Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മതിയായ കാരണമില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ നിയമ നടപടി; അവശ്യ സർവീസായി പ്രഖ്യാപിച്ച വിഭാഗങ്ങൾക്കു മാത്രം ഇളവ് നൽകി പൊലീസ് പ്രത്യേക പാസ് അനുവദിക്കും; ഇല്ലാത്തവർക്കെതിരെ കർശന നടപടി; കാസർഗോട്ട് സമ്പൂർണ്ണ അടച്ചിടൽ; മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ പ്രത്യേകം സജ്ജീകരിച്ച ക്വാറന്റീൻ സംവിധാനത്തിൽ 14 ദിവസം പാർപ്പിക്കും; നിരീക്ഷണത്തിൽ കഴിയുന്നവർ നിയമം ലംഘിച്ചാൽ അറസ്റ്റിലാകും; കോവിഡ് ബാധിതർ 100നോട് അടുക്കുമ്പോൾ കേരളം കനത്ത ജാഗ്രതയിൽ

മതിയായ കാരണമില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ നിയമ നടപടി; അവശ്യ സർവീസായി പ്രഖ്യാപിച്ച വിഭാഗങ്ങൾക്കു മാത്രം ഇളവ് നൽകി പൊലീസ് പ്രത്യേക പാസ് അനുവദിക്കും; ഇല്ലാത്തവർക്കെതിരെ കർശന നടപടി; കാസർഗോട്ട് സമ്പൂർണ്ണ അടച്ചിടൽ; മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ പ്രത്യേകം സജ്ജീകരിച്ച ക്വാറന്റീൻ സംവിധാനത്തിൽ 14 ദിവസം പാർപ്പിക്കും; നിരീക്ഷണത്തിൽ കഴിയുന്നവർ നിയമം ലംഘിച്ചാൽ അറസ്റ്റിലാകും; കോവിഡ് ബാധിതർ 100നോട് അടുക്കുമ്പോൾ കേരളം കനത്ത ജാഗ്രതയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം അതിന്റെ ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനം ലോക് ഡൗണിലായി. തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. മാർച്ച് 31 വരെയാണ് ലോക്ഡൗൺ. ജനതാ കർഫ്യൂവിന് സമാനമായി കേരളം നിശ്ചലമാണ്. പൊതു ഗതാഗത സംവിധാനങ്ങൾ ഓടുന്നില്ല. സ്വകാര്യ വാഹനങ്ങൾക്ക് അനുമതിയുണ്ടെങ്കിലും പൊലീസ് എല്ലാവരോടും യാത്രവിവരങ്ങൾ തേടുന്നുണ്ട്. അത്യാവശ്യ യാത്ര അല്ലെന്ന് മനസ്സിലായാൽ അത് നിരുത്സാഹപ്പെടുത്തും. അങ്ങനെ പൊതുജനങ്ങളെ നിരത്തിൽ നിന്ന് പരമാവധി ഒഴിവാക്കാനാണ് തീരുമാനം. കാൽനട യാത്രയും അനുവദിക്കില്ല. സോഷ്യൽ ഡിസ്റ്റൻസ് ഉറപ്പാക്കി കോവിഡിനെ ചെറുക്കാനാണ് ഇത്. കാസർഗോഡ് സമ്പൂർണ്ണ അടച്ചിടലാണ്.

കാസർകോട്ട് അനാവശ്യമായി ആരും വീടിനു പുറത്തിറങ്ങരുത്. നിർദ്ദേശം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും; കനത്ത പിഴയും ഈടാക്കും. കേരളത്തിൽ മൊത്തം കോവിഡ് ബാധിതർ 97 ആയി. ഇന്നലെ സ്ഥിരീകരിച്ചവരിൽ 19 പേരും കാസർകോട് സ്വദേശികളാണ്. കണ്ണൂർ (5 പേർ), എറണാകുളം (2), കോഴിക്കോട് (2), പത്തനംതിട്ട (1), തൃശൂർ (1) ജില്ലകളിലാണ് മറ്റു രോഗബാധിതർ. ഈ 30 പേരിൽ 27 പേരും ദുബായിൽനിന്നു തിരിച്ചെത്തിയവരാണ്.ഇതിനിടെ, കോവിഡ് ബാധിതനായ ഒരാൾ കൂടി ആശുപത്രി വിട്ടു. വുഹാനിൽനിന്നു തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളായ 3 പേർ നേരത്തേ രോഗമുക്തരായിരുന്നു. പിന്നീടുള്ള 92 പേരിൽ ഗൾഫിൽ നിന്നു വന്ന കണ്ണൂർ സ്വദേശിയാണ് ഇന്നലെ ആശുപത്രി വിട്ടത്. ഇതിനിടെ, കർണാടകയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 2 പേർ കണ്ണൂർ സ്വദേശികളാണ്. 46, 22 വയസ്സുകാരായ ഇവരും ദുബായിൽനിന്നെത്തിയതാണ്.

ജനങ്ങളുടെ സഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തുന്ന അടിയന്തര പെരുമാറ്റച്ചട്ടമാണ് ലോക്ക്ഡൗൺ. എന്നാൽ അവശ്യസാധനങ്ങളുടെ വിതരണത്തെയും അവശ്യസേവന ലഭ്യതയെയും ഇതു ബാധിക്കില്ല. ആശുപത്രി, ബാങ്ക്, മാധ്യമങ്ങൾ, കുടിവെള്ളം തുടങ്ങിയ സേവനങ്ങൾക്കു നിയന്ത്രണമില്ല. സ്വകാര്യബസുകളടക്കമുള്ള പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല, മതപരമായ ചടങ്ങുകൾക്കു വിലക്ക്, ഹോട്ടൽ, പാർക്ക്, സിനിമശാലകൾ തുടങ്ങിയവ അടഞ്ഞു കിടക്കും. അവശ്യവിഭാഗത്തിൽ പെടുന്നവരുടെ സ്വകാര്യ/കോൺട്രാക്ട് വാഹനങ്ങൾക്ക് പാസ് നൽകും.

നിയന്ത്രണങ്ങൾക്കിടയിലും അവശ്യസാധനങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ 5 വരെ പ്രവർത്തിക്കും. കാസർകോട് ജില്ലയിൽ രാവിലെ 11 മുതൽ വൈകിട്ട് 5 വരെയായിരിക്കും പ്രവർത്തനം. ബാറുകൾ പ്രവർത്തിക്കില്ല. ബിവറേജസ് ഔട്ട്ലറ്റുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. സമയത്തിലും ക്രമീകരണങ്ങളിലും മാറ്റമുണ്ടാകും. പൊതുഗതാഗതം ഉണ്ടാവില്ല. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഓട്ടം നിർത്തി. അതിർത്തികൾ അടച്ചു. പെട്രോൾ പമ്പ്, ഗ്യാസ് എന്നിവ പ്രവർത്തിക്കും. ആശുപത്രികൾ പ്രവർത്തിക്കും. സർക്കാർ ഓഫീസുകൾ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കിക്കൊണ്ട് പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ ആളുകൾ കൂടുന്ന ചടങ്ങുകൾ ഒഴിവാക്കും. ആൾക്കൂട്ടമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ 144 പ്രഖ്യാപിക്കും.

ആവശ്യസാധനങ്ങൾ വിൽക്കുന്നതൊഴികെയുള്ള കടകൾ അടച്ചിടണം. മെഡിക്കൽ ഷോപ്പുകൾ തുറക്കും. ഹോട്ടലുകൾ ഉണ്ടാവും. പക്ഷെ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറി ഉണ്ടാവും. പഴം-പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം ഭക്ഷ്യോത്പാദന കേന്ദ്രങ്ങൾ, പമ്പ് നടത്തിപ്പുകാർ, അരി മില്ലുകൾ, പാൽ, പാൽ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങൾ, ഫാർമസി, മരുന്ന്. ആരോഗ്യ കേന്ദ്രങ്ങൾ ടെലികോം, ഇൻഷുറൻസ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകൾ എന്നിവയുടെയെല്ലാം പ്രവർത്തനത്തിന് ലോക്ക് ഡൗൺ കാലയളവിൽ തടസ്സമുണ്ടാവില്ല

നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ അറസ്റ്റ്; കനത്ത പിഴ. ഫോൺ ലൊക്കേഷൻ നിരീക്ഷിക്കും; പട്ടിക അയൽവാസികൾക്ക് നൽകും. ആൾക്കൂട്ടം അനുവദിക്കില്ല

അടച്ചുപൂട്ടൽ ഏകോപിപ്പിക്കാൻ പൊലീസ്

അടച്ചുപൂട്ടൽ നടപടികൾ ഏകോപിപ്പിക്കാൻ ഐ.ജിമാർ, ഡി.ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിൾ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ അഞ്ച് മുതൽ ശക്തമായ പൊലീസ് സന്നാഹം നിരത്തുകളിൽ ഉണ്ടാകും. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടൽ നടപ്പാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വാർത്താക്കുറിപ്പിൽ അറിയിച്ചു. മതിയായ കാരണം ഇല്ലാതെ യാത്രചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും.

അവശ്യ സർവീസായി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇത്തരം ആൾക്കാർക്ക് പൊലീസ് പ്രത്യേക പാസ് നൽകും. പാസ് കൈവശം ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.

ബാങ്കുകളുടെ പ്രവർത്തനം 11 മുതൽ 2 വരെ മാത്രമാണ്. കറൻസി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കാൻ ധനകാര്യ സ്ഥാപനങ്ങൾ നടപടിയെടുക്കണം. ഇക്കാര്യം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തും. ബാറുകൾ അടച്ചിടും. എന്നാൽ ബെവ്കോ ഔട്ട്ലറ്റുകൾ അടയ്ക്കുകയില്ല, കർശന നിരീക്ഷണത്തോടെ വിൽപന നടത്തും.

എല്ലാ ആശുപത്രികളും സാധാരണപോലെ പ്രവർത്തിക്കും. കോവിഡ് രോഗികളെ ചികിത്സിക്കാൻ മാത്രമായി ഓരോ ജില്ലയിലും കോവിഡ് ആശുപത്രികൾ. ആരോഗ്യ കുടുംബക്ഷേമ വകുപ്പും ജില്ലാ ഭരണസംവിധാനവും സംയുക്തമായി ഇതു നടപ്പാക്കും. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയേ പ്രവർത്തിക്കാൻ അനുവദിക്കൂ. കാസർകോട് ഇത് 11 മുതൽ അഞ്ചു വരെയാണ്.

ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ഉറപ്പാക്കാൻ ബന്ധപ്പെട്ട ആശുപത്രികൾക്ക് അടുത്തുതന്നെ അവർക്ക് ആവശ്യമെങ്കിൽ താമസ, ഭക്ഷണ സൗകര്യം ഏർപ്പെടുത്തും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ പ്രത്യേകം സജ്ജീകരിച്ച ക്വാറന്റീൻ സംവിധാനത്തിൽ 14 ദിവസം പാർപ്പിക്കും. അയൽ സംസ്ഥാന തൊഴിലാളികൾക്കു പ്രത്യേക ക്യാംപുകൾ സജ്ജമാക്കും. അവർക്ക് വൈദ്യപരിശോധനയും മറ്റു സഹായങ്ങളും ലഭ്യമാക്കണം. അവരെ ജോലിക്ക് നിയോഗിക്കുന്ന കരാറുകാരും തൊഴിൽ ഉടമകളും ഭക്ഷണം ഉറപ്പാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മാർച്ച് 31നു മുൻപുതന്നെ യോഗം ചേർന്ന് ബജറ്റ് പാസാക്കും

നിരീക്ഷണത്തിൽ കഴിയുന്നവർ നിയമം ലംഘിച്ചാൽ അറസ്റ്റിലാകും

എല്ലാ വിമാന യാത്രക്കാരെയും വിമാനത്താവളത്തിനടുത്ത് പ്രത്യേകം സജ്ജീകരിച്ച ഐസലേഷൻ സെന്ററുകളിൽ പാർപ്പിക്കും. ഇതിനുള്ള നടപടികൾ കലക്ടർമാരും ആരോഗ്യവകുപ്പും സംയുക്തമായി സ്വീകരിക്കും

നിരീക്ഷണത്തിൽ കഴിയുന്നവർ നിയന്ത്രണം ലംഘിച്ചാൽ അറസ്റ്റും കനത്ത പിഴയും ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരുടെ ഫോൺ നമ്പരുകൾ മൊബൈൽ കമ്പനികളുടെ സഹായത്തോടെ നിരീക്ഷിക്കും. ടവർ ലൊക്കേഷനിൽ നിന്ന് മാറുന്നുണ്ടോയെന്നു കണ്ടെത്തും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയും നിയന്ത്രണം ലംഘിച്ചാൽ പരാതിപ്പെടാനുള്ള ഫോൺ നമ്പരും അയൽക്കാർക്കു നൽകും. രോഗ വ്യാപനത്തിനെതിരെ കേന്ദ്രസർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലാപാടാണു സ്വീകരിക്കുന്നത്. അതേ നയം കേരളവും പിന്തുടരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ന്മ സംസ്ഥാനത്ത് ഒരിടത്തും ആൾക്കൂട്ടം അനുവദിക്കില്ല. വേണ്ടിവന്നാൽ 144 പ്രഖ്യാപനം ഉൾപ്പെടെയുള്ള നടപടികൾ കലക്ടർമാർക്കു സ്വീകരിക്കാം.

വിദേശത്തുനിന്നു വന്നവരും ഉംറ കഴിഞ്ഞ് എത്തിയവരും ജില്ലാ ഭരണകേന്ദ്രത്തെ വിവരം അറിയിക്കണം. സമീപവാസികൾക്കും അക്കാര്യം അധികൃതരെ ബോധ്യപ്പെടുത്താം. സ്വയം അറിയിക്കാത്തവർക്കെതിരെ കർശന നടപടി. മൈക്രോ ഫിനാൻസ് , സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ തുടങ്ങിയവ ഇടപാടുകാരിൽ നിന്ന് പണം പിരിക്കുന്നത് രണ്ടു മാസത്തേക്ക് നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കിട്ടാനുള്ള പണത്തിന് പേരിൽ കലക്ഷൻ ഏജന്റുമാർ വീടുകളിൽ കയറിയിറങ്ങി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ശല്യം ചെയ്യരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP