Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനിച്ച് 30 മണിക്കൂർ മാത്രമായ കുഞ്ഞിനും കൊറോണ ബാധിച്ചു; കൊറോണ ബാധിച്ചവരെ മാത്രം ചികിത്സിക്കാൻ ഹുബൈ പ്രവിശ്യയിൽ കൂടുതൽ ആശുപത്രികൾ നിർമ്മിക്കുന്നു; അമേരിക്കയും ഇറ്റലിയും ഓസ്‌ട്രേലിയയും അടക്കമുള്ള രാജ്യങ്ങൾ ചൈനയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി; ചൈനയിലേക്കുള്ള 90 ശതമാനം സർവീസും നിർത്തിയതോടെ കാത്തെ പസഫിക് വിമാനക്കമ്പനി 27,000 ജീവനക്കാർക്ക് മൂന്നാഴ്‌ച്ച ശമ്പളമില്ലാത്ത അവധി നൽകി; മരണം 565 ആയപ്പോൾ രോഗബാധിതരുടെ എണ്ണം 28,000 കടന്നെന്ന് ഔദ്യോഗിക കണക്ക്

ജനിച്ച് 30 മണിക്കൂർ മാത്രമായ കുഞ്ഞിനും കൊറോണ ബാധിച്ചു; കൊറോണ ബാധിച്ചവരെ മാത്രം ചികിത്സിക്കാൻ ഹുബൈ പ്രവിശ്യയിൽ കൂടുതൽ ആശുപത്രികൾ നിർമ്മിക്കുന്നു; അമേരിക്കയും ഇറ്റലിയും ഓസ്‌ട്രേലിയയും അടക്കമുള്ള രാജ്യങ്ങൾ ചൈനയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി; ചൈനയിലേക്കുള്ള 90 ശതമാനം സർവീസും നിർത്തിയതോടെ കാത്തെ പസഫിക് വിമാനക്കമ്പനി 27,000 ജീവനക്കാർക്ക് മൂന്നാഴ്‌ച്ച ശമ്പളമില്ലാത്ത അവധി നൽകി; മരണം 565 ആയപ്പോൾ രോഗബാധിതരുടെ എണ്ണം 28,000 കടന്നെന്ന് ഔദ്യോഗിക കണക്ക്

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ചൈനയുടെ സാമ്പത്തിക വ്യവസ്ഥയെ തകർത്തു കൊണ്ടാണ് കൊറോണ ആ രാജ്യത്ത വിനാശകാരിയായി മാറിക്കൊണ്ടിരിക്കുന്നത്. രോഗം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ എങ്ങും അരക്ഷിതാവസ്ഥയാണ് രാജ്യത്തു നിലനിൽക്കുന്നത്. ജനിച്ച് 30 മണിക്കൂർ മാത്രമായ കുഞ്ഞിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ചൈനയെ കടുത്ത ആശങ്കയിൽ ആക്കുന്നുണ്ട്. ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുഞ്ഞെന്ന് ചൈനീസ് വാർത്താ ഏജൻസി പറയുന്നു. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിലാണു സംഭവം. ഗർഭിണിയായ അമ്മയിൽനിന്നു വെർട്ടിക്കൽ ട്രാൻസ്മിഷൻ വഴി കുഞ്ഞിലേക്കു വൈറസ് പടർന്നതാകാം എന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.

പ്രസവത്തിനു മുൻപ് അമ്മയ്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നുവെന്നാണു വിവരം. എന്നാൽ പരിശോധനയിൽ നെഗറ്റിവ് ആയിരുന്ന മറ്റൊരു യുവതി ജന്മം നൽകിയ കുഞ്ഞിനും തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട്‌ െചയ്തു. ഡിസംബറിൽ വുഹാൻ മാർക്കറ്റിലെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കു പടർന്നതാകാം എന്നു വിശ്വസിക്കുന്ന കൊറോണ ഇതുവരെ അഞ്ഞൂറോളം പേരുടെ ജീവനാണു കവർന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 565 ആയി. ഇന്നലെ മാത്രം 73 മരണമാണ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ രോഗബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു. ഇന്നലെ മാത്രം ചൈനയിൽ 3694 പേർക്ക് രോഗം സ്ഥിരീകരിച്ചു.

രോഗം ബാധിച്ച് ചൈനയിൽ ചികിൽസയിലുള്ളത് 28,018 പേരാണ്. അമേരിക്കയിൽ 12 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച് ഹോങ്കോങ്ങിലും ഫിലിപ്പീൻസിലും ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യ അടക്കം 25 രാജ്യങ്ങളിലാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിൽ കുടുങ്ങിയ 350 അമേരിക്കക്കാരെ രാജ്യത്ത് തിരിച്ചെത്തിച്ചു. 14 ദിവസത്തെ നിരീക്ഷണത്തിനേ ശേഷമേ ഇവരെ വീടുകളിലേക്ക് പറഞ്ഞയക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.

അതിനിടെ യൂറോപ്യൻ രാജ്യങ്ങൾ ഏതാണ്ട് പൂർണമായും ചൈനയിലേക്കുള്ള യാത്രാവിലക്ക് ഏർപ്പെടുത്തി. അമേരിക്കയും ഓസ്‌ട്രേലിയയും ഇറ്റലിയും അടക്കം ചൈനയിൽ പോകരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പു നൽകി. ചൈനയിൽ നിന്നും അമേരിക്കയിലേക്ക് എത്തുന്നവരെ നിരീക്ഷിക്കാനും അമേരിക്ക തയ്യാറായിട്ടുണ്ട്. ന്യൂസിലാൻഡ് ചൈനയിൽ നിന്നും എത്തുന്നവരെ തടയുന്ന തീരുമാനത്തിലേക്ക് നീങ്ങിയിട്ടുണ്ട്. ഹോങ് കോങ്ങിൽ 18 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഇവിടെ ഒരാൾ മരിച്ചിരുന്നു. മക്കാവോയിൽ പത്തും തയ്വാനിൽ പതിനൊന്നും പേർക്കാണ് രോഗബാധയുള്ളത്. ചൈനയിലുള്ള 16 വിദേശികളെ വൈറസ് ബാധിച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് ഹ്വാ ചുൻയിങ് പറഞ്ഞു. അതിൽ നാലുപാക്കിസ്ഥാനികളും രണ്ടു ഓസ്‌ട്രേലിയക്കാരുമുണ്ടെന്നാണ് അനൗദ്യോഗിക വിവരം.

ചൈനയുടെ വിദ്യാഭ്യാസതലസ്ഥാനമാണ് വുഹാൻ. ആയിരക്കണക്കിന് വിദേശവിദ്യാർത്ഥികൾ അവിടെ പഠിക്കുന്നുണ്ട്. ഇവരെ ചൈനീസ് യൂണിവേഴ്‌സിറ്റികൾ തിരിച്ചു വിളിച്ചതും പ്രശ്‌നങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കടുത്ത ആശങ്കയിലായ ചൈനയിലെ അവസ്ഥ പുറത്തുവരുന്നതിനെക്കാൾ എത്രയോകൂടുതലാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കൊറോണ ബാധിച്ചവരെമാത്രം ചികിത്സിക്കാൻ ഹുബൈ പ്രവിശ്യയിൽ കൂടുതൽ ആശുപത്രികൾ നിർമ്മിക്കുമെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം പറഞ്ഞു. ആയിരം കിടക്കകളുള്ള ഒരു ആശുപത്രി തിങ്കളാഴ്ച വുഹാനിൽ തുറന്നിരുന്നു. 1300 കിടക്കകളുള്ള മറ്റൊരു ആശുപത്രി ഉടൻ തുറക്കുന്നുമുണ്ട്. പുറമേയാണ് എട്ട് പുതിയ ആശുപത്രികൾ വരുന്നത്. വുഹാനിലെ ഓഡിറ്റോറിയങ്ങളും ജിംനേഷ്യവുമെല്ലാം ഇപ്പോൾ താത്കാലിക ആശുപത്രികളാണ്.

അതേസമയം, വൈറസ് ബാധ മഹാമാരിയായി പ്രഖ്യാപിക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു. ചൈന സ്വീകരിച്ച പ്രതിരോധനടപടികൾ വൈറസ് വിദേശത്ത് പടരുന്നതിനെ ഒരുപരിധിവരെ തടഞ്ഞിട്ടുണ്ട്. എല്ലാ രാജ്യങ്ങളുടെയും കൂട്ടായശ്രമമാണ് ഇപ്പോൾവേണ്ടത്. കൊറോണ വൈറസിനെതിരേ ബെയ്ജിങ്ങിനൊപ്പംചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യു.എസ്. അമേരിക്കക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം വൈറസിനുനേരെ പോരാടുകയുമാണ് ചെയ്യുന്നത് -ട്രംപ് പറഞ്ഞു. ചൈനീസ് നേതൃത്വവുമായി എല്ലാ കാര്യങ്ങളിലും സഹകരിക്കുന്നുണ്ട്. അതേസമയം, യാത്രക്കാർ കുറഞ്ഞതോടെ യുണൈറ്റഡ്, അമേരിക്കൻ എയർലൈൻസുകൾ ഹോങ് കോങ്ങിൽനിന്നുള്ള സർവീസുകൾ ഫെബ്രുവരി 20 വരെ നിർത്തിവെച്ചു. ചൈനയിലേക്കുള്ള 90 ശതമാനം സർവീസും നിർത്തേണ്ടിവന്ന് വിഷമത്തിലായ ഹോങ് കോങ്ങിലെ കാത്തെ പസഫിക് വിമാനക്കമ്പനി 27,000 ജീവനക്കാരോട് മൂന്നാഴ്ചത്തെ ശമ്പളമില്ലാത്ത അവധിയെടുക്കാനും അഭ്യർത്ഥിച്ചു.

സ്‌റ്റോറുകൾ അടച്ചു, സാമ്പത്തികമായി തകർച്ചയിൽ ചൈന

കൊറോണ വൈറസ് സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു പിന്നാലെ രാജ്യത്തെ സാമ്പത്തികമായ തകർച്ചയിലേക്കും നീങ്ങുകയാണ്. സ്റ്റോറുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യം രാജ്യത്ത് വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. രാജ്യാന്തരതലത്തിലെ യാത്രാവിലക്കിനൊപ്പം ആഭ്യന്തര വിപണിയിലെ അടച്ചുപൂട്ടലുകളുമായതോടെയാണു സാമ്പത്തികനിലയ്ക്കു തട്ടുകേടേൽക്കാതെ ഭദ്രമാക്കാനുള്ള ശ്രമം ചൈന ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈനയുടെ നില പരുങ്ങലിലാകുംവിധം 'വൈറസ് ബാധ'യേറ്റെന്ന റിപ്പോർട്ടുകളും അതിനിടെ പുറത്തുവന്നു തുടങ്ങി. ചാന്ദ്ര പുതുവർഷാഘോഷം കഴിഞ്ഞ് ഓഹരി വിപണി പുനഃരാരംഭിക്കാനിരിക്കെ വിഷയത്തിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും (പിബിഒസി) ഇടപെട്ടിരിക്കുകയാണ്.

വിപണി സുരക്ഷിതമാക്കാൻ 1.2 ലക്ഷം കോടി യുവാൻ (ഏകദേശം 12 ലക്ഷം കോടി രൂപ) ഇറക്കാനാണു ബാങ്കിന്റെ തീരുമാനം. വായ്പാനിരക്കുകളും കുറയ്ക്കും. കൊറോണ വൈറസ് കാരണം തിരിച്ചടിയേറ്റ കമ്പനികൾക്കായിരിക്കും പ്രധാനമായും ആനുകൂല്യങ്ങൾ. മറ്റു ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും സമാന നടപടി സ്വീകരിക്കണമെന്നും പിഒബിസി നിർദ്ദേശിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന കമ്പനികളുടെ പ്രവർത്തനം പൂർണതോതിലാക്കാൻ ഉടൻ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഹ്യുബെ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഇപ്പോഴും അടിയന്തരാവസ്ഥയ്ക്കു തുല്യമാണു കാര്യങ്ങൾ. പ്രവിശ്യ വിട്ടു പുറത്തുപോകാനോ അവിടേക്കു വരാനോ പ്രത്യേക അനുമതി വേണം. ബസ് ഉൾപ്പെടെ പൊതുഗതാഗത സൗകര്യങ്ങളും അനിശ്ചിതമായി നിർത്തിയിരിക്കുകയാണ്. ബെയ്ജിങ്ങിൽ ഏതാനും മാളുകൾ തുറന്നുപ്രവർത്തിച്ചെങ്കിലും ഉപഭോക്താക്കളുടെ ശരീരോഷ്മാവ് ഉൾപ്പെടെ പരിശോധിച്ചാണ് അകത്തുകയറ്റുന്നത്. എല്ലാവരും മുഖാവരണം ധരിച്ചാണു ഷോപ്പിങ്.

മിക്കനഗരങ്ങളിലും കടകളും കഫേകളും തിയറ്ററുകളും ഉൾപ്പെടെ അടഞ്ഞുകിടക്കുകയാണ്. ജോലിയില്ലാത്തതിനാൽ സാമ്പത്തികമായും പലരും തകർന്ന അവസ്ഥയിൽ. ചിലയിടങ്ങളിൽ വീടുകളിൽ ഭക്ഷണ ഡെലിവറി നടക്കുന്നുണ്ട്. പക്ഷേ ഓരോ ഭക്ഷണപ്പൊതിയിലും അതു തയാറാക്കിയവരുടെയും പായ്ക്ക് ചെയ്തവരുടെയും വിതരണത്തിനെത്തിക്കുന്നവരുടെയും ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുകയാണ്. പനിയില്ല എന്നുറപ്പാക്കും വിധം വിവരങ്ങൾ രേഖപ്പെടുത്തിയ ഭക്ഷണപ്പൊതികൾ സമൂഹമാധ്യമങ്ങളിലും വൈറലായി.

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ റിയൽ എസ്റ്റേറ്റ് കമ്പനിയായ ചൈന എവർഗ്രാൻഡ് ഗ്രൂപ്പ് പുതുവർഷാവധി ഫെബ്രുവരി 16 വരെ നീട്ടി. നിർമ്മാണത്തിലിരിക്കുന്ന 1246 ഇടങ്ങളിലെ എല്ലാ ജോലികളും ഫെബ്രുവരി 20 വരെ നിർത്തിവച്ചിരിക്കുകയാണു കമ്പനി. രാജ്യാന്തര ഇന്ധനവിപണിയിൽ കൊറോണ സൃഷ്ടിച്ച ആഘാതം വിലയിരുത്താൻ ഒപെക് നോൺ ഒപെക് രാജ്യങ്ങളുടെ ജോയിന്റ് ടെക്‌നിക്കൽ കമ്മിറ്റി നാലിനും അഞ്ചിനും യോഗം ചേരും. ഇലക്ട്രിക് വാഹനങ്ങൾ മാത്രമായി അടുത്ത മാസം സന്യ നഗരത്തിൽ നടത്താനിരുന്ന ഫോർമുല ഇ സീരീസ് മത്സരവും സംഘാടകർ ഉപേക്ഷിച്ചു.

ചൈനയിലെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ രാജ്യാന്തര കമ്പനികൾ തീരുമാനിച്ചതും തിരിച്ചടിയായി. കോടികളുടെ നഷ്ടമാണ് ഇതുവഴി രാജ്യത്തിനുണ്ടാവുക. ഫെബ്രുവരി 9 വരെ ചൈനയിലെ 42 സ്റ്റോറുകളും അടച്ചിടാനാണു ആപ്പിൾ കമ്പനി തീരുമാനം.ചൈനയിലെ സ്റ്റോറുകൾ അടച്ചിടാൻ മക്‌ഡൊണാൾഡ്‌സും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ 4300 ഔട്ലറ്റുകളിൽ പാതിയും സ്റ്റാർബക്ക്‌സ് അടച്ചുപൂട്ടി. കെഎഫ്‌സി, പീത്സ ഹട്ട് തുടങ്ങിയവയുടെ ഓപറേറ്ററായ യം ചൈന ഹോൾഡിങ്‌സ് ഹ്യുബെയിലെ എല്ലാ ബ്രാഞ്ചുകളും പൂട്ടി.

ചൈനയിലെ പ്രശസ്ത റസ്റ്ററന്റ് ശൃംഖലയായ ഷിബെയ് നിലവിൽ ഓൺലൈൻ ഓർഡറുകളാണ് സ്വീകരിക്കുന്നത്. 60 നഗരങ്ങളിലായി കമ്പനിക്കുള്ള നാനൂറിലേറെ ഔട്ട്ലറ്റുകളിൽ ഭൂരിപക്ഷവും അടച്ചു. ജനുവരിയിൽ മാത്രം അതുവഴി ഏകദേശം 11.4 കോടി ഡോളറിന്റെ നഷ്ടമാണു കണക്കാക്കുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന വരുമാനമാകട്ടെ അടുത്ത മൂന്നു മാസത്തേക്ക് ഏകദേശം 20,000 ജീവനക്കാർക്കു ശമ്പളത്തിനേ തികയുകയുള്ളൂ. പുതുവർഷാഘോഷ ത്തിന്റെ ഭാഗമായി പലരും വിവിധ രാജ്യങ്ങളിലേക്കു യാത്രപോയ സമയമാണിത്. വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ പല ജീവനക്കാർക്കും തിരികെ വരാൻ പോലും പറ്റാത്ത അവസ്ഥയും. ചൈനയിലുള്ള ജീവനക്കാർക്കാകട്ടെ പുറത്തിറങ്ങാൻ ജീവഭയവും. ചൈനയിലെ ഒട്ടേറെ നഗരങ്ങളിൽ ബസുകൾ പോലും വിലക്കിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP