Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാമലക്കണ്ടത്തെ മലയോരഹൈവേ വീതികൂട്ടിപ്പണിയാൻ പുതിയ വനം മന്ത്രി അനുമതി നൽകിയെന്ന് എംപിയും എംഎൽഎയും; അറ്റകുറ്റപ്പണിയല്ലാതെ ഹൈവേ നിർമ്മാണം നടക്കില്ലെന്നു ഡിഎഫ്ഒ; തർക്കം മുറുകുന്നത് മുന്മന്ത്രി തിരുവഞ്ചൂരിന്റെ വാഹനം ജോയ്‌സ് ജോർജ് തടഞ്ഞതിന്റെ പേരിൽ വിവാദമായ നിർമ്മാണപ്രവൃത്തിയിൽ

മാമലക്കണ്ടത്തെ മലയോരഹൈവേ വീതികൂട്ടിപ്പണിയാൻ പുതിയ വനം മന്ത്രി അനുമതി നൽകിയെന്ന് എംപിയും എംഎൽഎയും; അറ്റകുറ്റപ്പണിയല്ലാതെ ഹൈവേ നിർമ്മാണം നടക്കില്ലെന്നു ഡിഎഫ്ഒ; തർക്കം മുറുകുന്നത് മുന്മന്ത്രി തിരുവഞ്ചൂരിന്റെ വാഹനം ജോയ്‌സ്  ജോർജ് തടഞ്ഞതിന്റെ പേരിൽ വിവാദമായ നിർമ്മാണപ്രവൃത്തിയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മലയോര ഹൈവേ നിർമ്മാണത്തിൽ മുൻനിലപാടിൽ നിന്നും വനംവകുപ്പ് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് മൂന്നാർ ഡി എഫ് ഒ നരേന്ദ്ര ബാബു. റോഡ് നിർമ്മാണത്തിന് വനംമന്ത്രി കെ രാജു അനുമതി നൽകിയതായി ജോയ്സ് ജോർജ്ജ് എം പിയും ആന്റണി ജോൺ എം എൽ എയും മാദ്ധ്യമപ്രവർത്തകർക്കുമുമ്പാകെ നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു ഡി എഫ് ഒ യുടെ പ്രതികരണം.

പാതയുടെ മാമലക്കണ്ടം ഭാഗം നിലവിൽ വനംവകുപ്പിന്റെ കൈവശമാണെന്നും ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് മാത്രമേ അനുമതി നൽകാൻ കഴിയു എന്നുമാണ് ഡി എഫ് ഒയുടെ നിലപാട്. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് റോഡ് നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച കലുങ്കുകൾ അവകാശതർക്കത്തിന്റെ പേരിൽ വനം വകുപ്പ് നശിപ്പിച്ചിരുന്നു. ഈ കലുങ്കുകൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചാരാഞ്ഞപ്പോൾ ഇത്തരത്തിൽ ഒരുനിർമ്മാണവും ഇവിടെ അനുവദിക്കില്ലെന്നായിരുന്നു ഡി എഫ് ഒ യുടെ മറുപടി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശത്തെ തുടർന്ന് വനംവകുപ്പ് തടഞ്ഞ റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതിന് ജനപ്രതിനിധികൾ ഊർജ്ജിത നീക്കം നടത്തുന്നതിനിടെ പുറത്തുവന്നിട്ടുള്ള ഡി എഫ് യുടെ വെളിപ്പെടുത്തലിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് പൊതുവേയുള്ള വെളിപ്പെടുത്തൽ.

1980-ലെ വനനിയമങ്ങൾ പ്രകാരം റോഡിന് വീതികൂട്ടാനാവില്ല എന്ന നിലപാടിൽ മുറുകെ പിടിച്ചാണ് അന്ന് തിരുവഞ്ചൂർ റോഡ് നിർമ്മാണത്തിന് തടയിട്ടത്. അന്നത്തെ സാഹചര്യവുമായി ഇപ്പോൾ ഈ പ്രദേശത്തിന് യാതൊരു മാറ്റങ്ങളുമുണ്ടായിട്ടില്ലെന്നും തൽസ്ഥിതി തുടരുന്നതിനാൽ റോഡ് നിർമ്മാണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാവുമെന്നാണ് പരക്കെ ഉയരുന്ന സംശയം.

നിലവിലുള്ള മൂന്നുമീറ്ററിന് പുറമേ വശങ്ങളിൽ ഒന്നരമീറ്റർ വീതം വീതി വർദ്ധിപ്പിച്ച് ആറ് മീറ്റർ വീതിയിൽ റോഡ് പാതപൂർത്തീകരണത്തിന് നീക്കം നടക്കുന്നതായിട്ടാണ് എം പിയുടെയും എം എൽ എയുടെയും വിശദീകരണം. 1969-ൽ ഇതുവഴി റോഡ് നിലവിലുണ്ടായിരുന്നെന്നും അതിനാൽ 1980-ലെ വനനിയമം ഈ റോഡ് നിർമ്മാണത്തെ ബാധിക്കില്ലന്നുമുള്ള ജനപ്രതിനിധികളുടെ വാദം കണക്കിലെടുത്താണ് വനംമന്ത്രി റോഡ് നിർമ്മാണത്തിന് അനുമതി നൽകിയിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം. തിരുവനന്തപുരത്ത് ജനപ്രതിനിധികൾ കൂടി പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് പാതനിർമ്മാണത്തിന് മന്ത്രി പച്ചക്കൊടി വീശിയിരിക്കുന്നത്.

മുൻ സർക്കാരിന്റെ കാലത്ത് റോഡ് നിർമ്മാണം തടഞ്ഞ വനംവകുപ്പിന്റെ നടപടിക്കെതിരെ എൽ ഡി എഫ് ശക്തമായി രംഗത്തുവന്നിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ജോയ്‌സ് ജോർജ്ജ് എം പി നേര്യമംഗലത്ത് നിരഹാരസമരം ആരംഭിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ മന്ത്രി തിരുവഞ്ചൂർ സ്ഥലം സന്ദർശിക്കാനെത്തുകയും ഈ അവസരത്തിൽ ജോയ്‌സ് ജോർജ്ജ് എം പി, പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയിട്ട് പോയാൽ മതിയെന്ന് ആവശ്യപ്പെട്ട് മാമലക്കണ്ടത്ത് വച്ച് മന്ത്രിയുടെ വാഹനം തടയുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ എം പിക്കെതിരെ കുട്ടംപുഴ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP