Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിലെ ആദ്യ ആഡംബര നൗകയായ കോർഡെലിയ ക്രൂസ്ഷിപ്പ് കൊച്ചി തുറമുഖത്ത്; കപ്പലിലെ യാത്രക്കാർക്ക് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ സ്വീകരിച്ചു; കോർഡെലിയ പതിനൊന്ന് നിലകളിൽ തീർത്ത ആഡംബര നൗക

ഇന്ത്യയിലെ ആദ്യ ആഡംബര നൗകയായ കോർഡെലിയ ക്രൂസ്ഷിപ്പ് കൊച്ചി തുറമുഖത്ത്; കപ്പലിലെ യാത്രക്കാർക്ക് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ സ്വീകരിച്ചു; കോർഡെലിയ പതിനൊന്ന് നിലകളിൽ തീർത്ത ആഡംബര നൗക

ആർ പീയൂഷ്

കൊച്ചി: ഇന്ത്യയിലെ ആദ്യ ആഡംബര നൗകയായ കോർഡെലിയ ക്രൂസ് ഷിപ്പ് കൊച്ചി തുറമുഖത്തെത്തി. 1200 യാത്രികരെയും വഹിച്ചു കൊണ്ടുള്ള കപ്പൽ ടൂറിസം രംഗത്തേക്ക് മാത്രമായി പോർട്ട് ട്രസ്റ്റ് ഒരുക്കിയിരിക്കുന്ന ടെർമിനലിലേക്കാണ് എത്തിയത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കപ്പൽ യാത്രക്കാരെ വാദ്യമേളങ്ങളോടെ സ്വീകരിച്ചു. ഒരു പകൽ കൊച്ചിയിൽ തങ്ങിയ ശേഷം കപ്പൽ ലക്ഷദ്വീപിലേക്ക് പോകും. കപ്പലിലെ വിശേഷങ്ങളും യാത്രക്കാരുടെ പ്രതികരണങ്ങളും കാണാം.

സെപ്റ്റംബർ ഇരുപതിന് മുംബൈയിൽ നിന്നും യാത്ര തിരിച്ച് ഇന്ന് രാവിലെ യാണ് മുംബൈ ആസ്ഥാനമായുള്ള വാട്ടർവെയ്സ് ലെഷർ ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ കോർഡെലിയ ക്രൂസ് ഷിപ്പ് കൊച്ചി തുറമുഖത്തെത്തിയത്. ടൂറിസം രംഗത്തേക്ക് മാത്രമായി പോർട്ട് ട്രസ്റ്റ് ഒരുക്കിയിരിക്കുന്ന ടെർമിനലിലേക്ക് ആദ്യമായെത്തുന്ന ക്രൂസ് ഷിപ്പ് എന്ന പ്രത്യേകതയും ഉണ്ട്. കൂടാതെ കൊച്ചിയിലെത്തുന്ന ആദ്യ ഡൊമസ്റ്റിക് ക്രൂസ് ഷിപ്പ് കൂടിയാണിത്. കൊവിഡിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ എത്തുന്ന ആഡംബര കപ്പലാണ് കോർഡിലിയ.

പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച കൊച്ചിയിലെ പുതിയ ഇന്റർനാഷനൽ ക്രൂസ് ടെർമിനലിൽ എത്തുന്ന ആദ്യത്തെ കപ്പലെന്ന ഖ്യാതിയും ഇതോടെ കോർഡേലിയയ്ക്ക് സ്വന്തമാകും. മൂന്ന് കപ്പലുകൾക്ക് വരെ പുതിയ ടെർമിനലിൽ ബെർത്ത് ചെയ്യാനാകും. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി അടക്കമുള്ള നഗരത്തിന്റെ പഴമയും പാരമ്പര്യവും വിളംബരം ചെയ്യുന്ന ഇടങ്ങൾ വിനോദ സഞ്ചാരികൾ കോവിഡ് മാനദണ്ഡം ഉറപ്പാക്കി സന്ദർശിക്കും. വൊയേജർ കേരളയാണ് ടൂർ ഏജന്റ്. വൈകിട്ട് 3ന് കപ്പൽ ലക്ഷദ്വീപിലേക്ക് തിരിക്കും. ആഭ്യന്തര വിനോദ സഞ്ചാരത്തിന് ഉണർവേകുന്നതാണ് കോർഡെലിയയുടെ വരവ്.

പതിനൊന്ന് നിലകളിൽ തീർത്ത നൗകയാണ് കോർഡെലിയ. അമേരിക്കൻ ക്രൂസ് ഷിപ്പായ കരീബിയൻ കമ്പനിയുടെ പക്കൽ നിന്നും വാങ്ങിയതാണ് ഇത്. അതിനാൽ അമേരിക്കൻ സ്‌റ്റൈലിലാണ് അകത്തെ കാഴ്ചകൾ. അപ്പോളോ ഗ്രൂപ്പുമായി സഹകരിച്ച് ഭക്ഷണത്തിന് വിപുലമായ മെനു തയാറാക്കിയിട്ടുണ്ട്. വ്യത്യസ്തതരം രുചിക്കൂട്ടുകളുടെ വിപുലമായ ശേഖരം തന്നെയാണ് യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ളത്.

എസ്സെൻസ് ഓഫ് ഇന്ത്യ എന്ന പേരിൽ കശ്മീർ മുതൽ കന്യാകുമാരി വരെയും മുംബൈ മുതൽ കൊൽക്കൊത്ത വരെയുമുള്ള രുചി വവൈവിധ്യങ്ങൾ ഓൺബോർഡിൽ ലഭ്യമാണ്. ദി ഇന്റർനാഷണൽ ഗ്രില്ലിൽ വീടുകളിൽ നിർമ്മിച്ച പാസ്ത, ബർഗർ, പിസ എന്നിവ ലഭിക്കും. ഹോട്ട് ക്ലേ തന്തൂരിൽ കെബാബ്, വിവിധതരം ബ്രഡുകൾ എന്നിവയും ജൈൻ ഭക്ഷണത്തിനായി പ്രത്യേക കൗണ്ടറും ലഭ്യമാണ്. വെജിറ്റേറിയൻ ബാങ്കിൽ തനത് ഇന്ത്യൻ രുചിക്കൂട്ടുകൾ ലഭിക്കും. ഹോംസ്റ്റൈൽ താലി റെസ്റ്ററന്റ് , കെറ്റിൽ ആൻഡ് ബൺ കഫെറ്റിരിയയിൽ സൂപ്പ് സബ്സ്, റോൾസ് എന്നിവയും ഷുഗർ ആൻഡ് സ്പൈസിൽ കേക്ക്, പേസ്ട്രി തുടങ്ങി ഇന്ത്യൻ മധുരപലഹാരങ്ങളും ലഭിക്കും.

3 സ്പെഷ്യാലിറ്റി റെസ്റ്റൊറന്റുകളും 5 ബാറുകളും ഉണ്ട്. കൂടാതെ കാസിനോ, തീയേറ്ററുകൾ, ഷോപ്പിങ് സൗകര്യങ്ങൾ, സ്വിമ്മിങ് പൂൾ ജിംനേഷ്യം, സ്പാ, സലൂൺ തുടങ്ങി എല്ലാ സംവിധാനങ്ങളും ഉണ്ട്. 1800 പേർക്ക് യാത്ര ചെയ്യാൻ കഴിയും. 796 ക്യാബിനുകളാണ് ഉള്ളത്. കപ്പലിനകം കാണാനാകുന്ന ഇന്റീരിയർ വ്യൂ റൂമുകൾ 313 എണ്ണവും, കടൽ കാണാൻ കഴിയുന്ന ഓഷ്യൻ വ്യൂ റൂമുകൾ 414, ബാൽക്കണി റൂമുകൾ 63, സ്യൂട്ട് റുമുകൾ 5, ചെയർമാൻ സ്യൂട്ട് റൂം ഒന്നും എന്നിങ്ങനെയാണ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ആദ്യ യാത്രക്കാർ. കേരളത്തിൽ നിന്നും യാത്രക്കാരുണ്ടായിരുന്നു. കപ്പലിനുള്ളിൽ 3 സ്റ്റാർ സൗകര്യങ്ങളാണുള്ളതെന്നും ഒരുവട്ടമെങ്കിലും എല്ലാവരും ഈ കപ്പലിൽ യാത്ര ചെയ്യണമെന്നും യാത്രക്കാർ പറഞ്ഞു.

കേരളത്തിലെ ഏജന്റുമാരെ കപ്പൽ പരിചയപ്പെടുത്തുവാനായി യാത്രയിൽ കൂടെ കൂട്ടിയിരുന്നു. മലപ്പുറത്ത് നിന്നും എത്തിയ നഹർ ട്രാവൽ ഏജൻസിക്കാർ കപ്പലിനുള്ളിലെ സൗകര്യങ്ങൾ വിശദമാക്കി. കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പൽ നാളെ രാത്രിയിൽ തിരികെ മുബൈയിലേക്ക് മടങ്ങും. സാധാരണക്കാർക്ക് സഞ്ചരിക്കാൻ പറ്റും വിധമാണ് യാത്രാ നിരക്കുകളെന്ന് കപ്പൽ കമ്പനി അറിയിച്ചു. പതിനെണ്ണായിരം മുതലാണ് ടിക്കറ്റ് നിരക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP