Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

20 കോടി ജനങ്ങളുടെ ജീവനെടുത്ത, കറുത്ത മരണം എന്ന് അറിയപ്പെടുന്ന 1350 ലെ പ്ലേഗ്; അഞ്ചു കോടിയിലേറെ പേരെ കൊന്നൊടുക്കിയ 1520 ലെ വസൂരിയും 1918 ലെ സ്പാനിഷ് ഫ്‌ളൂവും; 1.2 കോടി ആളുകളെ ഇല്ലായ്മ ചെയ്ത 1855 ലെ മൂന്നാം പ്ലേഗ്; നാല് പതിറ്റാണ്ട് കൊണ്ട് 3.5 കോടി ആളുകളുടെ ജീവനുമായി കടന്ന എയ്ഡ്സ്; പിന്നെ ഏഷ്യൻ ജ്വരം, ജപ്പാൻ ജ്വരം, റഷ്യൻ ജ്വരം, ഹോങ്കോങ്ങ് ജ്വരം, കോളറ, പക്ഷിപ്പനി, എബോള... അങ്ങനെ എത്ര മഹാവ്യാധികൾ: എല്ലാത്തിനേയും കടത്തിവെട്ടുമൊ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഈ കൊലയാളി വൈറസ് ?

20 കോടി ജനങ്ങളുടെ ജീവനെടുത്ത, കറുത്ത മരണം എന്ന് അറിയപ്പെടുന്ന 1350 ലെ പ്ലേഗ്; അഞ്ചു കോടിയിലേറെ പേരെ കൊന്നൊടുക്കിയ 1520 ലെ വസൂരിയും 1918 ലെ സ്പാനിഷ് ഫ്‌ളൂവും; 1.2 കോടി ആളുകളെ ഇല്ലായ്മ ചെയ്ത 1855 ലെ മൂന്നാം പ്ലേഗ്; നാല് പതിറ്റാണ്ട് കൊണ്ട് 3.5 കോടി ആളുകളുടെ ജീവനുമായി കടന്ന എയ്ഡ്സ്; പിന്നെ ഏഷ്യൻ ജ്വരം, ജപ്പാൻ ജ്വരം, റഷ്യൻ ജ്വരം, ഹോങ്കോങ്ങ് ജ്വരം, കോളറ, പക്ഷിപ്പനി, എബോള... അങ്ങനെ എത്ര മഹാവ്യാധികൾ: എല്ലാത്തിനേയും കടത്തിവെട്ടുമൊ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഈ കൊലയാളി വൈറസ് ?

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: 'ദേശീയ സുരക്ഷയെക്കുറിച്ച് വേവലാതിപ്പെടുമ്പോൾ നമ്മുടെ മനസ്സിലോടിയെത്തുക അണുവായുധങ്ങളും ആഗോള തീവ്രവാദവുമൊക്കെയാണ്. എന്നാൽ നമ്മുടെ സുരക്ഷക്ക് ഭീഷണിയാകുന്ന മറ്റൊന്നുണ്ട്, ആരും കാണാതെ അദൃശ്യമായി മറഞ്ഞു നിൽക്കുന്ന ഒന്ന്. ഏത് നിമിഷവും നമ്മളെ ആക്രമിച്ചേക്കാവുന്ന മഹാവ്യാധികൾ' മുൻ അമേരിക്കൻ പ്രസിഡണ്ട് ബാരക്ക് ഒബാമ ഒരിക്കൽ പറഞ്ഞതാണിത്. ലോകം കൊറോണാ ഭീതിയിൽ മരിച്ചു ജീവിക്കുമ്പോൾ അന്വർത്ഥമാകുന്ന വാക്കുകൾ.

മാനവരാശിയുടെ ചരിത്രമെടുത്തുനോക്കിയാൽ കാണുന്ന ഒരു വസ്തുതയുണ്ട്, ലോകത്തെമ്പാടുമുണ്ടായ യുദ്ധങ്ങൾ കൊന്നൊടുക്കിയതിനേക്കാളേറെ മനുഷ്യരെ കൊന്നൊടുക്കിയതും വൻനാശനഷ്ടമുണ്ടാക്കിയതുമൊക്കെ മഹാ വ്യാധികളാണെന്ന വസ്തുത. ഒരേസമയം ഒരു പ്രദേശത്ത് വളരെക്കൂടുതൽ ആൾക്കാരെ ബാധിക്കുന്ന രോഗങ്ങളാണ് പകർച്ചവ്യാധി അഥവാ എപ്പിഡെമിക് . ലോകവ്യാപകമായി പടരുകയും നിരവധി ആളുകളെ കൊന്നൊടുക്കുകയും ചെയ്താൽ അത് മഹാമാരി അല്ലെങ്കിൽ പാൻഡെമിക്ക്. ഈ മഹാവ്യാധികളുടെ ചരിത്രത്തിലൂടെ...

അന്റോണൈൻ പ്ലേഗ്

മഹാവ്യാധികളുടെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്നത് എ. ഡി 165 ൽ റോമിൽ പടർന്നുപിടിച്ച അന്റോണൈൻ പ്ലേഗ് എന്ന മഹാവ്യാധിയിൽ നിന്നുമാണ്. സമീപ പൂർവ്വദേശങ്ങളിലെ സൈനീക നീക്കങ്ങൾക്കൊടുവിൽ റോമിൽ തിരിച്ചെത്തിയ സൈനികരിൽ നിന്നുമാണ് ഈ വ്യാധി പടർന്നത്. അന്നത്തെ റോമൻ ചക്രവർത്തി ലൂസിയസ് വേറസ് ഉൾപ്പടെ 5 ദശലക്ഷം പേരാണ് ഈ മാഹാവ്യാധിക്ക് മുന്നിൽ കീഴടങ്ങിയത്.എ. ഡി 180 വരെ ഈ രോഗം തന്റെ താണ്ഡവം തുടർന്നുകൊണ്ടിരുന്നു.

പ്ലേഗ് ഓഫ് ജസ്റ്റിനിയൻ

എ. ഡി 541 ലും 542 ലുമായി ബൈസാന്റിയൻ സാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ ഈ മഹാവ്യാധി കവർന്നത് ഏകദേശം 50 ദശലക്ഷം പേരുടെ ജീവനാണ്. ഇത് അന്നത്തെ മൊത്തം ലോകജനസംഖ്യയുടെ 26% വരുമായിരുന്നു.

ജാപ്പനീസ് വസൂരി

എ. ഡി 735-737 കാലഘട്ടത്തിൽ ജപ്പാനിൽ പടർന്നു പിടിച്ച മഹാവ്യാധി. ഏകദേശം 1 ദശലക്ഷം പേരെ കൊന്നൊടുക്കിയ ഈ രോഗം ജപ്പാന്റെ സാമ്പത്തിക രംഗത്തും കനത്ത നാശനഷ്ടങ്ങളുണ്ടാക്കി.

ബുബോണിക് പ്ലേഗ് അഥവാ കറുത്ത മരണം

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഹാമാരിയായാണ് 1347 മുതൽ 1351 വരെ യൂറോപ്പിലാകെ പടർന്നു പിടിച്ച ഈ രോഗബാധയെ കണക്കാക്കുന്നത്. മദ്ധ്യ ഏഷ്യയിലോ പൂർവ്വ ഏഷ്യയിലോ ആണ് ഇതിന്റെ പ്രഭവകേന്ദ്രം എന്നാണ് വിശ്വസിക്കപ്പെടുന്നത്. പട്ടുപാതയിലൂടെ സഞ്ചരിച്ച് 1343 ലാണ് ഈ വ്യാധി ക്രിമിയയിലെത്തുന്നത്. അവിടെ നിന്നും എലികൾ വഴിയാണ് രോഗാണുക്കൾ പടർന്നത്. കച്ചവടക്കാരുടെ കപ്പലുകളേറി യൂറോപ്യൻ ഭൂഖണ്ഡത്തിൽ എത്തുകയായിരുന്നു. ഏകദേശം 20 കോടിയോളം ജനങ്ങളാണ് അന്ന് ഈ മഹാമാരിയാൽ കൊല്ലപ്പെട്ടത്. ഇത് അന്നത്തെ യൂറോപ്യൻ ജനസംഖ്യയുടെ 30 ശതമാനത്തോളം വരുമായിരുന്നത്രെ! ഈ ജനസംഖ്യയിൽ വന്ന കുറവ് പരിഹരിക്കാൻ യൂറോപ്പിന് ഏകദേശം 200 വർഷങ്ങൾ വേണ്ടിവന്നു.

1520 ലെ വസൂരി

ലോകത്തിലെ ഏറ്റവും പുരാതനമായ മഹാവ്യാധിയാണ് വസൂരി. ഈജിപ്തിലെ 3000 വർഷം പഴക്കമുള്ള ഒരു മമ്മിയിൽ ഇതിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. വർഷങ്ങൾക്കൊണ്ട് നിരവധിപേരുടെ ജീവനെടുത്ത വസൂരി പക്ഷെ എല്ലാം തകർത്താടാൻ തുടങ്ങിയത് 1520 ലായിരുന്നു ലോകമാകെ ഏകദേശം 5 കോടിയിലേറെപ്പേരുടെ ജീവനാണ് പൊലിഞ്ഞത്.

മൂന്നാം പ്ലേഗ്

1885 ൽ ചൈനയിലെ യുനാൻ പ്രദേശത്തുനിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ബ്രിട്ടീഷ് ഇന്ത്യയിലും കനത്ത നാശം വിതച്ചു. ഒന്നരക്കൊടിയിലേറെപ്പേരാണ് ലോകമാസകലം ഈ മഹാവ്യാധിക്കിരയായത്.

എച്ച് ഐ വി- എയ്ഡ്സ്

അക്വേർഡ് ഇമ്യൂൺ ഡെഫിഷെൻസി സിൻഡ്രോം അഥവാ ഏയ്ഡ്സ് ഒരു രോഗമായി അംഗീകരിക്കപ്പെട്ടത് 1981 ലാണ്. പ്രധാനമായും ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഈ രോഗം കഴിഞ്ഞ നാല് പതിറ്റാണ്ടുകൾ കൊണ്ട് ഏകദേശം 3.5 കോടി ആളുകളുടെ ജീവനെടുത്തു കഴിഞ്ഞു. ആധുനിക ശാസ്ത്രത്തിന് പ്രതിവിധി കണ്ടെത്താനാകാതെ ഇന്നും സ്വതന്ത്രരായി വിഹരിക്കുകയാണ് എച്ച് ഐ വൈറസ്സുകൾ

ഇതു കൂടാതെയാണ് വിവിധ കാലഘട്ടങ്ങളിൽ വിവിധ പ്രദേശങ്ങളിലായി ആയിരക്കണക്കിന് പേരുടെ ജീവനെടുത്ത ഏഷ്യൻ ജ്വരം, ജപ്പാൻ ജ്വരം, റഷ്യൻ ജ്വരം, പക്ഷിപ്പനി, എബോള തുടങ്ങിയ മഹാമാരികൾ. എന്നാൽ ഇവയെക്കാളൊക്കെ മാരകമായിരിക്കും കോവിഡ്19 എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

ഇതുവരെ 182,000 പേരെ ബാധിച്ച രോഗം 7000 ൽ അധികം പേരുടെ ജീവൻ എടുത്തുകഴിഞ്ഞു. ഈ രോഗം ഇപ്പോഴും അതിന്റെ ശൈശവ ദശയിലാണെന്നതാണ് ശാസ്ത്രലോകത്തെ വലയ്ക്കുന്ന സത്യം. ഇത് ശക്തി പ്രാപിച്ചു വരുന്നതിനു മുൻപ് തക്കതായ മരുന്ന് കണ്ടെത്തിയില്ലെങ്കിൽ കാര്യങ്ങളെല്ലാം നമ്മൾ ഭയക്കുന്നതിനും അപ്പുറത്തേക്ക് പോകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. മറ്റു മഹാവ്യാധികളുടെ രോഗകാരികളെപ്പോലെ ഇടനിലക്കാർ ആവശ്യമില്ലാതെ നേരിട്ട് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പടരുവാൻ കൊറോണാ വൈറസിനു കഴിയും എന്നതാണ് ഇതിനെ കൂടുതൽ ഭീതിജനകമാക്കുന്നത്.

ഇതിനുള്ള വാക്‌സിനേഷൻ കണ്ടുപിടിക്കാൻ ലോകമെമ്പാടും ശ്രമങ്ങൾ തുടരുന്നു. ചിലതെല്ലാം വിജയത്തിനടുത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യത്തെ കൊറോണാ വാക്‌സിൻ ഈ ഏപ്രിലിൽ മനുഷ്യരിൽ പരീക്ഷിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇത് എത്രയും പെട്ടെന്ന് സംഭവിക്കട്ടെ എന്നാണ് മനുഷ്യരാശി മുഴുവൻ പ്രാർത്ഥിക്കുന്നത്. ആരംഭ ദശയിൽ തന്നെ ഏഴായിരത്തിലധികം പേരുടെ ജീവനെടുത്ത കൊറോണയെ എത്രയും പെട്ടെന്ന് പിടിച്ചുകെട്ടിയില്ലെങ്കിൽ, ഇതുവരെ കണ്ട മഹാമാരികളേക്കാൾ ഭയങ്കരമായിരിക്കും അവസ്ഥ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP