Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫാക്ടറി പൂട്ടിയിട്ടും ഒമ്പത് വർഷം സമരം നടത്തി; ഭൂമാഫിയകളെ നേരിടാൻ പന്തൽ കെട്ടി രാപ്പകൽ കാത്തിരുന്നു; ഒടുവിൽ മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി തൊഴിലാളികൾക്ക് ഐതിഹാസികമായ വിജയം; നഗരത്തിന്റെ കണ്ണായ സ്ഥലത്തെ കോടികൾ വിലമതിക്കുന്ന ഭൂമിയിൽ നോട്ടമിട്ടവർക്ക് തിരിച്ചടി

ഫാക്ടറി പൂട്ടിയിട്ടും ഒമ്പത് വർഷം സമരം നടത്തി; ഭൂമാഫിയകളെ നേരിടാൻ പന്തൽ കെട്ടി രാപ്പകൽ കാത്തിരുന്നു; ഒടുവിൽ മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി തൊഴിലാളികൾക്ക് ഐതിഹാസികമായ വിജയം; നഗരത്തിന്റെ കണ്ണായ സ്ഥലത്തെ കോടികൾ വിലമതിക്കുന്ന ഭൂമിയിൽ നോട്ടമിട്ടവർക്ക് തിരിച്ചടി

കെ വി നിരഞ്ജൻ

കോഴിക്കോട്: നിയമവിരുദ്ധമായി അടച്ചുപൂട്ടിയ മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നും തൊഴിലാളികൾക്ക് സ്ഥാപനം പൂട്ടിയതുമുതൽ ഇതുവരെയുള്ള മുഴുവൻ ആനുകൂല്യവും നൽകണമെന്നും വ്യവസായ ട്രിബ്യൂണലിന്റെ വിധി സ്ഥാപനത്തിന്റെ സ്ഥലം കൈവശപ്പെടുത്താൻ നീക്കം നടത്തിയ സി പി എം നേതൃത്വവത്തിന് ശക്തമായ തിരിച്ചടിയായി. വ്യവസായ ട്രിബ്യൂണൽ ജഡ്ജി കെ രാധാകൃഷ്ണനാണ് ചരിത്രത്തിൽ ഇടംപിടക്കാവുന്ന ഈ വിധി പ്രസ്താവിച്ചത്. 2009 ഫെബ്രുവരി ഒന്നിനാണ് ഫാക്ടറി അടച്ചുപൂട്ടിയത്. അന്നുമുതലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് തൊഴിലാളികൾക്ക് നൽകാനാണ് വിധിയുണ്ടായിരിക്കുന്നത്.

വർഷങ്ങളായി ഫാക്ടറി തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കോംട്രസ്റ്റ് തൊഴിലാളികൾക്ക് അനുകൂലമായ വിധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കോംട്രസ്റ്റ് ഭൂമി തട്ടിയെടുക്കാനുള്ള ഭൂമാഫിയയുടെ തന്ത്രങ്ങൾക്കുള്ള തിരിച്ചടി കൂടിയായി ഈ വിധി മാറുമെന്ന് ഉറപ്പാണ്. കോംട്രസ്റ്റ് ഫാക്ടറിയുടെ ഭൂമി ഇതിനിടെ പലരും കൈവശപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ക്രയ വിക്രയങ്ങളെല്ലാം ഈ വിധിയോടെ അസാധുവാകും. ഇതോടെ കമ്പനിയുടെ സ്ഥലം കൈവശപ്പെടുത്താനുള്ള ജില്ലയിലെ ഒരു വിഭാഗം സി പി എം നേതാക്കൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ഫാക്ടറിയുടെ സ്വത്തുക്കളിൽ കണ്ണു നട്ട് സി പി എം ഇക്കാലത്തിനിടയിൽ പലതരം അടവുകളും പയറ്റിയിരുന്നു. നെയ്ത്ത് ഫാക്ടറി ഭൂമി സർക്കാർ ഏറ്റടെുക്കാനുള്ള നടപടി തുടരുന്നതിനിടെ സി പി എം നേതൃത്വത്തിലുള്ള ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് മറിച്ച് വിറ്റത് വിവാദമായിരുന്നു. സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന മന്ത്രി ടി പി രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഭാസ്‌കരൻ, സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് എം മെഹബൂബ്, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ പിതാവ് അബ്ദുൽഖാദർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കെ ടി ഡി എസ് സൊസൈറ്റി സെന്റിന് 10.25 ലക്ഷം രൂപ നിരക്കിലാണ് കോംട്രസ്റ്റിന്റെ 45 സെന്റ് സ്ഥലം മൂന്നര വർഷം മുമ്പ് കച്ചവടം ചെയ്തത്. 2004ൽ ഇതോട് ചേർന്ന 55 സെന്റ് സ്ഥലം സിദ്ദിഖ് എന്നയാൾക്ക് വിറ്റിരുന്നു.

സെന്റിന് അരക്കൊടിയിലധികം രൂപ വിലയുള്ള ഭൂമി സർക്കാർ കണക്കിലെ ന്യായവിലമായ പത്തേകാൽ ലക്ഷത്തിന് മറിച്ചുവിറ്റതിലൂടെ കോടികളാണ് ഇവരുടെ കൈകളിലത്തെിയത്. കോംട്രസ്റ്റ് ഫാക്ടറിയും ഭൂമിയും ഏറ്റടെുക്കുന്നതിന് സർക്കാർ 2010 ജൂൺ ഒമ്പതിന് ഓർഡിനൻസ് പുറത്തിറക്കിയപ്പോൾ സെന്റിന് പത്തേകാൽ ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമി പതിനെട്ട് ലക്ഷത്തോളം രൂപയ്ക്ക് സർക്കാറിന് മറിച്ചുവിറ്റ് ലാഭം കൊയ്യൻ സി പി എം സൊസൈറ്റി ശ്രമിച്ചിരുന്നു.

കമ്പനി അടച്ചുപൂട്ടിയതിനെതിരെ തൊഴിലാളികൾ ജില്ലാ ലേബർ കമ്മീഷൻ മുമ്പാക പരാതി നൽകിയിരുന്നു. തൊഴിലാളികൾ ആനുകൂല്യങ്ങൾ വാങ്ങി പിരിഞ്ഞു പോകണമെന്ന വ്യവസ്ഥ എ ഐ ടി യു സി, ബി എം എസ് സംഘടനകളും സി ഐ ടി യു, ഐ എൻ ടി യു സി സംഘടനകളിലെ ഒരു വിഭാഗവും അംഗീകരിച്ചില്ല. ഫാക്ടറി തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യത്തിൽ ഇവർ ഉറച്ച് നിൽക്കുകയായിരുന്നു. പിന്നീട് റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ മുമ്പാകെ നടന്ന ചർച്ചക്കിടെ ഒരു വിഭാഗം മാനേജ്‌മെന്റുമായി രഹസ്യ കരാർ ഉണ്ടാക്കി പിരിഞ്ഞുപോയി. വലിയൊരു വിഭാഗം തൊഴിലാളികളെയും തെറ്റിദ്ധരിപ്പിച്ചാണ് സി ഐ ടി യു നേതൃത്വം പിരിഞ്ഞുപോകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. എന്നാൽ എ ഐ ടി യു സിയും ബി എം എസും ഐ എൻ ടി യു സിയിലെ ഒരു വിഭാഗവും ഈ തീരുമാനം അംഗീകരിക്കാതെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണറാണ് കേസ് വ്യവസായ ട്രിബ്യൂണലിന് റഫർ ചെയ്തത്. ഇതിൽ എ ഐ ടി യു സി, ബി എം എസ് സംഘടനകൾ മാത്രം കക്ഷിചേർന്നു. തുടർന്ന് നടന്ന കാലങ്ങൾ നീണ്ട നിയമ യുദ്ധത്തിന് ഒടുവിലാണ് തൊഴിലാളികൾക്ക് അനുകൂലമായി ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്. അഭിഭാഷകരായ എം അശോകൻ, ഇസെഡ് പി സക്കറിയ, പി എസ് മുരളി തുടങ്ങിയവരാണ് എ ഐ ടി യു സി, ബി എം എസ് സംഘടനകൾക്ക് വേണ്ടി ഹാജരായത്. ഇതിനിടയിൽ മാനേജ്‌മെന്റ് അവർ തീരുമാനിച്ച നഷ്ടപരിഹാരം പ്രഖ്യാപിച്ച് തൊഴിലാളികൾക്ക് ചെക്ക് അയച്ചു കൊടുത്തിരുന്നു.

ജീവിക്കാൻ മറ്റ് മാർഗങ്ങളൊന്നുമില്ലാതായ ചില തൊഴിലാളികൾ ഗത്യന്തരമില്ലാതെ ഈ ചെക്ക് വാങ്ങി അന്ന് പിരിഞ്ഞുപോയി. എന്നാൽ ബാക്കി തൊഴിലാളികൾ ചെക്ക് മാനേജ്‌മെറിനെ തിരിച്ചൽേപ്പിക്കുകായിരുന്നു. കമ്പനിക്ക് മുമ്പിൽ പന്തൽ കെട്ടി സമരത്തിലായിരുന്നു ബാക്കിയുള്ള 107 തൊഴിലാളികളും. അതിൽ രണ്ടുപേർ ഇതിനിടെ മരണപ്പെട്ടു. പ്രതിസന്ധികൾക്ക് മുമ്പിൽ പതറാതെ ബാക്കിയുള്ള തൊഴിലാളികൾ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാവുകയാണ് വ്യവസായ ട്രിബ്യൂണലിന്റെ വിധി.

വെല്ലുവിളികളെ അതിജീവിച്ച് ഈ തൊഴിലാളികൾ നടത്തുന്ന സമരം ഒൻപതാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. കമ്പനി ഭൂമിയിലേക്ക് അതിക്രമിച്ച് കയറിവരാൻ കാത്തിരിക്കുന്ന ഭൂമാഫിയകളെ നേരിടാൻ ഫാക്ടറി പരിസരത്ത് പന്തൽ കെട്ടി രാവും പകലും കഴിയുകയായിരുന്നു അവർ. ഈ പ്രക്ഷോഭത്തിന്റെ ഫലമായി 2012 ൽ കോംട്രസ്റ്റ് ഫാക്ടറി ഏറ്റടെുക്കാൻ തീരുമാനിച്ച് സർക്കാർ ബില്ല് പാസ്സാക്കി. എന്നാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച ബില്ലിന് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല. ഫാക്ടറിയുടെ സ്വത്തുക്കളിൽ കണ്ണു നട്ട് പറക്കുന്ന ഭൂമാഫിയയുടെ ഇടപെടലാണ് നടപടി വൈകിക്കുന്നതെന്നാണ് തൊഴിലാളികൾ വ്യക്തമാക്കുന്നത്.

ഇതിനിടിൽ കമ്പനിയുടെ സ്ഥലം വിൽപ്പന നടത്തി കോടികൾ സമ്പാദിക്കാനുള്ള നീക്കവുമായാണ് മാനേജ്‌മെന്റും ഭൂമാഫിയകളും മുന്നോട്ട് പോയത്. അതിനെ ചെറുത്ത് തൊഴിലാളികൾ മുന്നേറുന്നതിനിടയിലാണ് വ്യവസായ ട്രിബ്യൂണൽ വിധിയുണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP