്നു.

ഐത്തലയിലെ പഴവങ്ങാടി സർവീസ് സഹകരണ ബാങ്ക് സാനിറ്റൈസേഷൻ സാമഗ്രികളും മാസ്‌കുകളും വിതരണം ചെയ്യുകയാണ്. ഇവിടുത്തെ മിക്ക വീടുകളിലും സാനിറ്റൈസേഷൻ സാമഗ്രികൾ ഇവർ എത്തിച്ചിട്ടുണ്ട്. ബോബി എബ്രഹാം പറഞ്ഞത് പോലെ ഐത്തല മുക്തി നേടുകയാണ്. എസ്എസ്എൽസി പരീക്ഷയുടെ ആദ്യ ദിനം പഞ്ചായത്ത് മെമ്പറായ ബോബിയുടെ കാറിലാണ് ചില വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യവകുപ്പിന്റെ സംവിധാനങ്ങൾ എത്താത്തതിനാലാണ് ബോബി സ്വന്തം കാറിൽ കുട്ടികളെ എത്തിച്ചത്. കോവിഡ് 19 നിരീക്ഷണ മേഖലയിലെ വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാനുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്ന സർക്കാർ വാഗ്ദാനം പാഴായത് ഏറെ ചർച്ചയായിരുന്നു.

രോഗം സ്ഥിരീകരിച്ച സ്ഥലത്തെ സ്‌കൂളിൽ മാസ്‌കും സാനിറ്റൈസറും എത്തിക്കാൻ ആരോഗ്യ വകുപ്പിനു കഴിഞ്ഞില്ല. പരീക്ഷാ ഡ്യൂട്ടിക്ക് എത്തിയ അദ്ധ്യാപിക കരുതിയിരുന്ന സാനിറ്റൈസറാണ് അത്യാവശ്യത്തിന് ഉപയോഗിച്ചത്. പരീക്ഷ എഴുതിയ വിദ്യാർത്ഥികളെല്ലാം സ്വന്തമായി കൊണ്ടുവന്ന മാസ്‌ക്കാണ് ധരിച്ചത്. അങ്ങനെ ഭീതിയുടെ നിഴലിലാണ് കുട്ടികൾ അവിടെ പരീക്ഷ എഴുതിയത്. അമ്മയ്ക്കും മകൾക്കും കോവിഡ് 19 സ്ഥിരീകരിച്ച സ്ഥലത്താണ് ബഥനി സ്‌കൂൾ. ഈ സ്‌കൂളിലെ പരീക്ഷാ എഴുത്ത് പലരേയും ആശങ്കയിലാക്കി. ഈ സമയത്താണ് എസ്എസ്എൽസി പരീക്ഷ എഴുതേണ്ട കുട്ടികളെ സ്‌കൂളിൽ എത്തിക്കാൻ പഞ്ചായത്ത് അംഗം ബോബി ഏബ്രഹാമിന് സ്വന്തം വാഹനം ഉപയോഗിക്കേണ്ടിവന്നത്. സർക്കാർ കണ്ണടച്ചതാണ് ഇതിന് കാരണം.

പരീക്ഷ എഴുതാൻ ഇവിടെയുള്ള കുട്ടികളുടെ യാത്ര പോലും അനിശ്ചിതത്വത്തിലായിരുന്നു. അമ്മയ്ക്കും മകൾക്കും കോവിഡ് 19 സ്ഥിരീകരിച്ച സ്ഥലത്താണ് ബഥനി സ്‌കൂൾ. രോഗ ബാധിത പ്രദേശത്ത് നിന്ന് 3 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതാൻ ഉണ്ടായിരുന്നത്. കുട്ടികൾക്കായി സ്‌കൂളിൽ പ്രത്യേക മുറി ഒരുക്കിയിരുന്നു. പരീക്ഷാ സൂപ്രണ്ട് അനു മാത്യുവിനും പ്രധാനാധ്യാപിക കല വി.പണിക്കർക്കും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലതയ്ക്കും കുട്ടികളുടെ ചുമതല നൽകിയിരുന്നു. അവർ മുറിയിൽ കടക്കാതെ പുറത്തു നിന്നാണ് ക്രമീകരണങ്ങൾ ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP