Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

സുകുമാരൻ നായരും വെള്ളാപ്പള്ളിയും ഒരുമിച്ചു; പള്ളി തർക്കം മറന്ന് യാക്കോബായക്കാരും ഓർത്തഡോക്‌സുകാരും ഒന്നിച്ചു; സമസ്തയ്ക്കും കാന്തപുരത്തിനും ഒരേ മനസ്സ്; രാജ്യമാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു; സാമൂഹികമായ ഒരുമയും ശാരീരികമായ അകലവും പാലിച്ച് നാടിന്റെ രക്ഷാദൗത്യം ഏറ്റെടുക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാകേണ്ട അനിവാര്യഘട്ടമാണ് ഇതെന്ന് എല്ലാ ഭിന്നതയും മറന്ന് മത- സാമുദായിക നേതാക്കൾ; കൊറോണയിലെ അഭ്യർത്ഥനയിൽ നിറയുന്നത് ഐക്യാഹ്വാനം

സുകുമാരൻ നായരും വെള്ളാപ്പള്ളിയും ഒരുമിച്ചു; പള്ളി തർക്കം മറന്ന് യാക്കോബായക്കാരും ഓർത്തഡോക്‌സുകാരും ഒന്നിച്ചു; സമസ്തയ്ക്കും കാന്തപുരത്തിനും ഒരേ മനസ്സ്; രാജ്യമാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു; സാമൂഹികമായ ഒരുമയും ശാരീരികമായ അകലവും പാലിച്ച് നാടിന്റെ രക്ഷാദൗത്യം ഏറ്റെടുക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാകേണ്ട അനിവാര്യഘട്ടമാണ് ഇതെന്ന് എല്ലാ ഭിന്നതയും മറന്ന് മത- സാമുദായിക നേതാക്കൾ; കൊറോണയിലെ അഭ്യർത്ഥനയിൽ നിറയുന്നത് ഐക്യാഹ്വാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോറോണയിൽ എല്ലാവരും ഒരേ മനസോടെ മുന്നേറണമെന്ന് സംസ്ഥാനത്തെ പ്രധാന മത- സാമുദായിക നേതാക്കൾ ഒപ്പിട്ട അഭ്യർത്ഥന. ഒന്നിച്ചുനിൽക്കുക; പതറാതെ ഈ വിപത്തിനെ അതിജീവിക്കാൻ മുന്നേറുക എന്നതാണ് മത നേതാക്കൾ നൽകുന്ന സന്ദേശം. പല വിധ പ്രശ്‌നങ്ങളിൽ രണ്ട് ഭാഗത്ത് നിൽക്കുന്നവരെല്ലാം ഒറ്റക്കെട്ടായാണ് പ്രസ്താവന ഇറക്കുന്നത്. ഒരുമയുടെ സന്ദേശം നൽകാനാണ് ഇത്. ഇങ്ങനെ ഒരുമിച്ച് നിന്ന് മാത്രമേ കോവിഡ് 19നെ നേരിടാനാകൂവെന്ന സന്ദേശമാണ് അവർ നൽകുന്നത്.

സംസ്ഥാനത്തെ പ്രധാന മത- സാമുദായിക നേതാക്കൾ ഒപ്പിട്ട അഭ്യർത്ഥന

28-03-2020
......................................

പ്രിയപ്പെട്ടവരെ

ലോകം അതിന്റെ ചരിത്രത്തിലെ ഭീതിദമായ വെല്ലുവിളി നേരിടുകയാണ്. കൊറോണ വൈറസ് 196 രാജ്യങ്ങളെ ഗ്രസിച്ചുകഴിഞ്ഞു. ലോകാരോഗ്യ സംഘടന മഹാവ്യാധിയായി പ്രഖ്യാപിച്ച കോവിഡ് 19 രോഗം നമ്മുടെ നാടിനെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. അതിസമ്പന്നവും വികസിതവുമായ രാഷ്ട്രങ്ങൾ പോലും നിസ്സഹായരായി അമ്പരന്നു നിൽക്കുകയാണ്. സമ്പന്നനെന്നോ ദരിദ്രനെന്നോ പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവനെന്നോ അല്ലാത്തവനെന്നോ ഭേദമില്ലാതെ പടർന്നുപിടിക്കുന്ന ഈ വൈറസിനെതിരായ പോരാട്ടം മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെയുള്ള സമരമായി മാറിക്കഴിഞ്ഞിരിക്കുന്നു.

രാജ്യത്ത് കോവിഡ് 19 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. വിദേശത്തുനിന്ന് രോഗബാധയുമായി എത്തിയ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുന്നതിന് കേരളത്തിലെ ആരോഗ്യസംവിധാനത്തിന് സാധിച്ചു. തുടർന്ന് യൂറോപ്പിൽ നിന്നെത്തിയ കുടുംബത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വീണ്ടും രോഗവ്യാപന ഭീഷണി ഉയർന്നു. പിന്നീട് പല വിദേശ രാജ്യങ്ങളിൽനിന്നും നാട്ടിലെത്തുന്നവരിൽ രോഗം കണ്ടെത്തി.

സർക്കാരിന്റെ ജാഗ്രതയും ഫലപ്രദമായ ഇടപെടലുംമൂലം രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കാനും വൈറസ് ബാധിച്ചവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും കൂടുതൽ സ്ഥലങ്ങളിലേക്ക് രോഗം പടർന്നുപിടിക്കാനുള്ള സാഹചര്യം തടഞ്ഞുനിർത്താനും കഴിയുന്നുണ്ട്. ഇത് കേരളത്തിന്റെ വലിയ വിജയമാണ്. നമ്മുടെ ഈ മാതൃക ലോകമാകെ ശ്രദ്ധിക്കുന്നുണ്ട്; പ്രകീർത്തിക്കുന്നുണ്ട്.

പല പ്രതിസന്ധികളെയും മറികടന്നവരാണ് കേരളീയർ. കൂടുതൽ ആക്രമണകാരിയായ കൊറോണ വൈറസിനെയും ഒന്നിച്ചുനിന്ന് നേരിടാൻ കഴിയുമെന്ന് നമുക്ക് ഉറപ്പുണ്ട്. അതിനു വേണ്ടത് ജാതിമതാദി വേർതിരിവുകളില്ലാതെയും ഒരു അതിർവരമ്പിനെയും കൂസാതെയുമുള്ള ഐക്യമാണ്. അത് നമുക്ക് വേണ്ടത്ര അളവിലുണ്ട്.

വൈറസ് ബാധ ചെറുക്കാൻ നാം നമ്മുടെ ആരാധനാ ക്രമങ്ങളിൽ നിയന്ത്രണം വരുത്തി. മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ് ജീവനും ജീവിതവും. ഈ ബോധ്യത്തോ സഹജീവിസ്‌നേഹം എന്ന അത്യുദാത്തമായ മാനവിക വികാരം ഉയർത്തിപ്പിടിച്ചുകൊണ്ട് നാം ഈ മഹാവ്യാധിയെ നേരിടുകയാണ്.

ഒരുവശത്ത് രോഗഭീഷണിയിൽനിന്ന് സ്വയം മുക്തമാകുക. മറുവശത്ത് മറ്റുള്ളവരുടെ സുരക്ഷയ്ക്ക് കരുതൽ നൽകുക. ഇതു രണ്ടും അനുവർത്തിച്ചുകൊണ്ടാണ് നാം മുന്നോട്ടുപോകുന്നത്. ആ മുന്നേറ്റത്തിൽ നമുക്കു മുന്നിൽ നമ്മുടെ സർക്കാരുണ്ട്. നമ്മുടെയുള്ളിൽ ആശങ്കയല്ല; ജാഗ്രതയാണുള്ളത്. നമുക്ക് നൈരാശ്യമല്ല; പ്രതീക്ഷയാണുള്ളത്. ഈ ജാഗ്രതയുടെയും പ്രതീക്ഷയുടെയും കിരണങ്ങൾ ഇന്നാട്ടിലെ ഓരോ മനുഷ്യനെയും മുന്നോട്ടുനയിക്കേണ്ടതുണ്ട്. വ്യത്യസ്ത മത, സാമുദായിക വിഭാഗങ്ങളുടെ നേതൃത്വം വഹിക്കുന്നവർ എന്ന നിലയിൽ ഞങ്ങൾ, പ്രിയപ്പെട്ടവരെ നിങ്ങളോരോരുത്തരോടും അഭ്യർത്ഥിക്കുന്നു: ഒന്നിച്ചുനിൽക്കുക; പതറാതെ ഈ വിപത്തിനെ അതിജീവിക്കാൻ മുന്നേറുക.

യാത്രാ നിയന്ത്രണങ്ങളാലും മറ്റും കേരളത്തിലേക്ക് വരാനാകാതെ ലോകത്തിന്റെ പല ഭാഗങ്ങളിലായി കഴിയുന്ന നമ്മുടെ സഹോദരങ്ങളുണ്ട്. അവരും ഈ പോരാട്ടത്തിൽ നമ്മോടൊപ്പമുണ്ട്. അവരെക്കുറിച്ചും അവരുടെ നാട്ടിലുള്ള കുടുംബങ്ങളെക്കുറിച്ചും നാം കരുതലുള്ളവരായിരിക്കണം.

രാജ്യമാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. ദൈനംദിന ജീവിതം കടുത്ത നിയന്ത്രണത്തിലാണ്. അത്തരം നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണം. വീടുകളിൽ കഴിയുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കണം. ആരോഗ്യപ്രവർത്തകർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സഹായകമായ ഇടപെടലുകൾ നടത്തണം. നമ്മുടെ സ്ഥാപനങ്ങൾ അത്തരം പൊതു കാര്യങ്ങൾക്കായി ഉപയുക്തമാക്കണം. സാമൂഹികമായ ഒരുമയും ശാരീരികമായ അകലവും പാലിച്ച് ഈ നാടിന്റെ രക്ഷാദൗത്യം ഏറ്റെടുക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാകേണ്ട അനിവാര്യഘട്ടമാണ് ഇത് എന്ന് എല്ലാവരെയും ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു.

പല രാജ്യങ്ങളിലെയും അനുഭവം കാണിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുള്ള വയോജനങ്ങളാണ് ഈ രോഗത്തിന് വേഗത്തിൽ വിധേയരാകുന്നത് എന്നാണ്. കേരളത്തിലാകട്ടെ ഈ വിഭാഗത്തിൽപ്പെട്ടവർ ധാരാളമുണ്ട്. അവരെ രോഗത്തിൽനിന്ന് സംരക്ഷിച്ചുനിർത്തുക. അവരെ നന്നായി പരിപാലിക്കുക. ഇതു രണ്ടും നമ്മുടെ കടമയാണ്. രോഗസാഹചര്യത്തെ നേരിടുമ്പോൾ ഇതുകൂടി നിങ്ങളുടെ മനസ്സിൽ ഉണ്ടാവണമെന്ന് ഓർമിപ്പിക്കട്ടെ.

സയ്ദ് മുത്തുക്കോയ ജിഫ്രി തങ്ങൾ
പ്രസിഡന്റ്, കേരള ജമായത്ത് ഉൽ-ഉലമ സമസ്ത

വെള്ളാപ്പള്ളി നടേശൻ
ജനറൽ സെക്രട്ടറി, എസ്.എൻ.ട്രസ്റ്റ്

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
മേജർ ആർച്ച് ബിഷപ്പ്, സീറോ മലബാർ

കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ
പ്രസിഡന്റ്, കേരള മുസ്ലിം ജമാത്ത് സമസ്ത (എ.പി.സുന്നി)

ജി. സുകുമാരൻ നായർ,
ജനറൽ സെക്രട്ടറി, എൻ.എസ്.എസ്.

മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ്
മേജർ ആർച്ച് ബിഷപ്പ്, സീറോ മലങ്കര ചർച്ച്

ബിഷപ്പ് ജോസഫ് കാരിയിൽ
ആർച്ച് ബിഷപ്പ് ഹൗസ്, ഫോർട്ട്‌കൊച്ചി

ഡോ. സൂസപാക്യം
മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ്, ലാറ്റിൻ

പുന്നല ശ്രീകുമാർ
ജനറൽ സെക്രട്ടറി, കേരള പുലയർ മഹാസഭ

ഹുസൈൻ മടവൂർ
ജനറൽ സെക്രട്ടറി, കേരള നടുവത്തുൽ മുജാഹിദ്

ബസേലിയോസ് മാർത്തോമ പൗലോസ് കക
മേജർ ആർച്ച് ബിഷപ്പ്, മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച്

പുത്തൻകുരിശ് ബാവ
ജാക്കോബൈറ്റ്

എ. ധർമ്മരാജ് റസാലം
ബിഷപ്പ്, സി.എസ്‌ഐ

ഡോ. ജോസഫ് മാർത്തോമ മെട്രോപോളിറ്റൻ
മലങ്കര മാർത്തോമ സിറിയൻ ചർച്ച്

കടക്കൽ അബ്ദുൾ അസീസ് മൗലവി
പ്രസിഡന്റ്, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ

ഡോ. റ്റി. വത്സൻ എബ്രഹാം
പെന്തക്കോസ്ത്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP