Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രിട്ടീഷ് എയർവേസ് മുതൽ എമിറേറ്റ്സ് വരെ സകല വിമാനക്കമ്പനികളും മിക്ക റൂട്ടുകളും റദ്ദ് ചെയ്യുന്നു; യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഏതാണ്ട് പൂർണമായും ഇല്ലാതായി; അമേരിക്കൻ ഫ്ലൈറ്റുകളും റദ്ദാവുന്നു; ഗൾഫ് വിമാന കമ്പനികൾ ജീവനക്കാർക്ക് നിർബന്ധിത അവധി നൽകുന്നു; കൊറോണ ചൈന വിട്ട് പടർന്നതോടെ സ്വയം ചെറുതായി ലോകം; മുൻകൂട്ടി നിശ്ചയിച്ച അവധികൾ പോലും റദ്ദ് ചെയ്യാൻ നിർബന്ധിതരായി പ്രവാസികൾ

ബ്രിട്ടീഷ് എയർവേസ് മുതൽ എമിറേറ്റ്സ് വരെ സകല വിമാനക്കമ്പനികളും മിക്ക റൂട്ടുകളും റദ്ദ് ചെയ്യുന്നു; യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഏതാണ്ട് പൂർണമായും ഇല്ലാതായി; അമേരിക്കൻ ഫ്ലൈറ്റുകളും റദ്ദാവുന്നു; ഗൾഫ് വിമാന കമ്പനികൾ ജീവനക്കാർക്ക് നിർബന്ധിത അവധി നൽകുന്നു; കൊറോണ ചൈന വിട്ട് പടർന്നതോടെ സ്വയം ചെറുതായി ലോകം; മുൻകൂട്ടി നിശ്ചയിച്ച അവധികൾ പോലും റദ്ദ് ചെയ്യാൻ നിർബന്ധിതരായി പ്രവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോകമെമ്പാടും കൊറോണ അനുദിനം പിടിമുറുക്കുകയും 90,306 പേർക്ക് രോഗം ബാധിക്കുകയും 3085 പേർ മരിക്കുകയും ചെയ്ത ഭീതിദമായ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ഒട്ടുമിക്ക വിമാക്കമ്പനികളും മിക്ക റൂട്ടുകളും റദ്ദ് ചെയ്യുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇത് പ്രകാരം ബ്രിട്ടീഷ് എയർവേസ് മുതൽ എമിറേറ്റ്സ് വരെ സകല വിമാനക്കമ്പനികളും യാത്ര മുടക്കിയിരിക്കുന്ന അവസ്ഥയാണുള്ളത്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഏതാണ്ട് പൂർണമായും ഇല്ലാതായിട്ടുണ്ട്. അമേരിക്കൻ ഫ്ലൈറ്റുകളും റദ്ദാക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

കൊറോണ മൂലം യാത്രക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതോടെ ഗൾഫ് വിമാന കമ്പനികൾ ജീവനക്കാർക്ക് നിർബന്ധിത അവധി നൽകുന്നുണ്ട്.ലോകത്തിന്റെ ഏത് കോണിലേക്കും മണിക്കൂറുകൾ കൊണ്ട് എത്തിച്ചേരാവുന്ന വിമാനങ്ങൾ ദൂരങ്ങളെ ഇല്ലാതാക്കുകയും ലോകത്തെ വിശാലമാക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ കൊറോണ ചൈന വിട്ട് പടർന്നതോടെ സ്വയം ചെറുതായിരിക്കുകയാണ് ലോകം. ഇത്തരത്തിൽ വിമാനങ്ങൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയതോടെ മുൻകൂട്ടി നിശ്ചയിച്ച അവധികൾ പോലും റദ്ദ് ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ് യുകെ മലയാളികൾ അടക്കമുള്ള പ്രവാസികൾ.

ബ്രിട്ടീഷ് എയർവേസ്, ഈസി ജെറ്റ്, റ്യാൻഎയർ തുടങ്ങിയ മിക്ക വിമാനക്കമ്പനികളും തങ്ങളുടെ മിക്ക അന്താരാഷ്ട്ര സർവീസുകളും അഭ്യന്തര സർവീസുകളും ഗണ്യമായി വെട്ടിക്കുറച്ചിരിക്കുന്നത് കടുത്ത കൊറോണ ഭീതിയിലാണ്. കൊറോണ ഭയത്താൽ മിക്ക റൂട്ടുകളിലും യാത്രക്കാരില്ലാത്തതും ഫ്ലൈറ്റുകൾ റദ്ദാക്കാൻ കാരണമായിത്തീർന്നിട്ടുണ്ട്.

ദീർഘദൂര-ഹ്രസ്വദൂര വിമാനങ്ങൾ വെട്ടിക്കുറച്ച് ബ്രിട്ടീഷ് എയർവേസ്

ബ്രിട്ടീഷ് എയർവേസ് നിരവധി ട്രാൻസ്അറ്റ്ലാന്റിക് വിമാനങ്ങൾ റദ്ദാക്കിയെന്ന് സ്ഥിരീകരിച്ചിരുന്നു. ലണ്ടനിൽ നിന്നും യുഎസിലേക്കുള്ള റൂട്ടുകൾ വെട്ടിക്കുറച്ചിരിക്കുന്നത് യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞതിനാലാണ്. ഹ്രസ്വദൂര വിമാനങ്ങൾ വെട്ടിക്കുറച്ചത് ഈസ്റ്റർ ഹോളിഡേസിന് പോകുന്നവരെ കഷ്ടത്തിലാക്കിയിട്ടുണ്ട്.യൂറോപ്പിലുടനീളമുള്ള അതായത് ഇറ്റലി, ഫ്രാൻസ്,ജർമനി,, അയർലണ്ട് തുടങ്ങിയിടങ്ങളിലേക്ക് അടക്കമുള്ള നിരവധി ഹ്രസ്വദൂരവിമാനങ്ങൾ മാർച്ച് 16 മുതൽ മാർച്ച് 31 വരെ വെട്ടിക്കുറയ്ക്കുന്നുവെന്നാണ് ബ്രിട്ടീഷ് എയർവേസ് ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന് പുറമെ ഹീത്രോയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള 12 ദീർഘദൂര വിമാനസർവീസുകളും ബ്രിട്ടീഷ് എയർവേസ് റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ചൈന, ഹോംഗ് , സിംഗപ്പൂർ , സിയോൾ തുടങ്ങിയിടങ്ങളിലേക്കുള്ള ഡസൻകണക്കിന് സർവീസുകളും ബ്രിട്ടീഷ് എയർവേസ് റദ്ദാക്കിയിട്ടുണ്ട്. ഇവയെല്ലാം സാധാരണയായി വളരെ ലാഭകരമായ റൂട്ടുകളാണ്.എന്നാൽ നിലവിൽ കൊറോണ ഭീതിയാൽ ഈ റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതാണ് ഇവ റദ്ദാക്കുന്നതിന് പ്രധാന കാരണം. ഹീത്രോവിൽ നിന്നുമുള്ള 171 ഹ്രസ്വദൂര വിമാനങ്ങൾ മാർച്ച് 17 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ വെട്ടിക്കുറയ്ക്കാൻ ബ്രിട്ടീഷ് എയർവേസ് തീരുമാനിച്ചിരിക്കുന്നു.

ഇതിൽ ഫ്രാൻസ്, ഇറ്റലി, ഓസ്ട്രിയ, ജർമനി, അയർലണ്ട്, , സ്വിറ്റ്സർലണ്ട് എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഉൾപ്പെടുന്നു.ഷാൻഗ്ഹായിലേക്കും ബീജിംഗിലേക്കുമുള്ള 58 വിമാനങ്ങളാണ് മാർച്ച് 31 വരെ റദ്ദാക്കിയിരിക്കുന്നത്. ഹോംഗ് കോംഗിലേക്കുള്ള 29 വിമാനങ്ങളും റദ്ദാക്കി. മാർച്ച് 15 മുതൽ സിംഗപ്പൂരിലേക്കുള്ള ആറ് വിമാനങ്ങളാണ് റദ്ദാക്കുന്നത്. ജോൺ എഫ് കെന്നഡി എയർപോർട്ടിലേക്കുള്ള 12 വിമാനങ്ങൾ റദ്ദാക്കാൻ പോകുന്തന് മാർച്ച് 17നും 28നും ഇടയിലാണ്. ലണ്ടൻ സിറ്റിയിൽ നിന്നും ബെർലിൻ, ഡുസെൽഡോർഫ്, ഫ്രാങ്ക്ഫർട്ട്, മ്യൂണിച്ച്, വെനീസ്, റോം, മിലാൻ, ഫ്ലോറൻസ്എന്നിവിടങ്ങളിലേക്കുള്ള 26 വിമാനങ്ങളാണ് മാർച്ച് 17നും 28നും ഇടയിൽ റദ്ദാക്കാൻ പോകുന്നത്.

വിമാനങ്ങൾ റദ്ദാക്കാൻ നിർബന്ധിതമായി ഈസി ജെറ്റും

കൊറോണബാധയുടെ പശ്ചാത്തലത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കാൻ ഈസിജെറ്റും നിർബന്ധിതമായിട്ടുണ്ട്. ഗാത്വിക്ക്, ബ്രിസ്റ്റോൾ, ഈസ്റ്റ് മിഡ്ലാൻഡ്സ്, ലുട്ടൻ, സ്റ്റാൻസ്റ്റെഡ്, ബെർമിങ്ഹാം, മാഞ്ചസ്റ്റർ, ലിവർപൂൾ, എഡിൻബർഗ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി വിമാനങ്ങൾ കമ്പനി റദ്ദാക്കുകയും വരും നാളുകളിൽ റദ്ദാക്കാൻ പോകുന്നുമുണ്ട്. ടുറിൻ, മിലാൻ, വെറോണ, വെനീസ്, പിസ, ഫ്ലോറൻസ്, അൻകോണ, റോം, നേപ്പിൾസ് തുടങ്ങിയവ അടക്കമുള്ള നിരവധി നഗരങ്ങളിലേക്കുള്ള 500 വിമാനങ്ങളാണ് ഈസി ജെറ്റ് റദ്ദാക്കിയിരിക്കുന്നത്.

റ്യാൻ എയർ

ഇറ്റലിയിയിൽ നിന്നും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളിൽ 25 ശതമാനം വെട്ടിക്കുറയ്ക്കലാണ് റ്യാൻ എയർ വരുത്താനൊരുങ്ങുന്നത്.യൂറോപ്പിലെ കൊറോണ ബാധയുടെ തലസ്ഥാനമായി ഇറ്റലി മാറിയതിനെ തുടർന്നാണിത്. മാർച്ച് 17 മുതൽ ഏപ്രിൽ ഒമ്പത് വരെയാണ് ഇത്തരത്തിൽ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ പോകുന്നത്.

വെർജിൻ അറ്റ്ലാന്റിക്

ഹീത്രോവിൽ നിന്നും ഷാൻഗ്ഹായിലേക്കുള്ള 48 വിമാനങ്ങളാണ് ഏപ്രിൽ 19 വരെ വെർജിൻ അറ്റ്ലാന്റിക് വെട്ടിക്കുറച്ചിരിക്കുന്നത്.

ജീവനക്കാരോട് അവധിയെടുക്കാനാവശ്യപ്പെട്ടും സർവീസുകൾ വെട്ടിക്കുറച്ചും എമിറേറ്റ്സ്

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞിരിക്കുന്നതിനാൽ എമിറേറ്റ്‌സും അതിന്റെ വിമാന സർവീസുകൾ വെട്ടിച്ചുരുക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് തങ്ങളുടെ ജീവനക്കാരോട് ലീവ് എടുത്തുകൊള്ളാൻ എമിറേറ്റ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷത്തോളം ജീവനക്കാരോടാണ് എമിറേറ്റ്സ് ഇക്കാര്യം നിർദ്ദേശിച്ചിരിക്കുന്നത്. ഇവരിൽ 21,000 കാബിൻ ക്രൂ, 4000 പൈലറ്റുമാർ, എന്നിവരുൾപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ മെയിൻലാൻഡ് ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും എമിറേറ്റ്‌സ് റദ്ദാക്കിയിരുന്നു. ഇറാനിലേക്കുള്ള വിമാനങ്ങളും എമിറേറ്റ്‌സ് റദ്ദാക്കിയിരിക്കുന്നു.കൊറോണ ബാധിത രാജ്യങ്ങളിലേക്ക് യാത്രക്കാർ പോകുന്നത് കുറഞ്ഞിരിക്കുന്നത് കമ്പനിയെ സാരമായി ബാധിച്ചിട്ടുണ്ട്.

ഖത്തർ എയർവേസ്

മിഡിൽ ഈസ്റ്റിലെ പ്രധാന കാരിയറായ ഖത്തർ എയർവേസ് കൊറോണ ഭീഷണി കാരണം മെയിൻലാൻഡ് ചൈനയിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഫെബ്രുവരി മൂന്ന് മുതൽ റദ്ദാക്കിയിരിക്കുകയാണ്. ഫെബ്രുവരിയിൽ ഡോഹയിൽ നിന്നും ചൈനീസ് തലസ്ഥാനമായ ബീജിംഗിലേക്കും ചൈനയിലെ മറ്റ് നഗരങ്ങളായ ചെൻഗ്ഡു, ചോൻഗ് കിൻഗ്, ഗ്വാൻഗ്സൗ, ഹാൻഗ്സൗ, ഷാൻഗ്ഹായ് പു ഡോൻഗ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലേക്കുള്ള റിസർവേഷൻ ഖത്തർ എയർവേസ് അവസാനിപ്പിച്ചിരുന്നു.

ഗൾഫ് എയർ

കിങ്ഡം ഓഫ് ബഹറിനിലെ സിവിൽ ഏവിയേഷൻ അഫയേർസിന്റെ കടുത്ത നിർദ്ദേശം മാനിച്ച് വിവിധ ഇടങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുന്നുവെന്ന് ഗൾഫ് എയർ വെളിപ്പെടുത്തിയിട്ടുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഇത്തരത്തിൽ വിമാന സർവീസുകൾ റദ്ദാക്കുമെന്നാണ് കമ്പനി മുൻകുർ ജാമ്യമെടുക്കുന്നത്. ഇതിനാൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർ യാത്രക്ക് ഒരുങ്ങും മുമ്പ് വിവിധയിടങ്ങളിലേക്കുള്ള തങ്ങളുടെ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിച്ചുറപ്പാക്കണമെന്നും ഗൾഫ് എയർ അറിയിക്കുന്നു. +97317373737 എന്ന നമ്പറിൽ ഗൾഫ് എയർ കോൺടാക്ട് സെന്ററുമായും ബന്ധപ്പെടാവുന്നതാണ്.

എത്തിഹാദ്

കൊറോണ ബാധ ആരംഭിച്ച് അധികം കഴിയുന്നതിന് മുമ്പ് തന്നെ യുഎഇയിലെ എത്തിഹാദ് എയർവേസ് ബീജിങ്, ചൈനയിലെ മറ്റ് നഗരങ്ങൾ, ജപ്പാൻ തുടങ്ങിയിടങ്ങളിലേക്കുള്ള സർവീസുകൾ എത്തിഹാദ് റദ്ദാക്കിയിരുന്നു.ഇവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായതിനെ തുടർന്നാണിത്.കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ അബുദാബി ഹെൽത്ത് അഥോറിറ്റി, ലോകാരോഗ്യ സംഘടന, സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ തുടങ്ങിയവയുടെ ജാഗ്രതാ നിർദ്ദേശം ഉയർന്നതിനാലാണ് വിമാനങ്ങൾ വെട്ടിക്കുറച്ചതെന്ന് എത്തിഹാദ് പറയുന്നു.

എയർലൈൻസ് ഇന്റസ്ട്രിയെ കടുതത്ത പ്രതിസന്ധിയിലാക്കി കൊറോണ

കൊറോണ വൈറസ് ബാധ ലോകമെമ്പാടുമുള്ള എയർലൈൻ ഇന്റസ്ട്രിയെ കടുത്ത രീതിയിൽ ബാധിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതനുസരിച്ച് ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർ കുത്തനെ കുറഞ്ഞിരിക്കുകയാണ്. മിക്കയിടങ്ങളിലും വിമാനങ്ങൾ റദ്ദ് ചെയ്യുന്നതേറി വരുകയാണ്. ചൈനയിലെ വിമാനയാത്രക്കാരുടെ എണ്ണം കുറഞ്ഞത് 80 ശതമാനമാണ്.ഇത്തരത്തിൽ കൊറോണ ഭീതിയിൽ വിമാനയാത്ര കുറഞ്ഞതോടെ കമ്പനികൾ അടച്ച് പൂട്ടൽ ഭീതിയിലായിട്ടുമുണ്ട്.

2001 സെപ്റ്റംബർ 11ന് യുഎസിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് ഏവിയേഷൻ എയർലൈൻ ഇന്റസ്ട്രി നേരിട്ടതിനേക്കാൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ഈ വർഷം മാത്രം 30 ബില്യൺ ഡോളറിന്റെ ഇടിവ് ഈ വ്യവസായത്തിനുണ്ടാകുമെന്നാണ് ഭയപ്പെടുന്നത്. ലോകമെമ്പാടും കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതിനെ തുടർന്ന് വിവിധ എയർലൈൻ കമ്പനികൾ തങ്ങളുടെ ഫ്‌ളൈറ്റുകൾ റദ്ദാക്കുകയും ഷെഡ്യൂളുകൾ നാൾക്ക് നാൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നത് വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ ആശങ്കകൾ ശക്തമായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP