Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകം പറയാൻ പോലും ഭയക്കുന്ന കൊറോണയെ കേരളം വരുതിയിലാക്കുന്നു; വൈറസ് ബാധിതരായ മൂന്നുപേരുടെയും നില തൃപ്തികരം; തൃശ്ശൂർ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുന്ന എട്ട് പേരെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോർഡ് ശുപാർശ; കൊറോണയെ തോൽപ്പിക്കുന്നതും നിപ്പയെ തുരത്തിയ അതേ നിശ്ചയദാർഢ്യം; മാരക വൈറസിനെ ആരോഗ്യ വകുപ്പ് അതിജീവിച്ചത് ജനത്തെ ഭയപ്പെടുത്താതെ കൃത്യമായ പദ്ധതികളിലൂടെ

ലോകം പറയാൻ പോലും ഭയക്കുന്ന കൊറോണയെ കേരളം വരുതിയിലാക്കുന്നു; വൈറസ് ബാധിതരായ മൂന്നുപേരുടെയും നില തൃപ്തികരം; തൃശ്ശൂർ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുന്ന എട്ട് പേരെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോർഡ് ശുപാർശ; കൊറോണയെ തോൽപ്പിക്കുന്നതും നിപ്പയെ തുരത്തിയ അതേ നിശ്ചയദാർഢ്യം; മാരക വൈറസിനെ ആരോഗ്യ വകുപ്പ് അതിജീവിച്ചത് ജനത്തെ ഭയപ്പെടുത്താതെ കൃത്യമായ പദ്ധതികളിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കേരളം കൊറോണ ഭീതിയെ അതിജീവിക്കുന്നു. കൊറോണ രോഗപ്രതിരോധ നടപടികളുടെ ഭാഗമായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 8 പേരെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തു. ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്നാണിത്. ആശുപത്രിയിൽ നിന്ന് വിടുതൽ ചെയ്താലും ഓരോരുത്തരുടെയും നിരീക്ഷണ കാലയളവായ 28 ദിവസം പൂർത്തിയാകുന്നത് വരെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അതിനിടെ സംസ്ഥാനത്ത് വൈറസ് ബാധിതരായ മൂന്നുപേരുടെയും ആരോഗ്യ നില മെച്ചപ്പെട്ട് വരുന്നതായും റിപ്പോർട്ടുകളുണ്ട്. ആലപ്പുഴയിലും തൃശൂരിലും കാഞ്ഞങ്ങാടും ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനിലയിലാണ് കാര്യമായ പുരോഗതിയുള്ളത്.

തൃശ്ശൂർ ജില്ലയിൽ 30 പേർ ആശുപത്രിയിലും 211 പേർ വീടുകളിലും നിരീക്ഷണത്തിൽ ആണ്, പുതുതായി 5 സാമ്പിളുകൾ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗം പിടിപെട്ട വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ നിലയും തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് തൃശ്ശൂരിനും ആലപ്പുഴയ്ക്കും പുറമേ കാസർകോടാണ് കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള രോഗിയുള്ളത്.

രോഗലക്ഷണങ്ങളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 8 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. പുതിയതായി പ്രവേശിപ്പിച്ച ഒരാളുൾപ്പെടെ ആകെ 8 പേരാണ് വിവിധ ആശുപത്രികളിൽ ഉള്ളത്. ജില്ലയിൽ 171 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ മറ്റാരുടെയും സാമ്പിളുകളിൽ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

തൃശൂരിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള രോഗികൾക്ക് വൈ ഫൈ കണക്ഷൻ എടുക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കളക്ടർ അറിയിച്ചു. അതേസമയം കാസർഗോഡ് മൂന്ന് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ സമാനമായ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നടപടി.

സർക്കാർ മുന്നറിയിപ്പ് അവഗണിച്ച് വ്യാജ വാട്‌സ്ആപ്പ് സന്ദേശം ഫോർവേഡ് ചെയ്ത രണ്ട് പേരെ നൂറനാട് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊറോണ പശ്ചാത്തലത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ബ്രെത്ത് അനലൈസർ പരിശോധന താൽക്കാലികമായി പൊലീസ് നിർത്തിവെച്ചു. മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയം തോന്നിയാൽ അത്തരം ആൾക്കാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

കൊറോണയെ വരുതിയിലാക്കിയത് കൃത്യമായ പദ്ധതികളിലൂടെ

ചൈനയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണാധീതമായ സമയത്ത് തന്നെ കേരളത്തിലും മുൻകരുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചതാണ് കൊറോണയെ നിയന്ത്രണ വിധേയമാക്കാൻ സംസ്ഥാന ആരോഗ്യവകുപ്പിന് കഴിഞ്ഞത്. ചൈനയിൽ നിന്നും മറ്റ് വൈറസ് ബാധിത പ്രദേശത്ത് നിന്നും തിരിച്ചെത്തുന്നവരെ എയർപോർട്ടിൽ വെച്ച് തന്നെ പ്രാഥമിക പരിശോധന നടത്തുകയും നിരീക്ഷിക്കുകയും രക്ത സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ഓരോ ജില്ലയിലും മെഡിക്കൽ കോളജ് ഉൾപ്പെടെ രണ്ട് ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളും സജ്ജമാക്കിയിരുന്നു. ഒരു വൈറസ് ബാധ പോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാത്ത സമയത്തായിരുന്നു ഈ മുന്നൊരുക്കങ്ങളൊക്കെ.

വാർത്താമാധ്യമങ്ങളിലൂടെ കേരളത്തിലാണ് ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് അറിഞ്ഞ ഉടൻ സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. വിവരങ്ങൾ ശേഖരിച്ചു. തൊട്ടു പിന്നാലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ തിരുവനന്തപുരത്ത് ഉന്നതതലയോഗം വിളിച്ചു. ആരോഗ്യവകുപ്പിലെ ഉന്നതരെല്ലാം പങ്കെടുത്ത യോഗത്തിന് ശേഷം മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം മന്ത്രി മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു.

ചൈനയിൽനിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഐസൊലേഷൻ വാർഡിൽ ചികിത്സ തുടരുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി വ്യക്തമാക്കി. ചികിത്സയിലുള്ള വിദ്യാർത്ഥിനിയെ ആവശ്യമെങ്കിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിലേക്കെത്തി സ്ഥിതിഗതികൾ വിലയിരുത്തി കൂടുതൽ സുരക്ഷാ മുന്നൊരുക്കങ്ങൾക്കായി വ്യാഴാഴ്ച തന്നെ അടിയന്തര യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവം അറിഞ്ഞതോടെ തൃശ്ശൂരിൽ നിന്നുള്ള മന്ത്രി വി എസ് സുനിൽ കുമാറും തലസ്ഥാനത്തെ പരിപാടികൾ എല്ലാം റദ്ദാക്കി തൃശ്ശൂരിലേക്ക് തിരിച്ചു.

ചൈനയിൽ സ്ഥിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ തന്നെ കേരളത്തിലും വൈറസിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ മെഡിസിന് പഠിക്കാനായി തെരഞ്ഞെടുക്കുന്ന യൂണിവേഴ്സിറ്റികളിൽ ഒന്നായിരുന്നു വുഹാൻ. അതുകൊണ്ടു തന്നെ തിരിച്ചെത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ പരിശോധിക്കാനും നിരീക്ഷിക്കാനംു സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രത കാട്ടി. വുഹാനിൽ നിന്നും മാത്രമല്ല, കൊറോണയുടെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നെല്ലാം തിരിച്ചെത്തുന്നവർ നിരീക്ഷിക്കപ്പെട്ടു.

ഭയപ്പെടുത്താതെ ഭരണകൂടം

ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കാനും സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും പ്രത്യേകം ശ്രദ്ധ ചെലുത്തി. കൃത്യമായ ബോധവൽക്കരണങ്ങൾ പലവിധത്തിൽ നൽകുമ്പോഴും നിപ്പയേയും പ്രളയത്തേയും അതിജീവിച്ച നാം മലയാളികൾ കൊറോണയേയും കീഴടക്കും എന്ന ബോധം ഓരോ പൗരന്റെയും ഉള്ളിലേക്ക് ആഴത്തിൽ എത്തിക്കാൻ സർക്കാരിന് കഴിഞ്ഞു. വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരേയും നിലയ്ക്ക് നിർത്താനും സർക്കാർ ശ്രദ്ധിച്ചു. മാരകമായ വൈറസിനെ ലോകം ഭയത്തോടെ നോക്കുകയും കേൾക്കുയും ചെയ്തപ്പോൾ കേരളം ഒരേ മനസ്സോടെ വൈറസിനെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ തേടി. അത് പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തു. മരണം വിതയ്ക്കാൻ എത്തിയ മാരക വൈറസിനെ കേരളം നിഷ്പ്രയാസം വരുതിയിലാക്കി.

നിപ്പയെ തുരത്തിയ നിശ്ചയദാർഢ്യം

കൊറോണ കേരളത്തിലേക്കെത്തും എന്ന വാർത്തകൾ പരന്നപ്പോൾ തന്നെ നാം അതിജീവിക്കും എന്ന സന്ദേശമാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് നൽകിയത്. നിപ്പയെ അതിജീവിച്ച കേരളത്തിന് അത് നിഷ്പ്രയാസം കഴിയും എന്ന ജനങ്ങളും വിശ്വസിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ജനങ്ങൾ അതേപടി അനുസരിച്ചു. മുറിവൈദ്യന്മാരും മറ്റും പതിവുപോലെ രംഗത്തെത്തിയെങ്കിലും കേരളം അതിനൊന്നും ചെവി കെടുത്തില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP