Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യ ആശങ്കയുടെ പതനത്തിലേക്ക് കാൽ വഴുതി വീണപ്പോൾ എല്ലാം ശരിയാക്കി കേരളം; ഇന്ത്യയുടെ ആദ്യ ഹോട് സ്‌പോട്ടായ കാസർകോട് പോലും തിരിച്ചു പിടിച്ചപ്പോൾ ഇനി കരുതൽ എടുത്താൽ കേരളത്തിന് ഒന്നും സംഭവിക്കില്ല; ഇനി സംസ്ഥാനത്ത് ചികിൽസയിലുള്ളത് 194 ആക്ടീവ് കേസുകൾ മാത്രം; ഒരാഴ്ച കൊണ്ട് വെല്ലുവിളികളെ പൂർണ്ണമായും മറികടക്കാനാകുമെന്ന പ്രതീക്ഷയിൽ കേരളം; ചത്തീസ് ഗഡിന്റെ വഴി പിന്തുടർന്ന് മുമ്പേ നടന്ന മലയാളികൾ രക്ഷപ്പെട്ട വിധം

ഇന്ത്യ ആശങ്കയുടെ പതനത്തിലേക്ക് കാൽ വഴുതി വീണപ്പോൾ എല്ലാം ശരിയാക്കി കേരളം; ഇന്ത്യയുടെ ആദ്യ ഹോട് സ്‌പോട്ടായ കാസർകോട് പോലും തിരിച്ചു പിടിച്ചപ്പോൾ ഇനി കരുതൽ എടുത്താൽ കേരളത്തിന് ഒന്നും സംഭവിക്കില്ല; ഇനി സംസ്ഥാനത്ത് ചികിൽസയിലുള്ളത് 194 ആക്ടീവ് കേസുകൾ മാത്രം; ഒരാഴ്ച കൊണ്ട് വെല്ലുവിളികളെ പൂർണ്ണമായും മറികടക്കാനാകുമെന്ന പ്രതീക്ഷയിൽ കേരളം; ചത്തീസ് ഗഡിന്റെ വഴി പിന്തുടർന്ന് മുമ്പേ നടന്ന മലയാളികൾ രക്ഷപ്പെട്ട വിധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണയെ കേരളം അതിജീവിക്കുകയാണ്. മതിയായ കരുതൽ ഉണ്ടെങ്കിൽ വുഹാനിൽ നിന്ന് ദുബായിലൂടെ കേരളത്തിലെത്തിയ ഈ മഹാമാരിയെ കേരളത്തിന് പിടിച്ചു കെട്ടാം. ഇന്നലെ കേരളത്തിന് അതിനിർണ്ണായകമായിരുന്നു. കോവിഡ് രോഗികളുടെ എണ്ണം ഏറെ കുറഞ്ഞ ദിവസം. രണ്ട് പേർക്ക് മാത്രമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. എന്നാൽ 36 പേർകൂടി രോഗമുക്തി നേടി. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകളുടെ എണ്ണം 200ൽ താഴെയായി. ഈ നില തുടർന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിൽ കോവിഡ് വൈറസ് ബാധിതർ ഇല്ലാതെയാകും. പൊതുജനാരോഗ്യത്തിന്റെ കരുത്താണ് ഇതിനെല്ലാം കാരണം.

നിപയെ നേരിട്ടതിന്റെ കരുത്തിലായിരുന്നു കേരളത്തിന്റെ പ്രതിരോധ യാത്ര. ഇതിനൊപ്പം ചത്തീസ് ഗഡിൽ കണ്ട മാതൃകയും കേരളത്തിന് പ്രചോദനമായി. കോവിഡ് പടർന്ന് പിടിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്ന സംസ്ഥാനമായിരുന്നു ചത്തീസ് ഗഡ്. എന്നാൽ സർക്കാർ അതിവേഗം ഇടപെട്ടു. ഇതിന്റെ ഫലമായി വൈറസ് ബാധിതരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി. അതിന് ശേഷം അവരെ നിരീക്ഷണത്തിലും. ഇതിനൊപ്പം റാപ്പിഡ് ടെസ്റ്റും നടത്തി. ഇതിന് വേണ്ടി വ്യക്തമായ മാർഗ്ഗ രേഖ ചത്തീസ് ഗഡ് തയ്യാറാക്കി. അതുകൊണ്ട് തന്നെ രോഗ വ്യാപനത്തെ പിടിച്ചു നിർത്തി. 31 പേരിൽ മാത്രമാണ് അതുകൊണ്ട് തന്നെ വൈറസ് എത്തിയത്. ഇതിൽ പത്ത് പേർ രോഗ മുക്തിയും നേടി. ഇനി ചികിൽസയിലുള്ളത് 21 പേരും. കേരളത്തിന് പോലും ഈ നേട്ടം അവകാശപ്പെടാൻ കഴിയില്ല.

റിപ്പബ്ലിക് ദിന ആഘോഷം കഴിഞ്ഞപ്പോൾ തന്നെ സംഭവിക്കാൻ പോകുന്നത് ചത്തീസ് ഗഡ് തിരിച്ചറിഞ്ഞു. റായ്പൂരിൽ വാർ റൂമും തുടങ്ങി. ആദ്യ വൈറസ് ബാധ എത്തിയപ്പോൾ തന്നെ കോൺടാക്ട് ട്രെസിങ് തുടങ്ങി. 77, 847 പേരെ നിരീക്ഷണത്തിലാക്കി. ഏപ്രിൽ ആറുവരെ ഇവർക്ക് നിരീക്ഷണത്തിൽ കഴിയേണ്ടി വന്നു. എല്ലാ ജില്ലയിലും ആശുപത്രിയും സജ്ജമാക്കി. ജില്ലാ കളക്ടർമാർക്ക് അധികാരവും നൽകി. ഈ മാതൃക കോവിഡിന്റെ രണ്ടാം ഘട്ടത്തിലാണ് കേരളം നടപ്പാക്കിയത്. അതിന്റെ ഫലം മലയാളിക്കും കിട്ടി. കോവിഡിൽ രാജ്യത്തെ ആദ്യ ഹോട് സ്‌പോട്ട് കാസർകോടായിരുന്നു. 50 രോഗികൾ ആദ്യമായി റിക്കോർഡ് ചെയ്ത ഇന്ത്യയിലെ ആദ്യ ജില്ല. എന്നാൽ ഇന്ന് അതെല്ലാം പഴങ്കഥ മാത്രമാണ്. മുംബൈ, ചെന്നൈ, ഡൽഹി എന്നീ മഹാനഗരങ്ങൾ കാസർകോടിനെ വെട്ടി മുന്നേറി. കാസർകോടും കോവിഡിനെ അതിജീവിച്ചു.

കണ്ണൂരിൽ ചികിത്സയിലായിരുന്ന രണ്ടുപേരുൾപ്പെടെ 28 പേരും കാസർകോട് ജില്ലക്കാരാണ്. മലപ്പുറം ജില്ലയിലെ ആറുപേരും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരും രോഗമുക്തരായി. ഇനി 194 പേരാണ് ചികിത്സയിലുള്ളത്. 179 പേർ ഇതുവരെ കോവിഡിൽനിന്നു മുക്തി നേടി. ഇതേ നില തുടരാനായാൽ രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ പുതിയ രോഗികളുണ്ടാകാത്ത അവസ്ഥയിലേക്ക് എത്താനാകുമെന്നാണ് ആരോഗ്യവിഭാഗം പ്രതീക്ഷിക്കുന്നത്. എന്നാൽ കേരളത്തിന് മുമ്പിൽ ചെറിയ പ്രതിസന്ധി ഇനിയും ഉണ്ട്. രോഗ ബാധിതർ പൂർണ്ണമായും ഇല്ലാതെയായാലും വിദേശത്ത് നിന്നെത്തുന്ന പ്രവാസികളിലൂടെ വൈറസ് വീണ്ടും എത്തും. സമൂഹ വ്യാപനം ഉണ്ടാകും. ഇതെല്ലാം കേരളത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ വിദേശത്ത് നിന്ന് എത്തുന്നവരെ എല്ലാം ക്വാറന്റൈൻ ചെയ്ത് സമൂഹത്തിലേക്ക് വൈറസ് എത്തുന്നില്ലെന്ന് ഉറപ്പിക്കാൻ കേരളം ഇനി ശ്രമിക്കും.

കേരളത്തിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളിലും രാജ്യത്തെങ്ങും കോവിഡ് പ്രതിരോധം നല്ല രീതിയിൽ തുടർന്നാൽ മാത്രമേ കേരളത്തിലെ ഈ മാറ്റം നിലനിർത്താൻ സാധിക്കുകയുള്ളൂ. ഇതിലും വലിയ ആപത്തുകൾ ഇപ്പോഴും കേരളത്തിന് മുന്നിലുണ്ട്. കോയമ്പത്തൂരിൽ കോവിഡ് പടർന്ന് പിടിക്കുകയാണ്. ഇത് പാലക്കാട് വ്യാപന സാധ്യത കൂട്ടുന്നു. ഇത്തരം ഘടകങ്ങളെ ചെറുക്കാൻ അതിശക്തമായ നിയന്ത്രണങ്ങളാണ് അതിർത്തിയിലുള്ളത്. വിദേശത്ത് നിന്ന് എത്തുന്നവർക്കൊപ്പം അതിർത്തി കടന്നെത്തുന്ന ഇതരസംസ്ഥാനക്കാരും രോഗ വ്യാപന ഭീഷണി ഉയർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കരുതലുകൾ കേരളം തുടരേണ്ടതുണ്ട്. ആത്മവിശ്വാസത്തോടെ പ്രതിരോധം അതിശക്തമാക്കിയാൽ മാത്രമേ കോവിഡിൽ നിന്ന് കേരളത്തിന് പൂർണ്ണ മുക്തി നേടാനാകൂ.

കേരളത്തിൽ ഞായറാഴ്ച രണ്ടുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂർ, പത്തനംതിട്ട ജില്ലകളിലുള്ളവർക്കാണ് രോഗം. കണ്ണൂർ ജില്ലയിലുള്ളയാൾ ദുബായിൽനിന്നും പത്തനംതിട്ടയിലുള്ളയാൾ ഷാർജയിൽനിന്നും വന്നതാണ്. രോഗികളുമായുള്ള സമ്പർക്കത്തിലൂടെ ഞായറാഴ്ച ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും കേരളത്തിന് സന്തോഷ വാർത്തയാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു. വിവിധ ജില്ലകളിലായി 1,16,941 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1,16,125 പേർ വീടുകളിലും 816 പേർ ആശുപത്രികളിലും. 176 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 14,989 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 13,802 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്.

കേരളത്തിൽ ഒരാഴ്ചയ്ക്കിടെ 123 പേർ രോഗമുക്തരായപ്പോൾ 62 പേർക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി രോഗം ബാധിക്കുന്നവരെക്കാൾ ഇരട്ടിയാളുകൾ രോഗമുക്തി നേടുന്നുവെന്നതും ആശ്വാസമാണ്. 1,08,601 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കാനുമായി. ഞായറാഴ്ച മാത്രം 7484 പേരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. ഒരാഴ്ചയ്ക്കിടെ ഏറ്റവുമധികം പേരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കാനായതും ഞായറാഴ്ചയാണ്. കേരളത്തിൽ നിലവിൽ രോഗം നിയന്ത്രണവിധേയമാണെന്ന വിലയിരുത്തലാണുള്ളത്. അടച്ചുപൂട്ടൽ ഇതിന് വഴിയൊരുക്കിയെന്നു വിലയിരുത്തുന്നു. അടച്ചുപൂട്ടൽ ഒഴിവായി വിദേശത്തുനിന്നുള്ളവരും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരും സംസ്ഥാനത്ത് എത്തിത്തുടങ്ങുന്നതോടെ വീണ്ടും രോഗബാധ സ്ഥിരീകരിച്ചേക്കാമെന്ന ആശങ്കയുമുണ്ട്.

ഈ ആശങ്ക വച്ച് പ്രവാസികളെ കേരളത്തിന് കണ്ടില്ലെന്ന് നടിക്കാനും കഴിയില്ല. ലോകത്തിന്റെ വിവിധ പ്രദേശത്ത് കോവിഡ് ഭീതിയിൽ കഴിയുന്ന ദശലക്ഷക്കണക്കിന് പ്രവാസികൾക്ക് കേരളത്തിൽ തിരിച്ചെത്തണമെന്ന ആഗ്രഹവും ഉണ്ട്. വിമാന യാത്രാ വിലക്ക് മാറിയാൽ അവർ എത്തി തുടങ്ങും. അതിന് വേണ്ടി കരുതലുകൾ ഒരുക്കുകയാണ് കേരളം. അതിനിടെ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നടത്തി പദ്ധതികൾ വിജയമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറയുന്നു. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനായത് സംസ്ഥാനത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. രോഗവ്യാപനം ഇല്ലെങ്കിലും ജാഗ്രത തുടരണം. ഇതുവരെയുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോയി. പക്ഷെ നമുക്ക് വിശ്രമിക്കാറായിട്ടില്ല, കോവിഡിന്റെ ഭീഷണി ഒഴിഞ്ഞിട്ടില്ല, കേരളസർക്കാർ അങ്ങനെ കരുതുന്നുമില്ല-മന്ത്രി പറയുന്നു

കഴിഞ്ഞ നാല് വർഷം കൊണ്ട് ആരോഗ്യമേഖലയിൽ വലിയ മാറ്റം ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിരോധത്തിലൂന്നിയാണ് കേരളത്തിലെ ആരോഗ്യസംവിധാനം പ്രവർത്തിക്കുന്നത്. കൂടാതെ ഇതുപോലൊരു സാഹചര്യത്തെ നേരിടാൻ കഴിഞ്ഞ വർഷങ്ങളിൽ നിപ വൈറസ് തന്ന പാഠങ്ങളും നമുക്ക് മുൻപിലുണ്ട്. ഇതൊക്കെ ഏകോപിപ്പിച്ചുകൊണ്ടാണ് കോവിഡ് പ്രതിരോധത്തിനുള്ള പ്രോട്ടോക്കോളും സർക്കാർ രൂപീകരിച്ചത്. ഇന്ത്യ ആശങ്കയുടെ പടുകുഴിയിലേക്കാണ് പോകുന്നത്. വൈറസ് വാഹകരുടെ എണ്ണം പതിനായിരത്തിലേക്ക് കടക്കുകയാണ്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും മരണവും കൂടുന്നു. ഇതിനിടെയാണ് കേരളം കോവിഡിൽ തല ഉയർത്തി പിടിക്കുന്നത്.

ചൈനയിൽ വൈറസ് വ്യാപിക്കുന്നുവെന്ന് അറിഞ്ഞതുമുതൽ കേരളത്തിലും മുൻകരുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ജനുവരി 24ന് കേരളത്തിൽ ആദ്യത്തെ കൺട്രോൾ റൂം ആരംഭിച്ചു. കോൾ സെന്റർ ആരംഭിച്ചു. എല്ലാ ജില്ലകൾക്കും നിർദ്ദേശങ്ങൾ കൊടുത്തു. തുടർന്ന് നടത്തിയ പരിശോധനകളിലാണ് വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിയിൽ കേരളത്തിലെ ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിക്കുന്നത്. തുടർന്നങ്ങോട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ സർക്കാർ വകുപ്പുകളും ചേർന്നുപ്രവർത്തിക്കുകയായിരുന്നു. എല്ലാ വകുപ്പുകളും ആരോഗ്യപ്രവർത്തകരും പൊലീസും ജനങ്ങളും തുടങ്ങി എല്ലാവരും ചേർന്നുപ്രവർത്തിച്ചതിന്റെ ഫലമായാണ് കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ തോത് നമുക്ക് കുറയ്ക്കാൻ സാധിച്ചത്.

കണ്ണൂർ,പത്തനംതിട്ട ജില്ലകളിലുള്ളവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലുള്ളയാൾ ദുബായിൽ നിന്നും പത്തനംതിട്ടയിലുള്ളയാൾ ഷാർജയിൽ നിന്നും എത്തിയതാണ്. അതേസമയം, കോവിഡ് 19 ബാധിച്ച 36 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ 28 പേരുടേയും (കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ) മലപ്പുറം ജില്ലയിലെ ആറുപേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവിൽ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. ആദ്യം ലോക് ഡൗൺ ഏർപ്പെടുത്തിയതും ചത്തീസ് ഗഡിലാണ്. ഇതും ഗുണം ചെയ്തു.

കേരളത്തിൽ  വിവിധ ജില്ലകളിലായി 1,16,941 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,16,125 പേർ വീടുകളിലും 816 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 14,989 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP