Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭക്ഷ്യ സാധനങ്ങൾ കിട്ടാക്കനിയാകുമെന്ന് കരുതി പലചരക്കു കടകളിൽ നഗരങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ വൻതിരക്ക്; പക്ഷിപ്പനിയും കൊറോണയും ചിക്കൻ വ്യാപാരികളുടെ നടുവൊടിച്ചു; ഹോട്ടലുകളും കൂൾബാറുകളും ജോലിക്കാരെ ഓർത്ത് മാത്രം തുറന്നു വെക്കുന്നു; കൊറോണ ഭീതി ഗ്രാമങ്ങളുടെ പോലും സമ്പദ് വ്യവസ്ഥയെയും ബാധിച്ചു തുടങ്ങി

ഭക്ഷ്യ സാധനങ്ങൾ കിട്ടാക്കനിയാകുമെന്ന് കരുതി പലചരക്കു കടകളിൽ നഗരങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ വൻതിരക്ക്; പക്ഷിപ്പനിയും കൊറോണയും ചിക്കൻ വ്യാപാരികളുടെ നടുവൊടിച്ചു; ഹോട്ടലുകളും കൂൾബാറുകളും ജോലിക്കാരെ ഓർത്ത് മാത്രം തുറന്നു വെക്കുന്നു; കൊറോണ ഭീതി ഗ്രാമങ്ങളുടെ പോലും സമ്പദ് വ്യവസ്ഥയെയും ബാധിച്ചു തുടങ്ങി

ജാസിം മൊയ്തീൻ

മലപ്പുറം: മലപ്പുറം ജില്ലയുടെ ഏറ്റവും അറ്റത്ത് സൈലന്റ്വാലി കാടുകളോട് സമീപത്തായി സ്ഥിതി ചെയ്യുന്ന മലയോര മേഖലയാണ് കാളികാവ്. തികച്ചും ഗ്രാമപ്രദേശം. ഈ കൊറോണ കാലത്ത് കാളികാവെന്ന ഉൾനാടൻ ഗ്രാമത്തിന്റെപോലും വ്യാപാര മേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ചും, കൊറോണ എങ്ങനെയാണ് ഈ ഗ്രാമത്തിന്റെ പോലും സമ്പദ്ഘടനയെ ബാധിച്ചതെന്നുമുള്ള കാര്യങ്ങൾ സംസാരിക്കുകയാണ് പ്രദേശത്തെ വിവിധ തരം കച്ചവടങ്ങൾ നടത്തുന്ന വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങിയവർ.

പ്രദേശത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജനറൽ സെക്രട്ടറിയാണ് ഫിറോസ്. 50 വർഷത്തിലധികമായി ഫിറോസിന്റെ കുടുംബം കാളികാവ് അങ്ങാടിയിൽ മലപ്പുറം സ്റ്റോർ എന്ന പേരിൽ പലചരക്ക് വ്യാപാരം നടത്തുന്നുണ്ട്. 20 വർഷത്തിലധികമായി ഫിറോസാണ് ഈ സ്ഥാപനം നോക്കിനടത്തുന്നത്. വ്യാപാരമേഖല ആകെ തകർന്നിരിക്കുകയാണെന്നാണ് ഫിറോസ് പറയുന്നത്. പലചരക്ക് കടകളിൽ മാത്രമാണ് ഇപ്പോൾ കാര്യമായി കച്ചവടം നടക്കുന്നത്. അത് രണ്ട് ദിവസമായി കൂടുതലുമാണ്. മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളിലും നേരത്തെ ഉണ്ടായിരുന്നതിന്റെ പകുതി പോലും വ്യാപാരം നടക്കുന്നില്ലെന്നും ഫിറോസ് പറയുന്നു.

വലിയ തിരക്കാണ് പലചരക്ക് കടകളിൽ കഴിഞ്ഞ രണ്ട് ദിവസമായി കാണാൻ കഴിയുന്നത്. ആളുകളുടെ മനസ്സിലെ ആശങ്കയാണ് ഒരുപരിധിവരെ അവരെ ഇങ്ങനെ സാധനങ്ങൾ വാങ്ങിച്ചു കൂട്ടാൻ പ്രേരിപ്പിക്കുന്നത്. വാട്സാപ്പിലൂടെയും മറ്റും പ്രചരിക്കുന്ന സന്ദേശങ്ങളും ഇതിന് കാരണമാകുന്നുണ്ട്. പലരും കരുതുന്നത് ഞായറാഴ്ചയിലെ ജനതാ കർഫ്യൂ വരുംദിവസങ്ങളിലും തുടരുമെന്നാണ്. അതുകൊണ്ട് പരമാവധി ഭക്ഷ്യസാധനങ്ങൾ വീടുകളിൽ സ്റ്റോക്ക് ചെയ്യാനുള്ള നെട്ടോട്ടമാണ് ഇപ്പോൾ പലചര്ക്ക് കടകളിൽ കാണുന്ന ഈ തിരക്ക്.

കാളികാവിലെ ഒരു യുവ സംരഭകനാണ് ആഷിക്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ആഷിക് മറ്റെവിടെയും ലഭിക്കാത്ത വ്യത്യസ്ത തരം ജ്യൂസുകൾ ലഭ്യമാകുന്ന ഒരു കൂൾബാർ കാളികാവിൽ ആരംഭിച്ചത്. സ്ഥാപനം തുടങ്ങി ഇത്രയും നാൾ നല്ല നിലയിൽ കച്ചവടം നടന്നിരുന്നെങ്കിലും കൊറോണ ചർച്ചകൾ സജീവമായതോടെ കടയിൽ നിന്നുള്ള വരുമാനത്തിന്റെ മുക്കാൽ പങ്കും നിലച്ചിരിക്കുകയാണെന്ന് ആഷിഖ് പറയുന്നു. കടംവാങ്ങി തൊഴിലാളികൾക്ക് കൂലികൊടുക്കേണ്ട അവസ്ഥയിലാണിപ്പോൾ ആഷിക്കിനുള്ളത്. തൊഴിലാളികൾക്ക് ജോലിയില്ലാതായിപ്പോകും എന്ന ഒറ്റകാരണം കൊണ്ടാണ് ഇപ്പോൾ കടതുറക്കുന്നതുപോലും.

ഇതിനുപുറമെ വൈദ്യുതി ചാർജ്, കെട്ടിട വാടക തുടങ്ങിയ കാര്യങ്ങളിലെല്ലാം വലിയ ആശങ്കയിലാണ് ആഷിക്കിനെപ്പോലുള്ള സംരഭകർ. ആഷിക്കിന്റെ ജ്യൂസ് കടയിലേക്ക് പഴങ്ങൾ വിതരണം ചെയ്യുന്ന കടക്കാരന്റെയും അവസ്ഥ മറിച്ചല്ല. ഇവിടേക്ക് പലഹാരങ്ങൾ ഉണ്ടാക്കിക്കൊടുത്തിരുന്ന വീട്ടമ്മയുടെയും ഉൽപന്നങ്ങൾക്ക് ഇപ്പോൾ ഓർഡറില്ല. ഇത്തരത്തിൽ ഒരു സ്ഥാപനത്തിലെ വ്യാപാരം കുറയുമ്പോൾ അതിനെ ബന്ധപ്പെട്ടുകിടക്കുന്ന നിരവധിയാളുകൾ കൂടിയാണ് പ്രതിസന്ധി നേരിടുന്നത്.

ഈ കൊറോണക്കാലത്ത് ഏറ്റവും വലിയ തിരിച്ചടി നേരിട്ട വ്യാപാരമേഖലയാണ് ചിക്കൻ കടകൾ. കൊറോണയും കൂടെ പക്ഷിപ്പനിയും വന്നതോട് കൂടി പൂർണ്ണമായും തകർന്നിരിക്കുകയാണ് ചിക്കൻ വ്യപാര മേഖല. കാളികാവിലെ ചിക്കൻ വ്യാപാരിയായ ഷൈഖ് അലിക്കും പറയാനുണ്ടായിരുന്നതുകൊറോണക്കാലത്തെ ഇത്തരം തിരിച്ചടികളെ കുറിച്ചായിരുന്നു. ഓട്ടോതൊഴിലാളികളുടെയും അവസ്ഥ ഇങ്ങനെയൊക്കെയാണ്. നിത്യം ഡീസലടിക്കാനുള്ള പണം പോലും കിട്ടാത്ത അവസ്ഥയിലാണ് ഓട്ടോതൊഴിലാളികൾ. ജനങ്ങൾ പുറത്തേക്കിറങ്ങാതായതോടെ സ്റ്റാന്റുകളിൽ മണിക്കൂറുകളോളം കെട്ടിക്കിടക്കേണ്ട അവസ്ഥയാണ് ഓട്ടോതൊഴിലാളികൾക്കുള്ളത്. പുറത്തിറങ്ങുന്നവരാകട്ടെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നുമില്ല.

ഇത്തരത്തിൽ കൊറോണ ഭീതി ഉണ്ടാക്കിയിട്ടുള്ള തകർച്ചകൾ നഗരങ്ങളെ വിട്ട് ഗ്രാമങ്ങളെയും പിടികൂടി തുടങ്ങിയിരിക്കുന്നു. പലരും ഇപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നത് നാളെ പ്രഖ്യാപിച്ചിട്ടുള്ള ജനതാ കർഫ്യൂ വരും ദിവസങ്ങളിലും തുടരുമെന്നാണ്. അത് മുൻകൂട്ടിക്കണ്ട് വൻതോതിൽ ഭക്ഷ്യസാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ജനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP