Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ ഗ്രൂപ്പിൽ ചർച്ചകൾ ഇപ്പോൾ കെ മുരളീധരനെ കേന്ദ്രീകരിച്ച്; പൊടുന്നനെ ഗ്രൂപ്പ് യോഗത്തിലേക്കുള്ള മുരളിയുടെ കടന്നുവരവിൽ ഗ്രൂപ്പ് നേതാക്കൾക്ക് ആശങ്ക; മുരളിയെ തള്ളാനും കൊള്ളാനും കഴിയാതെ ഗ്രൂപ്പ് നേതാക്കൾ; കരുണാകരവികാരം ആളിക്കത്തിക്കാനുള്ള മുരളിയുടെ വരവിൽ ചെന്നിത്തലയ്ക്കും വിയോജിപ്പ്; കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറുമോ?

ഐ ഗ്രൂപ്പിൽ ചർച്ചകൾ ഇപ്പോൾ കെ മുരളീധരനെ കേന്ദ്രീകരിച്ച്; പൊടുന്നനെ ഗ്രൂപ്പ് യോഗത്തിലേക്കുള്ള മുരളിയുടെ കടന്നുവരവിൽ ഗ്രൂപ്പ് നേതാക്കൾക്ക് ആശങ്ക; മുരളിയെ തള്ളാനും കൊള്ളാനും കഴിയാതെ ഗ്രൂപ്പ് നേതാക്കൾ; കരുണാകരവികാരം ആളിക്കത്തിക്കാനുള്ള മുരളിയുടെ വരവിൽ ചെന്നിത്തലയ്ക്കും വിയോജിപ്പ്; കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറുമോ?

എം മനോജ് കുമാർ

തിരുവനന്തപുരം: കെ.മുരളീധരൻ ഐ ഗ്രൂപ്പ് യോഗത്തിനെത്തിയെങ്കിലും മുരളിയുടെ വരവിൽ ഐ ഗ്രൂപ്പിന് ആശങ്ക. കുറേക്കാലമായി ഐ ഗ്രൂപ്പിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു മുരളീധരൻ. പൊടുന്നനെയാണ് യൂത്ത് കോൺഗ്രസ് അംഗത്വ വിതരണവുമായി ബന്ധപ്പെട്ട് മുരളീധരൻ ഐ ഗ്രൂപ്പ് യോഗത്തിനെത്തുന്നത്. എന്താണ് മുരളീധരന്റെ മനസിൽ എന്നറിയാത്തതാണ് ഗ്രൂപ്പിൽ ആശങ്ക പടർത്തുന്നത്. ഐ ഗ്രൂപ്പിൽ നിന്ന് വിട്ടു നിന്നതിലല്ല ഐയ്ക്ക് ആശങ്ക. കുറച്ചു കാലമായി എ ഗ്രൂപ്പുമായി സഹകരിച്ചാണ് മുരളിയുടെ പ്രവർത്തനം. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് വന്നതോടെ അണഞ്ഞു കിടന്നിരുന്ന ഗ്രൂപ്പ് പോരുകൾ ആളിക്കത്താൻ തുടങ്ങിയിട്ടുണ്ട്.

വാശിയോടെയാണ് ഐയും എയും യൂത്ത് കോൺഗ്രസിൽ ആളെ ചേർത്തുകൊണ്ടിരിക്കുന്നത്. പുതുതായി മൊത്തം അഞ്ചുലക്ഷം പേരെ യൂത്ത് കോൺഗ്രസിൽ അംഗങ്ങളാക്കി എന്നാണ് ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പിടിക്കാൻ ഇരുഗ്രൂപ്പുകളും ശ്രമങ്ങൾ നടത്തുന്നത്. ഇതിനായുള്ള ഗ്രൂപ്പ് യോഗത്തിലാണ് പ്രതീക്ഷിക്കാതെ മുരളീധരൻ എത്തിയത്. മുരളീധരൻ യോഗത്തിൽ എത്തിയപ്പോൾ ഗ്രൂപ്പിനെ നയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പക്ഷെ യോഗത്തിനെത്തിയിരുന്നില്ല. മുരളീധരനുമായി ചർച്ച നടത്തിയിരുന്നെങ്കിലും മുരളിയുടെ വരവിൽ ചെന്നിത്തലയ്ക്ക് വിയോജിപ്പ് ഉണ്ടെന്നാണ് ഗ്രൂപ്പ് നേതാക്കൾ പറയുന്നത്.

അതുമാത്രമല്ല ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ മുരളീധരൻ സ്വീകാര്യനാണ് എന്ന കാര്യവും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. .കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേക്ക് മുരളിക്ക് എത്താൻ കഴിഞ്ഞതും ഇതുകൊണ്ടാണ് എന്നാണ് അവർ പറയുന്നത്. യൂത്ത് കോൺഗ്രസ് പിടിക്കുക ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും പരമ പ്രധാനകാര്യമാണ്. രണ്ടു സ്ഥാനാർത്ഥികൾ ഇരുഗ്രൂപ്പുകളിൽ നിന്നുമായി പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിലേക്ക് നിയോഗിക്കപെട്ടിട്ടുണ്ട്. . ഐയിൽ നിന്ന് ശബരീനാഥും എ യിൽ നിന്ന് ഷാഫി പറമ്പിലുമാണ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ എന്നാണ് തീരുമാനം. ശബരീനാഥിന്റെ സാധ്യതകൾ വിലയിരുത്താനും യൂത്ത് കോൺഗ്രസ് അംഗത്വത്തെക്കുറിച്ച് അവലോകനം നടത്താനുമാണ് ഐ യോഗം കൂടിയത്.

ഈ ഗ്രൂപ്പ് യോഗത്തിലേക്കാണ് മുരളീധരൻ അപ്രതീക്ഷിതമായി എത്തിയത്. മുരളിയുടെ വരവ് പ്രതീക്ഷിച്ചിരുന്നില്ല എന്ന് തന്നെയാണ് ഐ ഗ്രൂപ്പ് നേതാവ് മറുനാടനോട് പ്രതികരിച്ചത്. മുരളി നിലവിൽ എ ഗ്രൂപ്പുമായി സഹകരിക്കുന്നതിൽ ഐയ്ക്ക് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുരളിയുടെ വരവിൽ ഐയ്ക്ക് ആശങ്കയുണ്ട്-ഉന്നത നേതാവ് പറയുന്നു, എന്താണ് മുരളിയുടെ ഉദ്ദേശ്യം എന്നും ഐ ഗ്രൂപ്പ് നേതാക്കൾക്ക് വ്യക്തതയില്ല. വിശ്വാസ്യതയില്ലാത്ത നേതാവായാണ് മുരളിധരനെ ഇപ്പോൾ ഐ ഗ്രൂപ്പ് കാണുന്നത്. മുരളിയുടെ രാഷ്ട്രീയ ചരിത്രത്തിലേക്ക് തന്നെ ഐ ഗ്രൂപ്പ് വിരൽ ചൂണ്ടുകയും ചെയ്യുന്നു. മുരളിയുടെ വരവ് സൃഷ്ടിച്ച അങ്കലാപ്പിലാണ് ഐ ഗ്രൂപ്പ് യോഗം നടക്കുകയും ചെയ്തത്. മുരളീധരൻ വന്നു. യോഗത്തിൽ സംബന്ധിക്കുകയും ചെയ്തു.

ഇനിയെന്താണ് എന്നാണ് മുരളിയുടെ കാര്യത്തിൽ ഐ ഗ്രൂപ്പ് ആലോചന. മുരളി വന്നു. ഇനി എപ്പോഴാണ് തിരിച്ചു പോവുക എന്ന് പറയാൻ കഴിയില്ല. ഐ ഗ്രൂപ്പിനെ നയിക്കുന്ന രമേശ് ചെന്നിത്തലയുമായി മുരളീധരൻ നിലവിൽ അകൽച്ചയിലുമാണ്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ഐയുമായി ഒത്തുപോകാൻ മുരളീധരന് തന്നെ പ്രയാസമാകും. പക്ഷെ ഗ്രൂപ്പ് യോഗത്തിനു ഒരു ചട്ടക്കൂട് ഇല്ലാത്തതിനാൽ ഐയുമായി യോജിക്കുന്ന ഗ്രൂപ്പിലുള്ള നേതാക്കൾക്ക് ഐ ഗ്രൂപ്പ് യോഗത്തിനെത്താം. അതുകൊണ്ട് തന്നെ മുരളിയുടെ വരവിനെ എതിർക്കാനൊന്നും ഐ ഗ്രൂപ്പ് തയ്യാറുമല്ല. നിലവിൽ കേരളത്തിലെ യൂത്ത് കോൺഗ്രസ് കൈപ്പിടിയിൽ ഒതുക്കണമെന്ന് ഐയ്ക്ക് ആഗ്രഹമുണ്ട്. പക്ഷെ യൂത്ത് കോൺഗ്രസ് തങ്ങളുടെ കയ്യിൽ ഭദ്രമാണ് എന്ന അവസ്ഥയിലാണ് എ ഗ്രൂപ്പ് നീങ്ങുന്നത്.

അതുകൊണ്ട് തന്നെ തന്ത്രങ്ങൾ ആലോചിക്കുന്ന വേളയിൽ ഉള്ള മുരളിയുടെ വരവിൽ ഗ്രൂപ്പ് നേതാക്കൾക്ക് ആശങ്കയുണ്ട്. മുരളീധരൻ ആണെങ്കിൽ ശക്തമായ ഇടപെടൽ നടത്താതെയാണ് യോഗത്തിൽ പങ്കെടുക്കുകയും ചെയ്തത്. യൂത്ത് കോൺഗ്രസ് മാത്രമല്ല കെപിസിസി പുനഃസംഘടനയും ഐ ഗ്രൂപ്പിന്റെ അജണ്ടയിലുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെപിസിസി അധ്യക്ഷൻ ആയി വന്നതോടെ നിലവിൽ പുതിയ സമിതി എന്നാണ് വെപ്പ്. പക്ഷെ ആ രീതിയിൽ മുന്നോട്ടു പോകാൻ മുല്ലപ്പള്ളിക്ക് കഴിഞ്ഞതുമില്ല. പുനഃസംഘടനയ്ക്ക് ഹൈക്കമാൻഡ് ഇടപെടൽ വേണം. ഹൈക്കമാൻഡ് ഇടപെടൽ വരും മുൻപ് ഭാരവാഹികളുടെ കാര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറി കൂടിയായ ഉമ്മൻ ചാണ്ടിയുമായി ഒരു ധാരണയിൽ എത്തേണ്ടതുണ്ട്.

ആ ധാരണയും നിലവിൽ വന്നിട്ടില്ല. മുല്ലപ്പള്ളിയാണെങ്കിൽ എം.എം.ഹസൻ ഉള്ളപ്പോഴുള്ള ടീമിനെ തന്നെ വച്ചാണ് കെപിസിസി കാര്യങ്ങൾ മുന്നോട്ടു നീക്കുന്നത്. രാഷ്ട്രീയ കാര്യ സമിതിയിലും മാറ്റങ്ങൾ വന്നിട്ടില്ല. കെപിസിസി പുനഃസംഘടന വരുമ്പോൾ അതിൽ ആധിപത്യത്തിനും ഐ ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ മുരളീധരന്റെ വരവ് ഐ ഗ്രൂപ്പിന് ഗുണം ചെയ്യുമോ എന്നുള്ള ചർച്ചകളാണ് ഗ്രൂപ്പിനുള്ളിൽ ഇപ്പോൾ സജീവമാകുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ഐ ഗ്രൂപ്പ് യോഗത്തിലാണ് ഗ്രൂപ്പ് നേതാക്കളെ അമ്പരപ്പിച്ച് കെ.,മുരളീധരൻ എത്തിയത്. മുരളീധരൻ മാത്രമല്ല പത്മജാവേണുഗോപാലും യോഗത്തിന് എത്തിയിരുന്നു. സ്ഥിതിഗതികൾ അവലോകനം ചെയ്തു മുന്നോട്ടു പോകേണ്ടതുണ്ട് എന്ന അഭിപ്രായത്തിനാണ് ഇപ്പോൾ ഐ ഗ്രൂപ്പിൽ മുൻതൂക്കവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP