Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

വേണ്ടത് മാറ്റത്തിന് അനുയോജ്യമായ പ്രതിഷേധം; ചുംബന സമരമെന്നത് ശുദ്ധ അസംബന്ധം; ഇത്തരം മാതൃകകൾ വനിതാശാക്തീകരണത്തിന് ഗുണകരമല്ല; സിപിഐ(എം) പഠന കോൺഗ്രസിൽ യുവ കോൺഗ്രസ് നേതാവ് ശ്രദ്ധിക്കപ്പെട്ടത് ഇങ്ങനെ

വേണ്ടത് മാറ്റത്തിന് അനുയോജ്യമായ പ്രതിഷേധം; ചുംബന സമരമെന്നത് ശുദ്ധ അസംബന്ധം; ഇത്തരം മാതൃകകൾ വനിതാശാക്തീകരണത്തിന് ഗുണകരമല്ല; സിപിഐ(എം) പഠന കോൺഗ്രസിൽ യുവ കോൺഗ്രസ് നേതാവ് ശ്രദ്ധിക്കപ്പെട്ടത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് ഇടതുപക്ഷ ബദൽ എന്ന പ്രഖ്യാപനവുമായാണ് തിരുവനന്തപുരത്ത് എ.കെ.ജി ഹാളിൽ തുടങ്ങുന്ന നാലാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് പുരോഗമിക്കുന്നത്. സിപിഐ(എം) നേതാക്കളും ഇടത് ബുദ്ധിജീവികളും കമ്മ്യൂണിസ്റ്റ് സഹായാത്രികരുമാണ് ബദലിനായുള്ള ചർച്ചകളിൽ സജീവമാകുന്നത്. 

അതിനിടെയിൽ കടന്നുവന്ന അപ്രതീക്ഷിത മുഖമായിരുന്നു കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് സ്വപ്‌നാ ജോർജ്. ലിംഗ പദവിയും വികസനവുമെന്ന വിഷയത്തിലെ നയരൂപീകരണത്തിൽ യുവജന കമ്മീഷൻ അംഗവും തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയുമായ സ്വപ്‌നയായിരുന്നു താരം. കരട് രേഖയിലെ ഇടത് അഭിപ്രായങ്ങളിൽ യോജിക്കേണ്ടതിനെ അംഗീകരിച്ചും വിയോജിക്കേണ്ടിടത്ത് അഭിപ്രായം തുറന്നു പറഞ്ഞും സ്വപ്ന ലിംഗ പദവിയും വികസനവുമെന്ന സെമിനാർ വേദിയെ കൈയിലെടുത്തു. ചുംബന സമരവുമായി ബന്ധപ്പെട്ട് അനുകൂലവാദങ്ങളെ പൊളിച്ചടുക്കിയാണ് സ്വപ്‌ന വേദിയെ കൈയിലെടുത്തത്. ഇത്തരം സമരങ്ങളല്ല സ്ത്രീ മുന്നേറ്റത്തിനും വികസനത്തിനും വേണ്ടതെന്നും കോൺഗ്രസ് നേതാവ് വാദിച്ച് സമർത്ഥിച്ചു

വികസനത്തിൽ സ്തീകളുടെ സ്ഥാനമെന്ത് എന്നതായിരുന്നു സെമിനാർ പ്രധാനമായും പരിശോധിച്ചത്. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ അന്തിമ രേഖ തയ്യാറാക്കും. ഇതിലേക്ക് കോൺഗ്രസ് നേതാവെത്തിയത് പലരേയും അൽഭുതപ്പെടുത്തി. എന്നാൽ സ്ത്രീകളുടെ വിഷയങ്ങളെ രാഷ്ട്രീയാടിസ്ഥാനത്തിൽ കാണാൻ സിപിഐ(എം) ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് കൂടിയാണ് ഈ വിഷയത്തിൽ സ്വപ്ന ജോർജ് എന്ന യുവനേതാവിനെ ക്ഷണിച്ചത്. ഇതിലൂടെ മറ്റ് രാഷ്ട്രീയപാർട്ടിയുടെ വീക്ഷണങ്ങളും മനസിലാക്കുവാനാണ് ശ്രമിച്ചത്. സ്വപ്‌ന ഉയർത്തിയ വിഷയങ്ങളും കാലിക പ്രസക്തിയുള്ളതാണ്. അതിൽ നിന്നുള്ള നല്ല അംശങ്ങളും രേഖയിൽ ഉണ്ടാകുമെന്നാണ് പഠനകോൺഗ്രസിന് നേതൃത്വം നൽകുന്ന നേതാക്കളിൽ ഒരാൾ മറുനാടൻ മലയാളിയോട് പറഞ്ഞത്. എല്ലാത്തിനും രാഷ്ട്രീയമെന്നത് സ്ത്രീവിഷയത്തിൽ മാറ്റുകയാണ് സിപിഐ(എം).

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികാ രൂപീകരണമെന്ന ലക്ഷ്യമാണ് പഠന കോൺഗ്രസിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരളത്തിൽ എൽ.ഡി.എഫിന്റെ നയപ്രഖ്യാപനത്തിന്റെ ദിശാസൂചിക ആകും ഇത്. അതുകൊണ്ട് കൂടിയാണ് സ്വപ്‌നാ ജോർജിന്റെ സാന്നിധ്യവും യുവ നേതാവിന്റെ വാക്കുകളും ശ്രദ്ധിക്കപ്പെട്ടത്. സ്ത്രീകളുടെ പൊതുവായ വിഷയത്തിൽ സിപിഐ(എം) നിലപാടുകളെ അംഗീകരിക്കുന്നു. എന്നാൽ കോൺഗ്രസിന്റെ നിലപാടുകളിൽ ഉറച്ചു നിന്നാണ് സ്വപ്‌നാ ജോർജ് സംസാരിച്ചത്. യുപിഎ സർക്കാരിന്റെ കാലത്തെ വനിതാ നയവും സംസ്ഥാന സർക്കാരിന്റെ ജെൻഡർ പോളിസിയുമെല്ലാം പാടെ അവഗണിച്ചു കൊണ്ടുള്ള കരട് രേഖയെ അത്തരത്തിൽ വിമർശിക്കാനും സ്വപ്‌ന മറന്നില്ല. മന്മോഹൻ സർക്കാരിന്റെ നയത്തിലെ പ്രത്യേകതകളെല്ലാം എണ്ണമിട്ട് നിരത്തിയായിരുന്നു സ്വപ്‌ന വാദങ്ങൾ അവതരിപ്പിച്ചത്.

സിപിഐ(എം) കരടിൽ യുവതികളുടെ വിഷയങ്ങൾ പരിഗണിക്കുന്നില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടി. പതിനെട്ട് വയസ്സിനും നാൽപ്പത് വയസ്സിനും ഇടയിൽ ഒന്നും പറയുന്നില്ല. ജെൻഡർ പോളിസിയുള്ള സംസ്ഥാനമാണ് കേരളം. അതേ പറ്റിയും പരാമർശിക്കുന്നു. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ യൂത്ത് പോളിസിയും മുന്നോട്ട് വച്ചിരുന്നു. ഇത് രാഷ്ട്രീയ പാർട്ടികളുടെ പോളിസിയല്ല. സർക്കാരുകളുടെ നയമാണ്. ഏത് സർക്കാർ മാറി വന്നാലും ഇത് ബാധകമാണ്. അതുകൊണ്ട് തന്നെ കരട് രേഖയിൽ ഇത് വരുന്നുമില്ല. വനിതകൾ എന്ന് പറയുമ്പോൾ ബഹുഭൂരിപക്ഷവും യുവതികളാണ്. അതുകൊണ്ട് തന്നെ അന്തിമ രേഖയിൽ യുവതികളുടെ വിഷയങ്ങളും ഉൾക്കൊള്ളിക്കണമെന്നാണ് സ്വപ്ന ജോർജ് ആവശ്യപ്പെട്ടത്.

മൂന്നാം പഠന കോൺഗ്രസിലെ അതേ സമീപനമാണ് ഇവിടേയുമുള്ളത്. വനിതകളുടെ തൊഴിൽ ഇല്ലായ്മയെന്ന പ്രശ്‌നം കരട് രേഖയിലുണ്ട്. ഇതിൽ കാലോചിതമായി ചിന്തിക്കണമെന്നായിരുന്നു സ്വപ്‌നയുടെ ആവശ്യം. സ്ത്രീകൾക്ക് തൊഴിലുറപ്പാക്കുന്ന എന്ത് തരം വിദ്യാഭ്യാസമാണുള്ളതെന്ന ചോദ്യമാണ് സ്വപ്‌ന ചൂണ്ടിക്കാട്ടിയത്. വെറുമൊരു ഡിഗ്രിയെടുക്കുന്ന സ്ത്രീയ്ക്ക് തൊഴിൽ മേഖലയിൽ ആവശ്യത്തിന് അനുസരിച്ചുള്ള തൊഴിൽ ലഭിക്കുന്നില്ല. പഠന സങ്കൽപ്പം തൊഴിലധിഷ്ടിതമാക്കിയാലേ സ്ത്രീകളുടെ തൊഴിലില്ലായ്മ എന്ന പ്രശ്‌നം അവസാനിക്കൂ. അത്തരത്തിലേക്ക് നയ രൂപീകരണത്തിൽ ദിശാബോധം വരണമെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹി കൂടിയായിരുന്ന സ്വപ്‌ന ആവശ്യപ്പെട്ടത്.

ഐടി മേഖലയിലും മറ്റും ജോലി കിട്ടുന്ന സ്ത്രീകൾക്ക് ഒരു പ്രായം കഴിയുമ്പോൾ അത് നിലനിർത്താൻ പറ്റുന്നില്ല. മധ്യവയസ്‌കരായ സ്ത്രീകളുടെ തൊഴിൽ മേഖലയിലെ പങ്കാളിത്തം സർക്കാർ മേഖലയിലേക്ക് മാറുന്നുവെന്ന വാദവും ഉയർത്തി. സ്ത്രീ പക്ഷ സമരങ്ങളെന്നാൽ ചുംബന സമരമല്ലെന്ന കാഴ്ചപാടിനും അംഗീകാരം കിട്ടി. ഇത്തരം താൽക്കാലിക സമരങ്ങളെ മുന്നോട്ട് കൊണ്ടു പോകാനുള്ള ഊർജ്ജം പിന്നീട് യുവതികൾക്ക് കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നായിരുന്നു ആവശ്യം. ഇന്ത്യൻ സാഹചര്യങ്ങളിൽ ഇത്തരം സമര രീതികൾ ശുദ്ധ അസംബന്ധമാണെന്നും പറഞ്ഞു. പുരോഗമനപരമെന്ന് പറയുന്ന ഇത്തരം സമരത്തിലൂടെ ലക്ഷ്യത്തിലെത്താൻ സ്ത്രീയ്ക്ക് കഴിയില്ലെന്ന വേറിട്ട ശബ്ദമാണ് പഠന കോൺഗ്രസ് വേദിയിൽ സ്വപ്‌ന ഉയർത്തിയത്.

മാറ്റം ആഗ്രഹിക്കുന്നവരാണ് പ്രതിഷേധിക്കാൻ ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ മാറ്റത്തിന് അനുയോജ്യമായ സമരങ്ങളാണ് സ്വീകരിക്കേണ്ടതെന്നായിരുന്നു സ്വപ്‌നയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP