Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രക്ഷിതാക്കൾ വാക്‌സിനേഷനോട് മുഖം തിരിഞ്ഞുനിൽക്കുന്നതുകൊണ്ട് അപകടത്തിലാകുന്നത് ഒന്നുമറിയാത്ത പാവം കുട്ടികൾ; മലപ്പുറത്തിന് പുറമേ കൊല്ലത്തും ഡിഫ്തീരിയ സ്ഥിരീകരിച്ചതോടെ തെക്കൻ കേരളവും ആശങ്കയിൽ; പത്തനാപുരം സ്വദേശിയായ പതിനൊന്നുകാരൻ തിരുവനനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ; വാക്‌സിഷേൻ എടുക്കാത്ത കുട്ടി താമസിച്ച് പഠിച്ചിരുന്ന മദ്രസയിലെ മറ്റുകുട്ടികളും നിരീക്ഷണത്തിൽ; വാക്‌സിനേഷൻ എടുക്കാത്തത് ബാലാവകാശലംഘനമെന്ന് വിദഗ്ദ്ധർ

രക്ഷിതാക്കൾ വാക്‌സിനേഷനോട് മുഖം തിരിഞ്ഞുനിൽക്കുന്നതുകൊണ്ട് അപകടത്തിലാകുന്നത് ഒന്നുമറിയാത്ത പാവം കുട്ടികൾ; മലപ്പുറത്തിന് പുറമേ കൊല്ലത്തും ഡിഫ്തീരിയ സ്ഥിരീകരിച്ചതോടെ തെക്കൻ കേരളവും ആശങ്കയിൽ; പത്തനാപുരം സ്വദേശിയായ പതിനൊന്നുകാരൻ തിരുവനനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ; വാക്‌സിഷേൻ എടുക്കാത്ത കുട്ടി താമസിച്ച് പഠിച്ചിരുന്ന മദ്രസയിലെ മറ്റുകുട്ടികളും നിരീക്ഷണത്തിൽ; വാക്‌സിനേഷൻ എടുക്കാത്തത് ബാലാവകാശലംഘനമെന്ന് വിദഗ്ദ്ധർ

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിൽ നിന്ന് പാടേ തുടച്ചുനീക്കിയെന്ന് കരുതിയിരുന്ന രോഗങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നതാണ് ആരോഗ്യ രംഗത്തെ ഇപ്പോൾ ഏറ്റവുമധികം അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്ന്. ഡിഫ്തീരിയ ഉദാഹരണം. വാക്‌സിനേഷൻ എടുക്കാൻ ന്യൂനപക്ഷങ്ങളിലെ ഒരുവിഭാഗം വിമുഖത കാട്ടുന്നതുകൊണ്ട് മലപ്പുറത്താണ് ഡിഫ്തീരിയ മരണങ്ങൾ ഏറെ സംഭവിച്ചത്. ഇപ്പോഴിതാ തെക്കൻ കേരളത്തിലും ആശങ്ക പടർത്തി കൊണ്ട് ഡിഫ്തീരിയ കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നു. കൊല്ലം ജില്ലയിൽ നിന്നാണ് ഒരുകുട്ടിക്ക് ഡിഫ്തീരിയ ബാധിച്ചിരിക്കുന്നത്. പത്തനാപുരം സ്വദേശിയായ കുട്ടിക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചതായി തിരുവനന്തപുരം എസ്എടി സൂപ്രണ്ട് അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ടാണ് പതിനൊന്നുകാരനെ എസ്എടിയിൽ പ്രവേശിപ്പിച്ചത്. കുട്ടി ഇപ്പോൾ വെന്റിലേറ്ററിലാണ്. മദ്രസയിൽ താമസിച്ചുപഠിക്കുന്ന കുട്ടി വാക്‌സിനേഷൻ എടുത്തിരുന്നില്ല. പത്തനാപുരത്ത് നിന്ന് കൊട്ടിയത്തെ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചെങ്കിലും രക്ഷിതാക്കൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരുദിവസത്തെ ചികിത്സയ്ക്ക് ശേഷം എസ്എടിയിലേക്ക് മാറ്റി. ഡിഫ്തീരിയ സ്ഥിരീകരിച്ചതോടെ മദ്രസയിലെ മറ്റുകുട്ടികൾക്കും വാക്‌സിനേഷൻ അടക്കമുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചില കുട്ടികൾക്ക് പനിയുള്ളതായും പറയുന്നു. ഏതായാലും കൊല്ലത്ത് ഡിഫ്തീരിയ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതയിലായി.

ജനുവരിയിൽ തിരുവനന്തപുരത്ത് ഒരാൾക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ മലപ്പുറം ജില്ലയിലാണ് ഡിഫ്തീരിയ മരണങ്ങൾ എറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. എടപ്പാളിൽ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ കഴിഞ്ഞ മാസം ആറുവയസുകാരി മരിച്ചിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഡിഫ്തീരിയ വാക്‌സിനേഷനെതിരെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും എറ്റവുമധികം നടന്നതും മലപ്പുറത്താണ്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായുള്ള പ്രതിരോധ പ്രവർത്തനങ്ങളും മറ്റും മലപ്പുറത്ത് രോഗബാധ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്.

ജേക്കബ് വടക്കൻചേരിയെയും മോഹനൻ വൈദ്യരെയും പോലുള്ള ചിലരും ചില ഹോമിയോ ഡോക്ടർമാരും നടത്തിയ വ്യാജ പ്രചാരണത്താൽ മലപ്പുറം ജില്ലയിൽ വാക്‌സിനേഷൻ നിരക്ക് കുറച്ചുകാലം മുമ്പ് കുത്തനെ കുറഞ്ഞിരുന്നു. പിന്നീട് ആരോഗ്യവകുപ്പ് നടത്തിയ കൊണ്ടുപിടിച്ച പ്രചാരണങ്ങൾക്ക് ഒടുവിലാണ് വാക്‌സിനേഷൻ നിരക്ക് കൂട്ടാൻ കഴിഞ്ഞത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തിയത് ജേക്കബ് വടക്കൻചേരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, കുട്ടികൾക്ക് വാക്‌സിനേഷൻ നിഷേധിക്കുന്നത് ബാലാവകാശ ലംഘനമായി കണക്കാക്കണമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. തങ്ങൾ വാക്‌സിനേഷനിൽ വിശ്വസിക്കുന്നില്ല എന്നതുകൊണ്ട് കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്നതുകൊടും പാതകമായി കാണണമെന്നാണ് പല ഡോക്ടർമാരുടെയും അഭിപ്രായം.

ഡിഫ്തീരിയ ലക്ഷണങ്ങൾ

വായുവിൽക്കൂടി പകരുന്നതുമായ രോഗമാണ് തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്ത്തീരിയ. കൊറെയിൻ ബാക്ടീരിയം ഡിഫ്ത്തിരിയെ എന്ന രോഗാണുവാണ് ഇതിന് കാരണം. പ്രതിരോധ കുത്തിവെപ്പ് പൂർണമായി എടുക്കാത്തവരെയാണ് രോഗം ബാധിക്കുന്നത്. മുതിർന്നവരിലും കാണപ്പെടുന്നുണ്ടെങ്കിലും പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നത്. പനി, തൊണ്ടവേദന, ആഹാരമിറക്കാൻ പ്രയാസം, കഴുത്തിൽ വീക്കം എന്നിവയാണ് ഡിഫ്ത്തീരിയയുടെ പ്രാരംഭ രോഗ ലക്ഷണങ്ങൾ. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമായ ഭവിഷ്യത്തുകൾ ഉണ്ടാകുന്നതുമാണ് അസുഖം. കഴുത്തിലെ വീക്കം മൂലം ശ്വാസതടസ്സമുണ്ടായും മരണം സംഭവിക്കാം. രോഗാണു പുറപ്പെടുവിക്കുന്ന വിഷവസ്തു രക്തത്തിൽ കലർന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങലിലെത്തി ഹൃദയം, മസ്തിഷ്‌കം, നാഡി ഞരമ്പുകൾ എന്നിവയെ ബാധിച്ച് മരണത്തിന് വരെ കാരണമാകും.നേരത്തെ മുസ്ലിംമത സംഘടനകളായിരുന്നു വാക്‌സിനേഷൻ എടുക്കുന്നതിനെ എതിർത്തിരുന്നത്. പിന്നീട് മുസ്ലിംമത സംഘടനകൾ അനുകൂലമാകുകയും ചെയ്തു.

കൃത്യസമയത്ത് കുത്തിവെയ്പെടുക്കാത്തതാണ് ഡിഫ്തീരിയയ്ക്ക് കാരണമെന്ന് ആരോഗ്യസംഘം പറയുന്നു. രണ്ട് വയസ്സിനുള്ളിൽ കുട്ടികൾക്ക് നൽകേണ്ട അഞ്ച് കുത്തിവെയ്പുകളോട് മുഖംതിരിക്കുന്നതാണ് കാരണം.നേരത്തെ മലപ്പുറത്ത് കോളേജ് വിദ്യാർത്ഥികളിൽ രോഗം പിടിപെട്ടതിനെതുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കിയിരുന്നു.ഇന്ദ്രധനുസ് പദ്ധതിപ്രകാരമുള്ള ബോധവത്കരണ കാമ്പയിനുകളും നടത്തി. പ്രതിരോധകുത്തിവെയ്പെടുക്കാത്ത കുട്ടികളിലാണ് രോഗവും രോഗലക്ഷണങ്ങളുമുള്ളതെന്നാണ് ആരോഗ്യവകുപ്പിന്റെ നേരത്തെ കണ്ടെത്തിയിരുന്നത്.

രണ്ടുവർഷം മുമ്പു നടന്ന കണക്കെടുപ്പിൽ മലപ്പുറം ജില്ലയിൽ കുത്തിവെയ്പ് പൂർണമായെടുക്കാത്ത 9904 കുട്ടികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ രണ്ടുവയസ്സിനിടെ നൽകേണ്ട അഞ്ചു വാക്സിനുകളിൽ ഒന്നുപോലും ലഭിക്കാത്ത 2171 കുട്ടികളും ഭാഗികമായിമാത്രം കുത്തിവെയ്പെടുത്ത 7733 കുട്ടികളുമാണുണ്ടായിരുന്നത്. പിന്നീട് ഇവരിലേക്കു വാക്‌സിനേഷൻ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നു. രോഗംപടരുന്നത് തിരിച്ചറിഞ്ഞതോടെ ആരോഗ്യവകുപ്പ് ബോധവത്കരണ പ്രവർത്തനങ്ങളുമായി മാസങ്ങൾക്കുമുമ്പേ രംഗത്തിറങ്ങിയെങ്കിലും വാക്സിനുകളെ കുറച്ച് നിലനിൽക്കുന്ന തെറ്റായ വിശ്വാസങ്ങൾ രോഗത്തെ പൂർണമായി ഒഴിവാക്കുന്നതിന് തടസ്സംസൃഷ്ടിച്ചിരുന്നത്. രണ്ടു വയസ്സിന് മുൻപ് നൽകേണ്ട കുത്തിവെയ്പെടുത്തില്ലെങ്കിൽ അഞ്ചുവയസ്സിൽ ഡി.ടി.പി. വാക്സിൻ നൽകി രോഗങ്ങളെ ചെറുക്കാം.ഇതും ചെയ്യാത്തവരിലാണ് അസുഖങ്ങൾ തിരിച്ചെത്തുന്നത്.

അഞ്ചുവയസ്സിന് മുകളിലുള്ളവർക്ക് ഡിഫ്ത്തീരിയ കണ്ടെത്തിയാൽ ടെറ്റനസും ഡിഫ്ത്തീരിയയും ചെറുക്കുന്നതിനുള്ള ടി.ഡി. വാക്സിനാണ് ഇപ്പോൾ നൽകുന്നത്. രണ്ടുവയസ്സിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും കുത്തിവെയ്പ് നൽകുന്നതിന് ആരോഗ്യവകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരംനടപ്പാക്കിയ മിഷൻ ഇന്ദ്രധനുസ്സ് ക്യാമ്പിനും മലപ്പുറത്തുകാരെ മാറ്റാനായില്ല. സംസ്ഥാനത്ത് കുത്തിവെയ്പെടുക്കാത്തതിൽ കൂടുതൽ കുട്ടികൾ മലപ്പുറത്താണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പദ്ധതി നടപ്പാക്കിയത്. നാലുമാസത്തെ പ്രവർത്തനങ്ങൾക്കു ശേഷവും കുത്തിവെയ്പെടുക്കാത്ത കുട്ടികളെ മുഴുവനും പദ്ധതിയുടെ ഭാഗമാക്കാൻ കഴിഞ്ഞില്ല. ഏപ്രിലിലാണ് മിഷൻ ഇന്ദ്രധനുസ് തുടങ്ങിയത്. 12,000ത്തിലധികം കുട്ടികളായിരുന്നു കുത്തിവെയ്പെടുക്കാൻ ബാക്കിയുണ്ടായിരുന്നത്.

അഞ്ചുപ്രധാന വാക്സിനുകളാണ് രണ്ടു വയസ്സിനിടെ നൽകേണ്ടത്. ക്ഷയരോഗം പ്രതിരോധിക്കുന്നതിനുള്ള ബി.സി.ജി. വാക്സിൻ, തൊണ്ടമുള്ള് (ഡിഫ്ത്തീരിയ), വില്ലൻചുമ, ടെറ്റനസ്, ഹീമോഫീലിയ, ഹെപ്പറ്റൈറ്റിസ്ിയുെ; ബി തുടങ്ങിയ അഞ്ചു പ്രധാനരോഗങ്ങൾ തടയുന്നതിനുള്ള പെന്റാ വാലന്റ് വാക്സിൻ, അഞ്ചാംപനിക്കെതിരെയുള്ള മീസിൽസ് വാക്സിൻ എന്നിവയാണിവ. ഇതിൽ പെന്റാവാലന്റ് മൂന്നു ഘട്ടങ്ങളായാണ് നൽകേണ്ടത്. വിദ്യാഭ്യാസമുള്ളവർപോലും കുത്തിവെയ്പിന്റെ കാര്യത്തിൽ പുറകോട്ടു മാറുന്നതാണ് മലപ്പുറം ജില്ലയിലെ അവസ്ഥ.

പ്രതിരോധ കുത്തിവെപ്പുകൾക്കുനേരെ മലപ്പുറം മുഖംതിരിഞ്ഞതിന്റെ ഇരയായിരുന്നു വെട്ടത്തൂർ അൻവാറുൽ ഹുദയിലെ മുഹമ്മദ് അമീറുദ്ദീൻ. അഞ്ചുവയസ്സിനു മുൻപുള്ള കുത്തിവെപ്പ് കൃത്യമായി എടുക്കാത്തതാണ് രണ്ടുവർഷം മുമ്പ് ഡിഫ്തീരിയ ബാധിച്ചുള്ള അമീറുദ്ദീന്റെ മരണത്തിനുകാരണമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് മരുന്നുകിട്ടാത്ത അസുഖമാണ് ഡിഫ്തീരിയ. ഇതുണ്ടാക്കുന്ന ബാക്ടീരിയകൾ ഹൃദയം, വൃക്ക തുടങ്ങിയ ആന്തരികാവയവങ്ങളെയും നാഡികളെയുമാണ് ബാധിക്കുന്നത്. ആന്റിസിറം കൊടുത്താലും പത്തിലൊരാൾ മരിക്കുമെന്നാണ് ആരോഗ്യവകുപ്പധികൃതർ പറയുന്നത്. പലരും വൈകിയാണ് രോഗം തിരിച്ചറിയുക. തൊണ്ടയിൽ പാട രൂപപ്പെട്ട് ശ്വാസംമുട്ടൽ വരികയാണ് ഇതിന്റെ പ്രധാനലക്ഷണം. പക്ഷേ, ആദ്യഘട്ടത്തിൽ ചികിത്സകിട്ടിയില്ലെങ്കിൽ ഈ പാടയിൽനിന്ന് പടരുന്ന വിഷം(ടോക്സിൻ) ആന്തരികാവയവങ്ങളെ ബാധിക്കും. ഹൃദയത്തെയാണ് ഇതു ബാധിക്കുക. ഒരാൾക്ക് ഡിഫ്തീരിയ പിടിപെട്ടാൽ അയാളുമായി ഇടപഴകുന്നവരിലേക്കു മുഴുവൻ രോഗമെത്താൻ സാധ്യതയുണ്ട്. ചികിത്സിക്കുന്ന ഡോക്ടർമാർവരെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.എന്നാൽ ഇപ്പോൾ നൽകുന്ന വാക്സിനുകളിൽ ഭൂരിഭാഗവും ഇന്ത്യൻ നിർമ്മിതമാണ്. വാസ്തവം തിരിച്ചറിയാതെയാണ് പലരും ഒഴിഞ്ഞുമാറുന്നത്. ഇതിന് കൃത്യമായ ബോധവത്കരണ പരിപാടികളാണ് വേണ്ടതെന്നും ശരിയേതെന്ന് മനസ്സിലാക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പറയുന്നു.

മലയാളത്തിൽ തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്തീരിയ സാധാരണയായി ഒന്നു മുതൽ 5 വയസ്സുവരേയുള്ള കുട്ടികളെയാണ് ബാധിക്കുക. ഇപ്പോൾ പ്രതിരോധ വാക്സിനുകളുടെ ഉപയോഗം മൂലം രോഗബാധയുണ്ടാകുന്ന കുട്ടികളുടെ പ്രായം 5നു മുകളിലായിട്ടുണ്ട്. രോഗമുണ്ടാക്കുന്നതുകൊറൈനി, ബാക്ടീരിയം ഡിഫ്തീരിയ ബാക്ടീരിയയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിൽമാത്രം കണ്ടെത്തിയിട്ടുള്ള ഈ രോഗാണു തൊണ്ടയിലുള്ള ശ്ലേഷ്മചർത്തിലാണ് പെരുകുന്നത്.രോഗാണു ശരീരത്തിൽ പ്രവേശിച്ച് 26 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകും. ചെറിയ തോതിലുള്ള രോഗബാധ (തീവ്രത കുറഞ്ഞത്), മൂക്കൊലിപ്പ്, തൊണ്ടവേദന, പനി എന്നീ ലക്ഷണങ്ങൾ മാത്രമേ കാണിക്കുകയുള്ളൂ. കഠിനമായ രോഗബാധയുള്ളവരിൽ പനി, തൊണ്ടവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളെത്തുടർന്ന് തൊണ്ടയിൽ വീക്കം ഉണ്ടാകുകയും ടോൺസിലുകളിലും തൊണ്ടയിലും ചാരനിറത്തിലുള്ള പാട ഉണ്ടാകുകയും ശ്വാസതടസ്സവും ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടും ഉണ്ടാക്കും, ചിലപ്പോൾ ഇത് സ്വനപേടകങ്ങളെയും ബാധിച്ച് വീക്കമുണ്ടാക്കി ശ്വാസതടസ്സവും ഉണ്ടാക്കും. തൊണ്ടയ്ക്കു പുറമേ നാസാദ്വാരങ്ങളിലും രോഗബാധയുടെ ഫലമായി പാടകൾ ഉണ്ടാകാം. ഇതോടൊപ്പം കഴുത്തിലെ ലസിക ഗ്രന്ഥികളിൽ വീക്കമുണ്ടാക്കി ശ്വാസതടസ്സവും ഉണ്ടാക്കാറുണ്ട്.

തൊണ്ടയിൽ പെരുകുന്ന രോഗാണുക്കൾ പുറപ്പെടുവിക്കുന്ന വിഷാംശങ്ങൾ രക്തത്തിലൂടെ തലച്ചോറ്, ഹൃദയം, കിഡ്നി, ഞരമ്പുകൾ ഇവിടങ്ങളിലെത്തി അവയുടെ പ്രവർത്തനവും തകരാറിലാക്കുന്നു. സാധാരണയായി ഡിഫ്തീരിയമൂലം മരണപ്പെടുന്നത് ഹൃദയത്തെയോ, തലച്ചോറിനെയോ ബാധിച്ചോ, ശ്വാസതടസ്സം, തളർച്ച മൂലമോ ആയിരിക്കും. ഡിഫ്തീരിയ ബാധിച്ചവരിൽ 510 ശതമാനം വരെ മരണപ്പെടാൻ സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP