Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌പെയിനിൽ നിന്നും മടങ്ങിയെത്തിയപ്പോൾ തന്നെ രോഗലക്ഷണങ്ങൾ കണ്ടതോടെ വിമാനത്താവളത്തിൽ വെച്ച് നിർദ്ദേശിച്ചത് ഹൗസ് ക്വാറന്റൈൻ; തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉന്നത ഗവേഷണ- ചികിത്സാ വിഭാഗത്തിലെ സീനിയർ ഡോക്ടർ നിർദ്ദേശം ലംഘിച്ച് രോഗികളെ പരിശോധിച്ചത് അഞ്ച് ദിവസം; ഡോക്ടർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഡോക്ടർ ചികിത്സിച്ച രോഗികളെ കണ്ടെത്താൻ പരക്കംപാഞ്ഞ് ആരോഗ്യ വകുപ്പും; തിരുവനന്തപുരത്തെ ഡോക്ടറുടെ അനാസ്ഥയിൽ അസ്വസ്ഥമായി ആരോഗ്യ കേരളം

സ്‌പെയിനിൽ നിന്നും മടങ്ങിയെത്തിയപ്പോൾ തന്നെ രോഗലക്ഷണങ്ങൾ കണ്ടതോടെ വിമാനത്താവളത്തിൽ വെച്ച് നിർദ്ദേശിച്ചത് ഹൗസ് ക്വാറന്റൈൻ; തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉന്നത ഗവേഷണ- ചികിത്സാ വിഭാഗത്തിലെ സീനിയർ ഡോക്ടർ നിർദ്ദേശം ലംഘിച്ച് രോഗികളെ പരിശോധിച്ചത് അഞ്ച് ദിവസം; ഡോക്ടർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഡോക്ടർ ചികിത്സിച്ച രോഗികളെ കണ്ടെത്താൻ പരക്കംപാഞ്ഞ് ആരോഗ്യ വകുപ്പും; തിരുവനന്തപുരത്തെ ഡോക്ടറുടെ അനാസ്ഥയിൽ അസ്വസ്ഥമായി ആരോഗ്യ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് കൊറോണ രോഗം സ്ഥിരീകരിക്കപ്പെട്ട ഡോക്ടർ മാർച്ച് രണ്ടിന് സ്പെയിനിൽ നിന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം ഏഴു മുതൽ 11 വരെ തീയതികളിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നതായും രോഗികളെ പരിശോധിച്ചിരുന്നതായും സ്ഥിരീകരിച്ചു. ഈ കാലയളവിൽ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് ശ്രമങ്ങൾ ആരംഭിച്ചു. ഡോക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവസങ്ങളിൽ ഈ വിഭാഗത്തിൽ ചികിത്സ തേടിയവരുടെയും ഒപ്പമുണ്ടായിരുന്നവരുടെയും മൊബൈൽ നമ്പറുകൾ ശേഖരിച്ച് രാത്രിതന്നെ ഇവരെ വിവരം അറിയിക്കുകയും,അടിയന്തര പരിശോധനകൾക്ക് എത്താൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉന്നത ഗവേഷണ- ചികിത്സാ സ്ഥാപനത്തിൽ സീനിയർ ഡോക്ടർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം മാർച്ച് രണ്ടിന് സ്പെയിനിൽ നിന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം ഏഴു മുതൽ 11 വരെ തീയതികളിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നതായും ഈ ദിവസങ്ങളിൽ നിരവധി രോഗികളെ പരിശോധിച്ചിരുന്നതായും തിരിച്ചറിഞ്ഞതോടെയാണ് ഈ കാലയളവിൽ ഡോക്ടറുടെയടുത്ത് ചികിത്സ തേടിയിരുന്നവരെ കണ്ടെത്താൻ രാത്രി തന്നെ ആരോഗ്യ വകുപ്പ് അധികൃതർ നടപടി തുടങ്ങിയത്.

ഡോക്ടറുടെ കൊറോണ വൈറസ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ അടിയന്തരമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി കൊറോണ ഐസൊലേഷനു വിധേയനാകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. രാത്രിയോടെ ഇയാൾ വാർഡിൽ എത്തിയതായാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ സ്‌പെയിനിലേക്കു പോയിരുന്ന ഡോക്ടർ മടങ്ങിയെത്തിയപ്പോൾ നേരിയ പനിയും അനുബന്ധ രോഗലക്ഷണങ്ങളും ഉണ്ടായിരുന്നു. തുടർന്ന്,വിമാനത്താവളത്തിൽ വച്ചുതന്നെ ഇയാളോട് വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ തുടരാൻ (ഹൗസ് ക്വാറന്റൈൻ)നിർദ്ദേശിച്ചെങ്കിലും നാലു ദിവസത്തിനു ശേഷം ഡോക്ടർ ഡ്യൂട്ടിക്ക് എത്തുകയായിരുന്നു. പിന്നീടുള്ള അഞ്ചു ദിവസവും ആശുപത്രിയിലെത്തി രോഗികളെ പരിശോധിക്കുകയും ചികിത്സയുമായി ബന്ധപ്പെട്ട ജോലികൾ നിർവഹിക്കുകയും ചെയ്തു.

ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ഏഴു ജീവനക്കാർ നിരീക്ഷണത്തിലാണ്. ഡോക്ടറുടെ വീട്ടുകാരെയും അദ്ദേഹവുമായി ഈ ദിവസങ്ങളിൽ അടുത്ത് ഇടപഴകിയവരെയും നിരീക്ഷിച്ചു വരികയാണ്.മാർച്ച് രണ്ടിന് വിമാനത്താവളത്തിൽ വച്ചുതന്നെ ഡോക്ടറുടെ രക്തസാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു.ഇതിന്റെ ഫലം പതിനൊന്നിന് എത്തിയതോടെയാണ് രണ്ടാംഘട്ട പരിശോധനയ്ക് നിർദ്ദേശിച്ചത്. അപ്പോഴേക്കും ഡോക്ടർക്ക് രോഗബാധയുടെ പ്രകട ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. രണ്ടാംഘട്ട പരിശോധനയിലും ഫലം പോസിറ്റീവ് ആയതോടെയാണ് ആരോഗ്യവകുപ്പ് അധികൃതർ ഇന്ന് വിവരം പുറത്തുവിട്ടത്.

പഠനത്തിന്റെ ഭാഗമായി സ്പെയിനിൽ പോയി തിരിച്ചെത്തിയ ഡോക്ടർക്കാണ് അവസാനമായി വൈറസ് ബാധ സ്ഥിരീകരിച്ചത് എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. ഇദ്ദേഹവുമായി ഇടപെട്ട ആൾക്കാർ നിരീക്ഷണത്തിലാണ്. വൈറസ് ബാധ സ്ഥിരീകരിച്ച യു.കെ. സ്വദേശി കളമശേരി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് എന്നും ശൈലജ ടീച്ചർ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 10,655 പേർ വീടുകളിലും 289 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 2147 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 1514 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന കർശനമായി നടത്തിവരുന്നുണ്ട്. ഇതിന് പൊലീസിന്റെ സഹായവും ലഭിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർക്കായി നാളെ മുതൽ റോഡുകളിൽ പരിശോധന നടത്തും. 5150 വിദേശികളാണ് കേരളത്തിലുള്ളതെന്നും മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

വൈറസ് ബാധ ഭയന്ന് ജനങ്ങൾ പുറത്തിറങ്ങാത്ത അവസ്ഥ ഉണ്ടാകരുത്. കൂട്ടംകൂടുന്നതും വൻ തോതിൽ പകരുന്നതുമായ സാഹചര്യം ഒഴിവാക്കണമെന്നേ നിർദ്ദേശിച്ചിട്ടുള്ളൂ. സാധാരണ ജനങ്ങൾക്ക് ആവശ്യമായ ബസ്, വാഹന സൗകര്യങ്ങൾക്കൊന്നും ഒരു തടസ്സവും ഉണ്ടാകാൻ പാടില്ല. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് എന്തുതരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്. അതിഥി തൊളിലാളികൾ താമസിക്കുന്നിടങ്ങളിൽ പരിശോധന നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈകളിലൂടെ കൊറോണ പകരുന്നത് തടയുന്നതിനായി കൈകളുടെ ശുചിത്വം ഉറപ്പുവരുത്താൻ 'ബ്രേക് ദ ചെയിൻ' കാമ്പയിൻ നടത്താനും ആരോഗ്യമന്ത്രി ആഹ്വാനം ചെയ്തു. ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിനും ശുചീകരിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടാക്കുകയും കൈകൾ ശുചീകരിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇതിന്റെ ഉദ്ഘാടനവും മന്ത്രി പത്രസമ്മേളനത്തിൽ നിർവഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP