Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രക്തദാതാവിന് എയ്ഡ്‌സോ ഹെപ്പറ്റൈറ്റീസോ ഇല്ലെന്ന് ഉറപ്പിക്കാൻ വേണ്ടത് ചെലവേറിയ പരിശോധനകൾ; ഒരാളിൽ നിന്ന് പ്ലാസ്മാ ശേഖരിക്കാൻ 20,000 രൂപ വരെ ചെലവു വരും; രോഗം ഭേദമായ ആളുടെ ആന്റി ബോഡിയിലെ ജനിതക ഘടന ചികിൽസയിലുള്ള വ്യക്തിയുടേതിന് സമാനായാൽ മാത്രം മരുന്ന് പരിപൂർണ്ണ വിജയം; രക്തദാതാക്കളെ കണ്ടെത്തുകയും പ്രയാസം; ഗുരുതരാവസ്ഥയിൽ ഉള്ളവർക്ക് ആശ്വാസമാകുമെന്നത് പ്രതീക്ഷയും; ശ്രീചിത്രയുടെ കൊറോണയിലെ പ്ലാസ്മാ ഗവേഷണത്തിന് മുമ്പിൽ വെല്ലുവിളികൾ ഏറെ

രക്തദാതാവിന് എയ്ഡ്‌സോ ഹെപ്പറ്റൈറ്റീസോ ഇല്ലെന്ന് ഉറപ്പിക്കാൻ വേണ്ടത് ചെലവേറിയ പരിശോധനകൾ; ഒരാളിൽ നിന്ന് പ്ലാസ്മാ ശേഖരിക്കാൻ 20,000 രൂപ വരെ ചെലവു വരും; രോഗം ഭേദമായ ആളുടെ ആന്റി ബോഡിയിലെ ജനിതക ഘടന ചികിൽസയിലുള്ള വ്യക്തിയുടേതിന് സമാനായാൽ മാത്രം മരുന്ന് പരിപൂർണ്ണ വിജയം; രക്തദാതാക്കളെ കണ്ടെത്തുകയും പ്രയാസം; ഗുരുതരാവസ്ഥയിൽ ഉള്ളവർക്ക് ആശ്വാസമാകുമെന്നത് പ്രതീക്ഷയും; ശ്രീചിത്രയുടെ കൊറോണയിലെ പ്ലാസ്മാ ഗവേഷണത്തിന് മുമ്പിൽ വെല്ലുവിളികൾ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് മുക്തി കൈവരിച്ചയാളുടെ രക്തത്തിൽ നിന്ന് വൈറസിനെതിരെ പ്രവർത്തിക്കുന്ന ആന്റിബോഡി വേർതിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്കു നൽകുന്ന 'കോൺവലസെന്റ് സീറ' ചികിത്സാരീതിയുമായി മുമ്പോട്ട് പോകാൻ തടസ്സങ്ങൾ ഏറെ. ഇതിന്റെ ചെലവാണ് പ്രധാന കാരണം. ഇതിനൊപ്പം രോഗ വിമുക്തിയുണ്ടോ എന്ന് പൂർണ്ണമായും ഇറപ്പിക്കാനും കഴിയില്ല. രോഗം ഭേദമായവരുടെ ശരീരത്തിൽ നിന്നുള്ള ആന്റിബോഡി ഉപയോഗിച്ച് ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിൽസിക്കുന്ന പ്‌ളാസ്മാ തെറപ്പിക്ക് കേരളത്തിൽ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പഠനാനുമതി ലഭിച്ചിരുന്നു. എന്നാൽ ഏറെ ചെലവുള്ളതാണ് ഈ പദ്ധതി.

ഒരാളുടെ പ്ലാസ്മ ശേഖരിക്കുന്നതിനും പരിശോധനകൾക്കുമായി 15,000- 20,000 രൂപ വരെ ചെലവ് വരും. പ്ലാസ് ശേഖരിക്കുന്നതിന് എളുപ്പമാർഗ്ഗമുണ്ടെങ്കിലും രക്തം സ്വീകരിച്ച ആളിന് എയ്ഡ്‌സും ഹെപ്പറ്റൈറ്റീസും ഒന്നുമില്ലെന്ന് ഉറപ്പാക്കണം. ഇത്തരം രാസ പരിശോധനകൾ എടുക്കുന്ന ആളുടെ രക്തത്തിൽ നടത്താൻ വലിയ ചെലവ് വേണ്ടിവരും. ഇങ്ങനെ പ്ലാസ് വേർതിരിച്ചാലും അത് പൂർണ്ണ വിജയമാണെന്ന് ഉറപ്പിക്കാനാകില്ല. പ്ലാസ്മ എടുത്ത ആളിന്റേയും അത് നൽകുന്ന വ്യക്തിയുടേയും ജനിതക ഘടങ്ങളിലെ വ്യത്യാസം പോലും മരുന്നിന്റെ ഫലപ്രാപ്തിയെ സ്വാധീനിക്കും. എങ്കിലും കൊറോണയിൽ അതീവ ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് പ്ലാസ്മ ചികിൽസ പരീക്ഷിക്കാവുന്നതാണ്. ജനിതക ഘടനയിൽ സാമ്യമുണ്ടെങ്കിൽ ഇവർക്ക് രോഗത്തെ അതിജീവിക്കാനും കഴിയും.

പ്ലാസ്മാ ചികിൽസാ ഗവേഷണത്തിന് ശ്രീചിത്രയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. പ്രാഥമിക അംഗീകാരം ലഭിച്ചതിനാൽ ഐസിഎംആറിന്റെ ഗവേഷണ ഫണ്ട് ഇതിനായി ലഭിക്കാനും സാധ്യതയുണ്ട്. ഡ്രഗ് കൺട്രോളറുടെ അനുമതി കൂടി ലഭിച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്ലാസ്മ ശേഖരിച്ചുതുടങ്ങാം. പ്ലാസ്മഫെറസിസ് എന്ന പ്രക്രിയയിലൂടെ ബ്ലഡ് പ്ലാസ്മ മാത്രമാണു ശേഖരിക്കുക. രക്തത്തിൽ ആന്റിബോഡിയുടെ അളവ് കണ്ടെത്താനുള്ള ഐജിജി എലൈസ ടെസ്റ്റിങ് സംവിധാനം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ ഒരാഴ്ചയ്ക്കുള്ളിൽ സജ്ജമാക്കും. ചട്ടമനുസരിച്ച് എല്ലാ അനുമതിയും ലഭിച്ച ശേഷമേ പ്ലാസ്മ ദാതാവിനെ സമീപിക്കാൻ കഴിയൂ. കോവിഡ് ഭേദമായ ശ്രീചിത്രയിലെ ഡോക്ടർ പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധതയറിച്ചതായി സൂചനയുണ്ട്.

രോഗം ഭേദമായവരിൽ നിന്ന് മതിയായ അളവിൽ പ്ലാസ്മ ലഭിക്കുമോ എന്നതും വ്യക്തമല്ല. രോഗം ഭേദമായ എല്ലാവരും രക്തം ദാനം ചെയ്യാൻ തയാറാകണമെന്നുമില്ല. പൊതുവെ, വാക്സിൻ പ്രവർത്തിക്കുമ്പോൾ പ്രതിരോധ സംവിധാനം ആന്റിബോഡി ഉൽപാദിപ്പിക്കുകയും അത് ആയുഷ്‌കാല പ്രതിരോധ ശേഷി നൽകുകയുമാണു ചെയ്യുന്നത്. പക്ഷേ ജനിതക വിത്യാസം ഇതിനേയും സ്വാധീനിക്കും. രോഗം ഭേദമായ വ്യക്തിയുടെ ശരീരത്തിൽ വൈറസിനെതിരെ പ്രവർത്തിക്കുന്ന ആന്റിബോഡി വേർതിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിൽസിക്കുന്ന 'കോൺവലസെന്റ് സെറ' ചികിൽസാരീതിക്കാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതി ലഭിച്ചിരിക്കുന്നത്.

രോഗം ഭേദപ്പെട്ട ആളുടെ ശരീരത്തിലെ ആന്റിബോഡി അളവ് തൃപ്തികരമെങ്കിൽ ആ വ്യക്തിയുടെ പൂർണ സമ്മതത്തോടെ രക്തത്തിൽ നിന്ന് പ്‌ളാസ്മ വേർതിരിച്ചെടുക്കും. അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനും ഈ ചികിൽസാ രീതിക്ക് അനുമതി നല്കിയിട്ടുണ്ട്. ആന്റിബോഡി പരിശോധനയ്ക്കുള്ള കിറ്റുകളും എത്തണം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നാളജിയാണ് ആന്റിബോഡി പരിശോധന നടത്തുക. വിജയ സാധ്യത നിർണയിച്ചിട്ടില്ലെങ്കിലും ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ രോഗികളിൽ ഫലപ്രദമായിരുന്നെന്നാണ് വിലയിരുത്തൽ. കൊറോണ വൈറസ് പോലെയുള്ള ഒരു രോഗാണു പകരുമ്പോൾ നമ്മുടെ പ്രതിരോധ സംവിധാനം ആന്റിബോഡികൾ ഉത്പാദിപ്പിക്കും. ഈ ആന്റിബോഡികൾ വൈറസിനെ തിരിച്ചറിഞ്ഞ് നശിപ്പിക്കും. രോഗം ഭേദമായവരുടെ രക്തത്തിൽ നിന്ന് ആന്റിബോഡി വൻതോതിൽ ശേഖരിക്കുകയും രോഗിയുടെ ഉള്ളിലേക്കു സന്നിവേശിപ്പിക്കുകയുമാണ് ഈ ചികിത്സ ചെയ്യുന്നത്. ആന്റിബോഡികളുടെ സഹായത്തോടെ പ്രതിരോധ സംവിധാനത്തിന് വൈറസിനെ നേരിടാനുള്ള കരുത്ത് വർധിക്കുന്നു.

കൊവിഡ് 19 പൂർണമായി ഭേദമായവരിൽ നിന്നാണ് രക്തം ശേഖരിക്കുക. രോഗാണുക്കളെ നിർവീര്യമാക്കിയ ആന്റിബോഡിക്കു വേണ്ടി രക്തത്തിലെ സെറം വേർതിരിക്കുകയും ശേഷിനിർണയം നടത്തുകയും ചെയ്യുന്നു. പകർച്ചവ്യാധിമുക്തരിൽ, പ്രത്യേകിച്ചും ആന്റിബോഡി കൂടുതലുള്ളവരിൽ ഉണ്ടാകുന്ന സെറം കൺവെൽസെന്റ് സെറം ആയിരിക്കും. കൊവിഡ് രോഗിയിൽ അത് പ്രവർത്തനക്ഷമമാവുകയും പ്രതിരോധ ശേഷി നേടിയെടുക്കുകയും ചെയ്യുന്നു. വാക്‌സിൻ പ്രവർത്തിക്കുമ്പോൾ രോഗപ്രതിരോധ സംവിധാനം ആന്റിബോഡി ഉത്പാദിപ്പിക്കുകയും അത് ആയുഷ്‌കാല പ്രതിരോധ ശേഷി നൽകുകയും ചെയ്യുന്നു. എന്നാൽ, ഈ നിഷ്‌ക്രിയ ആന്റിബോഡി ചികിത്സയിൽ രക്തത്തിൽ സന്നിവേശിപ്പിച്ച ആന്റിബോഡി നിലനിൽക്കുന്ന കാലത്തോളം മാത്രമേ ഫലപ്രദമാവുകയുള്ളു.

നിലവിൽ ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ ഇല്ല. അതുകൊണ്ട്, എപ്പോഴെങ്കിലും ഒരു പുതിയ വൈറസ് പൊട്ടിപ്പുറപ്പെട്ടാൽ അതു ചികിത്സിക്കാൻ കൺവെൽസെന്റ് സെറം ഉപയോഗപ്പെടുത്താൻ കഴിയും. 2009-2010ലെ എച്ച്1എൻ1 ഇൻഫ്ളുവൻസാ വൈറസ് പകർച്ചവ്യാധി ഉണ്ടായപ്പോൾ രോഗികളിൽ തീവ്രപരിചരണം ആവശ്യമുള്ളവർക്ക് ഇത് ഉപയോഗിച്ചിരുന്നു. ചികിൽസയ്ക്കു ശേഷം ആ രോഗികളുടെ നില മെച്ചപ്പെട്ടതായി കാണുകയും മരണ നിരക്ക് കുറയുകയും ചെയ്തു. 2018ലെ എബോള പകർച്ചവ്യാധിക്കാലത്തും ഇതേ രീതി ഉപയോഗപ്പെടുത്തി. ഇതാണ് കൊറോണയിലും പരീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP