Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ തീപിടിച്ചപ്പോൾ ഓടിയെത്തിയ ഓഫീസർ! സ്വപ്‌നയുടെ ലക്കി ഡിപ്പിൽ ഐഫോൺ കിട്ടിയവരിൽ കോടിയേരിയുടെ പഴയ പേഴ്‌സണൽ സ്റ്റാഫ് അംഗവും; അഡീഷണൽ പ്രോട്ടോൾ ഓഫീസർ കോൺസുലേറ്റിലെ ഭാഗ്യ പരീക്ഷണത്തിന് പേരെഴുതി ഇട്ടത് വെട്ടിലാക്കുന്നത് സിപിഎമ്മിനെ; ഐ ഫോണിലെ പ്രോട്ടോകോൾ ലംഘനവും സിപിഎമ്മിനെ തിരിഞ്ഞു കുത്തുന്നു; ചിത്രങ്ങളും വിശദാംശങ്ങളും പുറത്തു വിട്ട് ചെന്നിത്തല

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ തീപിടിച്ചപ്പോൾ ഓടിയെത്തിയ ഓഫീസർ! സ്വപ്‌നയുടെ ലക്കി ഡിപ്പിൽ ഐഫോൺ കിട്ടിയവരിൽ കോടിയേരിയുടെ പഴയ പേഴ്‌സണൽ സ്റ്റാഫ് അംഗവും; അഡീഷണൽ പ്രോട്ടോൾ ഓഫീസർ കോൺസുലേറ്റിലെ ഭാഗ്യ പരീക്ഷണത്തിന് പേരെഴുതി ഇട്ടത് വെട്ടിലാക്കുന്നത് സിപിഎമ്മിനെ; ഐ ഫോണിലെ പ്രോട്ടോകോൾ ലംഘനവും സിപിഎമ്മിനെ തിരിഞ്ഞു കുത്തുന്നു; ചിത്രങ്ങളും വിശദാംശങ്ങളും പുറത്തു വിട്ട് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി നടന്ന മൊബൈൽ ഫോൺ വിതരണത്തിൽ അടിമുടി ദുരൂഹത. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പെഴ്‌സണൽ സ്റ്റാഫ് ആയിരുന്ന രാജീവനും കൂടി ഈ ചടങ്ങിൽ ഐ ഫോണുമായി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നത്. മൊബൈൽ ഫോൺ വിവാദം കത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ചിത്രങ്ങളും വിശദാംശങ്ങളും പുറത്ത് വിട്ടത്. സിപിഎമ്മിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥനാണ് പ്രതിപക്ഷ നേതാവ് പുറത്തു വിട്ട ചിത്രത്തിലുള്ള രാജീവൻ. ഈ രാജീവനാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ തീ പിടിച്ചപ്പോൾ ആദ്യം ഓടിയെത്തിയ ഉദ്യോഗസ്ഥൻ.

മാധ്യമ പ്രവർത്തകരെ തടഞ്ഞതും കൈയേറ്റം ചെയ്തതും രാജീവനാണ്. കോൺസുലേറ്റുമായി രാജീവിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ പുതിയ ആരോപണം. അഞ്ച് ഐ ഫോണിൽ മൂന്നെണ്ണം കിട്ടയിവരുടെ പേര് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ടു. ഒരു ഫോണാണ് സംസ്ഥാനത്തെ അഡീഷണൽ പ്രോട്ടോകോൾ ഓഫീസറായ എപി രാജീവനും ഫോൺ കിട്ടിയത്. സന്തോഷ് ഈപ്പൻ നൽകി എന്ന് പറയുന്ന ബാക്കി രണ്ട് ഫോണുകൾ എവിടെ? ആർക്കാണ് അത് സ്വപ്ന സ്വകാര്യമായി നൽകിയത്? ആരാണ് അത് ഉപയോഗിക്കുന്നത്? ഇത് ഞാൻ നൽകിയ പരാതി അനുസരിച്ച് ഡി ജി പി കണ്ടുപിടിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുകയാണ് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

കഴിഞ്ഞ ഡിസംബറിൽ യുഎഇയുടെ ദേശീയ ദിനവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങാണ് വിവാദം സൃഷ്ടിച്ചത്. ഈ നറുക്കെടുപ്പിൽ തന്നെ ദുരൂഹതയാണ് നിലനിൽക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ പെഴ്‌സണൽ സ്റ്റാഫ് അംഗം ഉൾപ്പെടെയുള്ളവർ ഈ മൊബൈൽ ഫോൺ കൈപ്പറ്റി എന്ന് മനസിലായതോടെയാണ് സിപിഎം വിവാദത്തിൽ നിന്നും പിൻവാങ്ങിയത്. എന്നാൽ സ്വപ്നത്തിൽ പോലും കൈപ്പറ്റിയിട്ടില്ലാത്ത മൊബൈൽ ഫോൺ വിവാദം തന്റെ തലയിലേക്ക് വന്നപ്പോൾ പ്രശ്‌നത്തിൽ ആഞ്ഞടിക്കുകയും വിശദീകരണം നടത്തുകയുമാണ് പ്രതിപക്ഷ നേതാവ് ചെയ്തത്.

ഇത് സിപിഎമ്മിന് രാഷ്ട്രീയ തലവേദനയായി മാറുകയും ചെയ്തു. ചെന്നിത്തലയുടെ ആർഎസ്എസ് ബന്ധത്തിന്റെ പേര് പറഞ്ഞു കോടിയേരി തന്നെ വിവാദം സൃഷ്ടിച്ച പ്പോൾ ഈ വിവാദം അവസാനിച്ചത് സിപിഎം പിബി അംഗം എസ്.രാമചന്ദ്രൻ പിള്ളയുടെ ആർഎസ്എസ് ബന്ധത്തിന്റെ പേരിലായിരുന്നു. ആർഎസ്എസ് ബന്ധം എസ്ആർപി സ്ഥിരീകരിച്ചപ്പോൾ പിടിച്ച പുലിവാല് പോലെയാണ് യുഎഇ കോൺസുലെറ്റിലെ മൊബൈൽ ഫോൺ വിതരണത്തിൽ ചെന്നിത്തലയുടെ പേര് ചേർത്ത് സിപിഎം പുലിവാല് പിടിച്ചത്. സംഭവം സിപിഎം അവസാനിപ്പിച്ചേങ്കിലും അത് സിപിഎമ്മിനെ തന്നെ തിരിഞ്ഞു കുത്തുകയാണ്.

നറുക്കെടുപ്പിൽ വിജയിച്ച ആദ്യം അഞ്ചു പേർക്കാണ് ഐ ഫോൺ നൽകിയത്. ഈ ഫോണുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർക്ക് നൽകാൻ വേണ്ടി സ്വപ്ന സുരേഷ് പറഞ്ഞ പ്രകാരം വാങ്ങി നൽകി എന്നാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞത്. എന്നാൽ പ്രതിപക്ഷ നേതാവ് മൊബൈൽ കൈപ്പറ്റിയിട്ടില്ല. നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള മൊബൈൽ ഫോൺ വിതരണം ചെയ്യുകയാണ് ചെയ്തത്. ഈ രീതിയിൽ വിതരണം ചെയ്യപ്പെട്ട മൊബൈൽ ഫോണാണ് സംസ്ഥാനത്തെ അഡീഷണൽ പ്രോട്ടോകോൾ ഓഫീസറായ എപി രാജീവൻ കയ്യിലേന്തി നിൽക്കുന്ന ചിത്രം പുറത്തെത്തിയത്.

മൊബൈൽ ഫോൺ മാത്രമല്ല ഫ്‌ളൈറ്റ് ടിക്കറ്റുകൾ, വാച്ചുകൾ എന്നിവയും ചടങ്ങിൽ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. മൊബൈൽ ഫോൺ വിതരണം ചെയ്ത ഉടൻ തന്നെ പ്രതിപക്ഷ നേതാവ് സ്ഥലം വിട്ടിട്ടുണ്ട്. വിശപ്പുമൂലം വഞ്ചിയൂരിലെ ഒരു കുട്ടി മണ്ണ് വാരി തിന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതേ ദിവസം തന്നെയാണ്. ഈ ചടങ്ങിൽ നിന്നും സംഭവസ്ഥലത്തെക്കാണ് ചെന്നിത്തല നീങ്ങിയത്. മൊബൈൽ ഫോൺ പോക്കറ്റിലിട്ടായിരുന്നില്ല ഈ പോക്ക്, സമ്മാനവിതരണം നടത്തിയയായിരുന്നു. ഇതറിയാവുന്നതുകൊണ്ടാണ് ആദ്യം തന്നെ ഇത് നിഷേധിച്ച് പ്രതിപക്ഷ നേതാവ് മാധ്യമമങ്ങൾക്ക് വിശദീകരണം നൽകിയത്. ഫോണിന്റെ ബിൽ കയ്യിലുണ്ടായിരിക്കെ അത് പരിശോധിക്കാൻ എളുപ്പമാണ്. ഫോണിലെ നമ്പർ നോക്കിയാൽ അത് ആരുടെ കയ്യിലാണ് എന്ന് മനസിലാക്കാൻ വിഷമമില്ല. സംഭവം വിവാദമായപ്പോഴാണ് മൊബൈൽ ഫോൺ വിതരണത്തിന്റെ ചിത്രങ്ങൾ സഹിതം പ്രതിപക്ഷ നേതാവ് മാധ്യമസമ്മേളനത്തിൽ പുറത്ത് വിട്ടത്.

പ്രതിപക്ഷ നേതാവ് നല്കുന വിശദീകരണം ഇങ്ങനെ:

2019 ഡിസംബർ രണ്ടാം തീയതി നടന്ന യുഎഇ ദേശീയ ദിന ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിന്റെ വിശദമായ ഡീറ്റെയ്ല്‌സ് എടുത്തു. ലഭ്യമായ വിവരങ്ങളും, ഫോട്ടോഗ്രാഫുകളും എല്ലാം പരിശോധിച്ചതിൽ നിന്നും മനസ്സിലായത്, മൂന്ന് ഫോണുകൾ ആണ് അവിടെ വിതരണം ചെയ്തത് എന്നാണ്. അത് ലക്കി ഡിപ്പിൽ സമ്മാനം അടിച്ചവർക്കാണ് നൽകിയത്. അവരുടെ ചിത്രങ്ങൾ അടക്കം നിങ്ങൾക്ക് നൽകുകയാണ്. ഇതിൽ ഒരാൾ ഇപ്പോൾ സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തിൽ വർക്ക് ചെയ്യുന്ന എ പി രാജീവൻ ആണ്. അദ്ദേഹം മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പെഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു. അദ്ദേഹത്തിന് ലക്കി ഡ്രോയിൽ ഒരു മൊബെയിൽ കിട്ടിയത് വല്യ അപരാധം ഒന്നും ആയി കരുതുന്നില്ല.

അന്നേ ദിവസം, ഞാൻ മനസ്സിലാക്കിയത്, മൊബയ്ല് ഫോണുകൾ കൂടാതെ, ഫ്‌ളൈറ്റ് ടിക്കറ്റുകൾ, വാച്ചുകൾ എന്നിവയൊക്കെ ലക്കി ഡിപ്പിലൂടെ സമ്മാനമായി നൽകി എന്നാണ്. ചടങ്ങിൽ പങ്കെടുത്ത നിരവധി ആളുകൾക്ക് അത് ലഭിച്ചിരുന്നു. അന്വേഷിച്ചപ്പോൾ, എന്റെ സ്റ്റാഫിൽ ഉള്ള ഹബീബിനും ഒരു വാച്ച് ലഭിച്ചിരുന്നു എന്നാണ് മനസ്സിലായത്. ഞാൻ അത് ഹബീബിനോട് ചോദിച്ചപ്പോൾ, സത്യമാണ് എന്ന് അറിയാൻ കഴിഞ്ഞു. അതിൽ ഒരാപാകതയും ഇല്ല. പക്ഷെ അത് കൂടി പരസ്യമായി പറയുന്നത് ആണ് നല്ലത് എന്നതുകൊണ്ട് പറയുന്നു എന്ന് മാത്രം.

ഈ ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായി എന്നാണ് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. ഒന്നാമത്തെ കാര്യം, പ്രോട്ടോക്കോൾ ഹാൻഡ് ബുക്ക് 38 (സി) ബാധകമാകുന്നത് കൗൺസലേറ്റുകൾക്കാണ്. നമുക്ക് അല്ല. അതിലും പ്രധാന പെട്ടകാര്യം, പ്രോട്ടോക്കോൾ ലംഘനം ഇല്ലെന്ന് ഉറപ്പ് വരുത്തണ്ട ഉദ്യോഗസ്ഥൻ അല്ലേ പ്രോട്ടോക്കോൾ ഓഫീസർ ആയ രാജീവൻ? അദ്ദേഹം ഈ ചടങ്ങിൽ പങ്കെടുത്തു എന്ന് പറയുമ്പോൾ, ഈ ചടങ്ങിന് സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ വിഭാഗത്തിന്റെ പൂർണ്ണ അനുമതി ഉണ്ട് എന്നാണ് അർത്ഥം. 38 (സി) പ്രകാരം, ലക്കി ഡിപ്പ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾക്ക് സംസ്ഥാന സർക്കാരിന് സാധുത നൽകാം. ഈ പരിപാടിയിലെ മുഖ്യാതിഥി ആയി നിശ്ചയിച്ചത് സംസ്ഥാന മുഖ്യമന്ത്രിയെ തന്നെ ആയിരുന്നു. അപ്പോൾ സംസ്ഥാന സർക്കാർ ഈ ചടങ്ങിനു - അംഗീകാരം നൽകി എന്നാണ് അർത്ഥം. അപ്പോൾ അതിൽ ഒരു പ്രോട്ടോക്കോൾ ലംഘനവും ഇല്ല. മറ്റ് ഒരു കാര്യം, സന്തോഷ് ഈപ്പൻ നൽകി എന്ന് പറയുന്ന ബാക്കി രണ്ട് ഫോണുകൾ എവിടെ? ആർക്കാണ് അത് സ്വപ്ന സ്വകാര്യമായി നൽകിയത്? ആരാണ് അത് ഉപയോഗിക്കുന്നത്? ഇത് ഞാൻ നൽകിയ പരാതി അനുസരിച്ച് ഡി ജി പി കണ്ടുപിടിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്-ചെന്നിത്തല പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷ് ഐ ഫോൺ സമ്മാനിച്ചെന്ന ആരോപണവുമായി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ രംഗത്തെത്തിയതോടെയാണ് പ്രശ്‌നത്തിൽ വിവാദം കത്തിയത്. . ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ചെന്നിത്തലക്കെതിരെ ആരോപണം ഈപ്പൻ ഉന്നയിച്ചത്. . ലൈഫ് മിഷൻ ഫ്ളാറ്റുകളുടെ കരാർ ലഭിച്ചതിന് സ്വപ്ന സുരേഷിന് കൈക്കൂലി നൽകിയതായി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമർപിച്ച ഹർജിയിൽ പറയുന്നു.

സിബിഐ അന്വേഷണത്തിനെതിരെ നൽകിയ ഹർജിയിലാണ് ആരോപണം വന്നത്. സ്വപ്ന സുരേഷിന് 3.8 കോടി രൂപയും സന്ദീപ് നായർക്ക് 63 ലക്ഷവും നൽകിയിട്ടുണ്ട്. യുഎഇ കോൺസൽ ജനറൽ നിർദ്ദേശിച്ചത് അനുസരിച്ചാണ് പണം നൽകിയത്. യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ ഉദ്യോഗസ്ഥനാണ് പണം കൈപ്പറ്റിയത്. സ്വപ്ന സുരേഷ് പറഞ്ഞിട്ടാണ് കരാർ ലഭിക്കുന്നതിനുള്ള ടെണ്ടറിൽ പങ്കെടുത്തതെന്നും സന്തോഷ് ഈപ്പൻ ഹർജിയിൽ പറയുന്നുണ്ട്. എതിനോപ്പമാണ് ചെന്നിത്തലയ്ക്ക് എതിരെയും ആരോപണമുന്നയിച്ചത്. രമേശ് ചെന്നിത്തലക്ക് ഐ ഫോൺ സമ്മാനമായി നൽകിയിട്ടുണ്ട്. പണത്തിനു പുറമെ അഞ്ചു മൊബൈൽ ഫോണുകൾ സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നൽകി. ഇതിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സമ്മാനിച്ചു എന്നും സന്തോഷ് ഈപ്പൻ കോടതിയെ അറിയിച്ചു.

ഇതിനെതിരെ തത്സമയ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നിരുന്നു. തനിക്കെതിരെ ചീപ്പായ പ്രചാരണങ്ങളാണ് നടക്കുന്നത്. യുഎഇ കോൺസുലേറ്റ് അധികൃതരിൽ നിന്ന് ഐ ഫോൺ വാങ്ങിയെന്ന ആരോപണത്തിനെതിരെ നിയമ നടപടിയെടുക്കും. ആരിൽ നിന്നും ഐഫോൺ വാങ്ങിയിട്ടില്ല. കോൺസുലേറ്റ് ചടങ്ങിലെ നറുക്കെടുപ്പിലെ വിജയികൾക്ക് മൊബൈൽ ഫോൺ അവരുടെ അഭ്യർത്ഥന പ്രകാരം സമ്മാനം നൽകുക മാത്രമാണ് ചെയ്തത്. സിപിഎം സൈബർ ഗുണ്ടകൾ നിരന്തരമായി വേട്ടയാടുന്നു. തളരില്ല, പോരാട്ടം തുടരുമെന്നുമാണ് ചെന്നിത്തല പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP