Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരണം വിതയ്ക്കുന്നത് നൂറിലധികം രാജ്യങ്ങളിൽ; ചൈനക്ക് പുറത്ത് വ്യാപിച്ചിരിക്കുന്നത് പതിമൂന്ന് മടങ്ങ് അധികമായി; അപകടകരമായ രീതിയിൽ കൊവിഡ് 19 പടരുന്നതോടെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; വിവിധ രാജ്യങ്ങൾ വൈറസിനെതിരെ നടത്തുന്ന ചെറുത്ത് നിൽപ്പിൽ ഒരു കുറവും വരുത്തരുതെന്നും നിർദ്ദേശം; ഏപ്രിൽ 15 വരെയുള്ള എല്ലാ ടൂറിസ്റ്റ് വിസകളും റദ്ദാക്കി ഇന്ത്യ; വിലക്ക് നിലവിൽ വരിക വെള്ളിയാഴ്‌ച്ച മുതൽ

മരണം വിതയ്ക്കുന്നത് നൂറിലധികം രാജ്യങ്ങളിൽ; ചൈനക്ക് പുറത്ത് വ്യാപിച്ചിരിക്കുന്നത് പതിമൂന്ന് മടങ്ങ് അധികമായി; അപകടകരമായ രീതിയിൽ കൊവിഡ് 19 പടരുന്നതോടെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; വിവിധ രാജ്യങ്ങൾ വൈറസിനെതിരെ നടത്തുന്ന ചെറുത്ത് നിൽപ്പിൽ ഒരു കുറവും വരുത്തരുതെന്നും നിർദ്ദേശം;  ഏപ്രിൽ 15 വരെയുള്ള എല്ലാ ടൂറിസ്റ്റ് വിസകളും റദ്ദാക്കി ഇന്ത്യ; വിലക്ക് നിലവിൽ വരിക വെള്ളിയാഴ്‌ച്ച മുതൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: നൂറിലധികം രാജ്യങ്ങളിൽ പടർന്ന് പിടിച്ചതോടെ കൊവിഡ് 19 എന്ന കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകളിൽ നിന്ന് ആളുകളിലേക്ക് പകരുന്ന നിലയായതിനെ തുടർന്നാണ് പ്രഖ്യാപനം. ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് പ്രഖ്യാപനം നടത്തിയത്. ചെനക്ക് പുറത്തുകൊറോണ വ്യാപിച്ചിരിക്കുന്നത് പതിമൂന്ന് മടങ്ങ് അധികമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

നൂറിലധികം രാജ്യങ്ങളിൽ അപകടകരമായ രീതിയിലാണ് വൈറസ് പടർന്ന് പിടിക്കുന്നത്. ആഗോള പകർച്ച വ്യാധിയെന്ന പേര് ഉപയോഗിക്കണമോയെന്ന കാര്യത്തിൽ ആഴ്ചകളായി നടന്ന ആലോചനയ്ക്ക് ഒടുവിലാണ് തീരുമാനം.

വൈറസിനെതിരായ വിവിധ രാജ്യങ്ങളുടെ ചെറുത്ത് നിൽപ്പിൽ ഒരു തരത്തിലുമുള്ള കുറവ് വരരുതെന്ന നിർദ്ദേശത്തോടെയാണ് പ്രഖ്യാപനം. 2009ൽ നിരവധിപ്പേരുടെ ജീവൻ അപഹരിച്ച പന്നിപ്പനി(എച്ച്1 എൻ1)ഇതിന് മുൻപ് ലോകാരോഗ്യ സംഘടന ആഗോള പകർച്ച വ്യാധിയായി പ്രഖ്യാപിച്ചിരുന്നു.

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 15 വരെയുള്ള എല്ലാ ടൂറിസ്റ്റ് വിസകളും ഇന്ത്യ റദ്ദാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ചെയർമാനായ മന്ത്രിതല സമിതിയാണ് തീരുമാനം എടുത്തത്. ചൈന, ഇറ്റലി, ഇറാൻ, കൊറിയ, ഫ്രാൻസ്, സ്‌പെയിൽ, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നും ഫെബ്രുവരി 15ന് ശേഷം വന്ന എല്ലാ യാത്രക്കാരെയും 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി ഇന്ത്യ. ഇന്ത്യയിലേക്കുള്ള എല്ലാ വീസകളും കേന്ദ്രസർക്കാർ താൽക്കാലികമായി നിർത്തിവച്ചു. നയതന്ത്ര, ഔദ്യോഗിക, യുഎൻ/രാജ്യാന്തര സംഘടനകൾ, തൊഴിൽ, പ്രോജക്ട് തുടങ്ങി നിലവിലുള്ള എല്ലാ വീസകളും ഏപ്രിൽ 15 വരെ റദ്ദാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച് 13 മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചു.

വൈറസ് ബാധ ശക്തമായ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ നൽകുന്നത് ഇന്ത്യ നേരത്തെ റദ്ദാക്കിയിരുന്നു. ഫ്രാൻസ്, ജർമനി, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരുന്നു വീസ നൽകുന്നത് നിർത്തിയത്. ഇറ്റലി, കൊറിയ എന്നിവടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർ വൈറസ് ബാധ ഇല്ല എന്ന അംഗീകൃത ലാബുകളിലെ സാക്ഷ്യപത്രം കരുതണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ വിവിധ വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാരെയും മറ്റു രാഷ്ട്രങ്ങളിലെ പൗരന്മാരെയും കേന്ദ്ര ഗവൺമെന്റ് തിരിച്ച് നാട്ടിലെത്തിച്ചു. ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഇന്നലെ (10.03.2020) തിരിച്ചെത്തിച്ചു. 25 പുരുഷന്മാർ, 31 വനിതകൾ, 2 കുട്ടികൾ എന്നിവരടങ്ങുന്നതാണ് സംഘം. ഇവരിലാർക്കും ഇപ്പോൾ രോഗ ലക്ഷണമില്ല.

ഇതുവരെ 948 യാത്രക്കാരെയാണ് കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഒഴിപ്പിച്ചത്. ഇതിൽ 900 പേരും ഇന്ത്യൻ പൗരന്മാരാണ്. അവശേഷിക്കുന്ന 48 പേർ മാലദ്വീപുകൾ, മ്യാന്മാർ, ബംഗ്ലാദേശ്, ചൈന, യു.എസ്.എ, മഡഗസ്സ്‌കർ, ശ്രീലങ്ക, നേപ്പാൾ, ദക്ഷിണാഫ്രിക്ക, പെറു എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

നേരത്തെ കോവിഡ്-19 വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്ന് രണ്ടു പ്രത്യേക വിമാനങ്ങളിലായി 654 പേരെ തിരിച്ചെത്തിച്ചിരുന്നു. ഇവരെ രണ്ടാഴ്ചക്കാലം ഐസലേഷനിൽ പാർപ്പിച്ച് രണ്ടു തവണ ലബോറട്ടറി പരിശോധന നടത്തി. ഫലം നെഗറ്റീവായതിനെത്തുടർന്ന് ഇവരെ ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നു. ഫെബ്രുവരി 27 ന് ജാപ്പാനീസ് ക്രൂയിസ് കപ്പലായ ഡയമണ്ട് പ്രിൻസസിലെ 124 യ്ത്രക്കാരെ ഇന്ത്യൻ ഗവൺമെന്റ് തിരിച്ചെത്തിച്ചു. ആദ്യ ഘട്ടത്തിൽ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നിലവിൽ 14 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വലിയ ജാഗ്രത പുലർത്തി വരികയാണ്. 110 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നുപിടിച്ച സാചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 3020 പേർ വീടുകളിലും 293 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 1179 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതിൽ 889 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 213 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. നിലവിൽ സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച 14 പേരാണുള്ളത്. ഇന്ന് പുതിയ പോസിറ്റീവ് കേസുകൾ വന്നിട്ടില്ല. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ സാമ്പിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. പബ്ലിക് ഹെൽത്ത് ലാബ്, തൃശൂർ മെഡിക്കൽ കോളേജ്, രാജീവ്ഗാന്ധി ബയോ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പരിശോധനയ്ക്കായി അനുമതി തേടിയിട്ടുണ്ട്. ഇതിനും കൂടി അനുമതി കിട്ടിയാൽ വേഗത്തിൽ ഫലം ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP