Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എപ്പിഡമിയോളജിക്കൽ അന്വേഷണത്തിൽ കണ്ടെത്തിയത് രോഗം കിട്ടാനുള്ള സാധ്യത മാത്രം; വ്യാപനം തുടങ്ങിയ ആദ്യ രോഗി ആരെന്നത് ഇന്നും അജ്ഞാതം; തിരുവനന്തപുരത്തും എറണാകുളത്തും പൊന്നാനിയിലും സമൂഹ വ്യാപ ആശങ്ക അതിശക്തം; തലസ്ഥാനം കർശന നിയന്ത്രണത്തിലേക്ക്; സെക്രട്ടറിയേറ്റിലും സർക്കാർ ഓഫീസുകളിലും അതിശക്തമായ മുൻകരുതൽ; കോവിഡിൽ പ്രതിരോധ മോഡലിൽ വിള്ളൽ വീണെന്ന് സംശയം; കൊറോണ കേരളത്തിനും ഭീതിയാകുമ്പോൾ

എപ്പിഡമിയോളജിക്കൽ അന്വേഷണത്തിൽ കണ്ടെത്തിയത് രോഗം കിട്ടാനുള്ള സാധ്യത മാത്രം; വ്യാപനം തുടങ്ങിയ ആദ്യ രോഗി ആരെന്നത് ഇന്നും അജ്ഞാതം; തിരുവനന്തപുരത്തും എറണാകുളത്തും പൊന്നാനിയിലും സമൂഹ വ്യാപ ആശങ്ക അതിശക്തം; തലസ്ഥാനം കർശന നിയന്ത്രണത്തിലേക്ക്; സെക്രട്ടറിയേറ്റിലും സർക്കാർ ഓഫീസുകളിലും അതിശക്തമായ മുൻകരുതൽ; കോവിഡിൽ പ്രതിരോധ മോഡലിൽ വിള്ളൽ വീണെന്ന് സംശയം; കൊറോണ കേരളത്തിനും ഭീതിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തും എറണാകുളത്തും പൊന്നാനിയിലും അതിഗുരുതര സാഹചര്യം. കൊച്ചി ചമ്പക്കര മാർക്കറ്റും തിരുവനന്തപുരത്ത് പാളയവും കേരളത്തിന് തലവേദനയാകുകയാണ്. രണ്ടിടത്തും കോവിഡിന്റെ സമൂഹ വ്യാപനം ഉണ്ടായോ എന്ന സംശയം സജീവമാണ്. രോഗസ്രോതസ്സ് അറിയാത്ത രോഗികളുടെ എണ്ണം കൂടുകയാണ്.

മലപ്പുറം ജില്ലയിലാണ് സ്രോതസ്സ് വ്യക്തമല്ലാതിരുന്ന ഏറ്റവും കൂടുതൽ രോഗികളുണ്ടായിരുന്നത്32 പേർ. ഇതിൽ 20 പേരുടെ അന്വേഷണം പൂർത്തിയായപ്പോൾ 17 പേരുടെ രോഗസ്രോതസ്സ് വ്യക്തമായെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. തിരുവനന്തപുരം (3), കൊല്ലം (2), ഇടുക്കി (1), കോട്ടയം (3), തൃശൂർ (2), പാലക്കാട് (3), മലപ്പുറം (3) കോഴിക്കോട് (1) എന്നിങ്ങനെയാണ് ഇപ്പോഴും സ്രോതസ്സ് അറിയാത്ത രോഗികളുടെ എണ്ണം. ഇതിൽ തിരുവനന്തപുരത്തും പൊന്നാനിയിലുമാണ് അതീവ ഗുരുതര സാഹചര്യം. കൊച്ചി മാർക്കറ്റിൽ കണ്ടെത്തിയ കോവിഡിന്റെ വ്യാപനത്തിൽ സർക്കാരിന് ഇനിയും വ്യക്തതയില്ല.

കേരളത്തിൽ രോഗസ്രോതസ്സ് അറിയാതിരുന്ന 106 പേർക്കു രോഗം പകർന്ന വഴി എപ്പിഡമിയോളജിക്കൽ അന്വേഷണം വഴി കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. അതേസമയം, ഇവർക്കു രോഗം കിട്ടാൻ സാധ്യത ഈ വഴിയാണ് എന്നതിലപ്പുറം വ്യാപനം തുടങ്ങി വച്ച ആദ്യരോഗികളെ (ഇൻഡക്‌സ് പേഷ്യന്റ്) കണ്ടെത്തിയതായി പറയുന്നില്ല. 18 പേരുടെ സ്രോതസ്സ് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. സ്രോതസ്സ് വ്യക്തമല്ലാതിരുന്ന 159 പേരിൽ 124 പേരുടെ അന്വേഷണമാണു പൂർത്തിയായത്.

യാത്രാചരിത്രമോ രോഗികളുമായി സമ്പർക്കമോ ഇല്ലാത്ത ഒട്ടേറെ പേർക്കു കോവിഡ് സ്ഥിരീകരിച്ചത് വ്യാപകമായ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. സമൂഹവ്യാപനത്തിന്റെ തെളിവായി വിദഗ്ദ്ധർ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. തുടർന്നാണ് എപ്പിഡമിയോളജിക്കൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയത്. രോഗികളുടെയും കുടുംബാംഗങ്ങളുടെയും യാത്രാവിവരങ്ങളും സമ്പർക്കപ്പട്ടികയും പൂർണമായി ശേഖരിച്ച് സംശയമുള്ളവരിലെല്ലാം രോഗപരിശോധനകൾ നടത്തിയാണു ഭൂരിഭാഗം പേരുടെയും സ്രോതസ്സ് കണ്ടെത്തിയതെന്ന് സർക്കാർ പറയുന്നു.

കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരം അതീവ ജാഗ്രതയിലേക്ക്. കണ്ടെയ്ന്മെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. പാളയം സാഫല്യം കോംപ്ലക്‌സിൽ ജോലി ചെയ്ത അതിഥിത്തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോംപ്ലക്‌സിന് പുറമെ പാളയം മാർക്കറ്റ് ഏഴ് ദിവസത്തേക്ക് പൂർണമായി അടച്ചിടും. നഗരത്തിലെ എല്ലാ കടകളും രാത്രി ഏഴിന് അടയ്ക്കണം. പഴം, പച്ചക്കറി കടകൾക്ക് തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ തുറക്കാം. പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി, ചിക്കൻ എന്നിവ വിൽക്കുന്ന കട ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. മത്സ്യ, മാംസ വിൽപനശാലകളടക്കം മറ്റുവ്യാപാര സ്ഥാപനങ്ങൾ ഓരോ വിഭാഗത്തിലും മൊത്തം സ്ഥാപനങ്ങളുടെ 50 ശതമാനം മാത്രം ഓരോ ദിവസവും പ്രവർത്തിച്ചാൽ മതി. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ മാളുകളിലെ സൂപ്പർ മാർക്കറ്റുകൾ പ്രവർത്തിക്കാം. അവധി ദിവസങ്ങളിൽ ഹോം ഡെലിവറി അനുവദിക്കും.

ഇന്നലെ രോഗം സ്ഥിരീകരിച്ചത് സാഫല്യ കോംപ്ലക്‌സിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ്, മറ്റൊരാൾ വഞ്ചിയൂരിൽ ലോട്ടറി വിൽപ്പന നടത്തുന്നയാൾ, മറ്റൊരാൾ മത്സ്യക്കച്ചവടം നടത്തുന്നയാൾ. ഇവർ നിരവധി ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരാണ്. രോഗവ്യാപന സാധ്യത കൂടുന്നതിനാൽ ഇവിടെ നിയന്ത്രണങ്ങൾ കർശനമാക്കും. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ ആളുകൾ യാത്രകൾ നടത്താവൂ. സെക്രട്ടേറിയറ്റിലും നിയന്ത്രണം കർശനമാക്കും. ഇ-ഫയൽ ഉപയോഗം വർധിപ്പിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്ക് വരുന്ന സന്ദർശകർ ആവശ്യമായ രേഖകൾ കാണിച്ചാൽ പ്രവേശനം അനുവദിക്കും. മന്ത്രിമാരുടെ ഓഫിസുകളിൽ എഴുതി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ മറ്റുള്ളവർക്കു പ്രവേശനം അനുവദിക്കൂ. സന്ദർശകരുടെ പേരു വിവരങ്ങൾ പ്രവേശന കവാടത്തിൽ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തും.

കേരളത്തിൽ ഇന്നലെ 211 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. മലപ്പുറം ജില്ലയിൽ നിന്നുള്ള 35 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 23 പേർക്കും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള്ള 21 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 18 പേർക്കും, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നിന്നുള്ള 17 പേർക്ക് വീതവും, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 14 പേർക്ക് വീതവും, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 2 പേർക്കും, വയനാട് ജില്ലയിൽ നിന്നും ഒരാൾക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 2098 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2839 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. യു.എ.ഇ.- 49, സൗദി അറേബ്യ- 45, കുവൈറ്റ്- 19, ഖത്തർ- 10, ഒമാൻ- 10, ബഹറിൻ- 2, ഐവറികോസ്റ്റ്- 1, ഖസാക്കിസ്ഥാൻ- 1, നൈജീരിയ- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നത്. ഡൽഹി- 9, മഹാരാഷ്ട്ര - 7, കർണാടക- 7, തമിഴ്‌നാട് - 6, തെലുങ്കാന- 4, ജമ്മുകാശ്മീർ- 3, ഛത്തീസ്‌ഗഡ്- 1, മധ്യപ്രദേശ്- 1, ജാർഘണ്ഡ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 27 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 12 പേർക്കും എറണാകുളം ജില്ലയിലെ 4 പേർക്കും തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ 3 പേർക്ക് വീതവും പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 2 പേർക്ക് വീതവും തൃശൂർ ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇത് കൂടാതെ കണ്ണൂർ ജില്ലയിലെ 6 സിഐഎസ്എഫ്കാർക്കും ഒരു എയർക്രൂവിനും രോഗം ബാധിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,77,011 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 10,813 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരിൽ 1,74,117 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2894 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 378 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7306 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,53,011 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4834 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 53,922 സാമ്പിളുകൾ ശേഖരിച്ചതിൽ 51,840 സാമ്പിളുകൾ നെഗറ്റീവ് ആയി.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി (കണ്ടൈന്മെന്റ് വാർഡ് 17), ബാലരാമപുരം (5), വഞ്ചിയൂർ (82), കാസർഗോഡ് ജില്ലയിലെ ബദിയഡുക്ക (12), എന്മകജെ (4), ബേഡഡുക്ക (3), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (18), കോങ്ങാട് (2), കുഴൽമന്ദം (5), ആലപ്പുഴ ജില്ലയിലെ നൂറനാട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP