Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊക്കൂൺ-സൈബർ ഡോം അന്വേഷണം അട്ടിമറിക്കാൻ പൊലീസ് ആസ്ഥാനത്ത് ഐജിയാകണം! ആർഎസ്എസ് അജണ്ട നടപ്പാക്കുമെന്ന തമാശ പറച്ചിൽ സുരേഷ് രാജ് പുരോഹിതിന് വിനയാകും; ഡിജിപി ഓഫീസിലെ പോര് ബെഹ്‌റയ്ക്കും തലവേദന; പിണറായി വിജയൻ കരുണ കാണിക്കുമോ?

കൊക്കൂൺ-സൈബർ ഡോം അന്വേഷണം അട്ടിമറിക്കാൻ പൊലീസ് ആസ്ഥാനത്ത് ഐജിയാകണം! ആർഎസ്എസ് അജണ്ട നടപ്പാക്കുമെന്ന തമാശ പറച്ചിൽ സുരേഷ് രാജ് പുരോഹിതിന് വിനയാകും; ഡിജിപി ഓഫീസിലെ പോര് ബെഹ്‌റയ്ക്കും തലവേദന; പിണറായി വിജയൻ കരുണ കാണിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊക്കൂൺ-സൈബർ ഡോമിലെ ക്രമക്കേടുകൾ ആദ്യം കണ്ടെത്തിയത് പൊലീസ് ആസ്ഥാനത്ത് ഐജിയായ സുരേഷ് രാജ് പുരോഹിതായിരുന്നു. കൊല്ലത്തെ രവിപിള്ളയുടെ അനധികൃത നിർമ്മാണമായ റാവീസ് ഹോട്ടലിൽ കോക്കൂൺ നടക്കുന്നുവെന്ന് അറിഞ്ഞായിരുന്നു സുരേഷ് രാജ് പുരോഹിത് കാര്യങ്ങൾ തിരിക്കിയത്. കേരളാ പൊലീസിന്റെ പേരിൽ നടക്കുന്ന ആഘോഷ പരിപാടിയുടെ ഒരു ഫയലും പൊലീസ് ആസ്ഥാനത്ത് ഇല്ലെന്ന സത്യം മനസ്സിലാക്കി സുരേഷ് രാജ് പുരോഹിത് ശരിക്കും ഞെട്ടി.

ഇതിനിടെ കൊക്കൂണിലെ പീഡന ആരോപണത്തിൽ സൈബർ സെൽ തലവനായിരുന്ന വിനയകുമാരൻ നായർ കുരുങ്ങിയത് വിവാദങ്ങൾക്ക് പുതിയ മാനം നൽകി. സംഭവം വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഏറ്റെടുത്തു. ഇതോടെ കൊക്കൂണിലെ പിന്നിലെ പ്രമുഖനായ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം കുടുങ്ങി. കൊക്കൂണിലെ ഫയൽ ചോദിച്ച് പൊലീസ് ആസ്ഥാനത്ത് എത്തിയ കുറിപ്പിൽ അത്തരമൊരു ഫയൽ ഇല്ലെന്ന് സുരേഷ് രാജ് പുരോഹിത് മറുപടിയും നൽകി. ഇതോടെ മനോജ് എബ്രഹാം അങ്കലാപ്പിലായി. ഇതിൽ നിന്ന് തലയൂരാൻ പൊലീസ് ആസ്ഥാനത്തെ ഐജി സ്ഥാനമാണ് മനോജ് എബ്രഹാം നോട്ടമിടുന്നത്. ഇതിനെടെ ചില അബന്ധങ്ങളിൽ വീണത് സുരേഷ് രാജ് പുരോഹിതിന് വിനയാവുകയാണ്.

മനോജ് എബ്രഹാമും സുരേഷ് രാജ് പുരോഹിതും തമ്മിലെ ഭിന്നത തുടങ്ങിയതോടെ മംഗളം പത്രത്തിൽ ഒരു വാർത്തയെത്തി. ഉദ്യോഗസ്ഥർക്ക് വ്യത്യസ്ഥ തിരിച്ചറിയിൽ കാർഡ് ഏർപ്പെടുത്താനുള്ള സുരേഷ് രാജ് പുരോഹിതിന്റെ നീക്കത്തെ ഡിജിപി ബെഹ്‌റ ശാസിച്ചുവെന്നായിരുന്നു അത്. ഈ വാർത്തയിൽ സുരേഷ് രാജ് പുരോഹിതിനെ ആർഎസ്എസുകാരനായും ചിത്രീകരിച്ചിരുന്നു. തൃശൂർ പൊലീസ് അക്കാഡമിയിലെ ബീഫ് വിവാദത്തിന്റെ പശ്ചാത്തലവും മാതാ അമൃതാനന്ദമയീയെ അക്കാഡമിയിലെ താമസ സ്ഥലത്തുകൊണ്ടുവന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ഇത് സുരേഷ് രാജ് പുരോഹിതിനെ അലോസരപ്പെടുത്തി. പൊലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥരെയടക്കം വിളിച്ച് സംസാരിക്കുന്നതിനിടെ താൻ ആർഎസ്എസ് അജണ്ട നടപ്പാക്കുമെന്ന് സുരേഷ് രാജ് പുരോഹിത് പകുതി തമാശയിൽ ഇവരോട് പറഞ്ഞു. ഇതാണ് സുരേഷ് രാജ് പുരോഹിതിനെതിരെ മനോജ് എബ്രഹാം ആയുധമാക്കുന്നത്. ഇങ്ങനെ പറഞ്ഞയാളെ പൊലീസ് ആസ്ഥാനത്ത് നിന്ന് മാറ്റാനാണ് മനോജ് എബ്രഹാമിന്റെ ശ്രമം.

പൊലീസ് ആസ്ഥാനത്ത് നേരത്തേയും മനോജ് എബ്രഹാം പ്രവർത്തിച്ചിട്ടുണ്ട്. അപ്പോഴായിരുന്നു ഇ ബീറ്റ് വിവാദം ഉണ്ടായത്. എഡിജിപി ബി സന്ധ്യയായിരുന്നു ഇത് കണ്ടെത്തി നടപടികൾ എടുത്തത്. ഈ വിഷയം വിജിലൻസിന്റെ ശ്രദ്ധയിലേക്ക് കൊണ്ടു വരാനും നീക്കം സജീവമാണ്. ഈ സമയത്ത് സുരേഷ് രാജ് പുരോഹിതനെ പോലൊരു വ്യക്തി പൊലീസ് ആസ്ഥാനത്ത് നിയോഗിക്കപ്പെട്ടാൽ തനിക്ക് പാരയാകുമെന്ന് മനോജ് എബ്രഹാം കരുതുന്നു. സാഹചര്യത്തിൽ സുരേഷ് രാജ് പുരോഹിതിന്റെ ആർഎസ് എസ് പരമാർശം ചർച്ചയാക്കിപ്പിക്കുകയാണ് ലക്ഷ്യം.

അതിനടെ താൻ അങ്ങനെ ആരോടും പറഞ്ഞില്ലെന്ന വിശദീകരണമാണ് സുരേഷ് രാജ് പുരോഹിത് ഔദ്യോഗികമായി നൽകുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി സുരേഷ് രാജ് പുരോഹിതിന് അടുത്ത ബന്ധമാണുള്ളത്. എന്നാൽ എസ് ഐ വരെയുള്ളവരുടെ സ്ഥലം മാറ്റത്തിൽ നിന്ന് ഐജിയെ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടായെന്നതും രസകരമാണ്. മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലിച്ചുള്ള സ്ഥലം മാറ്റ ഉത്തരവിൽ ഒപ്പിടില്ലെന്നാണ് ഐജിയുടെ പക്ഷം. ഇതോടെ പൊലീസ് ആസ്ഥാനത്തെ എ ഐ ജിയായ രാഹുൽ ആർ നായരെ കൊണ്ടാണ് ഡിജിപി സ്ഥലം മാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്.

സ്ഥലംമാറ്റത്തിന് ഉദ്യോഗസ്ഥരിൽ നിന്ന് സന്നദ്ധത അറിയിച്ചുള്ള റിപ്പോർട്ട് വേണമെന്ന് പുരോഹിത് ശഠിക്കുന്നു. ഇതോടെയാണ് സുരേഷ് രാജ് പുരോഹിതിൽ നിന്ന് ചുമതല എടുത്തുമാറ്റിയത്. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫയലുമായെത്തിയ സ്റ്റാഫംഗത്തെ സുരക്ഷാപരിശോധനയുടെ പേരിൽ പൊലീസ് ആസ്ഥാനത്ത് തടഞ്ഞുവച്ചു. അപകടം മണത്ത് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയെ കണ്ട് മാപ്പുപറഞ്ഞാണ് തലയൂരിയത്. ഈ സാഹചര്യത്തിൽ പൊലീസ് ആസ്ഥാനത്ത് സമൂല അഴിച്ചു പണിയുണ്ടാകുമെന്നാണ് സൂചന.

സുരേഷ് രാജ് പുരോഹിതിനെ അവിടെ നിന്ന് മാറ്റും. വിഷയത്തിൽ സിപിഐ(എം) അനുകൂല സംഘടനയായ എൻ ജി ഒ യൂണിയനും സുരേഷ് രാജ് പുരോഹിതിന് എതിരാണ്. പൊലീസ് അക്കാഡമിയിൽ ബീഫ് നിരോധനം ഏർപ്പെടുത്തിയത് മുതൽ സിപിഐ(എം) സംഘടനകളുടെ കണ്ണിലെ കരടാണ് സുരേഷ് രാജ് പുരോഹിത്. കണ്ണൂർ റേഞ്ച് ഐജിയായും സുരേഷ് രാജ് പുരോഹിത് യുഡിഎഫ് ഭരണകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. അഴിമതി തീരെയില്ലാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന തിരിച്ചറിവിലാണ് സുരേഷ് രാജ് പുരോഹിതിന് പൊലീസ് ആസ്ഥാനത്ത് പ്രധാന തസ്തിക മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്.

എന്നാൽ കൊക്കൂൺ-സൈബർ ഡോമിലെ കള്ളക്കളി കണ്ടെത്തിയതോടെ വിവാദങ്ങൾ ഒന്നൊന്നായി സുരേഷ് രാജ് പുരോഹിതിനെ തേടിയെത്തി. ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പിയായതിന് പിന്നാലെ സന്ദർശകർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ പോലും ഒഴിവാക്കിയില്ല. പിന്നാലെ പൊലീസ് ആസ്ഥാനത്തെ മിനിസ്റ്റീരിയൽ, എക്‌സിക്യൂട്ടിവ് ജീവനക്കാർക്ക് പുതിയ തിരിച്ചറിയൽ കാർഡ് നൽകി. ഇതിനായി പൂരിപ്പിച്ച് നൽകേണ്ട പെർഫോർമയിൽ ജീവനക്കാരുടെ ജാതി ചോദിച്ചത് വിവാദമായിരുന്നു.

എല്ലാ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡുണ്ടായിരിക്കേ തസ്തിക തിരിച്ച് വ്യത്യസ്ത നിറങ്ങളിലെ ടാഗ് ഏർപ്പെടുത്തിയതും വിവാദമായി. പൊലീസ് ഉദ്യോഗസ്ഥർക്ക് കടുംനീല നിറത്തിലെയും മിനിസറ്റീരിയൽ ജീവനക്കാരിൽ ജൂനിയർ സൂപ്രണ്ട് മുതൽ മുകളിലോട്ടുള്ളവർക്ക് ഇളംനീല, ഹെഡ് ക്ലാർക്ക് വരെയുള്ളവർക്ക് പച്ച, ലാസറ്റ് ഗ്രേഡ് ജീവനക്കാർക്ക് മഞ്ഞ നിറത്തിലെയും ടാഗുകളാണ് അനുവദിച്ചത്. ഇതെല്ലാം സുരേഷ് രാജ് പുരോഹിതന്റെ നീക്കമായി വിമർശിക്കപ്പെട്ടു. എന്നാൽ ഡിജിപിയുടെ നിർദ്ദേശമാണ് നടപ്പാക്കപ്പെട്ടതെന്നതാണ് യാഥാർത്ഥ്യം. ഇതിനിടെയാണ് ബീഫ്് വിവാദവും ആർഎസ്എസ് അജണ്ടയും ഉയർത്തിക്കാട്ടിയുള്ള നീക്കം സുരേഷ് രാജ് പുരോഹിതിനെതിരെ വരുന്നത്.

തസ്തികയുടെ വലിപ്പമനുസരിച്ചുള്ള ടാഗുകളെച്ചൊല്ലി പ്രതിഷേധം ശക്തമായതോടെ വിവിധ നിറങ്ങളിലെ ടാഗുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. ഇതെല്ലാം വാർത്തയാകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അലോസരപ്പെടുത്തുന്നുണ്ട്. അഴിമതി പൂർണ്ണമായും ഇല്ലാതാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുമ്പോൾ ഉദ്യോഗസ്ഥരെ കരിവാരി തേയക്കാൻ പൊലീസിലെ ചിലർ പൊലീസുകാരുടെ സ്ഥലം മാറ്റത്തിൽ പോലും അഴിമതി ആരോപിച്ച് വാർത്തയുണ്ടാക്കി. ഇതെല്ലാം മുഖ്യമന്ത്രിയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ വലിയൊരു അഴിച്ചു പണി സേനയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.

പല ജില്ലയിലേയും എസ് പി മാരേയും മാറ്റും. ജിഷാ വധക്കേസിലും അതിരുമ്പുഴ കൊലപാതകത്തിലും എടിഎം കവർച്ചയിലും മറ്റും പ്രതികളെ പിടികൂടി പൊലീസിന് പ്രതിച്ഛായ മെച്ചം ഉണ്ടായതാണ്. അതിനിടെ ഇത്തരം വിവാദങ്ങളെത്തുന്നത് ഒട്ടും ഗുണകരമല്ല. സേനയിലെ തമ്മിൽ തല്ല് തുടർന്നാൽ കാര്യങ്ങൾ കൈവിട്ടു പോകും. അതിനാൽ ഓണം കഴിഞ്ഞാൽ പൊലീസിൽ ശുദ്ധീകരണമെന്ന നിലയിലേക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നീങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP