Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരോഗ്യ വകുപ്പിന് തലവേദനയായി കൊവിഡ് സംശയിക്കുന്നവരുടെ നിസ്സഹകരണം; നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ ആളെ തിരിച്ചെത്തിച്ചത് ആശ്വാസമായി; പത്തനംതിട്ടയിൽ രണ്ടര വയസുകാരിയെയും ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു; ഇറ്റലിയിൽ നിന്നെത്തിയ രോഗബാധ സ്ഥിരീകരിച്ച കുടുംബം 50 ബന്ധുക്കളുടെ വീടുകൾ സന്ദർശിച്ചു; ഇറ്റലിയിൽ നിന്നെത്തിയ 26 പേർ നിരീക്ഷണത്തിൽ; പത്തനംതിട്ടയിലേക്കു യാത്ര ചെയ്ത ഐടി ജീവനക്കാർക്ക് രണ്ടാഴ്‌ച്ച വീട്ടിലിരുന്നു ജോലി ചെയ്യാൻ അവസരം ഒരുക്കി ഐടി കമ്പനികളും

ആരോഗ്യ വകുപ്പിന് തലവേദനയായി കൊവിഡ് സംശയിക്കുന്നവരുടെ നിസ്സഹകരണം; നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ ആളെ തിരിച്ചെത്തിച്ചത് ആശ്വാസമായി; പത്തനംതിട്ടയിൽ രണ്ടര വയസുകാരിയെയും ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു; ഇറ്റലിയിൽ നിന്നെത്തിയ രോഗബാധ സ്ഥിരീകരിച്ച കുടുംബം 50 ബന്ധുക്കളുടെ വീടുകൾ സന്ദർശിച്ചു; ഇറ്റലിയിൽ നിന്നെത്തിയ 26 പേർ നിരീക്ഷണത്തിൽ; പത്തനംതിട്ടയിലേക്കു യാത്ര ചെയ്ത ഐടി ജീവനക്കാർക്ക് രണ്ടാഴ്‌ച്ച വീട്ടിലിരുന്നു ജോലി ചെയ്യാൻ അവസരം ഒരുക്കി ഐടി കമ്പനികളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആരോഗ്യ വകുപ്പിന് തലവേദനയായി കൊവിഡ് 19 സംശയിക്കുന്ന രോഗികളുടെ നിസ്സകരണം. പരിശോധയിൽ കിടന്ന് ഐസോലേഷന് തയ്യാറാകാത്തതാണ് ആരോഗ്യ വകുപ്പിനെ വെട്ടിലാക്കുന്നത്. പത്തനംതിട്ടയിൽ കൊറോണ വിതച്ച ഇറ്റലിയിലെ കുടുംബത്തിന് പിന്നാലെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പരിശോധന നടത്തേണ്ടിയിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശുപത്രിയിൽ നിന്നും ചാടിപ്പോയത് ഏറെ ആശങ്ക ഉണ്ടാക്കുന്നതായി. വെച്ചൂച്ചിറ സ്വദേശിയായിരുന്ന ഇയാൾ ആശുപത്രി അധികൃതർ അറിയാതെയാണ് മുങ്ങിയത്. കടന്നുകളഞ്ഞ യുവാവിനെ പിന്നീട് തിരിച്ചെത്തിച്ചു.

റാന്നിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. രോഗബാധിതരായ അഞ്ച് പേരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരുടെ സമ്പർക്കപ്പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതിൽപ്പെട്ടയാളായിരുന്നു യുവാവ്. പരിശോധനയ്ക്കായി ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി രക്തമെടുത്ത് പരിശോധന നടത്തുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും. ഇതിനിടെയാണ് ഇയാൾ മുങ്ങിയത്.

പത്തനംതിട്ട ജനറലാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ച ഈ യുവാവ് ആദ്യം രക്തപരിശോധനയ്ക്ക് തയ്യാറായില്ല. പിന്നീട് അധികൃതരുടെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോൾ ഓടിപ്പോവുകയായിരുന്നു എന്നാണ് വിവരം. സമ്പർക്കപ്പട്ടികയിലുണ്ടെങ്കിലും ഇയാൾ രോഗികളുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നില്ല എന്ന സൂചനയും അധികൃതർ നൽകുന്നു. അതേസമയം, ജില്ലയിൽ ഒരാളെ കൂടി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ട് വയസുകാരിയെ ആണ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.

ഇറ്റലിയിൽ നിന്നെത്തിയ കുടുംബം പോയത് 50 വീടുകളിൽ

കഴിഞ്ഞദിവസം ഇറ്റലിയിൽനിന്നെത്തിയ, രോഗബാധ സ്ഥിരീകരിച്ച കുടുംബം 50 ബന്ധുക്കളുടെ വീടുകൾ സന്ദർശിച്ചിട്ടുണ്ട്. ഇവരുടെ സന്ദർശനപാത എറക്കുറെ മനസ്സിലാക്കാൻ അധികൃതർക്ക് കഴിഞ്ഞെങ്കിലും രോഗത്തിന്റെ വ്യാപ്തി വർദ്ധിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇവർ നേരിട്ട് ഇടപഴകിയവരെ കണ്ടെത്തി അവരെ വീടുകളിൽ നിരീക്ഷിക്കുന്നത് പുരോഗമിക്കുന്നു. നേരത്തേ വ്യക്തമായ സ്ഥലങ്ങൾക്കുപുറമേ മറ്റ് ചിലയിടങ്ങളിലും ഈ കുടുംബം സന്ദർശനം നടത്തിയെന്ന് വിവരംകിട്ടി. റാന്നിയിലെ ഒരു പൊതുമേഖലാ ബാങ്കിന്റെയും സ്വകാര്യ ബാങ്കിന്റെയും ശാഖകൾ, ഒരു ഹോട്ടൽ, ഹൈപ്പർമാർക്കറ്റ്, പത്തനംതിട്ടയിലെ സ്റ്റുഡിയോ, ജൂവലറി എന്നിവ ഇതിലുൾപ്പെടും. സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ഇവരുമായി ഇടപഴകിയവരെ കണ്ടെത്താനാണ് ശ്രമം.

അതിനിടെ ഇറ്റലിയിൽനിന്ന് 65 മലയാളികൾ തിങ്കളാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇതിൽ 26 പേരെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. പരിശോധനയിൽ പനിയുടെ ലക്ഷണം കണ്ടെത്താത്തവരെ വീടുകളിലേക്ക് പോകാൻ അനുവദിച്ചു. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച കുട്ടിയും കുടുംബവും എട്ടാംതീയതി രാവിലെ 6.30-ന് ഇറ്റലിയിൽനിന്ന് ദുബായ് വഴിയാണ് കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ പരിശോധനയിലാണ് പനി ഉണ്ടെന്ന് അറിഞ്ഞത്. തുടർന്ന് മൂവരെയും ആരോഗ്യവകുപ്പിന്റെ പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കളക്ടർ എസ്. സുഹാസ് അറിയിച്ചു. അച്ഛന്റെയും അമ്മയുടെയും സാമ്പിളുകൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. ഇറ്റലിയിൽനിന്ന് ദുബായിലേക്കും തുടർന്ന് ദുബായിൽനിന്ന് കൊച്ചിയിലേക്കും ഇവർക്കൊപ്പം യാത്രചെയ്തവരുടെ പട്ടികയെടുത്ത് ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങി. എല്ലാവരും എറണാകുളം ജില്ലക്കാരല്ല. അതിനാൽ അതത് ജില്ലകളിലേക്ക് സന്ദേശം നൽകി.

ടെക്കികൾക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ അവസരം ഒരുക്കി ഐടി കമ്പനികൾ

 

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, പത്തനംതിട്ടയിലേക്കു യാത്ര ചെയ്ത ഐടി ജീവനക്കാർക്ക് 2 ആഴ്ച വീട്ടിലിരുന്നു ജോലി ചെയ്യാൻ കഴിയുന്ന 'വർക്ക് ഫ്രം ഹോം' സംവിധാനം ലഭ്യമാക്കണമെന്ന് ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക്കിന്റെ നിർദ്ദേശം. മറ്റു രാജ്യങ്ങൾ, സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ മിക്ക കമ്പനികളും നിരോധിച്ചു. എല്ലാ കമ്പനികളിലും ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസുകൾ ആരംഭിച്ചു. ബെംഗളൂരുവിലെ മിക്ക ഐടി കമ്പനികളും ജീവനക്കാർക്ക് 31 വരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ട്. സർക്കാർ, ഐടി, കോർപറേറ്റ് ഓഫിസുകളിലെ ബയോ മെട്രിക് ഹാജർ സംവിധാനം താൽക്കാലികമായി റദ്ദാക്കി. ഹോളി ആഘോഷത്തിൽ മുഴുകേണ്ട മുംബൈയിൽ തെരുവുകൾ ശൂന്യം. ഹൗസിങ് സൊസൈറ്റികളുൾപ്പെടെ ആഘോഷം വിലക്കി. വിപണിയിലും മാന്ദ്യം.

അതേസമയം കൊറോണവൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ യാത്രാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കും. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ നിർബന്ധമായും വിമാനത്താവളങ്ങളിലും മറ്റു കേന്ദ്രങ്ങളിലും സ്വയം റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശം. റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കർശന നടപടി എടുക്കും. മനഃപൂർവ്വം പകർച്ചവ്യാധി പടർത്തുന്നതായി കണക്കാക്കി ഇത്തരക്കാർക്കെതിരെ കേസെടുക്കും. പിഴയും ശിക്ഷാ നടപടിയും ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ടയിലെ കുടുംബം വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരാകാത്തതിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്. ഇവർ രോഗം മറച്ചുവെച്ചത് മറ്റുള്ളവരിലേക്ക് പടരാൻ കാരണമായതായി പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. മറച്ചുവെച്ചില്ലെന്നും നിർബന്ധിക്കാതെ തന്നെ ആശുപത്രിയിൽ പോയതെന്നുമുള്ള ഈ കുടുംബത്തിന്റെ അവകാശവാദവും കളക്ടർ തള്ളി. നാട്ടിലെത്തിയ ശേഷം ഇവർ പനിക്ക് മരുന്ന് വാങ്ങിയിരുന്നു. ബന്ധുക്കൾക്ക് രോഗലക്ഷണങ്ങൾ കണ്ട ശേഷം ആരോഗ്യ വകുപ്പ് നിർബന്ധിച്ചാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കളക്ടർ അറിയിച്ചു. രോഗം ബാധിച്ചവരുടെ പ്രായമായ മാതാപിതാക്കളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ഇതിനിടെ പത്തനംതിട്ടയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. ബസിൽ ജോലി ചെയ്യുന്ന ജീവനക്കർക്ക് മാസ്‌ക് ധരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട കോടതിയിലെ സാധാരണ നടപടികൾ അഞ്ച് ദിവസത്തേക്ക് നിറുത്തിവെക്കുകയും ചെയ്തു. പത്തനംതിട്ടയിൽ അഞ്ചും കൊച്ചിയിൽ മൂന്നു വയസുകാരനുമടക്കം നിലവിൽ സംസ്ഥാനത്ത് ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP