Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ചൈനയിൽ മരണം ആയിരം കടന്നു; ഇന്നലെ മാത്രം കൊലയാളി വൈറസ് കൊന്നത് 103 പേരെ; ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാമെന്ന വിലയിരുത്തലുമായി ലോകാരോഗ്യ സംഘടനാ മേധാവി; ചൈനയ്ക്ക് പുറത്തും വൈറസ് വ്യാപിക്കുന്നത് ആശങ്ക കൂട്ടുന്നു; കേരളത്തിൽ എല്ലാം നിയന്ത്രണ വിധേയം; കൊറോണ ഭീഷണിയിൽ നിന്ന് മുക്തി നേടിയെന്ന് ആരോഗ്യമന്ത്രി ശൈലജ

ചൈനയിൽ മരണം ആയിരം കടന്നു; ഇന്നലെ മാത്രം കൊലയാളി വൈറസ് കൊന്നത് 103 പേരെ; ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാമെന്ന വിലയിരുത്തലുമായി ലോകാരോഗ്യ സംഘടനാ മേധാവി; ചൈനയ്ക്ക് പുറത്തും വൈറസ് വ്യാപിക്കുന്നത് ആശങ്ക കൂട്ടുന്നു; കേരളത്തിൽ എല്ലാം നിയന്ത്രണ വിധേയം; കൊറോണ ഭീഷണിയിൽ നിന്ന് മുക്തി നേടിയെന്ന് ആരോഗ്യമന്ത്രി ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: ചൈനയിലെ കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. 1011 പേരാണ് മരിച്ചതെന്നാണ് ചൈന സ്ഥിരീകരിക്കുന്നത്. ഇന്നലെ മാത്രം 103 പേർമിച്ചു. ഇതുവരെ 40,171 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. ഞായറാഴ്ച മാത്രം 3062 പേർക്കാണ് വൈറസ് ബാധിച്ചത്. സ്ഥിതിഗതികൾ അതിഗുരുതരമായ സാഹചര്യത്തിൽ ലോകാരോഗ്യസംഘടന ചൈനയിലേക്ക് അന്താരാഷ്ട്ര വിദഗ്ധസംഘത്തെ അയച്ചു. അതേസമയം, കൊറോണ വൈറസിനെ ചെറുക്കാൻ ഇന്ത്യ നൽകുന്ന പിന്തുണയെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് പ്രശംസിച്ചു. ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നായിരുന്നു ഷീ ജിൻപിങ്ങിന്റെ പ്രതികരണം. കേരളത്തിൽ കൊറോണ ഭീതി അകലുന്നതായാണ് റിപ്പോർട്ട്.

ചൈനയ്ക്കുപുറത്തും വൈറസ് വ്യാപകമായി വർധിച്ചതാണ് ആശങ്കവർധിക്കാൻ കാരണം. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാമെന്നാണ് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയെസൂസ് അഭിപ്രായപ്പെട്ടത്. യു.എസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ വിദഗ്ദ്ധർ അടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച ചൈനയിലെത്തിയിട്ടുള്ളത്. 3062 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിൽ മരിച്ചവരിൽ രണ്ടുപേർ വിദേശികളാണ്. 27 വിദേശികളിൽ രോഗം മാറിയ മൂന്നുപേരെ ആശുപത്രിയിൽനിന്ന് വിട്ടു. ഹോങ്കോങ്ങിൽ രോഗം ബാധിച്ചവരിൽ ഒരാൾ മരിച്ചിരുന്നു. ഒടുവിൽ മരിച്ച 98 പേരിൽ 92 പേരും ഹൂബെയ് പ്രവിശ്യയിലാണ്. രണ്ടുപേർ ഹെയ്ലോങ്ജിയാങ് പ്രവിശ്യയിലും ഓരോരുത്തർ ജിയാങ്ഷി, ഹൈനാൻ, ഗാൻസു പ്രവിശ്യകളിലും മരിച്ചു. ചൈനയ്ക്കു പുറത്ത് 27 രാജ്യങ്ങളിലായി മുന്നൂറോളം പേർക്കാണ് രോഗബാധ.

രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയ 3.99 ലക്ഷം പേരെ കണ്ടെത്തിയതിൽ 29307 പേരെ കുഴപ്പമില്ലെന്നു കണ്ട് വിട്ടയച്ചു. 1.87 ലക്ഷം പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്. 4008 പേർകൂടി രോഗബാധ സംശയിക്കപ്പെടുന്നവരായുണ്ട്. മൊത്തം സംശയിക്കപ്പെടുന്നവർ 23,589. ചൈനയിലേക്ക് പോവാത്തവരിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എണ്ണത്തിൽ വളരെ കുറവാണെങ്കിലും ഇതുയർത്തുന്ന ഭീഷണി വളരെ വലുതാണ്. വിവിധരാജ്യങ്ങളിലെ സാഹചര്യം പരിഗണിക്കുമ്പോൾ വലിയതോതിൽ പടരാൻ സാധ്യതയുണ്ടെന്നും ടെഡ്രോസ് പറഞ്ഞു. കഴിഞ്ഞമാസം ലോകാരോഗ്യസംഘടനാ മേധാവിയുടെ നേതൃത്വത്തിൽ വിദഗ്ധസംഘം ബെയ്ജിങ്ങും വൈറസ് പൊട്ടിപ്പുറപ്പെട്ട ഹുബൈ പ്രവിശ്യയിലെ പ്രധാന സ്ഥലങ്ങളും സന്ദർശിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ആരോഗ്യ, ധനകാര്യവകുപ്പു മന്ത്രിമാർ എന്നിവരുമായി ചർച്ചയും നടത്തി. അതിനുശേഷമാണ് ജനുവരി 30-ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അതിനിടെ കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാൻതീരത്ത് തടഞ്ഞിട്ട ഡയമണ്ട് പ്രിൻസസ് യാത്രക്കപ്പലിൽ ജീവനക്കാർക്ക് പുറമേ യാത്രക്കാരിലും ഇന്ത്യക്കാരുണ്ടെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. എന്നാൽ 3711 യാത്രക്കാരുള്ള കപ്പലിൽ എത്ര ഇന്ത്യക്കാരുണ്ടെന്ന് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് ജപ്പാൻതീരത്ത് ഡയമണ്ട് പ്രിൻസസ് എത്തിയത്. ഹോങ്കോങ്ങിലിറക്കിയ യാത്രക്കാരൻ കൊറോണ വൈറസ് ബാധിതനാണെന്ന് വ്യക്തമായതിനെത്തുടർന്നാണ് കപ്പൽ തടഞ്ഞുവച്ചത്. തിങ്കളാഴ്ച കപ്പലിലെ 60 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കപ്പലിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 130 ആയി.

''ജപ്പാൻതീരത്ത് തടഞ്ഞ ഡയമണ്ട് പ്രിൻസസ് കപ്പലിൽ ഇന്ത്യക്കാരായ ജോലിക്കാരും യാത്രികരുമുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾക്കായി ടോക്യോയിലുള്ള ഇന്ത്യൻ എംബസിയിലോ വിദേശകാര്യ മന്ത്രാലയത്തിലോ പ്രധാനമന്ത്രിയുടെ ഓഫീസിലോ ബന്ധപ്പെടണം '' - ടോക്യോയിലുള്ള ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. അടച്ചിട്ട മുറിയിലിരിക്കുന്നതും കൃത്യമായ ചികിത്സ ലഭിക്കാത്തതും യാത്രാക്കാരെ പ്രതികൂലമായി ബാധിക്കുന്നതായാണ് വിദേശ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. ജപ്പാൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 600 പേർക്ക് അടിയന്തര ആരോഗ്യ പരിപാലനം ആവശ്യമാണ്. എന്നാൽ, ഇതിൽ പകുതിപേർക്ക് മാത്രമാണ് ചികിത്സ ലഭ്യമാക്കാനായത്.

കേരളത്തിൽ ഭീതി ഒഴിയുന്നു

രാജ്യത്തെ ആദ്യ കൊറോണ വൈറസ് രോഗിയായ വിദ്യാർത്ഥിനി സുഖം പ്രാപിക്കുന്നു. ആദ്യ റിസൽട്ടുകൾ നെഗറ്റീവ് ആയതോടെ ഇനിയുള്ള പരിശോധനാ ഫലങ്ങൾ കാത്തിരിക്കുകയാണ് ഡോക്ടർമാർ. തുടർച്ചയായി മൂന്ന് തവണ റിസൽട്ട് നെഗറ്റീവായാൽ രോഗമുക്തയായെന്ന് ഡോക്ടർമാർക്ക് ഉറപ്പിക്കാം. ചെറിയ പരിശോധനകൾക്ക് ശേഷം വിദ്യാർത്ഥിനിക്ക് ആശുപത്രി വിടുകയും ചെയ്യാം. അതിന് മുമ്പ് പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ കൂടി പരിശോധിക്കും. തൃശൂരിലാണ് രോഗി ചികിൽസയിലുള്ളച്

അതിനിടെ, തൃശ്ശൂർ ജില്ലയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന മൂന്ന് പേരെ ഡിസ്ചാർജ് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. തൃശ്ശൂരിൽ നിലവിൽ ആറു പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 234 പേർ നിരീക്ഷണത്തിലുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ വ്യക്തമാക്കി. അതിനിടെ, ഏങ്ങണ്ടിയൂരിൽ കൊറോണ വൈറസിനക്കുറിച്ചുള്ള വ്യാജവാർത്ത പ്രചരിപ്പിച്ച അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ സ്വദേശി വേണുഗോപാൽ, മകൻ അഖിൽ വേണുഗോപാൽ എന്നിവരാണ് പിടിയിലായത്.

കാസർകോട് ജില്ലയിൽ പരിശോധനയ്ക്കായി ആകെ അയച്ച 22 സാമ്പിളുകളിൽ 21ഉം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ഇനി കാസർകോട്ട് കൊറോണ ബാധയ്ക്ക് ചികിത്സയിൽ തുടരുന്നത് നേരത്തെ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥി മാത്രമാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3367 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവരിൽ 3336 പേർ വീടുകളിലും, 31 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 364 സാമ്പിളുകൾ എൻഐവിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 337 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP