Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം ഇന്നലെ ചർച്ച ചെയ്തതുകൊറോണ ബാധിച്ചു ലണ്ടനിൽ നിന്നെത്തിയ മലയാളിയുടെ വിശേഷങ്ങൾ; ഡോക്ടർമാരുടെ നിർദ്ദേശം മറികടന്നു തോന്നിയ പോലെ വെളിയിൽ കറങ്ങിയ ലണ്ടൻകാരനും കൂടിയായതോടെ വിദേശ മലയാളികൾ ശത്രുക്കളെ പോലെയായി കേരളീയർക്ക്; യുകെയിൽ ഒറ്റ ദിവസം കൊണ്ട് മരണ സംഖ്യ ഇരട്ടിയായി

കേരളം ഇന്നലെ ചർച്ച ചെയ്തതുകൊറോണ ബാധിച്ചു ലണ്ടനിൽ നിന്നെത്തിയ മലയാളിയുടെ വിശേഷങ്ങൾ; ഡോക്ടർമാരുടെ നിർദ്ദേശം മറികടന്നു തോന്നിയ പോലെ വെളിയിൽ കറങ്ങിയ ലണ്ടൻകാരനും കൂടിയായതോടെ വിദേശ മലയാളികൾ ശത്രുക്കളെ പോലെയായി കേരളീയർക്ക്; യുകെയിൽ ഒറ്റ ദിവസം കൊണ്ട് മരണ സംഖ്യ ഇരട്ടിയായി

പ്രത്യേക ലേഖകൻ

ലണ്ടൻ:കേരളം മുഴുവൻ ഇന്നലെ ചർച്ച ചെയ്തത് ലണ്ടനിൽ നിന്നെത്തിയ മലയാളിയെ കുറിച്ചാണ്. ഇയാൾക്ക് കൊറോണ സ്ഥിരീകരണം ഉണ്ടായ നിലക്ക് ഡോക്ടർമാർ നൽകിയ നിർദ്ദേശങ്ങൾ മറികടന്നു തോന്നിയ പോലെ ഇറങ്ങി നടന്നതിന്റെ ദുരിതം ഇന്നലെ വർക്കല പ്രദേശത്തുള്ളവർ കൂടുതലായും തിരുവനതപുരം ജില്ലയിൽ ഉള്ളവർ ഭാഗികമായും അനുഭവിക്കേണ്ടി വന്നതാണ് ഇപ്പോൾ വിദേശ മലയാളി എന്നാൽ ശത്രു മനോഭാവത്തോടെ നോക്കാൻ കേരളീയരെ പ്രേരിപ്പിക്കുന്നത്. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച രണ്ടു പേരിൽ ഒരാൾ ഇറ്റലിയിൽ നിന്നും ഒരാൾ യുകെയിൽ നിന്നും ആയതിനാൽ പൊതുവെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നല്കാൻ കേരളം തയ്യാറാകും. മാത്രമല്ല, കഴിഞ്ഞ മാസം ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾ മൂലം മൂവായിരം പേരെ നിരീക്ഷണത്തിൽ ആക്കേണ്ടി വന്ന അനുഭവം കൂടിയായതോടെ വിദേശ മലയാളികൾ കേരളത്തിൽ എത്തിയാൽ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ല എന്ന ചിന്തയും നാട്ടുകാരിലും സർക്കാരിലും ശക്തമായിട്ടുണ്ട്.

അതിനിടെ ഇന്നലെ ഒറ്റ ദിവസം കൊണ്ട് യുകെയിൽ മരണ സംഖ്യാ ഇരട്ടിയായി. ഇന്നലെ വൈകുന്നേരത്തോടെ 21 ആളുകളാണ് കോവിഡ് 19 രോഗബാധ മൂലം യുകെയിൽ മരണമടഞ്ഞത്. പോസിറ്റീവ് റിസൾട്ട് ഉണ്ടായ രോഗികളുടെ എണ്ണത്തിലും വൻ കുതിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 798 രോഗികളിൽ നിന്നും 1140 രോഗികളായി വർധിച്ചതോടെ യുകെയിലെ സ്ഥിതി സ്ഫോടനാത്മക സാഹചര്യത്തിലേക്കാണ് നീങ്ങുന്നത് . അതേസമയം ഈ കണക്കു അനദ്ധ്യോഗികമായി നോക്കിയാൽ രോഗബാധിതർ പതിനായിരം കടന്നിരിക്കാം എന്ന് കരുതുന്നവരുമുണ്ട് . പലർക്കും കുടുംബങ്ങളെ അകാരണമായി നഷ്ട്ടപെടും എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞതോടെ രോഗം തടയുന്ന കാര്യത്തിൽ സർക്കാർ അമ്പേ പരാജയം ആണെന്ന നിഗമനമാണ് പുറത്തു വരുന്നത് . വലിയ ആൾക്കൂട്ട പരിപാടികൾ നിർത്തലാക്കാൻ നിർദ്ദേശം ഉണ്ടെങ്കിലും ഇപ്പോഴും സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കും എന്നാണ് സർക്കാർ പറയുന്നത്.

നാട്ടിൽ ബന്ധുക്കൾക്ക് അടിയന്തിര ആവശ്യം വന്നാൽ പോലും ഈ സാഹചര്യത്തിൽ യൂറോപ്പിലും യുകെയിലും ഉള്ള ബന്ധുക്കൾക്ക് എത്താൻ സാധികാത്ത നില വന്നേക്കും. നിലവിൽ യുകെ മലയാളികൾക്ക് അടിയന്തിര സാഹചര്യത്തിൽ വിസ നൽകി സഹായിക്കാൻ ലണ്ടനിലെ ഇന്ത്യൻ എംബസി തയ്യറെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . എന്നാൽ ലണ്ടനിൽ നിന്നെത്തിയ മലയാളിയെ പോലെ നാട്ടിൽ എത്തിയാൽ നിർദ്ദേശങ്ങൾ അവഗണിച്ചു തോന്നിയ പാടെ നടന്നാൽ സർക്കാരും ജനങ്ങളും യുകെ മലയാളികളെയും മനസ് കൊണ്ട് ശത്രുക്കളായി പ്രഖ്യാപിക്കാൻ ഉള്ള സാധ്യത വർധിക്കുകയാണ്. ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തോട് രോഗ വിവരം മറച്ചു വച്ച് എന്ന കാരണത്താൽ നാട്ടുകാർ എതിർപ്പ് ഉയർത്തിയെങ്കിൽ യുകെ മലയാളി രോഗം സ്ഥിരീകരിച്ച ശേഷം മറ്റുള്ളവർക്കു പടരാൻ സാധ്യതയുള്ള വിധം പെരുമാറിയത്തിലെ നിരുത്തരവാദിത്ത സമീപനമാണ് ഇന്നലെ മാധ്യമങ്ങൾ ചർച്ചയാക്കിയത്. യുകെ മലയാളികളെ ഒന്നടങ്കം അവഹേളിക്കും വിധമാണ് ലണ്ടൻകാരന് പെരുമാറിയത് എന്നും ആക്ഷേപമുണ്ട്.

കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടും ദാർഷ്ട്യത്തോടെ അത് ലംഘിക്കാൻ തയാറായ യുകെ മലയാളിയുടെ പെരുമാറ്റത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ തന്നെ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്. ലണ്ടനിൽ നിന്നും ബഹ്‌റൈൻ വഴിയാണ് ഇയാൾ ബുധനാഴ്ച തിരുവനന്തപുരത്തു എത്തിയത് . തുടർന്ന് സഹോദരി താമസിക്കുന്ന ഫ്ളാറ്റിൽ എത്തി. ഇവിടെ നിന്നാണ് സ്വന്തം കാറിൽ കൊറോണ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ കോവിഡ് പരിശോധന കേന്ദ്രത്തിൽ എത്തി സ്രവം പരിശോധനക്ക് നൽകി നൂറു കണക്കിന് രോഗികൾക്കിടയിലൂടെ പുറത്തെത്തി ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ നിന്നും മടങ്ങുക ആയിരുന്നു . കോവിഡ് സെന്ററിൽ എത്തിയപ്പോൾ തന്നെ ഡോക്ടർമാർ ഇയാൾക്ക് കൃത്യമായ നിർദ്ദേശം നൽകിയതാണ്. എന്നാൽ തനിക്കായി ആംബുലൻസ് തയ്യാർ ചെയ്തില്ല എന്നാണ് ഇയാൾ പരാതിപ്പെട്ടത് എന്ന് സൂചനയുണ്ട്.

ഏകദേശം 90 രോഗികൾ ആ സമയം ഒപിയിൽ കാത്തിരിക്കുന്നതിനാൽ യുകെ മലയാളിയോട് സ്വന്തം വാഹനത്തിൽ എത്രയും വേഗം മടങ്ങാൻ നിർദ്ദേശിക്കുക ആയിരുന്നു. എന്നാൽ അനേകം രോഗികൾ കാത്തിരിക്കുമ്പോൾ ആംബുലൻസ് എല്ലാവർക്കും തയ്യാറാക്കാൻ ആരോഗ്യ വകുപ്പിന് പരിമിതികൾ ഉള്ള കാര്യവും ഇയാളെ അറിയിച്ചിരുന്നു എന്ന് അധികൃതർ വ്യക്തമാക്കുന്നു.

വീട്ടിലേക്കു മടങ്ങുന്ന വഴിയിൽ ഇയാൾ ജ്യുസ് വില്പന കേന്ദ്രമടക്കം രണ്ടു കടയിലും ബാങ്കിലും എത്തുക ആയിരുന്നു. തുടർന്നാണ് പേട്ടയിലെ ഫ്ലാറ്റിൽ എത്തുന്നത്. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് വാർഡിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെയും നിർദ്ദേശങ്ങൾ അവഗണിക്കുക ആയിരുന്നു എന്നാണ് ആരോഗ്യ വകുപ്പിന് കിട്ടിയിരിക്കുന്ന റിപ്പോർട്ട്. ഡൽഹി വഴി ഫെബ്രുവരി 27 തിരുവനന്തപുരത്തു എത്തിയ ഇറ്റലിക്കാരനും രോഗ സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. ഇയാളും വർക്കല സ്വദേശിയാണ്. ഇയാൾ ക്ഷേത്ര ഉത്സവം അടക്കം ആളുകൾ കൂടുന്ന പല പരിപാടിയിൽ പങ്കെടുത്തതായി വ്യക്തമായിട്ടുണ്ട് .

അതിനിടെ യുകെയിൽ നിന്നും നാട് കാണാൻ എത്തിയ ബ്രിട്ടീഷുകാരായ യുവതിയും യുവാവും കൊറോണ പരിശോധനക്കിടെ ആശുപത്രിയിൽ നിന്നും മുങ്ങിയതും നാട്ടിൽ വലിയ വാർത്ത ആയിരുന്നു . ഇതും യുകെയിൽ നിന്നെത്തുന്ന മുഴുവൻ മലയാളികൾക്കും കൊറോണ ബാധ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന പ്രതീതിയാണ് നാട്ടിൽ സൃഷ്ടിച്ചിരിക്കുന്നത് ൃ. കഴിഞ്ഞ ദിവസം ഇംഗ്ളണ്ടിൽ പോയി മടങ്ങി വന്ന കേരള പൊലീസ് ചീഫ് ലോക് നാഥ് ബെഹ്റക്ക് കൊറോണ നിരീക്ഷണം ഏർപ്പെടുത്തണം എന്ന ആവശ്യം ഒക്കെ ഉയരുമ്പോൾ യൂറോപ്പിനോപ്പം ലണ്ടനെയും മലയാളികൾ കോവിഡ് രോഗബാധയുടെ എപിസെന്റർ ആയാണ് കണക്കാക്കുന്നത് എന്ന് വ്യക്തം . ഇതോടെ ഒരാൾ മരിച്ചാൽ മൃതദേഹം നാട്ടിൽ എത്തിക്കുന്ന കാര്യം പോലും സംശയ നിഴലിൽ ആയിരിക്കുകയാണ്. കഴിഞ ദിവസം ക്രോയ്ടോണിൽ മരിച്ച സിജി അലക്സിന്റെ കുടുംബവും സമാന തരത്തിൽ ഉള്ള ആശങ്ക പങ്കുവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP