Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?

ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?

എം റിജു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളവേ, കേരളത്തിലടക്കം വാട്സാപ്പിലും ഫേസ്‌ബുക്കിലുമായി അവസാനവട്ടം നിറയുന്നത് തനി വിദ്വേഷ പ്രചാരണങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്, അധികാരത്തിലേറിയാൽ, ഹിന്ദുക്കളുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് മുസ്ലീങ്ങൾക്ക് നൽകുമെന്ന് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പറയുന്നുണ്ട് എന്നത്. പ്രധാനമന്ത്രി നരന്ദ്രമോദിയടക്കമുള്ളവർ ഈ പ്രചാരണത്തിന് ആക്കം കൂട്ടുന്ന തരത്തിൽ പ്രസംഗിക്കുന്നു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ 'നുഴഞ്ഞുകയറ്റക്കാർ'ക്കിടയിൽ സമ്പത്ത് പുനർവിതരണം ചെയ്യുമെന്നായിരുന്നു മോദി അലിഗഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ പറഞ്ഞത്. 'ഞാൻ രാജ്യത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു. കോൺഗ്രസും ഇന്ത്യൻ സഖ്യവും നിങ്ങളുടെ സമ്പാദ്യത്തിലും സ്വത്തുക്കളിലും കണ്ണുവെച്ചിട്ടുണ്ട്. അവരുടെ സർക്കാർ അധികാരത്തിൽ വന്നാൽ ആരൊക്കെ എത്ര സമ്പാദിക്കുന്നു, ആർക്കൊക്കെ എത്ര സ്വത്തുക്കളുണ്ട്, നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും എത്രി സ്വർണമുണ്ടെന്ന് അന്വേഷിക്കുമെന്ന് കോൺഗ്രസിന്റെ പ്രകടന പത്രിക പറയുന്നു.

അത് സ്ത്രീകളുടെ ധനം ആണ്, അത് പവിത്രമായി കണക്കാക്കപ്പെടുന്നു, നിയമവും അതിനെ സംരക്ഷിക്കുന്നു. ഇക്കൂട്ടരുടെ കണ്ണ് ഇപ്പോൾ സ്ത്രീകളുടെ മംഗളസൂത്രത്തിലാണ് ( താലിമാല). അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണം മോഷ്ടിക്കുക എന്നതാണ് അവരുടെ ഉദ്ദേശം. നിങ്ങളുടെ ഗ്രാമത്തിൽ നിങ്ങൾക്ക് ഒരു പൂർവ്വികരുടെ വീടുണ്ടെങ്കിലും ഭാവിക്കായി നഗരത്തിൽ ഒരു ചെറിയ ഫ്‌ളാറ്റ് വാങ്ങിയേക്കും. എന്നാൽ രണ്ടിലൊന്ന് അവർ എടുത്തുകൊണ്ടു പോകും,'' -ഇങ്ങനെയാണ് മോദിയുടെ പ്രസംഗം നീണ്ടത്.

ഇതിനെതിരെ വലിയ പ്രതിഷേധം കനക്കവേ ഇതേകാര്യം അദ്ദേഹം രാജസ്ഥാനിലും ആവർത്തിച്ചു. രാജ്യത്തിന്റെ വിഭവങ്ങളിൽ ന്യൂനപക്ഷ സമുദായത്തിനാണ്, ആദ്യ അവകാശം എന്ന മുൻ പ്രധാനമന്ത്രി മന്മോഹൻസിങിന്റെ വാദവും അദ്ദേഹം ഉദ്ധരിച്ചു. ഈ പ്രസംഗവം വൻ വിവാദമായി. കൂടുതൽ കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും, നുഴഞ്ഞു കയറ്റക്കാരെന്നും അധിക്ഷേപിച്ചാണ് മുസ്ലീങ്ങൾക്കെതിരെ വിഭാഗീയ പരാമർശം പ്രധാനമന്ത്രി നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഉണ്ടാവുന്ന ആപത്ത് ഓർമ്മപ്പെടുത്തുന്നു എന്ന് അവകാശപ്പെട്ടായിരുന്നു മോദിയുടെ ധ്രുവീകരണ ശ്രമം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ പരിഗണന നൽകുക മുസ്ലിംങ്ങൾക്കായിരിക്കും. കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും, സഹോദരിമാരുടെയും സ്വർണ്ണത്തിന്റെ കണക്കെടുപ്പ് നടത്തി അത് മുസ്ലിംങ്ങൾക്ക് നൽകുമെന്ന് പ്രകടന പത്രികയിലുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി രാജസ്ഥാനിൽ പറഞ്ഞത്.

യാഥാർത്ഥ്യം എന്താണ്?

പക്ഷേ കോൺഗ്രസ് പ്രകടന പത്രിക പരിശോധിച്ചാൽ ഇത്തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാവും. കോൺഗ്രസ് പ്രകടനപത്രിക പ്രധാനമായും 'സാമൂഹിക നീതിയും തുല്യതയും' എന്ന വിഷയങ്ങളെയാണ് ലക്ഷ്യമിടുന്നത്. പ്രകടനപത്രികയിൽ, ജാതികളും ഉപജാതികളും അവരുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും കണക്കാക്കുന്നതിന് സാമൂഹിക സാമ്പത്തിക ജാതി സെൻസസ് നടത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാൽ, പട്ടികജാതി (എസ്സി), പട്ടികവർഗ (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്കുള്ള സംവരണത്തിൽ സുപ്രീം കോടതി ഉത്തരവിട്ട 50 ശതമാനം പരിധി എടുത്തുകളയുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കുമെന്നും പാർട്ടി പറയുന്നു. മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), പട്ടികജാതി (എസ്സി), പട്ടികവർഗ (എസ്ടി), ന്യൂനപക്ഷങ്ങൾ എന്നിവയിൽ എത്ര പേർ ഉൾപ്പെടുന്നുവെന്ന് നിർണയിക്കാൻ രാജ്യവ്യാപക ജാതി സെൻസസ് നടത്തും.

അതിനുശേഷം സാമ്പത്തികവും സ്ഥാപനപരവുമായ സർവേ നടത്തും. സമ്പത്തിന്റെ വിതരണം ഉറപ്പാക്കാനുള്ള ചരിത്രപരമായ ചുവടുവെപ്പായിരിക്കും ഇത്, എന്നാണ് കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞത്. 48 പേജുള്ള പ്രകടന പത്രികയിൽ ഒരാളുടെ സ്വത്ത് തങ്ങൾ എടുത്ത് മറ്റൊരാൾക്ക് നൽകുമെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ല. പ്രകടന പത്രിക കമ്മിറ്റിയിലെ പ്രധാന അംഗമായ പ്രവീൺ ചക്രവർത്തിയും ഇക്കാര്യം ചൂണ്ടിക്കാട്ടി മോദിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

ലീഗിന്റെ മുദ്രയും വ്യാജം

ഏപ്രിൽ 5 ന് പുറത്തിറക്കിയ തങ്ങളുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെ മോദി വളച്ചൊടിക്കുകയാണ് എന്നും കോൺഗ്രസ് പ്രതികരിക്കുന്നു. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രകടനപത്രികയെക്കുറിച്ച് മോദിയെ പഠിപ്പിക്കാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അദ്ദേഹത്തോട് അപ്പോയിന്റ്‌മെന്റ് തേടിയതായും കോൺഗ്രസ് പറഞ്ഞിരുന്നു.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുടെ പേരിൽ മോദി കോൺഗ്രസിനെ ആക്രമിക്കുന്നത് ഇതാദ്യമല്ല. കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ പ്രകടനപത്രികയിൽ 'മുസ്ലിം ലീഗിന്റെ മുദ്ര ഉൾക്കൊള്ളുന്നു' എന്ന് പറഞ്ഞ് മോദി രംഗത്തെത്തിയിരുന്നു. ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളുടെ ഓരോ പേജിലും കോൺഗ്രസ് അതിന്റെ പ്രകടനപത്രികയിൽ നുണകളുടെ കെട്ടുകൾ ഇറക്കി. സ്വാതന്ത്ര്യത്തിന് മുമ്പ് മുസ്ലിം ലീഗിന് ഉണ്ടായിരുന്ന ചിന്തകളെ ഇത് പ്രതിഫലിപ്പിക്കുന്നു എന്നായിരുന്നു മോദി പറഞ്ഞത്. എന്നാൽ ഇതിനെതിരേയും കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പ്രകടന പത്രികയിൽ ഹിന്ദുവെന്നോ മുസ്ലീമെന്നോ ഉള്ള ഒരൊറ്റ പരാമർശം കണ്ടെത്താൻ കോൺഗ്രസ് നേതാക്കൾ ബിജെപിയെ വെല്ലുവിളിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. രാജ്യത്തിന് വേണ്ടി താലിമാല ബലി കഴിച്ചയാളാണ് തന്റെ അമ്മയെന്നും, ചൈന യുദ്ധവേളയിൽ മുഴുവൻ ആഭരണങ്ങളും തന്റെ മുത്തശി രാജ്യത്തിനായി നൽകിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം പിന്നിട്ടു, ഇതിൽ 55 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ആരുടെ താലിമാലയാണ് തട്ടിയെടുത്തതെന്ന് മോദി പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ആയിരുന്നു നരേന്ദ്ര മോദിയുടെ വാദങ്ങൾക്കെതിരെ പ്രിയങ്ക ആഞ്ഞടിച്ചത്. പക്ഷേ വസ്തുത ഇങ്ങനെയാണെങ്കിലും, പറഞ്ഞത് പ്രധാനമന്ത്രിയായതുകൊണ്ട് ഈ കുപ്രചാരണം, കാട്ടുതീപോലെ പരക്കുകയാണ്. കേരളത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ ഉത്തരേന്ത്യയിൽ എന്തായിരിക്കും അവസ്ഥയെന്നാണ് സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകൾ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP