Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമ്രാജ്യത്വത്തിന്റെ അനീതി പീഠത്തിൽ പിടഞ്ഞു വീണ വാരിയം കുന്നത്ത് നായകൻ തന്നെ; ആ നായകന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിന് സംഘപരിവാർ തടസ്സം നിന്നാൽ അത് ചെറുക്കും; സംഘ പരിവാറിന്റെ ചലച്ചിത്ര പ്രവർത്തകർക്കെതിരെയുള്ള കൊലവിളി നേരിടുക തന്നെ ചെയ്യുമെന്നും സുമേഷ് അച്യൂതൻ; ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള ഒരു ജീവിതം വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ ചലച്ചിത്ര പ്രവർത്തകർക്ക് സരക്ഷണമേകുമെന്ന് കോൺഗ്രസ് ഒ.ബി.സി.വിഭാഗം

സാമ്രാജ്യത്വത്തിന്റെ അനീതി പീഠത്തിൽ പിടഞ്ഞു വീണ വാരിയം കുന്നത്ത് നായകൻ തന്നെ; ആ നായകന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിന് സംഘപരിവാർ തടസ്സം നിന്നാൽ അത് ചെറുക്കും; സംഘ പരിവാറിന്റെ ചലച്ചിത്ര പ്രവർത്തകർക്കെതിരെയുള്ള കൊലവിളി നേരിടുക തന്നെ ചെയ്യുമെന്നും സുമേഷ് അച്യൂതൻ; ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള ഒരു ജീവിതം വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ ചലച്ചിത്ര പ്രവർത്തകർക്ക് സരക്ഷണമേകുമെന്ന് കോൺഗ്രസ് ഒ.ബി.സി.വിഭാഗം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ചലച്ചിത്രമാക്കുന്നതിനെതിരേ സംഘപരിവാർ ഉയർത്തുന്ന ഭീഷണികൾക്കെതിരെ കോൺഗ്രസ് ഒ.ബി.സി.വിഭാഗം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചലച്ചിത്ര ആവിഷ്‌കാരത്തിന് സംഘപരിവാർ തടസ്സം നിന്നാൽ കോൺഗ്രസ് ഒ.ബി.സി.വിഭാഗം അത് ചെറുക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ സുമേഷ് അച്യുതൻ വ്യക്തമാക്കി. സംഘ പരിവാറിന്റെ ചലച്ചിത്ര പ്രവർത്തകർക്കെതിരെയുള്ള കൊലവിളി നേരിടുക തന്നെ ചെയ്യുമെന്നും സുമേഷ് അച്യൂതൻ പറഞ്ഞു.

സാമ്രാജ്യത്വത്തിന്റെ അനീതി പീഠത്തിൽ പിടഞ്ഞു വീണ വാരിയം കുന്നത്ത് നായകൻ തന്നെയാണ്. ആ നായകന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിന് സംഘപരിവാർ തടസ്സം നിന്നാൽ കോൺഗ്രസ് ഒ.ബി.സി.വിഭാഗം അത് ചെറുക്കും. ബ്രിട്ടീഷുകാർക്കെതിരെ ജീവൻ തൃണവൽഗണിച്ച് പോരാടിയ സ്വാതന്ത്ര്യ സമര സേനാനി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തിന് ചലച്ചിത്ര ഭാഷ്യം വരുന്നതിനെതിരെ സംഘപരിവാർ ഭീഷണിയുമായി എത്തിയിരിക്കുകയാണ്. 1921-ലെ മലബാർ കലാപം ഹിന്ദു -മുസ്ലിം ലഹളയായി ചിത്രീകരിക്കാനും അതിൽ സംഘടിതമായി ഹിന്ദുക്കൾക്കൾക്കു നേരെ ആക്രമണമുണ്ടായി എന്നുമാണ് സംഘ പരിവാർ ഭാഷ്യമെന്ന് സുമേഷ് അച്യൂതൻ പറഞ്ഞു.

എന്നാൽ മലബാർ കലാപം ബ്രിട്ടീഷ് ഭരണത്തിൽ തടിച്ചു കൊഴുത്ത സമ്പന്നരും അടിച്ചമർത്തപ്പെട്ട സാധാരണക്കാരും തമ്മിലുള്ള കലഹമായിരുന്നു. തങ്ങൾ കൃഷിയിടങ്ങളിൽ ഒഴുക്കിയ വിയർപ്പിലും ചോരയിലും തടിച്ചു കൊഴുത്ത സമ്പന്നർ അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ അതിനെതിരെ പോരാടിയ സാധാരണക്കാർ സമ്പന്ന – ഭൂപ്രഭുക്കളുടെ കുടുംബക്കാർക്കു നേരെ ആക്രമണം അഴിച്ചു വിട്ടതായി കാണാൻ കഴിയും. ഈഴവരുൾപ്പെടെയുള്ള പിന്നോക്കകാരേയും പട്ടികജാതിക്കാരേയും ഹിന്ദുക്കളായി കാണാൻ കഴിയാത്ത സവർണ്ണ മേധാവികൾ ഈ വിഭാഗങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല മനുഷ്യരായി പോലും പരിഗണിച്ചിട്ടില്ല എന്നതാണ് വസ്തുത. സവർണ്ണ ഭൂപ്രഭുക്കളുടെ യഥാർത്ഥ മുഖം വാരിയംകുന്നത്തിന്റെ ചലച്ചിത്രത്തിലൂടെ കൂടുതൽ വ്യക്തമാകുമെന്ന പരിഭ്രാന്തിയാണ് സംഘപരിവാറിനെ നയിക്കുന്നത്. സാമ്രാജ്യത്വത്തിന്റെ അനീതി പീഠത്തിൽ പിടഞ്ഞു വീണ വാരിയം കുന്നത്ത് നായകൻ തന്നെയാണെന്നും സുമേഷ് അച്യുതൻ പറഞ്ഞു.

ആ നായകന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിന് സംഘപരിവാർ തടസ്സം നിന്നാൽ കോൺഗ്രസ് ഒ.ബി.സി.വിഭാഗം അത് ചെറുക്കും. ചിത്രീകരണത്തിന് സംരക്ഷണം നൽകാൻ കോൺഗ്രസ് ഒബിസി പ്രവർത്തകർ മുന്നിട്ടിറങ്ങും. ചരിത്രത്തെ ഭയക്കുകയും ചരിത്രത്തെ വളച്ചൊടിക്കുകയും ചരിത്ര രേഖകളെ കത്തിക്കുകയും ചരിത്ര സ്മാരകങ്ങളെ പേരു മാറ്റുകയും ചെയ്യുന്ന സംഘ പരിവാറിന്റെ ചലച്ചിത്ര പ്രവർത്തകർക്കെതിരെയുള്ള കൊലവിളി നേരിടുക തന്നെ ചെയ്യുമെന്നും സുമേഷ് അച്യൂതൻ പറഞ്ഞു.

മലയാള ചലച്ചിത്രലോകത്തും സോഷ്യൽ മീഡിയയിലും ഇന്നു തരംഗം വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള ഒരു വ്യക്തിയാണ്.ഇന്നലെ ഒറ്റ ദിവസം നാലു സിനിമകൾ ആണ് വാരിയൻ കുന്നന്റെ പേരിൽ പ്രഖ്യാപിക്കപ്പെട്ടത്. ആഷിക്ക് അബു- പൃഥ്വിരാജ് ടീമിന്റെ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ, സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദും ഇതേ പ്രമേയവുമായി രംഗത്തെത്തി. തൊട്ടുപിന്നാലെയായിരുന്നു നാടകകൃത്ത് ഇബ്രാഹിം വെങ്ങരയുടെ പ്രഖ്യാപനം. വാരിയൻ കുന്നനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നാടകമാണ് സിനിമയാക്കുന്നത്. ഇതിനുപിന്നാലെ സംവിധായകൻ അലിഅക്‌ബറും രംഗത്തെത്തി. മലബാർ കലാപത്തിന്റെ യഥാർഥ വസ്തുതകൾവെച്ച് സിനിമയെടുക്കുമെന്നാണ് അലി അക്‌ബർ പറയുന്നത്

അതിനിടെ ഹിന്ദുകൂട്ടക്കൊല നടത്തിയ വാരിയൻ കുന്നനെ വെള്ളപൂശുന്നുവെന്ന് പറഞ്ഞുകൊണ്ട് പൃഥ്വിരാജിനുനേരെ ഇതിനിടെ സംഘപരിവാർ പ്രവർത്തകരുടെ ഭാഗത്തുനിന്ന് സൈബർ ആക്രമണവും ഉണ്ടായി. എന്നാൽ എന്ത് സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത് പൃഥ്വിരാജ് തന്നെയാണെന്നും സംഘപരിവാറിന്റെ ഭീഷണിക്ക് വഴങ്ങി ഒരിക്കലും സിനിമയിൽ നിന്ന് മാറരുതെന്നും ആവശ്യപ്പെട്ട് നിരവധിപേർ ആണ് പിന്തുണയുമായി രംഗത്ത് എത്തിയത്. വിവാദം കൊഴുക്കുന്നതിനിടെ നിഷ്പക്ഷമതികൾ ചോദിക്കുന്ന ചോദ്യമുണ്ട്. ആരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹം ഒരുകൂട്ടർ പറയുന്നതുപോലെ സ്വതന്ത്ര്യ സമര സേനാനി ആയിരുന്നോ, അതോ ഹിന്ദുകൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയ വ്യക്തിയായിരുന്നോ? ചരിത്രകാരന്മാരിലും സാംസ്കാരിക നായകരിൽപ്പോലും കടുത്ത ഭിന്നതയാണ് ഈ വിഷയത്തിൽ നിലനിൽക്കുന്നത്.

നടൻ പൃഥ്വിരാജ് സുകുമാരൻ പുതിയ ചിത്രത്തെ കുറിച്ചിട്ട ഫേസബുക്ക് പോസ്റ്റോടെയാണ് വിവാദം ആരംഭിക്കുന്നത്. രണ്ടുവാക്യങ്ങൾ മലയാളത്തിലും അതിന്റെ ഇംഗ്ലീഷ് തർജ്ജമയും. 'ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.'

സംവിധാനം ആഷിക്ക് അബു. നിർമ്മാണം: സിക്കന്ദർ, മെയ്ദീൻ. രചന: ഹർഷദ്, റമീസ് എന്നിവർ. ഛായാഗ്രഹണം: ഷൈജു ഖാലിദ്. പൃഥ്വിരാജ് സുകുമാരൻ വാരിയം കുന്നനായി വേഷമിടുന്നു. ഇത്രയും വിവരങ്ങൾ മാത്രമാണ് ആകെ പുറത്തുവന്നത്. ചിത്രത്തിന്റെ വിശദാശംങ്ങൾ വരും മുമ്പേ തന്നെ എതിർപ്പിന്റെ സ്വരങ്ങൾ ഉയർന്നു. ഒരുപക്ഷേ ചിത്രത്തിന് അധികം ചെലവില്ലാതെ പബ്ലിസിറ്റിയും. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു- എന്ന പൃഥ്വിരാജിന്റെ പോസ്റ്റിലെ വരികളാണ് പലരെയും ചൊടിപ്പിച്ചത്. ഹിന്ദുക്കളെ കൊന്നൊടുക്കിയ ഒരുനേതാവിനെ കുറിച്ചുള്ള ചിത്രത്തിൽ നിന്നും പൃഥ്വി പിന്മാറണമെന്നാണ് പലരുടെയും ആവശ്യം. പൃഥ്വിയുടെ ഫേസ്‌ബുക്ക് പേജിൽ അക്ഷരാർഥത്തിൽ പൊങ്കാല തന്നെയായിരുന്നു.

പി ടി കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം മറ്റൊരുസിനിമയാകുന്നുണ്ട്. സിനിമയിലെ അഭിനേതാക്കളെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും തീരുമാനിച്ചുവെന്നാണ് വിവരം. സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. സിനിമയ്ക്ക് പേരിട്ടിരിക്കുന്നത് 'ഷഹീദ് വാരിയംകുന്നൻ' എന്നാണ്.'തന്നെ വെടി വയ്ക്കുമ്പോൾ കണ്ണ് മൂടരുതെന്നും കൈകൾ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കിൽ ഭാവി ചരിത്രകാരന്മാർ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊർജസ്വലനായ സ്വാതന്ത്ര സമര പോരാളിയുടെ ചരിത്രം സിനിമയാകുന്നു' എന്നാണ് ചിത്രത്തിന് പരസ്യവാചകമായി നൽകിയിരിക്കുന്നത്.

ആരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാർ കലാപത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ അദ്ദേഹമുണ്ടായിരുന്നു.ബ്രിട്ടിഷ് സൈന്യത്തിനെതിരെ 75,000ത്തോളം വരുന്ന ഒരു വലിയ സന്നദ്ധ ഭടന്മാരെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അഹിംസാ വാദിയായിരുന്നില്ലെന്ന് എം.എൻ.കാരശ്ശേരി, ഈ വിവാദവുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ പോർട്ടലിനോട് പ്രതികരിച്ചു. . 'വാളെടുത്ത വ്യക്തി തന്നെയാണ്. എന്നാൽ അദ്ദേഹം കൊന്നത് ഹിന്ദുക്കളെ മാത്രമായിരുന്നില്ല. ബ്രിട്ടീഷുകാർക്ക് അനുകൂലമായി പ്രവർത്തിച്ച ഹിന്ദുമുസ്?ലിം ജന്മിമാരെ അദ്ദേഹം കൊന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാപ്പ ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയിട്ട് നാടു കടത്തപ്പെട്ട വ്യക്തിയാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അഞ്ചുവയസുവരെ മക്കയിലാണ് താമസിച്ചത്. പിന്നീടാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്. ബ്രിട്ടീഷുകാരെ അദ്ദേഹം കൊന്നിട്ടുണ്ട്. അവർക്ക് ഒപ്പം നിന്നിരുന്ന നാട്ടിലെ പ്രമാണിമാരും ജന്മിമാരുമായ ഹിന്ദുമുസ്‌ലീം വിഭാഗത്തിലെ ആളുകളെയും അദ്ദേഹം കൊന്നിട്ടുണ്ട്.' ഏതായാലും ഇതൊന്നും ചിത്രത്തെ എതിർക്കുന്നവരെ തൃപ്തിപ്പെടുത്തുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP