Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202221Saturday

പാർട്ടി ശക്തിദുർഗങ്ങളുടെ വേരറുക്കുമോ അമിത് ഷാ? രണ്ട് ലക്ഷം കോടി ആസ്തി മൂലധനം കേന്ദ്രം കൊണ്ടു പോയാൽ കാലടിയിലെ മണ്ണിളകുമെന്ന് വിലയിരുത്തലിൽ സിപിഎം; കേന്ദ്ര സഹകരണ വകുപ്പിനെതിരെ സിപിഎം സുപ്രീംകോടതിയിലേക്ക്; മോദിയും പിണറായിയും ഇനി നേർക്കു നേർ പോരിന്

പാർട്ടി ശക്തിദുർഗങ്ങളുടെ വേരറുക്കുമോ അമിത് ഷാ? രണ്ട് ലക്ഷം കോടി ആസ്തി മൂലധനം കേന്ദ്രം കൊണ്ടു പോയാൽ കാലടിയിലെ മണ്ണിളകുമെന്ന് വിലയിരുത്തലിൽ സിപിഎം; കേന്ദ്ര സഹകരണ വകുപ്പിനെതിരെ സിപിഎം സുപ്രീംകോടതിയിലേക്ക്; മോദിയും പിണറായിയും ഇനി നേർക്കു നേർ പോരിന്

അനീഷ് കുമാർ

കണ്ണൂർ :സിപിഎമ്മിന്റെ ശക്തി ദുർഗമായ സഹകരണ ബാങ്കുകളുടെ അടിവേര് കേന്ദ്ര സർക്കാർ അറുക്കുമോയെന്ന ആശങ്ക പാർട്ടി നേതാക്കളിൽ ശക്തമാകുന്നു. കേന്ദ്ര സർക്കാർ രൂപീകരിച്ച പുതിയ സഹകരണ മന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്ക്കു നൽകിയതാണ് സിപിഎം നേതൃത്വത്തിന് ആശങ്കയുണ്ടാക്കുന്നത്. 

ഓപ്പറേഷൻ കാശ്മിർ മോഡലിൽ സഹകരണ ബാങ്കുകളിൽ കുമിഞ്ഞുകൂടി കിടക്കുന്ന രണ്ടു ലക്ഷം കോടിയിലധികം രൂപയുടെ മൂലധനം ലക്ഷ്യമാക്കി അമിത് ഷാ നീങ്ങിയാൽ ഏറ്റവും കൂടുതൽ വെള്ളം കുടിക്കുക സിപിഎം തന്നെയാകും. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നൂറു കോടിയിലധികം മൂലധനമുള്ള സഹകരണ ബാങ്കുകൾ കൂടുതലും കണ്ണൂരിലാണുള്ളത്. ഈ സാഹചര്യത്തിൽ സഹകരണ വകുപ്പ് രൂപീകരിക്കാനുള്ള കേന്ദ്ര നീക്കത്തെ സിപിഎം നിയമവഴിയിൽ നേരിയും. പ്രധാനമന്ത്രി പ്രധാനമന്ത്രിയുമായി നേർക്കു നേർ പോരിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറെടുക്കുന്നത്.

ഒരു രാഷ്ട്രീയ പാർട്ടിയെന്നതിലുപരിയായി വൻ സമ്പദ് ശക്തിയായി സിപിഎമ്മിനെ വളർത്തിയെടുത്തതിലും നിർണായക പങ്ക് വടക്കെ മലബാറിലെ സഹകരണ സംഘങ്ങൾക്കുണ്ട്. പാർട്ടി പ്രവർത്തകരെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായി മികച്ച വരുമാനമുള്ള ജോലി നൽകുന്നതാണ് സിപിഎമ്മിലെക്ക് പുതിയ ആൾക്കാർ വരുന്നതിലെ പ്രധാന ആകർഷണീയത.

ഇങ്ങനെ ജോലി നൽകുന്നവരെ കൊണ്ട് പാർട്ടിക്ക് വേണ്ടി ഫുൾ ടൈം പണിയെടുപ്പിക്കാനും അവരിൽ നിന്നും ലെവിയെന്ന പേരിൽ പണമുറ്റാന്നും കഴിയുന്നത് സിപിഎമ്മിന്റെ അടിത്തറ ശക്തമാക്കുന്ന ഘടകങ്ങളിലൊന്നാണ്. വടക്കെ മലബാറിൽ പാർട്ടിക്കായി രക്തസാക്ഷികളാകുന്നവരുടെ കുടുംബങ്ങൾക്കും കൊലപാതകം നടത്തി ജയിലിൽ പോകുന്നവരുടെ കുടുംബാംഗങ്ങൾക്കും പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്താണ് സംരക്ഷിക്കുന്നത്.

ബ്‌ളേഡിന് സമാനമായ പലിശനിരക്കാണ് സഹകരണ ബാങ്കുകളിൽ നിന്നും പിഴിയുന്നതെങ്കിലും വളരെ എളുപ്പം വായ്പ ലഭിക്കുന്നതാണ് സാധാരണക്കാരെ ഈയ്യാം പാറ്റകളെപ്പോലെ ഇവിടേക്ക് ആകർഷിക്കാൻ കാരണമാകുന്നത്. കൊള്ള പലിശയും കൂട്ടുപലിശയുമീടാക്കുന്ന സഹകരണ ബാങ്കുകൾ വൻകിട സൂപ്പർമാർക്കറ്റുകളും കാർഷിക മൂല്യവർധിത ഉൽപ്പാദന കേന്ദ്രങ്ങളും നടത്തുന്നുണ്ട്.

നോട്ടു നിരോധനത്തിന്റെ ഭാഗമായി പണമിടപാടുകൾക്ക് ഇടപാടുകാരുടെ കെ.വൈ.സി റിസർവ് ബാങ്ക് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ ഇപ്പോഴും ഇതൊന്നും നടക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കള്ളപ്പണം ഒളിപ്പിക്കാനുള്ള ഇടങ്ങളായി സഹകരണ ബാങ്കുകൾ ഇപ്പോഴും നിലകൊള്ളുകയാണെന്ന ആരോപണം ബിജെപി ഉന്നയിക്കുന്നുണ്ട്. ഇത് തികച്ചും രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടു തന്നെയാണ്.

സഹകരണ മേഖലയുടെ സമഗ്രവികസനം ലക്ഷ്യമട്ടെന്ന പേരിൽ കേന്ദ്ര സർക്കാർ സഹകരണ മന്ത്രിലയം രൂപീകരിച്ചത്. ഇതിന്റെ ചുമതല അമിത് ഷായ്ക്ക് ലഭിച്ചതോടെ ഈ മേഖലയിലെ കണക്കില്ലാത്ത സാമ്പത്തിക ഇടപാടുകൾക്ക് പൂട്ടുവീണേക്കുമെന്നാണ് സൂചന. രാജ്യത്ത് ഏറ്റവും കൂടുതൽ സഹകരണ സ്ഥാപനങ്ങളുള്ള കേരളത്തെയാവും ഈ നീക്കം ഏറ്റവും പ്രതികൂലമായി ബാധിക്കുക.

ഇത് വരും നാളുകളിൽ കേന്ദ്ര- സംസ്ഥാന സർക്കാർ ഏറ്റുമുട്ടലിന് വഴിവെച്ചേക്കും. സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണം കണ്ടെത്താനാണ് ഇ.ഡി മാതൃകയിൽ, സഹകരണ മന്ത്രാലയത്തിന് കീഴിൽ പുതിയ ഏജൻസി രൂപീകൃതമാവുന്നത്. പ്രത്യേക നിയമനിർമ്മാണത്തിലൂടെ ഏജൻസി യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് സഹകരണ മേഖലയ്ക്ക് പ്രത്യേക മന്ത്രാലയമെന്ന ആശയം മുന്നോട്ട് വച്ചത്. ഇതാണ് ഇപ്പോൾ സർക്കാർ പ്രാവർത്തികമാക്കിയത്.

ഇത് കേരളത്തിലെ സിപിഎമ്മിനെതിരെയുള്ള നീക്കം കൂടിയായി കണ്ട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കടുത്ത എതിർപ്പുമായി മുൻപോട്ടു വന്നിട്ടുണ്ട്. വരും ദിനങ്ങളിൽ കേന്ദ്ര സർക്കാരിനെ നയിക്കുന്ന ബിജെപിയും സംസ്ഥാന സർക്കാരിനെ നിയന്ത്രിക്കുന്ന സിപിഎമ്മും തമ്മിലുള്ള പരസ്യ യുദ്ധത്തിലേക്ക് വഴിവയ്ക്കുക.

സഹകരണ മേഖലയ്ക്കായി പുതിയ കേന്ദ്ര മന്ത്രാലയം രൂപീകരിച്ചത്, ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് തുറന്നടിച്ചിട്ടുണ്ട്. സഹകരണം സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടതാണെന്ന് സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായ അദ്ദേഹം ചുണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ സഹകരണ രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് സഹകാരികളിലൂടെ സമൃദ്ധി എന്ന കാഴ്ചപ്പാടിലാണ് പുതിയ മന്ത്രാലയ രൂപീകരണമെന്നാണ് കേന്ദ്ര നിലപാട്. പുതിയ പരീശീലന പരിപാടികളും, ആധുനികമാനേജ്‌മെന്റ് സംവിധാനങ്ങളും നടപ്പാക്കാൻ വഴിയൊരുക്കുമെന്നുമാണ് വിലയിരുത്തൽ. ഇതു വരെയായി കൃഷി മന്ത്രാലയത്തിന് കീഴിലായിരുന്നു സഹകരണം.കൃഷി മന്ത്രാലയത്തിലെ സെൻട്രൽ രജിസ്റ്റ്രാറായിരുന്നു ഏക അഥോറിറ്റി. ഒന്നിലേറെ സംസ്ഥാനങ്ങളിൽ ഇടപാടുകളുള്ള സഹകരണ സംഘങ്ങൾ കേന്ദ്ര രജിസ്റ്റ്രാറുടെ അധികാര പരിധിയിലാണ്.

രാജ്യത്ത് ഏറ്റവും മികച്ച നിലയിൽ സഹകരണ മേഖല പ്രവർത്തിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ കേരളവും ഗുജറാത്തുമാണ്. ഇതിൽ കേരളമാണ് മുന്നിൽ. കേരളത്തിൽ തന്നെ മലബാറിലാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ മികച്ച നിലയിൽ പ്രവർത്തിക്കുന്നത്. ഈ സഹകരണ സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും സിപിഎം നിയന്ത്രണത്തിലുമാണ്. കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന പല സഹകരണ ബാങ്കുകളും ശത കോടികളുടെ നിക്ഷേപവുമായി രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ്.. ഊരാളുങ്കൽ സൊസൈറ്റി പോലെ ആഗോളതലത്തിൽ അറിയപ്പെടുന്ന സ്ഥാപനങ്ങളും മലബാറിലുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകൾ, ആർ.ബി.ഐ നിയന്ത്രണത്തിലുള്ള കേരള ബാങ്കിന് കീഴിലാണ് പ്രവർത്തിക്കുന്നത്. മലബാറിൽ സിപിഎമ്മിന്റെ തന്നെ നട്ടെല്ലാണീ സ്ഥാപനങ്ങൾ. പാർട്ടി അനുഭാവികൾക്ക് ജോലി നൽകുന്നതു മുതൽ സംഘടനക്കാവശ്യമായ സാമ്പത്തികം അടക്കം സമാഹരിക്കുന്നത് ഇത്തരം സ്ഥാപനങ്ങളിലൂടെയാണ്. മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കടലാസ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പുതിയ മന്ത്രാലയത്തിന്റെ രൂപീകരണത്തോടെ ഈ മേഖലയിലും നിയന്ത്രണങ്ങൾ വരും.

നിലവിൽ സഹകരണ ബാങ്കുകളിൽ സംസ്ഥാന സഹകരണ വകുപ്പിന്റെ പരിശോധനാ സംവിധാനം മാത്രമാണുള്ളത്. ഓഡിറ്റിങ് സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. ഇതു വഴി ആഭ്യന്തര കള്ളപ്പണത്തിന്റെയും നികുതി വെട്ടിപ്പിന്റെയും വലിയൊരു ഭാഗം കണ്ടെത്താനാവുമെന്ന് കേന്ദ്ര സർക്കാർ കരുതുന്നുണ്ട്. ഇതിനായി വരും ദിനങ്ങളിൽ എൻഫോഴ്‌സുമെന്റും മറ്റു കേന്ദ്ര ഏജൻസികളും കളത്തിലിറങ്ങിയേക്കും' സഹകരണ മേഖലയുടെ സിംഹഭാഗവും സിപിഎമ്മിന്റെ കൈയിലുള്ളതിനാൽ കോൺഗ്രസ് സിപിഎമ്മിനൊപ്പം എതിർപ്പുമായി രംഗത്തിറങ്ങിയേക്കില്ല അതുകൊണ്ടുതന്നെ ഒറ്റയ്ക്ക് ചെറുത്തു നിൽക്കേണ്ട അവസ്ഥയിലാണ് സിപിഎം എന്നാൽ കേന്ദ്ര സർക്കാർ അനാവശ്യ ഇടപെടലുകൾ നടത്തിയാൽ സുപ്രീം കോടതിയെ സമീപിച്ച് നിയമപരമായി നേരിടുമെന്ന് സംസ്ഥാനത്തെ പ്രമുഖ സഹകാരിലൊരാളായ സിപിഎം നേതാവ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP