Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്ത് സമൂഹ വ്യാപനത്തിന് തെളിവില്ലെന്ന് ഐസിഎംആറിന്റെ വിലയിരുത്തൽ; നിലവിലുള്ള 12,000 പരിശോധനാ സംവിധാനങ്ങളിൽ വെറും 30ശതമാനം മാത്രമേ ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂവെന്നത് പ്രതീക്ഷ; വൈറസ് ബാധയുടെ അളവിൽ അമിതമായ വർധനവുണ്ടായാൽ പോലും സാഹചര്യത്തെ നേരിടാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിൽ ശാസ്ത്ര ലോകം; ലോക്ഡൗണിലൂടെ കൊറോണയെ തുരുത്താൻ ഇന്ത്യയ്ക്കാകുമെന്ന വിശ്വാസത്തിൽ പ്രതിരോധ മുന്നേറ്റം; മരണം 22 ആകുമ്പോഴും നല്ല ഫലം മാത്രം പ്രതീക്ഷിച്ച് കേന്ദ്ര സർക്കാരും

രാജ്യത്ത് സമൂഹ വ്യാപനത്തിന് തെളിവില്ലെന്ന് ഐസിഎംആറിന്റെ വിലയിരുത്തൽ; നിലവിലുള്ള 12,000 പരിശോധനാ സംവിധാനങ്ങളിൽ വെറും 30ശതമാനം മാത്രമേ ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂവെന്നത് പ്രതീക്ഷ; വൈറസ് ബാധയുടെ അളവിൽ അമിതമായ വർധനവുണ്ടായാൽ പോലും സാഹചര്യത്തെ നേരിടാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിൽ ശാസ്ത്ര ലോകം; ലോക്ഡൗണിലൂടെ കൊറോണയെ തുരുത്താൻ ഇന്ത്യയ്ക്കാകുമെന്ന വിശ്വാസത്തിൽ പ്രതിരോധ മുന്നേറ്റം; മരണം 22 ആകുമ്പോഴും നല്ല ഫലം മാത്രം പ്രതീക്ഷിച്ച് കേന്ദ്ര സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണയിൽ രാജ്യത്ത് കാര്യങ്ങൾ കൈവിട്ട് പോയിട്ടില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്. ഇതോടെ പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിന് പ്രതീക്ഷയും ഏറുകയാണ്. കോവിഡ് 19 വ്യാപനത്തിന്റെ മൂന്നാംഘട്ടമായ സാമൂഹിക വ്യാപനത്തിലേക്ക് രാജ്യം പ്രവേശിച്ചുവെന്നതിന് വ്യക്തമായ തെളിവുകൾ ഇല്ലെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തൽ. തിരക്കുപിടിച്ച് എല്ലാവരുടെയും സ്രവങ്ങൾ എടുത്തുപരിശോധിക്കേണ്ട സാഹചര്യമില്ല. നിലവിലുള്ള 12,000 പരിശോധനാ സംവിധാനങ്ങളിൽ വെറും 30ശതമാനം മാത്രമേ ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂവെന്നും ഐസിഎംആർ പറയുന്നു.

ആളുകൾക്ക് വൈറസ് ബാധ ഉണ്ടാകുന്നുണ്ടെന്ന വ്യക്തമായ തെളിവുകൾ ലഭിക്കാതെ സാഹചര്യത്തെ മറ്റൊരു രീതിയിൽ വ്യാഖാനിക്കില്ലെന്നാണ് ഐസിഎംആറിലെ ഇന്ത്യാസ് മെഡിക്കൽ റിസർച്ച് ബോഡിയിലെ മുതിർന്ന ഓഫീസറായ ഡോ.ആർ ഗംഗ കേത്കർ പറയുന്നത്. രാജ്യത്ത് നിലവിൽ ആവശ്യത്തിന് പരിശോധനാ സംവിധാനങ്ങളും കിറ്റുകളും ഉണ്ട്. വൈറസ് ബാധയുടെ അളവിൽ അമിതമായ വർധനവുണ്ടായാൽ പോലും സാഹചര്യത്തെ നേരിടാൻ സാധിക്കും.

ലാബുകളിൽ നിലവിലുള്ള സൂക്ഷ്മ പരിശോധനക്കുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഒരു ലക്ഷംപേരെ പരിശോധിക്കാനുള്ള ഇപ്പോഴത്തെ ശേഷിക്ക് പുറമേ, പുതിയ ഉപകരണങ്ങൾ വഴി അഞ്ചുലക്ഷം പേരെ കൂടി പരിശോധിക്കാൻ ഐസിഎംആറിന് കഴിയും. സ്വകാര്യ-പൊതുസംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്താനുള്ള സർക്കാരിന്റെ ശേഷിയെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഡോ.ഗംഗ കേത്കർ പറഞ്ഞു. ലോക്ക്ഡൗൺ വൈറസ് വ്യാപനത്തിന്റെ തോത് കുറച്ചിട്ടുണ്ടോ എന്ന് ലോക്ക്ഡൗൺ ആരംഭിച്ച പ്രാരംഭഘട്ടത്തിൽ പറയാൻ സാധിക്കില്ലെന്നായിരുന്നു മറുപടി.

മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ നാം ലോക്ക്ഡൗണിലേക്ക് നീങ്ങിയിരുന്നു. അതിനാൽ തന്നെ നമുക്ക് അതിന്റെ നല്ല ഫലം കുട്ടുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്ന് ഐസിഎംആർ പറയുന്നു. കൊറോണ വൈറസ് ബാധിച്ച് കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ശനിയാഴ്ച ഓരോരുത്തർ മരിച്ചതോടെ ഇക്കാരണത്താൽ രാജ്യത്തു മരിച്ചവരുടെ എണ്ണം 22 ആയി. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 918 ആയി. ഇതിൽ 871 പേർ ഇന്ത്യക്കാരും 47 പേർ വിദേശികളുമാണ്. ഇതിൽ 80 പേർ സുഖംപ്രാപിച്ചു. രാജ്യത്തെ 132 ജില്ലകളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുംബൈയിൽ മൂന്നു ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു. കർണാടകത്തിൽ 17 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു.

കർണാടകത്തിൽ ഒരു കുടുംബത്തിലെ മൂന്നുസ്ത്രീകൾ ഉൾപ്പെടെ 17 പേർക്കുകൂടി കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചു. നേരത്തേ കൊറോണ സ്ഥിരീകരിച്ച ഉത്തരകന്നഡ സ്വദേശിയുടെ 54-കാരിയായ ഭാര്യ, മക്കളായ 28-കാരി, 23-കാരി എന്നിവർക്കും ലണ്ടനിൽനിന്ന് ബെംഗളൂരുവിലെത്തിയ 21-കാരൻ, ചിക്കബെല്ലാപുരയിൽ കൊറോണ ബാധിച്ചയാളുമായി സമ്പർക്കമുണ്ടായിരുന്ന ആന്ധ്ര സ്വദേശികളായ 23- കാരൻ, 70-കാരൻ, 32-കാരി, 38-കാരൻ, പതിനെട്ടുകാരൻ, ലണ്ടനിൽനിന്ന് ബെംഗളൂരുവിലെത്തിയ 63-കാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൈസൂരുവിൽ അഞ്ചുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നഞ്ചൻകോട്ടെ ഫാക്ടറി ജീവനക്കാർക്കാണ് കൊറോണ.

ചിക്കബെല്ലാപുരയിൽ കൊറോണ ബാധിച്ച് മരിച്ച 70-കാരിയുമായി നേരിട്ട് സമ്പർക്കമുണ്ടായിരുന്ന അഞ്ചുപേർക്കും കൊറോണ സ്ഥിരീകരിച്ചു. ഇവരെല്ലാം ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു. നേരത്തേ കൊറോണ സ്ഥിരീകരിച്ച ദാവൻഗരെ സ്വദേശിയുടെ ബന്ധുവായ ഇരുപതുകാരൻ, ഉത്തര കന്നഡയിൽ രോഗം സ്ഥിരീകരിച്ചയാളുമായി അടുത്ത ബന്ധമുണ്ടായിരുന്ന 24-കാരൻ എന്നിവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കർണാടകത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 81 ആയി. കൊറോണ ബാധിച്ച് തുമകൂരുവിൽ മരിച്ചയാൾ യാത്രചെയ്ത തീവണ്ടിയിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള നടപടി തുടങ്ങി. ഇതോടൊപ്പം ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്കും ദാവൻഗരെയിലേക്കും കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്ത രണ്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരോടൊപ്പം യാത്രചെയ്തവരെ കണ്ടെത്താനും നടപടി തുടങ്ങി.

മുൻകരുതലിന്റെ ഭാഗമായുള്ള നിയന്ത്രണം ബെംഗളൂരുവിൽ കർശനമാക്കി. അവശ്യസർവീസ് മേഖലകളിലുള്ളവർക്കാണ് പുറത്തിറങ്ങുന്നതിന് ഇളവുള്ളത്. ബൈക്ക് യാത്രക്കാരെ അടിച്ചോടിക്കുന്നത് പൊലീസ് തുടരുകയാണ്. പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP