Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിയിൽ കൊറോണ നിരീക്ഷണത്തിലിരുന്ന 30 പേരുടെ പരിശോധന ഫലം നെഗറ്റീവ്; ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിയ 21 മലയാളികൾക്ക് രോഗലക്ഷണങ്ങളില്ല; എറണാകുളത്ത് മാത്രം വീടുകളിൽ നിരീക്ഷണത്തിലുള്ളത് 500 പേർ; തിരുവനന്തപുരത്തും കൊല്ലത്തും അതിജാഗ്രതാ നിർദ്ദേശം; മാനസികാരോഗ്യ പരിപാടിയുമായി ആരോഗ്യവകുപ്പും; ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; ധനസഹായവും പ്രഖ്യാപിച്ചു; രോഗബാധയേറ്റ് മരിച്ച കുടുംബത്തിന് നാല് ലക്ഷം ധനസഹായം നൽകുമെന്ന് കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊച്ചിയിൽ കൊറോണ വൈറസ് ബാധ സംശയിച്ചിരുന്ന 30 പേരുടെ പരിശോധന ഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച സാംപിൾ പരിശോധന ഫലം ശനിയാഴ്ചയാണ് ലഭിച്ചത്. നിലവിൽ അഞ്ഞൂറിലേറെ പേർ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. അതേസമയം ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിയ 21 മലയാളികൾക്ക് രോഗലക്ഷണങ്ങളില്ലെന്ന് കണ്ടെത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇവരെ വീടുകളിലേക്ക് അയച്ചു. വീട്ടിൽ നിരീക്ഷണത്തിൽ തുടരണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിൽ കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരാണ് എറണാകുളം ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജ്, മൂവാറ്റുപുഴ ജനറൽ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നിരവധി പേർ എൊസൊലേഷനിൽ തുടരുകയാണ്. ഇവരിൽ ലണ്ടനിൽനിന്നുള്ള രണ്ട് വിദേശികളുമുണ്ട്.അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. കൊറോണ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിലെ സന്ദർശക ഗാലറി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു

രാജ്യത്ത് പടർന്നുപിടിക്കുകയും രണ്ടുപേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കോവിഡ് 19 രോഗബാധയെ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ദുരിതബാധിതർക്ക് ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ഫണ്ട് അനുവദിക്കാൻ സാധിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. ഇതനുസരിച്ച് രോഗബാധയെ തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും.

കോവിഡ് 19നെ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. ഇതിന് പുറമേ രോഗബാധ രാജ്യത്ത് പടർന്നുപിടിക്കുന്നതും കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ദുരിതബാധിതർക്ക് ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് കോവിഡ് 19നെ ദുരന്തമായി പ്രഖ്യാപിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനിടെ അപായം സംഭവിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കും ധനസഹായം ഉറപ്പാക്കും. മരണകാരണം വ്യക്തമാക്കുന്ന ഉത്തരവാദിത്തപ്പെട്ടവരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സഹായധനം അനുവദിക്കുകയെന്നും കത്തിൽ പറയുന്നു. നിലവിൽ രാജ്യത്ത് 88 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്ന് ഇതുവരെ രണ്ടുപേരാണ് രാജ്യത്ത് മരിച്ചത്.

കേരളത്തിൽ ഇതുവരെ 22 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിക്കുകയും രോഗബാധിത പ്രദേശങ്ങളിൽ നിന്ന് തിരിച്ചെത്തിയ 300 ഓളം പേർ ആശുപത്രിയിൽ ചികിത്സയിലും 5500 ഓളം പേർ വീട്ടിലെ നിരീക്ഷണത്തിലും ഉള്ള സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. വീട്ടിലും ആശുപത്രിയിലും കഴിയുന്നവർക്കും അവരുടെ ബന്ധുക്കൾക്കും ഉള്ള ആശങ്ക കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നത്.

2018 ലെ പ്രളയത്തിലും നിപാ വൈറസ് ബാധ സമയത്തും 2019ലെ ഉരുൾപ്പൊട്ടലിലും കോവിഡ്-19 രോഗ ബാധയുടെ ഒന്നാംഘട്ടത്തിലും വിജയകരമായി നടപ്പിലാക്കിയ മാനസികാരോഗ്യ ദുരന്തനിവാരണ പ്രവർത്തനങ്ങളാണ് പുതിയ സാഹചര്യത്തിലും നടപ്പിലാക്കുന്നത്. 2018ലെ പ്രളയത്തെ തുടർന്ന് രണ്ടര ലക്ഷത്തിലധികം പേർക്കും ഉരുൾപ്പൊട്ടലിൽ അരലക്ഷത്തിലധികം പേർക്കുമാണ് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാൻ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

ഒരുവശത്ത് നിരീക്ഷണത്തിലുള്ളയാളിന്റെ മാനസികാവസ്ഥ മറുവശത്ത് പ്രിയപ്പെട്ടവരെ കുറിച്ചുള്ള ചിന്തകൾ. അതേ സമയം ഇവരെപ്പറ്റിയുള്ള പ്രിയപ്പെട്ടവരുടെ ആശങ്കകൾ... ഇതാണ് കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നവരുടെ അവസ്ഥ. ഇങ്ങനെയൊരവസ്ഥയിൽ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ടെൻഷൻ, വിഷമം, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ പരിഹരിക്കുക്കാനാണ് മാനസികാരോഗ്യ പരിപാടി ശക്തിപ്പെടുത്തിയത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 150 ഓളം മാനസികോരോഗ്യ വിദഗ്ധരെയാണ് സജ്ജമാക്കിയിട്ടുള്ളത്.

ഇതുവരെ 6450 ടെലിഫോണിക്ക് കൗൺസിലിങ് സേവനങ്ങളാണ് നൽകിയത്. നിരീക്ഷണത്തിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ വിദഗ്ദ്ധർ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് അതിനുള്ള പരിഹാരമാർഗങ്ങളും ചികിത്സയും നിർദ്ദേശിക്കുകയും ചെയ്യും. കുടുംബാംഗങ്ങൾക്കും ആവശ്യമെങ്കിൽ കൗൺസിലിങ് നൽകുന്നതാണ്. കൂടാതെ അവർക്ക് തിരിച്ച് ബന്ധപ്പെടുവാൻ വേണ്ടി ഹെൽപ് ലൈൻ നമ്പർ നൽകുകയും ചെയ്യുന്നു.

ഇതിന് പുറമെ കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ഐസോലേഷൻ വാർഡുകളിൽ കഴിയുന്നവരെ പ്രത്യേകമായി വിളിക്കുകയും സാന്ത്വനം നൽകുകയും ചെയ്യുന്നതിനൊപ്പം അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു പറ്റുന്നിടത്തോളം സേവനങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

ഓരോ ജില്ലയിലും ഇതിനായി ഒരു ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തിൽ ദിശ ഹെൽപ് ലൈൻ 1056, 0471 255 2056 എന്നീ നമ്പരുകളിൽ 24 മണിക്കൂറും ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP