Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാമാരിക്ക് മേൽ മനുഷ്യൻ വിജയം നേടുന്നു; ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ മനുഷ്യരിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരം; വാക്‌സിൻ പരീക്ഷിച്ചവരുടെ ശരീരം കൊറോണ വൈറസിനെതിരെ പ്രതിരോധം ആർജിച്ചു; മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം പ്രസിദ്ധീകരിച്ച് ദ ലാൻസെറ്റ് മെഡിക്കൽ ജേണൽ; ആദ്യഘട്ടത്തിൽ വാക്സിൻ കുത്തിവെച്ച 1077 പേരിൽ ആർക്കും ആരോ​ഗ്യ പ്രശ്നങ്ങളില്ല; ഒരുകോടി ഡോസുകൾ ഓർഡർ ചെയ്ത് ബ്രിട്ടൻ; ഇന്ത്യ വികസിപ്പിച്ച കോവാക്സിനും മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി

മഹാമാരിക്ക് മേൽ മനുഷ്യൻ വിജയം നേടുന്നു; ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ മനുഷ്യരിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരം; വാക്‌സിൻ പരീക്ഷിച്ചവരുടെ ശരീരം കൊറോണ വൈറസിനെതിരെ പ്രതിരോധം ആർജിച്ചു; മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം പ്രസിദ്ധീകരിച്ച് ദ ലാൻസെറ്റ് മെഡിക്കൽ ജേണൽ; ആദ്യഘട്ടത്തിൽ വാക്സിൻ കുത്തിവെച്ച 1077 പേരിൽ ആർക്കും ആരോ​ഗ്യ പ്രശ്നങ്ങളില്ല; ഒരുകോടി ഡോസുകൾ ഓർഡർ ചെയ്ത് ബ്രിട്ടൻ; ഇന്ത്യ വികസിപ്പിച്ച കോവാക്സിനും മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കോവിഡ് മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുന്ന ലോകത്തിന് പ്രതീക്ഷയായി ഓക്സ്ഫോർഡ് സർവകലാശാലയുടെ പരീക്ഷണം. ബ്രിട്ടണിലെ ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ മനുഷ്യരിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമെന്നാണ് റിപ്പോർട്ട്. ChAdOx1 nCoV-19 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിൻ പരീക്ഷിച്ചവരുടെ ശരീരം കൊറോണ വൈറസിനെതിരെ പ്രതിരോധം ആർജിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. വാക്സിൻ കുത്തിവെച്ചവരിൽ‍ നോവൽ കൊറോണവൈറസിനെ നേരിടാൻ വേണ്ടുന്ന ആന്റിബോഡികളും ടി-സെല്ലുകളും നിർമ്മിക്കപ്പെടുന്നുവെന്നാണ് കണ്ടെത്തൽ. ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനക ഫാർമസ്യൂട്ടിക്കൽസും സംയുക്തമായാണ് വാക്‌സിൻ വികസിപ്പിച്ചത്. ഇന്ത്യൻ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ടും വാക്സിൻ നിർമ്മാണവുമായി സഹകരിക്കുന്നുണ്ട്. വാക്സിൻ വിജയകരമാവുന്ന പക്ഷം ഇന്ത്യയിൽ വാക്സിൻ ലഭ്യമാക്കുക പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയാവും.

ദ ലാൻസെറ്റ് മെഡിക്കൽ ജേണലാണ് മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചത്. വാക്‌സിൻ ശുഭസൂചനകൾ നൽകുന്ന വാർത്തകൾക്ക് പിന്നാലെ ഇതിന്റെ ഒരുകോടി ഡോസുകൾ ബ്രിട്ടൺ ഓർഡർ ചെയ്തിട്ടുണ്ട്. അതേ സമയം വാക്സിൻ എന്ന് വിപണയിൽ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോൾ പറയാനാവില്ലെന്നും അധികൃതർ അറിയിച്ചു. സെപ്റ്റംബറോടെ വിപണിയിൽ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നതെന്നാണ് റിപ്പോർട്ടുകൾ.

1077 പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. വാക്സിൻ സ്വീകരിച്ച ആർക്കും തന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും വാക്സിൻ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി വർധിച്ചതായും ശാസ്ത്രജ്ഞർ അറിയിച്ചു. ആദ്യ​ഘട്ട പരീക്ഷണം വിജയകരമാണെങ്കിലും അടുത്ത രണ്ട് ഘട്ടങ്ങൾ കൂടി വിജയകരമായി പൂ‍ർത്തിയാക്കിയാൽ മാത്രമേ വൈറസ് വിപണിയിൽ എത്തൂ. പതിനായിരത്തിലേറെ പേരിലാണ് അടുത്ത ഘട്ടത്തിൽ വാക്സിൻ പരീക്ഷിക്കുക.

മനുഷ്യരിൽ കോവിഡിന് കാരണമാകുന്ന കൊറോണ വൈറസുമായി സാമ്യമുള്ള വൈറസിനെ ഉപയോഗിച്ചാണ് വാക്‌സിൻ വികസിപ്പിച്ചത്. ചിമ്പാൻസികളിൽ ജലദോഷമുണ്ടാക്കുന്ന വൈറസിനെ വേർതിരിച്ച് ജനിതക പരിഷ്‌കരണം നടത്തി കൊറോണ വൈറസുമായി വളരെയധികം സാമ്യം പുലർത്തുന്നതാക്കുകയാണ് ചെയ്തത്. എന്നാൽ മനുഷ്യരിൽ ഇതിന് രോഗമുണ്ടാക്കാൻ സാധിക്കില്ല. കൊറോണ വൈറസ് മനുഷ്യകോശങ്ങളിലേക്ക് കടക്കാൻ ഉപയോഗിക്കുന്ന സ്‌പൈക്ക് പ്രോട്ടീനുകൾ ഈ വൈറസിലും ഗവഷകർ സന്നിവേശിപ്പിച്ചു. ഇങ്ങനെ ജനിതക പരിഷ്‌കരണം നടത്തിയ വാക്‌സിനാണ് പരീക്ഷണം നടത്തിയത്. കൊറോണ വൈറസുമായി വളരെയധികം സാമ്യമുള്ളതിനാൽ ഇത് ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉണർത്തുകയും ആന്റിബോഡി ഉത്പാദിപ്പിക്കുകയും ചെയ്യും.

അതിനിടെ, ഭാരത് ബയോടെക് തങ്ങൾ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി. കോവാക്സിൻ എന്ന മരുന്നാണ് പരീക്ഷിച്ചത്. മനുഷ്യരിലുള്ള കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ മൂന്ന് സന്നദ്ധപ്രവർത്തകരിലാണ് പരീക്ഷണം നടത്തിയത്. എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളിലാണ് പരീക്ഷണം നടക്കുന്നത്. ഒന്നാംഘട്ടത്തിൽ 375 സന്നദ്ധ പ്രവർത്തകരിലാണ് പരീക്ഷണം നടത്തുക. പൂർണ ആരോഗ്യമുള്ള സന്നദ്ധ പ്രവർത്തകരെ തെരഞ്ഞെടുത്താണ് പരീക്ഷണം. റോഹ്താക്കിലെ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് ആദ്യ വാക്സിൻ പരീക്ഷണം നടത്തിയത്. മൂന്ന് പേർക്കും യാതൊരു പാർശ്വഫലങ്ങളും ഉണ്ടായിട്ടില്ലെന്നും അധികൃതർ പറയുന്നു.ശരിയായ കരൾ പ്രവർത്തനവും അണുബാധയുടെ അഭാവവും ഉറപ്പുവരുത്തി പൂർണ്ണ ആരോഗ്യപരിശോധനയ്ക്ക് ശേഷമാണ് മൂന്ന് സന്നദ്ധപ്രവർത്തകർക്കും വാക്സിന് നൽകിയത്.

പരീക്ഷണത്തിന് ശേഷം പുറത്തിറക്കുന്നതിന് മുമ്പ് സന്നദ്ധപ്രവർത്തകരെ രണ്ട് മണിക്കൂർ നിരീക്ഷിച്ചുവെന്നും മരുന്നിന്റെ പ്രവർത്തനം മൂലം അലർജി ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചുവെന്നും അധികൃതർ പറഞ്ഞു. അടുത്ത 24 മുതൽ 48 മണിക്കൂർ വരെ ഇവരെ നിരീക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഡോ. രാകേഷ് വർമ്മയാണ് വാക്സിനേഷൻ ചുമതല വഹിക്കുന്നത്. മൃഗങ്ങളിൽ വിജയകരമായി പരീക്ഷണം നടത്തിയെന്നും മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യ ഘട്ടമാണ് നടന്നതെന്നും ഡോ.ചൗധരി വ്യക്തമാക്കി.ഈ പ്രക്രിയയ്ക്ക് ആറുമാസമെടുക്കുമെന്നും വാക്സിന്റെ സുരക്ഷയെക്കുറിച്ചും ഉത്പാദിപ്പിക്കുന്ന ആന്റി ബോഡികളെക്കുറിച്ചുമുള്ള അന്തിമ വിലയിരുത്തൽ സുരക്ഷാ ബോർഡ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാക്സിൻ വികസനത്തിന്റെ ഏറ്റവും അവസാനത്തേയും നിർണായകവുമായ കടമ്പയാണ് മനുഷ്യരിലെ പരീക്ഷണം. ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ച വാക്സിൻ ആയിരത്തോളം പേരിൽ പ്രവർത്തിച്ചതോടെ ലോകത്തിന്റെ പ്രതീക്ഷയും ഇരട്ടിക്കുകയാണ്. ലോകത്തെ നൂറിലേറെ ശാസ്ത്രസംഘങ്ങൾ കോവിഡ് പ്രതിരോധ വാക്സിൻ നിർമ്മാണത്തിനായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തുടക്കം മുതൽ ഏറ്റവും കൂടുതൽ പ്രതീക്ഷ സൃഷ്ടിച്ചത് ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ വാക്സിനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP