Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനയിലേക്കു പുറപ്പെട്ട വിമാനത്തിൽ എയിംസിലെ ഡോക്ടർമാരടക്കം അഞ്ച് അംഗ മെഡിക്കൽ സംഘത്തിൽ രണ്ട് മലയാളി നഴ്‌സുമാർ: കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ഡൽഹിയിൽനിന്നു വുഹാനിലേക്ക് പുറപ്പെട്ടു; നാട്ടിലെത്തിക്കുന്നവരെ നിരീക്ഷണത്തിനായി സൈനിക കേന്ദ്രത്തിൽ പാർപ്പിക്കും; സൈന്യത്തിന്റെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങൾ (ക്വാറന്റൈൻ) സംവിധാനമൊരുക്കി അധികൃതർ

ചൈനയിലേക്കു പുറപ്പെട്ട വിമാനത്തിൽ എയിംസിലെ ഡോക്ടർമാരടക്കം അഞ്ച് അംഗ മെഡിക്കൽ സംഘത്തിൽ രണ്ട് മലയാളി നഴ്‌സുമാർ: കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ഡൽഹിയിൽനിന്നു വുഹാനിലേക്ക് പുറപ്പെട്ടു; നാട്ടിലെത്തിക്കുന്നവരെ നിരീക്ഷണത്തിനായി സൈനിക കേന്ദ്രത്തിൽ പാർപ്പിക്കും; സൈന്യത്തിന്റെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങൾ (ക്വാറന്റൈൻ) സംവിധാനമൊരുക്കി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ഡൽഹിയിൽനിന്നു വുഹാനിലേക്കു പുറപ്പെട്ടു. ചൈനയിൽ നിന്ന് മടങ്ങുന്ന ആദ്യ സംഘം പുലർച്ചെ രണ്ടു മണിയോടെ ഡൽഹിയിലെത്തുമെന്നാണ് സൂചന. ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ഇവരെ പ്രതിരോധ നടപടികളുടെ ഭാഗമായി ഹരിയാനയിലെ മാനേസറിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക കേന്ദ്രത്തിൽ പാർപ്പിക്കും. കരസേനയുടെ നേതൃത്വത്തിലാണ് പ്രത്യേക കേന്ദ്രം   (ക്വാറന്റൈൻ)  ഒരുക്കിയിരിക്കുന്നത്. 

വുഹാനിൽ നിന്നു പുറപ്പെടുന്ന മലയാളികൾ അടക്കമുള്ളവരുടെ വൈദ്യപരിശോധന ആരംഭിച്ചു. പരിശോധനയ്ക്കായി ഇവരെ പ്രത്യേക കേന്ദ്രത്തിലേക്കു കൊണ്ടുപോയി. പരിശോധനയ്ക്കു ശേഷമാകും വിമാനത്താവളത്തിലേക്കു കൊണ്ടുപോകുക. വൈറസ് ബാധിച്ചില്ലെന്ന് ഉറപ്പായവരെ മാത്രമേ വിമാനത്തിൽ കയറ്റൂവെന്നാണ് റിപ്പോർട്ട്. വൈറസ് ബാധയുണ്ടെന്നു സംശയം തോന്നിയാൽ ചൈനയിൽ തന്നെ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാണ് സാധ്യത.

300 പേരാണ് നാളെ പുലർച്ചെ വുഹാനിൽ നിന്നും പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തുന്നത്. വിമാനത്താവളത്തിലെത്തുന്ന ഇവരെ കരസേന മെഡിക്കൽ സർവീസ്,-എയർപോർട്ട് ഹെൽത്ത് അഥോറിറ്റി എന്നിവർ ചേർന്ന് പരിശോധിച്ചതിനു ശേഷമാവും ഹരിയാനയിലെ മാനേസറിലെ കേന്ദ്രത്തിലേക്ക് മാറ്റുക എന്ന് അധികൃതർ നൽകുന്ന സൂചന. രോഗബാധസംശയിക്കുന്നവർ(Suspected), രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകിയവർ(close contact), അല്ലാത്തവർ(non contact) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളയി തരംതിരിച്ചാണ് പരിശോധന നടത്തുക എന്ന് അധികൃതർ വ്യക്തമാക്കി.

തുടർന്ന് 14 ദിവസം ഇവർ അതീവ നിരീക്ഷണത്തിൽ തുടരും. ഈ കാലയളവിൽ ഏതെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഡൽഹിയിലെ ബേസ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. അതേസമയം കേരളത്തിലും കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ നടപടികൾ ഊർജിതമാക്കി. ഐസൊലഷൻ വാർഡുകൾ തയ്യാറാക്കാൻ സ്വകാര്യ ആശുപത്രികൾക്കും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. വുഹാനിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെ സൈന്യത്തിന്റെ മെഡിക്കൽ സംഘവും എയർപോർട്ട് ഹെൽത്ത് അഥോറിറ്റിയും സംയുക്തമായി പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സൈനിക വക്താവ് അറിയിച്ചു.

ചൈനയിലേക്കു പുറപ്പെട്ട വിമാനത്തിലെ മെഡിക്കൽ സംഘത്തിൽ 2 മലയാളികളും ഇടംപിടിച്ചു. എയിംസിലെ ഡോക്ടർമാരടക്കം 5 അംഗ മെഡിക്കൽ സംഘത്തിലാണ് 2 മലയാളി നഴ്‌സുമാരുള്ളത്. നിപ, പ്രളയകാലത്തെ പരിചരണ പരിചയമുള്ളവരാണ് ഇവർ. 3 ഡോക്ടർമാരും സംഘത്തിലുണ്ട്. ഡൽഹിയിൽ നിന്നു പുറപ്പെട്ട എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ 374 പേരാണ് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുക.

ദിവസങ്ങൾ നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിലാണ് കൊറോണ ഭീതിയിൽ കഴിഞ്ഞിരുന്ന മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാർ നാട്ടിലേക്കു മടങ്ങുന്നത്. കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് ഇന്നലെയാണ് ചൈന പ്രത്യേക വിമാനത്തിന് അനുമതി നൽകിയത്. യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ ഇന്നലെത്തന്നെ ചൈനയിലെ ഇന്ത്യൻ എംബസി നൽകിയിരുന്നു.

 അതേസമയം, ചൈനയിൽ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി ഉയർന്നു. വിവിധ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ബ്രിട്ടണിലും ജർമനിയിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വുഹാനിൽ നിന്ന് തിരിച്ചെത്തിയ ഒരു മലയാളി വിദ്യാർത്ഥിനിയിലാണ് ഇന്ത്യയിലാദ്യമായി വൈറസ് സ്ഥിരീകരിച്ചത്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്ന കൊറോണ വൈറസ് രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മോശം ശാരീരികാവസ്ഥയുള്ളവരിലും ഗുരുതരമാകാനും മരണകാരണമാകാനും സാധ്യതയുണ്ട്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP