Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കൊലയാളി വൈറസ് നമ്മുടെ തൊട്ടടുത്ത് വരെയെത്തി: നേപ്പാളിലെ വിദ്യാർത്ഥിയുടെ അണുബാധ സ്ഥിരീകരിക്കുമ്പോഴും ആലുവയിൽ നിരീക്ഷണത്തിലുള്ളയാൾക്ക് രോഗം ബാധിച്ചിട്ടില്ലെന്ന് സൂചന; പൂർണമായും ഒറ്റപ്പെട്ട് വുഹാൻ; പതിനായിരങ്ങൾ രോഗബാധിതരെന്ന് റിപ്പോർട്ടുകൾ; ശുദ്ധികരണത്തിന് നേതൃത്വം നൽകി അനേകം മണ്ണ് മാന്തി യന്ത്രങ്ങൾ

കൊലയാളി വൈറസ് നമ്മുടെ തൊട്ടടുത്ത് വരെയെത്തി: നേപ്പാളിലെ വിദ്യാർത്ഥിയുടെ അണുബാധ സ്ഥിരീകരിക്കുമ്പോഴും ആലുവയിൽ നിരീക്ഷണത്തിലുള്ളയാൾക്ക് രോഗം ബാധിച്ചിട്ടില്ലെന്ന് സൂചന; പൂർണമായും ഒറ്റപ്പെട്ട് വുഹാൻ; പതിനായിരങ്ങൾ രോഗബാധിതരെന്ന് റിപ്പോർട്ടുകൾ; ശുദ്ധികരണത്തിന് നേതൃത്വം നൽകി അനേകം മണ്ണ് മാന്തി യന്ത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കാഠ്മണ്ഡു: മരണ ഭീതി പരത്തി ചൈനയിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്നു. വൈറസ് ബാധ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ ഏഴ് നഗരങ്ങളിലായി രണ്ടുകോടിയോളം ആളുകൾക്ക് ചൈനീസ് അധികൃതർ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മനുഷ്യരാശിക്ക് തന്നെ കടുത്ത ഭീഷണിയുയർത്തിക്കൊണ്ട് കൊറോണ വൈറസ് പടർന്ന് പിടിക്കുന്നത്്. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കൊലവിളിയുയർത്തുന്ന ഈ രോഗം നിലവിൽ വിവിധ ഏഷ്യൻ രാജ്യങ്ങളിൽ അതായത് പത്തിലധികം രാജ്യങ്ങളിൽ രോഗം സ്ഥിരികരിക്കാതെ തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം, നേപ്പാളിൽ ഒരു വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണയുടെ പ്രഭവകേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നു മടങ്ങിയെത്തിയ നേപ്പാൾ സ്വദേശിയായ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേപ്പാളിൽ ആദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. വുഹാനിലെ സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്ന വിദ്യാർത്ഥി ജനുവരി അഞ്ചിനാണ് നേപ്പാളിൽ തിരിച്ചെത്തിയത്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് കാഠ്മണ്ഡുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വിദ്യാർത്ഥിയുടെ തൊണ്ടയിൽ നിന്നുള്ള സ്‌പെസിമെനുകളും രക്തസാംപിളുകളും ശേഖരിച്ച ശേഷം ഹോങ്കോങ്ങിലെ ലോകാരോഗ്യ സംഘടനയ്ക്കു പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയിൽ വിദ്യാർത്ഥിക്ക് കോറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ-ജനസംഖ്യാ മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേപ്പാളിലും രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിക്കുന്ന പതിനൊന്നാമത്തെ രാജ്യമായി.

വിദ്യാർത്ഥിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ അയാളുടെ കുടുംബാംഗങ്ങളെയും നിരീക്ഷിക്കുമെന്ന് നേപ്പാൾ ആരോഗ്യവകുപ്പ്് അധികൃതർ അറിയിച്ചു. ആശുപത്രിയിൽ നിന്നു പോയ ശേഷം വിദ്യാർത്ഥി എവിടെയൊക്കെ പോയിരുന്നതായി അറിവില്ലെന്നും ഇത് അന്വേഷിച്ച് അവിടേക്കു നിരീക്ഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വുഹാൻ നഗരത്തിലാണ് കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. വുഹാൻ നഗരമാണ് രോഗത്തിന്റെ പ്രഭവകേന്ദ്രമെങ്കിലും എല്ലാ നഗരങ്ങളിലും ജനം പരിഭ്രാന്തിയിലും ജാഗ്രതയിലുമാണ്. കൂടാതെ, ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് 26 പേർ മരിച്ചതായാണ് റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 880 പേരിലേക്ക് രോഗം പടർന്നതായാണ് സൂചന. വുഹാനു പുറമേ ഹോങ്കോങ്, മകായു തുടങ്ങിയ നഗരങ്ങളിലും തായ്വാൻ, ജപ്പാൻ, സിഗംപ്പൂർ, ദക്ഷിണ കൊറിയ, തായ്ലൻഡ്, വിയറ്റ്‌നാം, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്കും പടർന്നിട്ടുണ്ട്. ജപ്പാനിൽ വെള്ളിയാഴ്ച രണ്ടാമത്തെ വ്യക്തിക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കാൻ ചൈന അഞ്ചുനഗരങ്ങൾ പൂർണമായി അടച്ചു കഴിഞ്ഞു. വൈറസ് ആദ്യം റിപ്പോർട്ടുചെയ്ത വുഹാനു പിന്നാലെ ഹുബൈ പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാൻ ജിയാങ് എന്നിവയാണ് അനിശ്ചിതകാലത്തേക്ക് അടച്ചത്. വുഹാൻ നഗരത്തിലേക്കും നഗരവാസികൾ പുറത്തേക്കും യാത്രചെയ്യുന്നത് ബുധനാഴ്ച മുതൽ നിരോധിച്ചിരുന്നു. നഗരങ്ങളിൽ വിമാനം, ബസ്, ട്രെയിൻ, ഫെറി എന്നിവയുൾപ്പെടെയുള്ള പൊതുഗതാഗതസംവിധാനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ വ്യാഴാഴ്ച സർക്കാർ ഉത്തരവിട്ടിരുന്നു. നഗരം അടച്ച വാർത്ത പുറത്തുവന്നതോടെ നഗരവാസികൾ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളങ്ങളിലേക്കുമെത്തിയതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഹുവാങ്ഗാങ്ങിലും ഇജൗവിലും ഷിജിയാങ്ങിലും ക്വിയാൻ ജിയാങ്ങിലും നിയന്ത്രണമേർപ്പെടുത്തിയത്.

സർക്കാരിന്റെ നിർദ്ദേശപ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ആശുപത്രി പണിയാനുള്ള ശ്രമത്തിലാണ്. വുഹാനിലെ നിർമ്മാണത്തൊഴിലാളികൾ വൻ ശ്രമങ്ങളാണ് ഇതിനോടകം നടത്തുന്നുണ്ട്. കൊറോണ വൈറസ് രോഗികളെ നേരിടാൻ മെഡിക്കൽ സൗകര്യം കൂടുതൽ ഒരുക്കണമെന്ന് ചൈന ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. രണ്ടരക്കോടിയിലധികം ജനങ്ങളെയാണ് നിയന്ത്രണം ഇതോടെ ബാധിക്കുക. അതിനിടെ, വ്യാഴാഴ്ച സിങ്കപ്പൂരിലും വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനിൽനിന്നെത്തിയ 66-കാരനിലാണ് രോഗം കണ്ടെത്തിയത്. ചൈനയ്ക്കുപുറമേ തായ്‌ലൻഡ്, തയ്വാൻ, ജപ്പാൻ, ദക്ഷിണകൊറിയ, യു.എസ്., മക്കാവു, ഹോങ് കോങ്, വിയറ്റ്നാം, സൗദി എന്നിവിടങ്ങളിൽ രോഗം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. എല്ലാവരും കുടുങ്ങിക്കിടക്കുകയാണ്' നഗരം വിട്ടുപോകാൻ അനുവദിച്ചില്ലെങ്കിൽ താനും കുടുംബവും രോഗബാധിതരാകുമെന്ന് അദ്ദേഹം ഭയപ്പെടുന്നതായി വുഹാനിലെ ആളുകൾ അന്തർദേശിയ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം, കൊറോണ വൈറസ് ബാധ സംശയിച്ച് യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൈനയിൽനിന്ന് തിരിച്ചെത്തിയ യുവാവ് കടുത്ത പനിയും ചുമയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്‌ക്കെത്തിയത്. കൊറോണ ബാധ സംശയിച്ച ഡോക്ടർമാർ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കേളേജിലേക്ക് മാറ്റുകയായിരുന്നു. പരിഭ്രാന്തി ആവശ്യമില്ലെന്നും, ജാഗ്രതയുടെ ഭാഗമായാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതരും അറിയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രക്തസാമ്പിൾ ഇന്ന് തന്നെ പുനെയിലെ ലാബിലേക്ക് അയക്കും. ചൈനയിൽനിന്നു തിരിച്ചെത്തിയ വിദ്യാർത്ഥിനി കോട്ടയത്തും നിരീക്ഷണത്തിലാണ്. ചൈനയിൽ പഠിക്കുന്ന കോട്ടയം ജില്ലക്കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയാണു നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസമാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. വിദ്യാർത്ഥിനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും മുൻകരുതലിന്റെ ഭാഗമായ നിരീക്ഷണമാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

സൗദിയിൽ കൊറോണ വൈറസ് ബാധിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നഴ്‌സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും 2 ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അസീറിലെ നാഷണൽ ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. സൗദിയിൽ ഫിലിപ്പീൻസ് സ്വദേശിനിയെ ശുശ്രൂഷിച്ച ഇവരോടൊപ്പമുള്ള കോഴിക്കോട് കക്കയം സ്വദേശിനിയായ നഴ്‌സിനും രോഗബാധയുണ്ടെന്ന് പ്രചരിച്ചെങ്കിലും പരിശോധനയിൽ ഇല്ലെന്നു തെളിഞ്ഞു. മറ്റ് 100 മലയാളി നഴ്‌സുമാർക്കും രോഗമില്ലെന്ന് അധികൃതർ പറഞ്ഞു. അതിനിടെ ഇന്ത്യയിൽ ആശങ്ക നൽകുന്ന റിപ്പോർട്ടുകളില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ന്യൂഡൽഹിയിൽ വ്യക്തമാക്കി.


ഐസലേഷൻ വാർഡുകൾ തയാറാക്കാൻ നിർദ്ദേശം....മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കും

കൊറോണ വൈറസ് ലോകവ്യാപകമായി പടർന്നതോടെ രാജ്യത്തും വൻ സുരക്ഷ ക്രമീകരണങ്ങളാണ് നടത്തുന്നത്. പരിഭ്രാന്തിയുടെ ആവശ്മില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. അതേസമയം, കേരളത്തിൽ
കൊറോണ വൈറസ് ബാധിച്ചെന്നു സംശയിക്കുന്നവരെ പ്രവേശിപ്പിക്കാൻ മെഡിക്കൽ കോളജുകളിലും ജനറൽ, ജില്ല ആശുപത്രികളിലും ഐസലേഷൻ വാർഡുകൾ തയാറാക്കാൻ നിർദ്ദേശം നൽകി. മുഖാവരണം, കയ്യുറ, സുരക്ഷാ കവചങ്ങൾ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷനെ ചുമതലപ്പെടുത്തി. രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാംപിളുകൾ വൈറോളജി ലാബിലേക്ക് അയയ്ക്കാനും ആരോഗ്യവകുപ്പ് മാർഗനിർദ്ദേശം നൽകി.

ജാഗ്രത പാലിക്കണം

മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കും മനുഷ്യരിൽനിന്നു മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ വയറിളക്കവും വരാം. പുതിയ ഇനം വൈറസ് ആയതിനാൽ ഇതിനു പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണു നൽകുന്നത്. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഇവരെ പ്രത്യേകം പാർപ്പിച്ചു ചികിത്സ നൽകണം. ചികിത്സിക്കുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

നിരീക്ഷണം ശക്തം

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കിയാണു പ്രാഥമികമായി കൊറോണ വൈറസ് ഉള്ളവരെ കണ്ടെത്തുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഐസലേഷൻ വാർഡുകൾ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയയ്ക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ വീടുകളിൽ 28 ദിവസം വരെ നിരീക്ഷിക്കും. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഐസലേഷൻ സൗകര്യമേർപ്പെടുത്തിയിട്ടുള്ള ആശുപത്രിയിലാണ് എത്തിക്കേണ്ടത്. ചൈനയിൽ നിന്നു വന്നവർ ജില്ല മെഡിക്കൽ ഓഫിസർമാരുമായി ബന്ധപ്പെടണം. സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ 1056, 0471 2552056 എന്നീ നമ്പരുകളിൽ വിളിക്കാം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP