Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുശീലൻ ഇസ്ലാം സ്വീകരിച്ച് സുലൈമാൻ ആയത് അഞ്ചുവർഷം മുമ്പ്; ഗൾഫിൽ നിന്ന് നാട്ടിലെത്തിയപ്പോൾ ഭാര്യയും ബന്ധുക്കളും എത്തിച്ചത് മനോരോഗ ആശുപത്രിയിൽ; ചങ്ങലകളിൽ ബന്ധിച്ച് വായിൽ പ്ലാസ്റ്റർ പതിച്ചും തുകൽ ബെൽറ്റുകൾകൊണ്ട് പൊതിരെ തല്ലിയും 11 ദിവസത്തെ ക്രൂരപീഡനം; ഒടുവിൽ കോടതിയുടെ കനിവിൽ മോചനം; ഭാര്യയ്ക്കും സഹോദരി പുത്രനുമെതിരേ കേസെടുക്കാനും ഉത്തരവ്; ഹാദിയ കേസിനു ശേഷം സംസ്ഥാനത്ത് വീണ്ടുമൊരു മതംമാറ്റം വിവാദം

സുശീലൻ ഇസ്ലാം സ്വീകരിച്ച് സുലൈമാൻ ആയത് അഞ്ചുവർഷം മുമ്പ്; ഗൾഫിൽ നിന്ന് നാട്ടിലെത്തിയപ്പോൾ ഭാര്യയും ബന്ധുക്കളും എത്തിച്ചത് മനോരോഗ ആശുപത്രിയിൽ; ചങ്ങലകളിൽ ബന്ധിച്ച് വായിൽ പ്ലാസ്റ്റർ പതിച്ചും തുകൽ ബെൽറ്റുകൾകൊണ്ട് പൊതിരെ തല്ലിയും 11 ദിവസത്തെ ക്രൂരപീഡനം; ഒടുവിൽ കോടതിയുടെ കനിവിൽ മോചനം; ഭാര്യയ്ക്കും സഹോദരി പുത്രനുമെതിരേ കേസെടുക്കാനും ഉത്തരവ്; ഹാദിയ കേസിനു ശേഷം സംസ്ഥാനത്ത് വീണ്ടുമൊരു മതംമാറ്റം വിവാദം

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: മതംമാറിയതിന്റെ പേരിൽ മനോരോഗിയെന്ന് വരുത്തി തടവിലാക്കി ക്രൂര മർദനത്തിനിരയാക്കിയ പ്രവാസിയെ കോടതി ഇടപെട്ട് മോചിപ്പിച്ചു. ഈ മാസം എട്ടുമുതൽ ആലുവ കുട്ടമശ്ശേരിയിൽനിന്ന് കാണാതായ സുശീലൻ (48) എന്ന സുലൈമാനെയാണ് തൊടുപുഴ പൈങ്കുളത്തെ എസ്.എച്ച് മാനസിക രോഗാശുപത്രിയിൽനിന്ന് മോചിപ്പിച്ചത്.

ചങ്ങലകളിൽ ബന്ധിച്ച് വായിൽ പ്ലാസ്റ്റർ പതിച്ചും തുകൽ ബെൽറ്റുകൾകൊണ്ട് പൊതിരെ തല്ലിയും 11 ദിവസത്തെ ക്രൂര പീഡനങ്ങൾക്കൊടുവിലാണ് ബുധനാഴ്ച വൈകീട്ടോടെ ആലുവ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച കേസിൽ സുലൈമാന്റെ ഭാര്യ, ഭാര്യാസഹോദരൻ, സഹോദരീപുത്രൻ എന്നിവർക്കെതിരെ കേസെടുക്കാനും പൈങ്കുളം ആശുപത്രിയിലെ ദുരൂഹ പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണം നടത്താനും കോടതി പൊലീസിന് നിർദ്ദേശം നൽകി. സുലൈമാന്റെ സുഹൃത്തായ സിയാദ് ചാലക്കൽ നൽകിയ പരാതിയിലാണ് കോടതി ഇടപെട്ട് മോചനം സാധ്യമാക്കിയത്.നേരത്തേതന്നെ അനധികൃത തടങ്കൽ മർദനങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജിച്ച പൈങ്കുളം എസ്.എച്ച് ആശുപത്രിക്കെതിരെ ഉന്നതതലത്തിലെ അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ സംഭവത്തിലും കോടതി ഇടപെട്ടത്.

20 വർഷമായി പ്രവാസജീവിതം തുടരുന്ന സുലൈമാൻ അഞ്ചുവർഷം മുമ്പാണ് സൗദിയിൽ ഇസ്ലാം മതം സ്വീകരിച്ചത്. ഇതിന് മൗനാനുവാദം നൽകിയ കുടുംബം മാർച്ച് മൂന്നിന് നാട്ടിലെത്തിയതോടെ സുലൈമാനെതിരെ തിരിയുകയായിരുന്നുവെന്നാണ് സുലൈമാനെ അനുകൂലിക്കുന്നവർ പറയുന്നത്. ഇദ്ദേഹം മാർച്ച് മൂന്നിന് നാട്ടിലെത്തുകയും ഭാര്യയോടൊത്ത് കഴികയും ചാലക്കൽ മഹല്ലിൽ അംഗത്വം എടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ, പീഡിപ്പിക്കുന്നു, മതം മാറ്റാൻ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് ഇദ്ദേഹത്തിനെതിരേ ഭാര്യ ആലുവ റൂറൽ എസ്‌പിക്ക് പരാതി നൽകി. മാർച്ച് 22ന് ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ സുലൈമാനെ മഹല്ല് ഭാരവാഹികളുടെ നേതൃത്വത്തിലാണ് ജാമ്യത്തിലിറക്കിയത്.

വീട്ടിൽ കയറരുത്, മൂന്നു ദിവസത്തിന് ശേഷം ജാമ്യം പുതുക്കണം എന്നീ ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശി സിയാദാണ് ഇദ്ദേഹത്തെ ജാമ്യത്തിലെടുത്തത്. തുടർന്ന് പ്രദേശത്തെ മജീദ് എന്നയാളുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതിനിടെ മെയ് ഏഴിന് ചിലർ ഭാര്യയെ കൊണ്ട് അനുനയത്തിൽ ഫോണിൽ വിളിപ്പിച്ചു വരുത്തുകയും തുടർന്ന് ബലമായി പൈങ്കുളം എസ്എച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

മഹല്ല് ഭാരവാഹികളുടെ സമ്മതത്തോടെ മെയ് ഏഴിന് വീട്ടിലേക്ക് പോയ ഇദ്ദേഹത്തെ എട്ടാം തിയ്യതി രാവിലെ ബന്ധപ്പെട്ടപ്പോൾ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് അറിയിച്ചിരുന്നത്. വൈകീട്ട് ഒരു വീട്ടിൽ നോമ്പ് തുറക്കാമെന്നേറ്റിരുന്ന സുലൈമാനെ കാണാതായതോടെ ഭാര്യയെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. വീണ്ടും ബന്ധപ്പെട്ടപ്പോൾ പറവൂരിലെ ബന്ധുവീട്ടിൽ പോയതാണെന്ന് അറിയിച്ചു. പറവൂരിലെ വീട്ടിൽനിന്ന് തുടർന്ന് മെയ് ഒമ്പതിന് ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജാമ്യക്കാരനായ സിയാദ് പരാതി നൽകി. എന്നാൽ ഇതിൽ ആദ്യം നടപടിയുണ്ടായില്ല.

ശക്തമായ സമ്മർദ്ദത്തെതുടർന്ന് മെയ് 11നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായത്. എന്നാൽ, ഇദ്ദേഹത്തെ കണ്ടെത്താൻ പൊലീസ് കാര്യമായ ശ്രമങ്ങളൊന്നും നടത്തിയില്ല. അതിനിടെ, സുലൈമാൻ പൈങ്കുളം എസ്എച്ച് ആശുപത്രിയിലുണ്ടെന്ന വിവരംലഭിച്ചതോടെ സിയാദ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തിയെങ്കിലും ഇദ്ദേഹത്തെ കാണാൻ ആശുപത്രി അധികൃതർ അനുവദിച്ചില്ല.

തുടർന്ന് നാട്ടുകാർ സേവ് സുലൈമാൻ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. കൗൺസിൽ പോസ്റ്റർ പ്രചാരണമുൾപ്പെടെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് വന്നു. പൊലീസ് കേസിൽ ഒത്തുകളിക്കയാണെന്നാണ് സേവ് സുലൈമാൻ ആക്ഷൻ കൗൺസിൽ പറയുന്നത്.ഇതിനിടെ, സുലൈമാനിൽനിന്ന് പൊലീസ് രേഖപ്പെടുത്തിയ മൊഴിയും സമാനമായിരുന്നു. സുലൈമാന് കൂടുതൽ ചികിൽസ വേണമെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും പൊലീസ് ഹാജരാക്കിയിരുന്നു.ഇതു പ്രകാരം മാൻ മിസ്സിങുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കുന്നതിന് പരാതിക്കാരെ സമീപിച്ചെങ്കിലും അവർ വഴങ്ങിയില്ല.

ഇതിനിടെ അഡ്വ. ഹാരിസ് ആലുവ മുഖാന്തിരം ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ സെർച്ച് പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. ഇതുപ്രകാരം 21ന് സുലൈമാനെ നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. അതിനിടെ പൊലീസ് ഇദ്ദേഹത്തെ ഇന്നു കോടതിയിൽ ഹാജരാക്കുകയായിരുന്നു.തുടർന്ന് നൽകിയ മൊഴിയിലാണ് ആശുപത്രിയിൽ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് സുലൈമാൻ മൊഴി നൽകിയത്. കൗൺസിലിങ്ങിനെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച സുലൈമാൻ ഇഞ്ചക്ഷനെ തുടർന്ന് ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ സെല്ലിൽ അടച്ച നിലയിലായിരുന്നു. തുടർന്ന് ബഹളംവച്ചതോടെ ആശുപത്രി ജീവനക്കാരായ ഒരു സംഘമെത്തി തന്റെ കയ്യിലും കാലിലും കഴുത്തിലും ചങ്ങലയിട്ട് ബന്ധിക്കുകയും ക്രൂരമർദ്ദനത്തിനിരയാക്കുകയും ചെയ്തുവെന്ന് സുലൈമാൻ വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP