Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ രോഗ ബാധിതരുമായി സാമിപ്യമുള്ള 82 പേർ സൂക്ഷ്മ നിരീക്ഷണത്തിൽ; പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്യാത്തതും ആശ്വാസം; പുതുതായി ലഭിച്ച എട്ടുപരിശോധനാ ഫലങ്ങളും നെഗറ്റീവാണ് തെളിഞ്ഞു; ചൈനയിൽനിന്നും എത്തിയവർക്ക് വിവാഹങ്ങളിൽ പങ്കെടുക്കാതെ പിന്മാറാൻ അടക്കം നിർദ്ദേശം; ചൈനയിൽ നിന്നെത്തിയവർക്ക് നിരന്തരം മുന്നറിയിപ്പുകൾ നൽകി ആരോഗ്യവകുപ്പ്; കൊറോണ പ്രതിരോധത്തിന്റെ കേരള മോഡൽ ശ്രദ്ധ നേടുന്നു

കൊറോണ രോഗ ബാധിതരുമായി സാമിപ്യമുള്ള 82 പേർ സൂക്ഷ്മ നിരീക്ഷണത്തിൽ; പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്യാത്തതും ആശ്വാസം; പുതുതായി ലഭിച്ച എട്ടുപരിശോധനാ ഫലങ്ങളും നെഗറ്റീവാണ് തെളിഞ്ഞു; ചൈനയിൽനിന്നും എത്തിയവർക്ക് വിവാഹങ്ങളിൽ പങ്കെടുക്കാതെ പിന്മാറാൻ അടക്കം നിർദ്ദേശം; ചൈനയിൽ നിന്നെത്തിയവർക്ക് നിരന്തരം മുന്നറിയിപ്പുകൾ നൽകി ആരോഗ്യവകുപ്പ്; കൊറോണ പ്രതിരോധത്തിന്റെ കേരള മോഡൽ ശ്രദ്ധ നേടുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തുകൊറോണ ബാധിച്ച് പുതിയ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടില്ല. കൊറോണബാധ സ്ഥിരീകരണത്തിന് കാത്തുനിൽക്കാതെ എല്ലാ ജില്ലയിലും അടിയന്തര സജ്ജീകരണങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം. നിലവിൽ രോഗം സ്ഥിരീകരിച്ച മൂന്ന് ജില്ലയിലാണ് അതിജാഗ്രത ക്രമീകരണം. ഇവർ മൂന്നുപേരും അടുത്ത സാമീപ്യമുള്ളവരും സഹപാഠികളുമാണ്. സമാനസ്വഭാവത്തിൽ രോഗബാധിതരുമായി സാമീപ്യമുള്ള 82 പേരെ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 40 പേർ തൃശൂരിലാണ്. ശേഷിക്കുന്നവർ മറ്റ് ജില്ലകളിലും.

നിലവിലെ രോഗ സ്ഥിരീകരണസ്വഭാവം ആവർത്തിച്ചാൽ മറ്റു ജില്ലകളിൽ നിരീക്ഷണത്തിലുള്ളവർക്കും വൈറസ് ബാധക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ച് അടിയന്തരനടപടികളിലേക്ക് സർക്കാർ കടന്നത്. ആശങ്ക വേണ്ട എന്ന് പറയുമ്പോഴും അതിജാഗ്രത വേണം എന്ന നിലയിലേക്ക് ആരോഗ്യവകുപ്പ് എത്തിക്കഴിഞ്ഞു. വൂഹാനിൽനിന്ന് വന്നവരിൽനിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാത്തിടത്തോളം സ്ഥിതി നിയന്ത്രണവിധേയമാക്കാം എന്നാണ് സംസ്ഥാനത്തിന്റെ ആത്മവിശ്വാസം.

ആലപ്പുഴയ്ക്ക് കൊറോണ ഭീതിയിൽനിന്ന് നേരിയ ആശ്വാസം. പുതുതായി ലഭിച്ച എട്ടുപരിശോധനാ ഫലങ്ങളും നെഗറ്റീവാണ് തെളിഞ്ഞു. പുതുതായി 25 പേർ ഉൾപ്പടെ 150 പേരാണ് നിരീക്ഷണത്തിലുള്ളത്. 12 പേരാണ് ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. അതേസമയം ജില്ലയിൽ ബോധവൽക്കരണ യജ്ഞവും സജീവമായി തുടരുകയാണ് മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും കഴിയുന്ന എട്ടുപേരുടെ സാംപിളുകളാണ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഞായറാഴ്ച കൊറോണ ബാധ കണ്ടെത്തിയ വിദ്യാർത്ഥിയുടെ സാംപിളിന് ഒപ്പം അയച്ചവയാണിവ. പുതുതായി മൂന്നുപേർകൂടി ഐസൊലേഷൻ വാർഡുകളിലുണ്ട്. ഇവരുടെ സ്രവങ്ങൾ പരിശോധനയിലാണ്. ആകെ ഇരുപത് സാംപിളുകളാണ് ആലപ്പുഴയിൽ നിന്ന് പുതുതായി പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഇതിൽ പത്തെണ്ണം ഇവിടുത്തെ തന്നെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധിക്കുന്നത്.

ഐസൊലേഷൻ വാർഡുകളിൽ കഴിയുന്ന രോഗികളുടെ ആരോഗ്യനില തൃപ്തികരണാണ്. രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് ആംബുലൻസ് ്‌ഡ്രൈവർമാർക്ക് ഉൾപ്പടെ പ്രത്യേക പരിശീലനം നൽകിത്തുടങ്ങി. നഗരസഭയിൽ കുടുംബശ്രീ, ആശാവർക്കേഴ്‌സ്, അദ്ധ്യാപകർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി ഒട്ടേറെപ്പേർക്കായി ബോധവൽക്കരണ ക്ലാസുകളും നൽകിയിട്ടുണ്ട്

ഐസൊലേഷൻ വാർഡുകളിൽ മൂന്ന് പേർ, 2321 പേർ വീടുകളിൽ, ആശുപത്രിയിൽ 100 പേർ

സംസ്ഥാനത്ത് പുതിയ കൊറോണ വൈറസ് പൊസിറ്റീവ് ഫലങ്ങളില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. നൂറ് പേർ ആശുപത്രിയിലും 2321 പേർ വീടുകളിലായും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണത്തിലുണ്ട്. രോഗ ലക്ഷണങ്ങളോടെ മൂന്ന് പേരാണ് ആശുപത്രിയിലെ ഐസലൊഷൻ വാർഡുകളിലുള്ളതെന്നും മന്ത്രി പറഞ്ഞു. 230 പേരാണ് തൃശൂർ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇവിടെ വീടുകളിൽ നിരീക്ഷണത്തിലുള്ളത് 202 പേർ. പുതുതായി 18 സാമ്പിളുകൾ കൂടി തൃശൂർ ജില്ലയിൽ നിന്ന് പരിശോധനക്കായി അയച്ചു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയ ഏഴ് പേർക്കെതിരെ കൂടി പൊലീസ് കേസെടുത്തു. തൃശൂരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയതിട്ടുമുണ്ട്. കോഴിക്കോട് വീടുകളിൽ നിരീക്ഷണത്തിലിരിക്കെ വിദേശത്തേക്ക് പോയ രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രോഗബാധിക പ്രദേശങ്ങളിൽ നിന്നും മലപ്പുറത്തേക്കാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. 357 പേർ മലപ്പുറത്തേക്ക് എത്തിയതിൽ 337 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 20 പേരാണ് മലപ്പുറത്ത് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഫെബ്രുവരി നാലാം തിയതി മലപ്പുറത്തുകൊറോണ വൈറസ് സംശയത്തെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റായത് നാല് പേർ.

മലപ്പുറം കഴിഞ്ഞാൽ കോഴിക്കോട്ടേക്കാണ് കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ പേരെത്തിയത്. 316 പേർ കോഴിക്കോട്ടേക്കെത്തിയതിൽ 310 പേർ വീടുകളിൽ നിരീക്ഷണത്തിലും 6 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുമാണ്. 315 പേരാണ് കൊറാണ വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് എറണാകുളത്തേക്ക് എത്തിയത്. ഇതിൽ 303 പേർ വീടുകളിലും, 12 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

വിമാനത്താവളങ്ങളിൽ പ്രത്യേക എയ്‌റോബ്രിജ്

കൊറോണ സംശയനിഴലിലുള്ള രാജ്യങ്ങളിൽ നിന്ന് വിമാനമാർഗം എത്തുന്ന യാത്രക്കാർക്കായി കൊച്ചിയലടക്കം പ്രത്യേക എയ്‌റോബ്രിജുകൾ സജ്ജമാക്കാൻ തീരുമാനം. കൊച്ചിയടക്കം 7 വിമാനത്താവളങ്ങളിലാണ് ഇവ സ്ഥാപിക്കുക. മറ്റു യാത്രക്കാർ വരുന്ന അതേ വഴിയിൽ കൊറോണ സംശയിക്കുന്നവരെ കൊണ്ടു വരുന്നത് ഒഴിവാക്കാനാണിത്. ചൈന, സിംഗപ്പുർ, തായ്ലൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് പരിശോധിക്കുന്നത്. എയർ ഇന്ത്യ ഹോങ്കോങ് വിമാനങ്ങൾ റദ്ദാക്കും. എട്ടാം തീയതി മുതൽ ഹോങ്കോങ്ങിലേക്കുള്ള വിമാന സർവീസ് താൽക്കാലികമായി റദ്ദാക്കി എയർ ഇന്ത്യ. കൊറോണ ബാധിതനായ ഒരാളുടെ മരണം ഹോങ്കോങ്ങിൽ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് തീരുമാനം.

വരനില്ലാതെ വിവാഹവിരുന്ന്

ചൈനയിൽനിന്നു വന്ന് കൊറോണ നിരീക്ഷണത്തിൽ കഴിയുന്ന വരൻ വിവാഹച്ചടങ്ങിൽനിന്ന് ഒഴിഞ്ഞുനിന്നു. എരുമപ്പെട്ടിയിലാണ് സംഭവം. വരനില്ലെങ്കിലും ബന്ധുക്കൾക്കും നാട്ടുകാർക്കും വിവാഹസത്കാരം നടത്തി. ആഭരണങ്ങളും അലങ്കാരങ്ങളുമായി വധു ഓഡിറ്റോറിയത്തിൽ വന്നിരുന്നു. ഒരാഴ്ചമുൻപ് വിവാഹത്തിനായാണ് വരൻ എത്തിയത്. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും നിരീക്ഷണത്തിലായിരുന്നു യുവാവ്. മുൻനിശ്ചയപ്രകാരം ചൊവ്വാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ, ചൈനയിൽനിന്നെത്തിയവർ മുപ്പതുദിവസത്തോളം പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന നിർദ്ദേശം വന്നതോടെയാണ് വരനില്ലാത്ത വിരുന്നിന് വീട്ടുകാർ തയ്യാറായത്. തിങ്കളാഴ്ച വരന്റെ വീട്ടിലെത്തി തഹസിൽദാറും വില്ലേജ് ഓഫീസറും വിവാഹത്തിൽ പങ്കെടുക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു. രോഗനിരീക്ഷണകാലത്തിനുശേഷം ചടങ്ങ് പൂർണമായി നടത്തും.

ചൈനയിൽ നിന്നെത്തിയവർക്ക് ആരോഗ്യവകുപ്പ് നിരന്തരം മുന്നറിയിപ്പുകൾ 

കൊറോണ വൈറസ് ബാധ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട സമയം മുതലേ കേരളം കനത്ത ജാഗ്രതയിലായിരുന്നു. ദ്രുതവേഗത്തിലുള്ള നടപടികളാണ് കേരളത്തിൽ ആരോഗ്യവകുപ്പ് സ്വീകരിച്ചത്. ഇന്ത്യയിൽ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. ആദ്യ കേസ് സ്ഥിരീകരിക്കുന്നതിനു മുൻപും അതിനുശേഷവും കേരളത്തിലെ ആരോഗ്യവകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ചൈനയിൽ നിന്നുള്ളവർ കേരളത്തിലേക്ക് മടങ്ങിയെത്തിയാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ആരോഗ്യവകുപ്പ് വളരെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആരോഗ്യവകുപ്പ് ആദ്യം നിരീക്ഷണം ഏർപ്പെടുത്തിയത്. ചൈനയിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.

സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും തുറവിയോടെയുള്ള പ്രവർത്തനം കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നതിനു മുൻപ് തന്നെ ആരോഗ്യമന്ത്രി കെ.കെ ശൈലജയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കൊറോണയെക്കുറിച്ച് തുടർച്ചയായി ബോധവത്കരണം നടത്തിയിരുന്നു. കേരളത്തിലെ മാധ്യമങ്ങളും ഇതേ കുറിച്ച് വേണ്ട രീതിയിൽ ബോധവത്കരണവും റിപ്പോർട്ടുകളും നൽകിയിരുന്നു.

കൊറോണ വൈറസ് ബാധ തൃശൂരിലാണ് ആദ്യമായി സ്ഥിരീകരിക്കുന്നത്. അന്നു മുതൽ ഓരോ ദിവസവും രോഗബാധിതയായ വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയെ കുറിച്ചും അതാത് ദിവസത്തെ അവസ്ഥകളെ കുറിച്ചും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിവരിച്ചിരുന്നു. ഇതെല്ലാം കേരളത്തിലെ ജനങ്ങളെ കൂടുതൽ ബോധവത്കരിക്കുകയും കൂടുതൽ ജാഗ്രത പുലർത്താൻ പ്രേരിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി കേരള സർക്കാർ പ്രഖ്യാപിച്ചത്. കൂടുതൽ ജാഗ്രതയെടുക്കുന്നതിന്റെ ഭാഗമായാണിത്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതുവരെ കാത്തുനിൽക്കില്ലെന്നും ജാഗ്രതയോടെ നീങ്ങാൻ വേണ്ടിയാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. കൊറോണ ബാധിച്ച് ആരും മരിക്കാതിരിക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്നും ഭയപ്പെടാൻ വേണ്ടിയല്ല ജാഗ്രത പുലർത്താൻ വേണ്ടിയാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതെന്നും മന്ത്രി കെ.കെ.ശൈലജയും പറഞ്ഞിരുന്നു.

ചൈനയിൽ നിന്നെത്തിയവർക്ക് ആരോഗ്യവകുപ്പ് നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ആരോഗ്യമന്ത്രി നേരിട്ടാണ് ഇത്തരം മുന്നറിയിപ്പുകൾ നൽകുന്നത്. ചൈനയിൽ നിന്നു നാട്ടിലെത്തിയവർ നിർബന്ധമായും ആരോഗ്യവകുപ്പിനെ സമീപിക്കണം. അവർ നിരീക്ഷണത്തിലായിരിക്കണം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. ചൈനയിൽ നിന്നെത്തിയവർ പൊതു പരിപാടികൾക്ക് യാതൊരു കാരണവശാലും പോകരുത്. കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ചിലപ്പോൾ വൈറസ് ശരീരത്തിൽ ഉണ്ടായെന്ന് വരാം. വേണ്ടത്ര നിരീക്ഷണങ്ങൾക്ക് ശേഷമേ അത് പറയാൻ സാധിക്കൂ. അതുകൊണ്ട് ചൈനയിൽ നിന്നെത്തിയവർ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പറയുന്നു.

രോഗബാധിത പ്രദേശങ്ങളിൽ നിന്നും മടങ്ങിയെത്തിയവർ രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങൾ കഴിയുന്നതുവരെ വീടുകളിൽത്തന്നെ തുടരേണ്ടതും പൊതു ഇടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. പൊതു ജനങ്ങൾക്ക് സംശയ നിവാരണത്തിനായി സംസ്ഥാന തലത്തിലും ജില്ലാ ആസ്ഥാനങ്ങളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്ററുകൾ സംസ്ഥാനത്ത് സജ്ജമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP