Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുംബൈയിൽ മാത്രം 12864 രോഗികളും 489 മരണവും; താനയിൽ 2257ഉം പൂനയിൽ 2257ഉം വൈറസ് ബാധിതർ; 20228 രോഗികളെ തിരിച്ചറിഞ്ഞ അസുഖം മാറിയത് വെറും 3800 പേർക്ക്; 15649 ആക്ടീവ് കേസുകളുമായി രാജ്യത്തിന്റെ ഹോട് സ്‌പോട്ട്; മഹാരാഷ്ട്രയിൽ മാത്രം മരണം 1000 കവിയുമെന്നും വിലയിരുത്തൽ; രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം നേരിടുന്നത് സമാനതകളില്ലാത്ത സാഹചര്യം; കോവിഡിനെ പിടിച്ചു കെട്ടാനാകാതെ വലഞ്ഞ് 'മഹാ പ്രതിസന്ധി'

മുംബൈയിൽ മാത്രം 12864 രോഗികളും 489 മരണവും; താനയിൽ 2257ഉം പൂനയിൽ 2257ഉം വൈറസ് ബാധിതർ; 20228 രോഗികളെ തിരിച്ചറിഞ്ഞ അസുഖം മാറിയത് വെറും 3800 പേർക്ക്; 15649 ആക്ടീവ് കേസുകളുമായി രാജ്യത്തിന്റെ ഹോട് സ്‌പോട്ട്; മഹാരാഷ്ട്രയിൽ മാത്രം മരണം 1000 കവിയുമെന്നും വിലയിരുത്തൽ; രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം നേരിടുന്നത് സമാനതകളില്ലാത്ത സാഹചര്യം; കോവിഡിനെ പിടിച്ചു കെട്ടാനാകാതെ വലഞ്ഞ് 'മഹാ പ്രതിസന്ധി'

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഒരു ഘട്ടത്തിൽ ഇന്ത്യയിൽ 5000 കോവിഡ് രോഗികൾ മാത്രമേ ഉണ്ടാകൂവെന്ന് വിലയിരുത്തിയിരുന്നു. ഈ കണക്കുകൾ എല്ലാം അട്ടിമറിച്ചത് മഹാരാഷ്ട്രയായിരുന്നു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗുജറാത്തും ഡൽഹിയും മധ്യപ്രദേശും കറുത്ത ഇടങ്ങളായി. കോവിഡ് ആദ്യ റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമാണ്. രണ്ടാം വരവിൽ മഹാരാഷ്ട്രയിലും വൈറസിനെ സജീവമായി കണ്ടു. കേരളം രോഗത്തെ ചെറുത്തു. എന്നാൽ മഹാരാഷ്ട്രയ്ക്ക് ഇനിയും കഴിയുന്നില്ല. രാജ്യത്ത് 20000ക്ലബ്ബിൽ കയറിയ ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര.

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 20,228 ആയി വർധിച്ചു. ശനിയാഴ്ച സംസ്ഥാനത്ത് 1,165 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും 48 പേർ മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. മുംബൈയിൽ മാത്രം 12864 കോവിഡ് രോഗികളുണ്ട്. ധാരാവിയിൽ കോവിഡ് പടർന്നതാണ് ഇതിന് കാരണം. ബാക്കി ജില്ലകളിൽ രണ്ടായിരത്തി അഞ്ചൂറിൽ താഴെ രോഗികളേ ഉള്ളൂ. എങ്കിലും ഭൂരിഭാഗം ജില്ലകളിലും വൈറസ് എത്തിയിട്ടുണ്ട്. എല്ലാ അർത്ഥത്തിലും താളം തെറ്റുകയാണ് മഹാരാഷ്ട്രയിലെ പ്രതിരോധം. ഒരു തരത്തിലും രോഗ വ്യാപനത്തെ ചെറുക്കാൻ അവർക്ക് കഴിയുന്നില്ല. ഇതോടെ രാജ്യത്തിന്റെ സമ്പത്തിക തലസ്ഥാനം വലിയ പ്രതിസന്ധിയിലേക്ക് പോവുകയാണ്.

മെയ്‌ 17ന് ശേഷവും ഇവിടെ ലോക് ഡൗൺ വേണ്ടി വരും. അതിശക്തമായ ലോക് ഡൗൺ വീണ്ടും നടപ്പാക്കാനാണ് സാധ്യത. ലോക് ഡൗൺ ഇല്ലായിരുന്നുവെങ്കിൽ മരണവും രോഗ വ്യാപനവും ഇതിലും ഭീതിപ്പെടുത്തുന്നതാകുമായിരുന്നു. ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറയുകയാണ്. കോവിഡ് ബാധിച്ച്ആകെ 779 പേരാണ് ഇതുവരെ മഹാരാഷ്ട്രയിൽ മരണപ്പെട്ടത്. ചികിത്സയിലുണ്ടായിരുന്ന 3800 പേർക്ക് രോഗം ഭേദമായി. ശനിയാഴ്ച മാത്രം 330 പേർ രോഗംമാറി ആശുപത്രിവിട്ടു.

കോവിഡ് കൂടുതൽ നാശംവിതച്ച മുംബൈയിൽ രോഗികളുടെ എണ്ണം 12,864 ആയി വർധിച്ചു. 489 പേർ ഇതുവരെ മരിച്ചു. പുണെയിലും താനെയിലും രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. രാജ്യത്ത് കോവിഡ് രോഗികൾ 62000 കടന്നു. മരണം രണ്ടായിരത്തിലേറെ ആണ്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ബംഗാൾ, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ രോഗികൾ വർധിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥിത്തൊഴിലാളികൾക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകാനാകുന്നില്ലെന്ന് പരാതിയും മഹാരാഷ്ട്ര ചർച്ചയാക്കുന്നുണ്ട്. പശ്ചിമബംഗാൾ, ബിഹാർ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങൾ അതിഥിത്തൊഴിലാളികളെ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് മഹാരാഷ്ട്ര റെവന്യൂമന്ത്രി ബാലാസാഹേബ്തൊറാട്ട് പറഞ്ഞു. ഗുജറാത്ത്, കർണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും സമാന നിലപാടിലാണ്.

മഹാരാഷ്ട്രയിൽ 10 ലക്ഷം അതിഥിത്തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്. രണ്ട് ട്രെയിനിൽ 2,400 തൊഴിലാളികളെ പശ്ചിമബംഗാളിലേക്ക് മടക്കിഅയക്കാൻ മഹാരാഷ്ട്ര സർക്കാർ നേരത്തേ തീരുമാനിച്ചു. എന്നാൽ, തൊഴിലാളികളെ സ്വീകരിക്കാൻ കഴിയില്ലെന്ന് ബംഗാൾ സർക്കാർ പ്രതികരിച്ചു. ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ സൗകര്യമൊരുക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പശ്ചിമബംഗാളിനോട് ആവശ്യപ്പെട്ടു. തുടർന്ന് കർണാടകം, തമിഴ്‌നാട്, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ എട്ട് ട്രെയിൻ അയക്കുമെന്ന് ബംഗാൾ സർക്കാർ അറിയിച്ചു.

മഹാരാഷ്ട്രയിലെ തൊഴിലാളികളുടെ കാര്യത്തിൽ ഇനിയും തീരുമാനം അറിയിച്ചിട്ടില്ല. തൊഴിലാളികളുടെ യാത്രാച്ചെലവ് വഹിക്കാമെന്ന് അറിയിച്ചിട്ടും ബിഹാറിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായിട്ടില്ലെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. കോവിഡ് നെഗറ്റീവ് ആയവരെ മാത്രം പ്രവേശിപ്പിക്കുമെന്നാണ് ഒഡിഷ സർക്കാരിന്റെ നിലപാട്. ഇത് ഒഡിഷ ഹൈക്കോടതി അംഗീകരിച്ചെങ്കിലും കഴിഞ്ഞദിവസം സുപ്രീംകോടതി സ്റ്റേ ചെയ്തു. അതിഥിത്തൊഴിലാളികളെ തിരിച്ച് സ്വീകരിക്കാൻ കഴിയില്ലെന്ന് കർണാടകം നേരത്തെ അറിയിച്ചു. തൊഴിലാളികളെ തിരിച്ചെത്തിക്കാൻ വൈകുമെന്നാണ് തമിഴ്‌നാട് പറയുന്നത്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഉടൻ മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്ന ആവശ്യം ശക്തമായി. ഇങ്ങനെ അതിഥി തൊഴിലാളികളും ഈ ഘട്ടത്തിൽ മഹാരാഷ്ട്രയ്ക്ക് തലവേദനയാണ്. രോഗ വ്യാപനം തടയാൻ അതിഥി തൊഴിലാളികളുടെ മടക്കം അനിവാര്യമാണെന്നാണ് മഹാരാഷ്ട്രയുടെ നിലപാട്.

മുംബൈയിൽ രോഗത്തിന്റെ സമൂഹ വ്യാപനം ഉണ്ടായതാണ് ഗുരുതര സാഹചര്യത്തിന് കാരണം. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽപാളത്തിൽ കിടന്നുറങ്ങിയ 16 അതിഥിത്തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചതോടെ, തൊഴിലാളികളെ സ്വീകരിക്കുന്നതിൽ ചില സംസ്ഥാനങ്ങൾ കാണിക്കുന്ന വിമുഖത ചർച്ചയാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP