Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പെൺ ജീവിതങ്ങൾ വേട്ടയാടപ്പെടുന്ന രാജ്യം; ഭാരത സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുമ്പോഴും പെണ്ണുടലുകളെ കൊന്ന് കത്തിച്ച് കളയുമ്പോഴും മൗനം വെടിയാതെ പ്രധാനമന്ത്രി; മാനത്തിനും ജീവനും സുരക്ഷയില്ലാത്ത നാട്ടിൽ സ്ത്രീകൾക്ക് ആത്മവിശ്വാസം ഏകാൻ പോലും ആരുമില്ല; സ്ത്രീ സുരക്ഷ ഇല്ലാത്ത രാജ്യങ്ങളിൽ ഒന്നാമത് എത്തിയെന്ന പേരുദോഷം മാറ്റണമെന്ന് പോലും ആഗ്രഹമില്ല; നിയമവാഴ്‌ച്ച ലംഘിക്കപ്പെടുമ്പോൾ നരേന്ദ്ര മോദിക്ക് പശ്ചാത്താപമോ അനുതാപമോ ഇല്ലെന്ന് കോൺഗ്രസ്

പെൺ ജീവിതങ്ങൾ വേട്ടയാടപ്പെടുന്ന രാജ്യം; ഭാരത സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുമ്പോഴും പെണ്ണുടലുകളെ കൊന്ന് കത്തിച്ച് കളയുമ്പോഴും മൗനം വെടിയാതെ പ്രധാനമന്ത്രി; മാനത്തിനും ജീവനും സുരക്ഷയില്ലാത്ത നാട്ടിൽ സ്ത്രീകൾക്ക് ആത്മവിശ്വാസം ഏകാൻ പോലും ആരുമില്ല; സ്ത്രീ സുരക്ഷ ഇല്ലാത്ത രാജ്യങ്ങളിൽ ഒന്നാമത് എത്തിയെന്ന പേരുദോഷം മാറ്റണമെന്ന് പോലും ആഗ്രഹമില്ല; നിയമവാഴ്‌ച്ച ലംഘിക്കപ്പെടുമ്പോൾ നരേന്ദ്ര മോദിക്ക് പശ്ചാത്താപമോ അനുതാപമോ ഇല്ലെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്തെ പെൺ ജീവിതങ്ങൾ സമാനതകളില്ലാത്ത നിലയിൽ വേട്ടയാടപ്പെടുമ്പോൾ പ്രതികരണമില്ലാതെ പ്രധാനമന്ത്രി. സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നാൾക്കുനാൾ വർധിച്ചുവരുന്ന രാജ്യത്തെ കരകയറ്റാൻ ബദൽ നിർദ്ദേശങ്ങളോ പദ്ധതികളോ കേന്ദ്രസർക്കാരിന് ഇല്ല എന്ന് മാത്രമല്ല, ക്രമസമാധാനപാലനം പോലും താളം തെറ്റിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികളെ സംബന്ധിച്ച് വിചിത്രമായ അഭിപ്രായങ്ങളാണ് കേന്ദ്രമന്ത്രിമാർ പോലും പറയുന്നത്. ഉള്ളിവില വർദ്ധിക്കുന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നും താൻ അധികം ഉള്ളി കഴിക്കില്ലെന്നും വെജിറ്റേറിയനാണെന്നും മറ്റുമാണ് പല കേന്ദ്രമന്ത്രിമാരും പ്രതികരിച്ചത്. വാഹന വിപണിയിൽ മാന്ദ്യമുണ്ടെങ്കിൽ എങ്ങനെ ട്രാഫിക് ജാം ഉണ്ടാകും എന്ന് ചോദിച്ച മന്ത്രിയുമുണ്ട്. ഇതിനെല്ലാം പുറമേയാണ് രാജ്യത്തെ അനുദിനം വഷളാകുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ. സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളെ കുറിച്ച് ഒരു വാക്കുപോലും പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല.

പ്രധാനമന്ത്രിയുടെ നിശബ്ദതയേയും നിസംഗതയേയും കുറ്റപ്പെടുത്തി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നു. രാജ്യത്തെ ക്രമസമാധാനം തകരുമ്പോഴും മോദി നിശബ്ദനാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. 'ഉന്നാവ്, ഇറ്റാവ, ഹൈദരാബാദ്, പൽവാൾ-ഫരീദാബാദ്, ഭീകരത തുടരുന്നു! പീഡനത്തിന് ഇരയായവർ നീതിക്കായി നിലവിളിക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് മുറിപ്പെടുന്നു'- ഡൽഹിയിൽ നടന്ന ബലാത്സംഗക്കേസിൽ അന്നത്തെ കോൺഗ്രസ് സർക്കാരിനെ മോദി കുറ്റപ്പെടുത്തുന്ന വിഡിയോ ടാഗ് ചെയ്തുകൊണ്ട് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വിറ്ററിൽ കുറിച്ചു.

'നിയമവാഴ്ച ലംഘിക്കുമ്പോൾ കുറ്റവാളികൾ സ്വതന്ത്രമായി കറങ്ങി നടക്കുന്നു! എന്നാൽ 'മോദിജി' 'നിശബ്ദമാണ്' ... പശ്ചാത്താപമില്ല, അനുതാപം ഇല്ല, ഒരു വാക്കുപോലുമില്ല. ആരും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യില്ലേ? എന്തുകൊണ്ട്?'- സുർജേവാല ട്വീറ്റ് ചെയ്തു. 'ബലാൽത്സംഗ തലസ്ഥാന'മെന്നാണ് രാജ്യാന്തര സമൂഹം ഇന്ത്യയെ വിലയിരുത്തുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 'നിങ്ങൾ രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ട് നോക്കൂ,അവർ ഇന്ത്യയെ വിശേഷിപ്പിക്കുന്നത് ബലാത്സംഗ തലസ്ഥാനമെന്നാണ്. പീഡനക്കേസിൽ ബിജെപി എംഎൽഎ പ്രതിയായിട്ടും പ്രധാനമന്ത്രി പ്രതികരിക്കുന്നില്ല'- രാഹുൽ ഗാന്ധി പറഞ്ഞു.

സ്ത്രീ സുരക്ഷ ഇല്ലാത്ത രാജ്യങ്ങളിൽ ഇന്ത്യ നമ്പർ വൺ

ഇന്ത്യയും ലോക രാഷ്ട്രങ്ങൾക്കിടയിൽ നമ്പർ വൺ ആണ്. പക്ഷേ അത് സ്ത്രീ സുരക്ഷ ഇല്ലായ്മയുടെ കാര്യത്തിലാണെന്ന് കഴിഞ്ഞ വർഷം തോംസൺ റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായ 193 രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ. കലാപബാധിത പ്രദേശങ്ങളായി അറിയപ്പെടുന്ന അഫ്ഗാനിസ്ഥാനിലും സിറിയയിലും സത്രീകൾ ഇന്ത്യയിലേക്കാൾ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീകൾക്ക് നേരേയുള്ള ലൈംഗിക പീഡനവും, അടിമപ്പണിയും ഇപ്പോഴും രാജ്യങ്ങളിൽ നിലനിൽക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇതിനു മുമ്പ് 2011 ൽ നടത്തിയ റോയിട്ടേഴ്സ് നടത്തിയ സർവ്വേയിൽ അഫ്ഗാനിസ്ഥാനായിരുന്നു സ്ത്രീ സുരക്ഷ തീരെയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ആയിരുന്നത്. അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങൾ ഇപ്പോൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും വർധിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് ഓരോ മണിക്കൂറിലും നാല് ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

രക്തം മരവിക്കുന്ന ക്രൂരതകൾ; ആത്മവിശ്വാസമേകാൻ ആരുമില്ല

സമീപകാല സംഭവങ്ങളിൽ പെൺകുട്ടികൾ രാജ്യത്ത് വ്യാപകമായി വേട്ടയാടപ്പെടുന്നതിന് തുല്യമാണ്. ക്രൂരമായി പീഡനത്തിന് ഇരയാകുകയും അതിക്രൂരമായി കൊല്ലപ്പെടുകയുമാണ് രാജ്യത്തെ യുവതികളും പെൺകുഞ്ഞുങ്ങളും. ഹൈദരാബാദിലെ വെറ്ററിനറി ഡോക്ടറെ ബലാൽസംഗം ചെയ്തു ചുട്ടുകൊന്ന സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് റാഞ്ചിയിലെ നിയമവിദ്യാർത്ഥിനിയെ പന്ത്രണ്ടുപേർ ചേർന്ന് കൂട്ട ബലാൽസംഗം ചെയ്തത്.

ഉന്നാവോയിലെ ബിജെപി എംഎൽഎ ഉൾപ്പെടെ ബലാൽസംഗത്തിനിരയാക്കിയ പെൺകുട്ടിയെ വാഹനമിടിച്ചു കൊല്ലാൻ ശ്രമിച്ചതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞുനിന്ന ഉന്നാവോ ജില്ലയിൽ തന്നെയാണ് പീഡന വാർത്തകൾ പുറത്തുന്നിരിക്കുന്നത്. ബലാൽസംഗത്തിനിരയായ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതിയും സുഹൃത്തുക്കളും ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ദേഹത്ത് ആളിപ്പടരുന്ന തീയുമായി അലറിക്കരഞ്ഞ് യുവതി ഓടിയത് ഒരു കിലോമീറ്ററാണ്. വിദഗ്ധ ചികിത്സകൾ ലഭ്യമാക്കി എങ്കിലും മരണമൊഴികൊടുത്ത് അവളും വിടവാങ്ങി.

മധ്യപ്രദേശിൽ ഇൻഡോറിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന നാലു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാൽസംഗത്തിനിരയാക്കി കൊലപ്പെടുത്തിയതും സമീപ ദിനങ്ങളിലാണ്. ബലാത്സംഗവും കൊലപാതകവും ഇല്ലാത്ത ദിവസങ്ങൾ ഇല്ല എന്നു തന്നെ പറയാം.

ഹൈദരാബാദ് സംഭവം പാർലമെന്റിനകത്ത് ചർച്ചചെയ്യപ്പെട്ടപ്പോൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നൽകിയ മറുപടി നിയമങ്ങൾ കർക്കശമാക്കാമെന്നായിരുന്നു. 2013 ൽ നിർഭയ സംഭവത്തിനുശേഷമാണ് ബലാൽസംഗം ചെയ്തു കൊല നടത്തുന്നവർക്ക് വധശിക്ഷ നൽകണമെന്ന നിയമം വന്നിട്ടുള്ളത്. പന്ത്രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങളെ ബലാൽസംഗം ചെയ്യുന്നവർക്കും വധശിക്ഷ ലഭിക്കും. 16 വയസിൽ താഴെയുള്ള പെൺകുട്ടികളെ ബലാൽസംഗം ചെയ്താൽ ലഭിക്കുന്ന കുറഞ്ഞ ശിക്ഷ പത്തു വർഷത്തിൽ നിന്ന് 20 വർഷമാക്കിയിട്ടുണ്ട്. നിയമം കർക്കശമാക്കുമ്പോഴും ഇതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് അതിക്രമങ്ങൾ വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP