Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗപ്പകർച്ചയ്ക്കു കാരണമാവും വിധം അശ്രദ്ധയോടെ പെരുമാറുന്നത് ഐപിസി 269-ാം വകുപ്പ് പ്രകാരം കുറ്റകരം; പൊതുജനാരോഗ്യത്തിനു ഭീഷണിയാവും വിധം പെരുമാറുന്നതും പൊതുസ്ഥലങ്ങൾ സന്ദർശിച്ചു രോഗപ്പകർച്ചയ്ക്ക് കാരണമാകുന്നതും കേരള പൊതുജനാരോഗ്യ സംരക്ഷണ നിയമത്തിലും കുറ്റകൃത്യം; പൊലീസ് നിയമം അനുസരിച്ച് 3 കൊല്ലം വരെ തടവ് ശിക്ഷയും കിട്ടും; അനുസരണക്കേട് കാട്ടിയാൽ ഇനി രോഗികൾക്കെതിരെ കേസെടുക്കും; കൊല്ലത്തെ പനി മരണങ്ങളിലും ആശങ്ക; കൊറോണയെ പ്രതിരോധിക്കാൻ ഇനി കേസെടുക്കൽ

രോഗപ്പകർച്ചയ്ക്കു കാരണമാവും വിധം അശ്രദ്ധയോടെ പെരുമാറുന്നത് ഐപിസി 269-ാം വകുപ്പ് പ്രകാരം കുറ്റകരം; പൊതുജനാരോഗ്യത്തിനു ഭീഷണിയാവും വിധം പെരുമാറുന്നതും പൊതുസ്ഥലങ്ങൾ സന്ദർശിച്ചു രോഗപ്പകർച്ചയ്ക്ക് കാരണമാകുന്നതും കേരള പൊതുജനാരോഗ്യ സംരക്ഷണ നിയമത്തിലും കുറ്റകൃത്യം; പൊലീസ് നിയമം അനുസരിച്ച് 3 കൊല്ലം വരെ തടവ് ശിക്ഷയും കിട്ടും; അനുസരണക്കേട് കാട്ടിയാൽ ഇനി രോഗികൾക്കെതിരെ കേസെടുക്കും; കൊല്ലത്തെ പനി മരണങ്ങളിലും ആശങ്ക; കൊറോണയെ പ്രതിരോധിക്കാൻ ഇനി കേസെടുക്കൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : കോവിഡിൽ കേരളം കൂടുതൽ കരുതലിലേക്ക്. കൊറോണയെ നേരിടാൻ കേന്ദ്ര സർക്കാർ അതിശക്തമായ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തുല്യമാണ് ഇത്. ഇതിനിടെ സർക്കാരുമായി സഹകരിക്കാത്ത രോഗികൾക്കെതിരെ അതിശക്തമായ ഇടപെടൽ നടത്താൻ സംസ്ഥാന സർക്കാരും തീരുമാനിച്ചു രോഗ ലക്ഷണങ്ങൾ മറച്ചുവച്ചു കോവിഡ് പടരാൻ കാരണക്കാരാവുന്നവർ രോഗം സുഖപ്പെട്ട ശേഷം കടുത്ത നിയമനടപടി നേരിടേണ്ടി വരും. 3 വർഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യും. ഇന്ത്യൻ ശിക്ഷാ നിയമം, കേരള പൊലീസ് ആക്ട്, കേരള പബ്ലിക് ഹെൽത്ത് ആക്ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പൊലീസിനു നിർദ്ദേശം ലഭിച്ചു.

കൊറോണ തടയാൻ വീട്ടിലോ ആശുപത്രികളിലോ ഐസലേഷൻ വാർഡിലോ ക്വാറന്റീനിൽ കഴിയാൻ നിർദ്ദേശിക്കപ്പെട്ടവർ പുറത്തു പോകുന്നതു കുറ്റകരമാണ്. കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങൾ സന്ദർശിച്ചു തിരിച്ചുവന്നു 28 ദിവസം വീട്ടിൽ തന്നെ കഴിയാൻ നിർദ്ദേശിക്കപ്പെട്ടവർക്കും രോഗപ്പകർച്ച തടയൽ നിയമം ബാധകമാണ്. നിരീക്ഷണത്തിലുള്ളവർ പുറത്തു ചുറ്റിക്കറങ്ങുന്നതിന്റെ മൊബൈൽ ദൃശ്യങ്ങൾ അടക്കം കേസിൽ തെളിവായി സ്വീകരിക്കും. ആർക്കും ഇത് പൊലീസിന് നൽകാം.

ഇന്ത്യൻ ശിക്ഷാ നിയമം- വകുപ്പ് 269 പ്രകാരം പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രോഗപ്പകർച്ചയ്ക്കു കാരണമാവും വിധം അശ്രദ്ധയോടെ പെരുമാറുക. 6 മാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം. കേരള പൊലീസ് നിയമം-വകുപ്പ് 118 (ഇ) അനുസരിച്ച് അറിഞ്ഞുകൊണ്ടു പൊതുജനങ്ങൾക്ക് അപായമുണ്ടാക്കുന്നതോ പൊതുസുരക്ഷയ്ക്കു വീഴ്ചവരുത്തുന്നതുമായ പ്രവൃത്തി ചെയ്യുക എന്നത് 3 വർഷം വരെ തടവും 10,000 രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്. കേരള പൊതുജനാരോഗ്യ സംരക്ഷണ നിയമം- വകുപ്പ് 71, 72, 73 പറയുന്നത് സ്വന്തം സാന്നിധ്യം മറ്റുള്ളവരുടെ ആരോഗ്യത്തിനു ഭീഷണിയാണെന്ന് അറിഞ്ഞുകൊണ്ടു ബോധപൂർവം പൊതുജനാരോഗ്യത്തിനു ഭീഷണിയാവും വിധം പെരുമാറുന്നതും പൊതുസ്ഥലങ്ങൾ സന്ദർശിച്ചു രോഗപ്പകർച്ചയ്ക്കു കാരണമാകുന്നതും നിയമവിരുദ്ധമാണെന്നാണ്. ഇങ്ങനെയുള്ളവരെ നിയമപ്രകാരം സുരക്ഷിത സ്ഥാനത്തേക്കു നീക്കാൻ അധികാരികൾക്ക് അനുവാദം നൽകുന്ന വകുപ്പാണ് ഇത്. 3 മാസം വരെ തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായി ഇതിനെ പരിഗണിക്കും.

അതിനിടെ കൊല്ലത്ത് പനി ബാധിതനായ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെ താമസസ്ഥലമായ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതും ചാത്തന്നൂർ സ്വദേശിയായ 8 വയസ്സുകാരി പനിയുടെ ലക്ഷണങ്ങളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചതും പരിഭ്രാന്തി പരത്തുന്നുണ്ട്. തീർത്ഥാടകസംഘത്തോടൊപ്പം വാരാണസിയും മഥുരയുമൊക്കെ സന്ദർശിച്ചു മടങ്ങിയെത്തിയ എഴുപത്തെട്ടുകാരനെയാണ് ഇന്നലെ രാവിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടത്. കോവിഡ് 19 ഭയം മൂലം മൃതദേഹം നീക്കം ചെയ്യാൻ മണിക്കൂറുകളെടുത്തു. ഒടുവിൽ കലക്ടർ ബി. അബ്ദുൽ നാസർ ഇടപെട്ടു സന്നദ്ധസംഘടനാ പ്രവർത്തകരെ എത്തിച്ചാണു മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ഇദ്ദേഹം, തന്നെ ചികിത്സിക്കുന്ന ഡോക്ടറെ കാണുന്നതിനു സന്ദർശനാനുമതി തേടിയിരുന്നതായി പൊലീസ് പറഞ്ഞു.

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ഞായർ വൈകിട്ടാണു പനി ലക്ഷണങ്ങളോടെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാവിലെ മരിച്ചു. ഹൃദയത്തിൽ അണുബാധ മൂലമുണ്ടാകുന്ന വൈറൽ മയോ കാർഡിയാക് അറസ്റ്റ് ആണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം ആവശ്യമായ മുൻകരുതലോടെ സംസ്‌കരിച്ചു. രണ്ടു പേരുടെയും മരണത്തിലെ സംശയങ്ങൾ ഇല്ലാതാക്കാൻ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് കോവിഡ് മരണമാണെന്നതിന് സൂചനയില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. എങ്കിലും സ്രവ പരിശോധന വരെ മരിച്ചവരുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിലാകും. കേരളത്തിലെ മുഴുവൻ മരണങ്ങളും ആരോഗ്യ വകുപ്പ് സസൂക്ഷ്മം പരിശോധിക്കുന്നുണ്ട്.

158 രാജ്യങ്ങളിലായി 1,73,150 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ചിട്ടുള്ളത്. 6664 പേർ മരിച്ചു. 77,785 പേർ ചികിത്സയിലൂടെ സുഖംപ്രാപിച്ചു. കേരളത്തിൽ മൂന്നുപേർക്കുകൂടി കൊറോണ വൈറസ് ബാധ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. മലപ്പുറം, കാസർകോട് എന്നീ ജില്ലകളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. ഇതിൽ മൂന്ന് പേർ രോഗമുക്തി നേടിയവരാണ്. ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നും എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിലാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 12,470 പേർ വീടുകളിലും 20 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 2,297 സാംപിളുകൾ ഇന്ന് പരിശോധനയ്ക്കയച്ചു. 1693 എണ്ണം നെഗറ്റീവ് ആണ്. തിങ്കളാഴ്ച 72 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിങ്കളാഴ്ച സർവകക്ഷി യോഗം ചേർന്നിരുന്നു. കൊറോണയെ നേരിടാൻ എല്ലാവരും സജ്ജമാണ്. പ്രതിരോധപ്രവർത്തനത്തിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞു എന്നാണ് സർക്കാർ മനസ്സിലാക്കുന്നത്. ജനുവരി അവസാനത്തോടെയാണ് കൊറോണ ആശങ്ക ശക്തമായത്. അന്നുമുതൽ നല്ല പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വലിയ നിയന്ത്രണങ്ങൾ ജനങ്ങൾ നടപ്പിലാക്കി.

വിമാനയാത്രികർ ഏറെ ജാഗ്രത പുലർത്തണം. വൈറസ് വ്യാപനത്തിനുള്ള എല്ലാ പഴുതുകളും അടയ്ക്കണം. ആഭ്യന്തര വിമാനയാത്രികർക്കും വിദേശത്തേക്ക് പോകുന്നവർക്കും കൊറോണ പരിശോധന നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങളിൽ ചടങ്ങുകൾ നടന്നോട്ടെ എന്നാൽ ആളുകൾ കൂടുന്നത് ഒഴിവാക്കണം. അത് നാടിന്റെ ആവശ്യമാണ്. ഇക്കാര്യത്തിൽ ആരോഗ്യകരമായ സമീപനം സ്വീകരിക്കണം. വിവാഹ ചടങ്ങുകളിൽ പരമാവധി നൂറിൽ കൂടുതൽ ആളുകൾ പാടില്ല. ഉത്സവങ്ങളും മറ്റ് ആഘോഷങ്ങളും ചടങ്ങുകൾ മാത്രമാക്കി ചുരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP