Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ലോക് ഡൗൺ കാരണം വെള്ളം കുടിച്ച് വിശപ്പകറ്റുന്ന കുമാരന്റെ ചിത്രം വിവാദമായപ്പോൾ മാധ്യമം ഫോട്ടോഗ്രാഫർക്കെതിരെ കേസ്; ചുമത്തിയത് ലഹളയുണ്ടാക്കാനുള്ള ശ്രമം അടക്കമുള്ള വകുപ്പുകൾ; സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവർക്കു കൂടി സംരക്ഷണം കിട്ടണം എന്ന സദുദ്ദേശത്തോടെയാണ് ചിത്രം പകർത്തിയതെന്ന് ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളി; വെൽഫയർ പാർട്ടിയുമായി സിപിഎം ഒന്നിച്ച് മൽസരിച്ചത് മറന്നുപോയോ എന്ന് സോഷ്യൽ മീഡിയയും; മുക്കത്തെ ലോക്ഡൗൺ ചിത്രത്തിൽ രാഷ്ട്രീയ വിവാദവും

ലോക് ഡൗൺ കാരണം വെള്ളം കുടിച്ച് വിശപ്പകറ്റുന്ന കുമാരന്റെ ചിത്രം വിവാദമായപ്പോൾ മാധ്യമം ഫോട്ടോഗ്രാഫർക്കെതിരെ കേസ്; ചുമത്തിയത് ലഹളയുണ്ടാക്കാനുള്ള ശ്രമം അടക്കമുള്ള വകുപ്പുകൾ; സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവർക്കു കൂടി സംരക്ഷണം കിട്ടണം എന്ന സദുദ്ദേശത്തോടെയാണ് ചിത്രം പകർത്തിയതെന്ന് ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളി; വെൽഫയർ പാർട്ടിയുമായി സിപിഎം ഒന്നിച്ച് മൽസരിച്ചത് മറന്നുപോയോ എന്ന് സോഷ്യൽ മീഡിയയും; മുക്കത്തെ ലോക്ഡൗൺ ചിത്രത്തിൽ രാഷ്ട്രീയ വിവാദവും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊറോണക്കാലത്ത് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിച്ചു വരികയാണ. എന്നാൽ ഇത് സൈബർ ലോകത്ത് മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ദിനപത്രങ്ങളിലെ ഫോട്ടോഗ്രാഫർമാർക്ക് എതിരെയും പൊലീസ് നടപടി സ്വീകരിക്കുകയാണ്. കഴിഞ്ഞ ദിവസം മാധ്യമം ദിനപ്പത്രത്തിന്റെ പ്രാദേശിക പേജിൽ മുക്കം ബസ്റ്റാന്റിൽ നിന്ന് വെള്ളം കുടിക്കുന്ന വയോധികന്റെ ചിത്രമാണ് വിവാദമായത്. 'ലോക് ഡൗണിൽപെട്ട് ഭക്ഷണം സമയത്തിനു കിട്ടാതായതോടെ മുക്കം ബസ്സ്റ്റാന്റിൽ സ്ഥാപിച്ച പൈപ്പിൽനിന്നു വെള്ളംകുടിച്ച് വിശപ്പും ദാഹവും അകറ്റുന്ന കുമാരൻ. പുതുപ്പാടി സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി മുക്കം ബസ് സ്റ്റാന്റിലാണ് താമസം'- എന്നാണ് ചിത്രത്തിന് നൽകിയ അടിക്കുറുപ്പ്. എന്നാൽ ഇതിനെതിരെ മുക്കം നഗരസഭ രംഗത്ത എത്തുകയായിരുന്നു. നഗരസഭയുടെ കമ്യൂണിറ്റി കിച്ചൻ സംവിധാനത്തിലൂടെ കുമാരന് ഭക്ഷണം എത്തിച്ചിരുന്നുവെന്നും കൊറോണയേക്കാൾ വലിയ വൈറസാണ് മാധ്യമമെന്നുമുള്ള രൂക്ഷമായ വിമർശനം ആണ് നഗരസഭാ ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ അടക്കമുള്ളവർ ഉയർത്തിയത്. തുടർന്ന് നഗരസഭാ അധികൃതർ പരാതി നൽകിയതോടെയാണ് മാധ്യമം ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളിക്കെതിരെ പൊലീസ് കേസ് എടുത്തത്.

ലഹളയുണ്ടാക്കാനുള്ള ശ്രമം, അപകീർത്തിപെടുത്തൽ തുടങ്ങിയ കുറ്റങ്ങളോടെയാണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ലോക്ക് ഡൗൺ എങ്ങനെയാണ് സാധാരണ ജനങ്ങളെ ബാധിച്ചത് എന്ന് കാണിക്കുന്ന ചിത്രമാണ് താൻ പകർത്തിയതെന്ന് ബൈജു കൊടുവള്ളി പറയുന്നത്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവർക്കുകൂടി ഇക്കാലത്ത സംരക്ഷണം കിട്ടണം എന്ന സദുദ്ദേശത്തോടെയാണ് ചിത്രം പകർത്തിയതെന്നും ബൈജു പ്രതികരിച്ചു. അതേസമയം ഇതിന് ലഹളയുണ്ടാക്കാനുള്ള ശ്രമത്തിൽ പെടുത്തുന്ന വകുപ്പുകൾ ഒക്കെ ഇട്ടിട്ടും പത്രപ്രവർത്തക യൂണിയൻ പ്രതികരിച്ചിട്ടില്ല. ഇത് ചോദ്യം ചെയ്ത് മാധ്യമ പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും വലിയ തർക്കം നടക്കുകയാണ്. പത്രാധിപർക്കെതിരെയോ, അടിക്കുറുപ്പ് കൊടുത്ത എഡിറ്റർക്കെതിരെയോ നടപടിയില്ലാതെ ഫോട്ടോഗ്രാഫർക്കെതിരെ മാത്രം കേസ്് എങ്ങനെ ഉണ്ടായി എന്നും പലരും രോഷം കൊള്ളുന്നു.

സംഭവത്തിൽ വിശദീകരണവുമായി കുമാരേട്ടൻ തന്നെ രംഗത്ത് വന്നിരുന്നു. ഇന്നലെ കമ്മ്യൂണിറ്റി കിച്ചൺ വഴി ലഭിച്ച ഭക്ഷണം കഴിച്ചതിന് ശേഷം സാധാരണ പോലെ ബസ്റ്റാന്റിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ കൂളറിൽ നിന്ന് വെള്ളം കുടിക്കുമ്പോളാണ് രണ്ട് പേർ കാറിൽ വന്ന് ഫോട്ടോയെടുത്തത്. അവർ 50 രൂപയും തന്നു. പിന്നെ ഇങ്ങനെയാണ് കാണുന്നതെന്നാണ് കുമാരേട്ടൻ പറയുന്നത്. എന്നാൽ മുക്കം നഗരസഭാ ചെയർമാൻ വി കുഞ്ഞന്മാസ്റ്റർ പറയുന്നത് ഇങ്ങനെയാണ്. ' പുതുപ്പാടിയിൽ നിന്ന് വന്ന് മുക്കത്തെ തെരുവിൽ ജീവിതം തള്ളിനീക്കുന്ന ഒരു മുതിർന്ന പൗരനാണ് കുമാരേട്ടൻ. കൊറോണക്കാലം വരെ മുക്കത്തെ മനുഷ്യസ്നേഹികൾ അദ്ദേഹത്തിന് വിശപ്പടക്കാനുള്ള ഭക്ഷണം നൽകിയിരുന്നു. കോവിഡ് 19 കാലത്ത് മുക്കം നഗരസഭ അശരണരെ തേടി ഇറങ്ങിയപ്പോൾ കണ്ടെത്തിയ 21 പേരിൽ കുമാരേട്ടനും ഉണ്ടായിരുന്നു.

അവശതയനുഭവിക്കുന്ന ഇവർക്കാണ് മുക്കത്തെ കമ്യുണിറ്റി കിച്ചണിൽ നിന്നും ആദ്യം ഭക്ഷണം എത്തിച്ചു തുടങ്ങിയത്. ഇന്ന് വരെ അത് മുടങ്ങിയിട്ടില്ല. എന്നാൽ ഏപ്രിൽ 2 ലെ മാധ്യമം പത്രത്തിൽ കുമാരേട്ടൻ ദാഹമകറ്റാൻ വെള്ളം കുടിക്കുന്നതിന്റെ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നൽകിയിരിക്കുന്നത് 'പൈപ്പിൽ നിന്ന് വെള്ളം കുടിച്ച് വിശപ്പകറ്റുന്ന കുമാരേട്ടൻ' എന്നാണ്.പായിപ്പാട്ട് പഞ്ചായത്തിലും ആലപ്പുഴയിലും ഇതേ കുത്തിത്തിരിപ്പാണ് ഈ കൂട്ടർ നടത്തിയിട്ടുള്ളത്. ഒരു തദ്ദേശ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തി ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ഈ പത്ര ധർമം മിതമായ ഭാഷയിൽ പറഞ്ഞാൽ ശവം തീനിത്തരമാണ്. ഇത്തരം വ്യാജ വാർത്ത സൃഷ്ടിക്കുന്ന വ്യക്തിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കും മുക്കം പൊലീസിലും പരാതി നൽകിയിട്ടുണ്ട്.'- വി കുഞ്ഞന്മാസ്റ്റർ പറഞ്ഞു. സമൂഹമാധ്യമങ്ങളിലും മാധ്യമം ദിനപ്പത്രത്തിനെതിരെ നിരവധിയാളുകൾ ഈ വിഷയത്തിൽ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം മുക്കം നഗരസഭയിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം മൽസരിച്ച് ജയിച്ചത് മാധ്യമം പത്രം നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫയർ പാർട്ടിയുമായുള്ള സഖ്യം ഉണ്ടാക്കിക്കൊണ്ട് കൂടിയാണ്. ഇത്രയും വലിയ വിധ്വംസക പ്രവർത്തനം നടത്തുന്നവർ ആണ് ഇവർ എങ്കിൽ എന്തുകൊണ്ട് സിപിഎം വെൽഫയർ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP