Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

തകർന്നു വീഴാറായ അവസ്ഥയിൽ കെട്ടിടം; നൂറ്റമ്പതോളം സഹകരണ വകുപ്പ് ജീവനക്കാരെ മാറ്റിയത് തൊട്ടടുത്ത് താത്ക്കാലിക കെട്ടിടത്തിലേക്ക്; പഴയ കെട്ടിടം തകർന്നാൽ താൽക്കാലിക കെട്ടിടത്തിലുള്ളവർക്കും അപകടം ഉറപ്പ്; കോഴിക്കോട്ട് കണ്ണഞ്ചേരിയിൽ കെട്ടിടം തകർന്ന് ഒരാൾ മരണപ്പെട്ടതോടെ ഭീതി ഉയരുന്നു

തകർന്നു വീഴാറായ അവസ്ഥയിൽ കെട്ടിടം; നൂറ്റമ്പതോളം സഹകരണ വകുപ്പ് ജീവനക്കാരെ മാറ്റിയത് തൊട്ടടുത്ത് താത്ക്കാലിക കെട്ടിടത്തിലേക്ക്; പഴയ കെട്ടിടം തകർന്നാൽ താൽക്കാലിക കെട്ടിടത്തിലുള്ളവർക്കും അപകടം ഉറപ്പ്; കോഴിക്കോട്ട് കണ്ണഞ്ചേരിയിൽ കെട്ടിടം തകർന്ന് ഒരാൾ മരണപ്പെട്ടതോടെ ഭീതി ഉയരുന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്: നഗരത്തിലെ കണ്ണഞ്ചേരിയിൽ ഇന്നലെയാണ് പഴയ രണ്ടു നില കെട്ടിടം തകർന്നു വീണത്. കെട്ടിടത്തിനുള്ളിൽ അകപ്പെട്ട കണ്ണഞ്ചേരി പന്നിയങ്കര നടുവീട്ടിൽ എൻ വി രാമചന്ദ്രൻ എന്നയാൾ മരണപ്പെടുകയും ചെയ്തു. ഈ വാർത്തയറിഞ്ഞതോടെ ഏറെ ഭീതിയിലാണ് നൂറ്റമ്പതോളം സഹകരണ വകുപ്പ് ജീവനക്കാരിപ്പോൾ. കോഴിക്കോട് പുതിയറയിൽ മഹാറാണി ഹോട്ടലിന് തൊട്ടടുത്തായാണ് സഹകരണ വകുപ്പിന്റെ അധീനതയിലുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത്. അഞ്ചു ഓഫീസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നൂറ്റമ്പതോളം ജീവനക്കാർ ജോലി ചെയ്തിരുന്നു. കാലക്രമേണ കെട്ടിടം തകർന്ന് അപകടാവസ്ഥയിലായി.

തകർന്നു വീണാൽ നിരവധി ജീവനുകൾ നഷ്ടപ്പെടുമെന്ന് വന്നതോടെ ജീവനക്കാർ നിരവധി തവണ പരാതികൾ നൽകി. തുടർന്ന് ഓഫീസുകൾ വാടക കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും വാടക കുടിശ്ശികയായതോടെ അവിടെ നിന്നും ഇറങ്ങേണ്ടിവന്നു. വീണ്ടും പൊളിഞ്ഞു വീഴാറായ കെട്ടിടത്തിന് തൊട്ടടുത്ത് താൽക്കാലിക കെട്ടിടമുണ്ടാക്കി അവിടെയാണിപ്പോൾ ഓഫീസുകൾ പ്രവർത്തിക്കുന്നത്. എന്നാൽ പഴയ കെട്ടിടത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഈ കെട്ടിടത്തിലുള്ള ജീവനക്കാർക്കും അപകടം സംഭവിക്കും എന്നതുറപ്പാണ്.

പുതിയറയിലെ കെട്ടിടത്തിൽ കോഴിക്കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ), കോഴിക്കോട് സഹകരണ ആഡിറ്റ് ജോയിന്റ് ഡയരക്ടർ, കോഴിക്കോട് താലൂക്ക് സഹകരണ സംഘം അസി. രജിസ്ട്രാർ (ജനറൽ), താലൂക്ക് സഹകരണ സംഘം അസി. ഡയരക്ടർ (ആഡിറ്റ്), സർക്കിൾ സഹകരണ യൂണിയൻ എന്നീ അഞ്ചു ഓഫീസുകളായിരുന്നു പ്രവർത്തിച്ചുവന്നിരുന്നത്. 1994 ൽ പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നാലു നിലകളുള്ള കെട്ടിടം നിർമ്മിച്ച് നൽകിയത്. എന്നാൽ നിർമ്മാണത്തിലെ പ്രശ്‌നങ്ങൾ കാരണം 2003 ആകുമ്പോഴേക്കും കെട്ടിടം തകർന്നു തുടങ്ങി. കെട്ടിടത്തിന്റെ മേൽക്കൂര ചോർച്ചയാണ് ആദ്യമുണ്ടായത്. തുടർന്ന് ഷീറ്റിട്ട് അത് ഒഴിവാക്കി. പിന്നീട് കെട്ടിടത്തിന്റെ ചുവരുകളിൽ വിള്ളലുണ്ടാവാനും സീലിങ് അടർന്നു വീഴാനും തുടങ്ങി. ലക്ഷങ്ങൾ ചെലവഴിച്ച് പലതവണ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല.

കെട്ടിടത്തിൽ ലിഫ്റ്റും സ്ഥാപിച്ചിരുന്നു. എന്നാൽ ഒരു ദിവസം പോലും ലിഫ്റ്റ് പ്രവർത്തിച്ചിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ലിഫ്റ്റ് പ്രവർത്തിച്ചപ്പോൾ കെട്ടിടത്തിന് കുലുക്കം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആദ്യ ദിവസം തന്നെ ലിഫ്റ്റിന്റെ പ്രവർത്തനം നിർത്തിവെച്ചു. 2011 ആയപ്പോഴേക്കും ഈ കെട്ടിടത്തിൽ ഓഫീസുകൾ പ്രവർത്തിക്കുവാൻ സാധ്യമല്ലാത്ത അവസ്ഥയുണ്ടായി. കെട്ടിടം വലിയ തോതിൽ തകർന്നപ്പോൾ കെട്ടിടം ഉപയോഗ യോഗ്യമല്ല എന്ന സർട്ടിഫിക്കറ്റ് അനുവദിച്ചുതരുവാൻ പൊതുമരാമത്ത് വകുപ്പിനോട് അപേക്ഷിച്ചു. എന്നാൽ അത് ഇതുവരെയും അനുവദിച്ചു കിട്ടിയിട്ടില്ല.

പിന്നീട് ഓഫീസുകൾ ഇവിടെ നിന്നും റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ വാടക കെട്ടിടത്തിലേക്ക് മാറ്റി. എന്നാൽ വാടക കുടിശ്ശികയായതിനെത്തുടർന്ന് ഇവിടെ നിന്നും മാറേണ്ട സാഹചര്യമുണ്ടായി. ഒടുവിൽ സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് പഴയ കെട്ടിടത്തിന് സമീപത്തായി താത്ക്കാലിക കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ് സൊസൈറ്റിയുടെ നേതൃത്വത്തിൽ താത്ക്കാലിക കെട്ടിടം നിർമ്മിച്ച് ഓഫീസുകൾ അവിടേക്ക് മാറി. 2015 മുതൽ ഓഫീസുകൾ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അഞ്ചു ഓഫീസുകളിലായി 150 ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തുവരുന്നത്.

കൂടാതെ ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഭരണ സമിതി അംഗങ്ങളും വായ്പാ പരാതിക്കാരും ഉൾപ്പെടെ നിരവധി പേർ വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്താറുണ്ട്. എന്നാൽ അപകട ഭീഷണി ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. തകർന്നു തുടങ്ങിയ പഴയ കെട്ടിടത്തിന് തൊട്ടടുത്ത് തന്നെയാണ് ഇപ്പോഴത്തെ താത്ക്കാലിക ഓഫീസ് സ്ഥിതി ചെയ്യുന്നത്. പഴയ കെട്ടിടം തകർന്നാണ് ഈ താത്ക്കാലിക കെട്ടിടത്തിനെയും ബാധിക്കുമെന്നുറപ്പാണ്. ഇവിടെ പ്രവർത്തിക്കുന്ന ഓഫീസുകളിലെ ജീവനക്കാരുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. കെട്ടിടത്തിന് സമീപത്തായി മറ്റ് സർക്കാർ ഓഫീസുകളും സ്വകാര്യ കെട്ടിടങ്ങളുമുണ്ട്. തിരക്കേറിയ റോഡുകളും അടുത്തായുണ്ട്. ഈ സാഹചര്യത്തിൽ ജീവൻ പണയം വച്ചാണ് സഹകരണ ജീവനക്കാർ ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ പഴയ കെട്ടിടം പൊളിച്ചു നീക്കി തങ്ങളുടെ ജീവൻ രക്ഷിക്കണമെന്ന അഭ്യർത്ഥനയാണ് ജീവനക്കാർക്കുള്ളത്.

കെട്ടിടം പൊളിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർക്ക് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നിവേദനം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP