Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുട്ടിക്കുപ്പായത്തിലെ റണ്ണർ അപ്പ് ആയ കൊച്ചുമിടുക്കന് സമ്മാനമായി നൽകിയ ചെക്ക് മടങ്ങി; പണം ആവശ്യപ്പെട്ട് വിളിക്കുമ്പോൾ വിരട്ടലുമായി ദർശന ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസർ; കാണികളുടെ മനംകവർന്ന തൃശൂരിലെ ഗായകൻ സുഫിയാനും കുടുംബവും ചാനലിനും പ്രൊഡ്യൂസർക്കും എതിരെ നിയമനടപടിക്ക്; ബൗൺസായത് ചാനൽ ചെയർമാൻ കൂടിയായ പാണക്കാട് സാദിഖലി തങ്ങൾ ഒപ്പിട്ട ചെക്ക്

കുട്ടിക്കുപ്പായത്തിലെ റണ്ണർ അപ്പ് ആയ കൊച്ചുമിടുക്കന് സമ്മാനമായി നൽകിയ ചെക്ക് മടങ്ങി; പണം ആവശ്യപ്പെട്ട് വിളിക്കുമ്പോൾ വിരട്ടലുമായി ദർശന ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസർ; കാണികളുടെ മനംകവർന്ന തൃശൂരിലെ ഗായകൻ സുഫിയാനും കുടുംബവും ചാനലിനും പ്രൊഡ്യൂസർക്കും എതിരെ നിയമനടപടിക്ക്; ബൗൺസായത് ചാനൽ ചെയർമാൻ കൂടിയായ പാണക്കാട് സാദിഖലി തങ്ങൾ ഒപ്പിട്ട ചെക്ക്

ജാസിം മൊയ്‌ദീൻ

കോഴിക്കോട്:  ദർശന ടിവിക്കെതിരെ ഗുരുതര ആരോപണവുമായി ചാനലിലെ റിയാലിറ്റി ഷോയിലെ രണ്ടാം സ്ഥാനക്കാരനായ മത്സരാർത്ഥി. കുട്ടിക്കുപ്പായം സീസൺ 5 റിയാലിറ്റി ഷോയിൽ രണ്ടാംസ്ഥാനക്കാരനായ തൃശൂർ തലപ്പിള്ളി താലൂക്ക് കിള്ളിമംഗലം കളത്തിങ്ങൾ ഖാലിദിന്റെ മകൻ സുഫിയാൻ മുഹമ്മദാണ് ചാനലിനും അണിയറ പ്രവർത്തകർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

കുട്ടിക്കുപ്പായം സീസൺ 5ന്റെ ഫൈനൽ വേദിയിൽ വെച്ച് രണ്ടാം സ്ഥാനക്കാരനായ സുഫിയാന് ചാനൽ ചെയർമാന്മാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, സിദ്ദീഖും ഒപ്പിട്ട ചെക്ക് നൽകിയിരുന്നു. ഈ അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയതാണ് ഇപ്പോഴുണ്ടായ വിവാദങ്ങൾക്ക് പിന്നിൽ. 20, 000 രൂപയുടെ ചെക്കാണ് പണമില്ലാത്തതിന്റെ പേരിൽ മടങ്ങിയിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് വെസ്റ്റ് ഹിൽ ബ്രാഞ്ചിലെ ചെക്കാണ് സുഫിയാന് നൽകിയിരുന്നത്. ചെക്ക് നൽകിയതിന് ശേഷം പ്രോഗ്രാം പ്രൊഡ്യൂസർമാരായ മുഹമ്മദ് അക്രം, മുസ്തഫ അമാനി തുടങ്ങിയവർ സുഫിയാനെയും കുടുംബത്തെയും വിളിച്ച് പറഞ്ഞതിന് ശേഷം മാത്രം ചെക്ക് ബാങ്കിൽ കൊടുത്താൽ മതിയെന്നു പറഞ്ഞിരുന്നു.

ഇതനുസരിച്ച് പ്രോഗ്രാം പ്രൊഡ്യൂസർമാർ പറഞ്ഞതിന് ശേഷമാണ് സുഫിയാൻ ഇക്കഴിഞ്ഞ ജൂൺ 19ന് ന് തനിക്ക് അക്കൗണ്ടുള്ള കേരള ഗ്രാമീൺ ബാങ്ക് കിള്ളിംഗലം ബ്രാഞ്ച് വഴി ചെക്ക് നൽകിയത്. എന്നാൽ അക്കൗണ്ടിൽ പണമില്ലെന്ന് കാണിച്ച് ചെക്ക് മടങ്ങുകയായിരുന്നു. പിന്നീട് പലതവണ ചാനൽ മേധാവികളുമായും പ്രോഗ്രാം പ്രൊഡ്യൂസർമാരുമായും ബന്ധപ്പെടുമ്പോൾ നിഷേധാത്മകമായ നിലപാടാണ് ചാനലിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നാണ് ആക്ഷേപം. ഒടുവിൽ കേസ് നൽകുമെന്ന് പറഞ്ഞപ്പോൾ പ്രോഗ്രാം പ്രൊഡ്യൂസർ മുഹമ്മദ് അക്രം ഫോണിലൂടെ വധഭീഷണി മുഴക്കിയെന്നാണ് പരാതി.

ലക്ഷങ്ങൾ സമ്മാനത്തുകയായി ലഭിക്കുമെന്ന പരസ്യം കണ്ടാണ് സുഫിയാനടക്കമുള്ളവർ മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. ഡ്രൈവറായ സുഫിയാന്റെ പിതാവിന് മകനെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ലക്ഷങ്ങളാണ് ചെലവായിട്ടുള്ളത്. എന്നാൽ പരിപാടി കഴിഞ്ഞപ്പോൾ പ്രഖ്യാപിച്ച സമ്മാനത്തുക പോയിട്ട് നൽകിയ ചെക്കിനുള്ള പണം പോലും ലഭിക്കാത്ത അവസ്ഥയാണുണ്ടായിട്ടുള്ളത്.

ഈ വർഷം ഫെബ്രുവരി 15നായിരുന്നു ചെമ്മാട് വച്ച് മത്സരത്തിന്റെ ഫൈനൽ നടന്നത്. അതിനിടെ മൂന്ന് മാസത്തോളം സുഫിയാന്റെ യാത്രകളും താമസവുമൊക്കെയായി നല്ലൊരു തുക ചെലവായിട്ടുമുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെയാണ് അവസാനം വരെ മത്സരത്തിൽ പങ്കെടുത്തത്. വിജയിക്കുകയും ചെയ്തു. എന്നിട്ടവസാനം പറഞ്ഞ സമ്മാനവുമില്ല. നൽകിയ 20000 രൂപയുടെ ചെക്കാണെങ്കിൽ മടങ്ങുകയും ചെയ്തു. പരാതി പറയാൻ വിളിക്കുമ്പോൾ കൊന്നുകളയുമെന്ന് ഭീഷണിയും.

ഈ സാഹചര്യത്തിൽ ചാനൽ ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എംഡി ഇസ്മായിൽ കുഞ്ഞുഹാജി, സിഇഒ സാദിഖ് ഫൈസി വളയംകുളം തുടങ്ങിയവർക്കെതിരെ അഡ്വ കെഎൻ നിഷാന്ത് മുഖാന്തിരം നോട്ടീസയച്ചിരിക്കുകയാണ് സൂഫിയാനും കുടുംബവും. സമ്മാനത്തുകയായ 20,000 രൂപയും നഷ്ടപരിഹാര തുകയും നൽകണമെന്നാവശ്യപ്പെട്ട് അയച്ച നോട്ടീസ് ചാനൽ മേധാവികൾ കൈപറ്റിയെങ്കിലും ഇതുവരെ മറുപടി നൽകാനോ, കൂടുതൽ നടപടികൾ സ്വീകരിക്കാനോ തയ്യാറായിട്ടില്ല. മാത്രവുമല്ല വീണ്ടും ചാനലിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തുന്ന നിലപാടാണ് ഉണ്ടായിരിക്കുന്നതും.

അതേ സമയം ഇതേ പരിപാടിയിൽ ഒന്നാം സ്ഥാനത്തെത്തിയ മത്സരാർത്ഥിയും സമാന അനുഭവം നേരിട്ടതായാണറിയുന്നത്. ഇയാൾക്ക് നൽകിയിരുന്ന 30,000 രൂപയുടെ ചെക്കും പണമില്ലാതെ മടങ്ങിയ സാഹചര്യത്തിൽ ഇവരും ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

ദർശന ടിവിടിവിയുടെ ആസ്ഥാനം കോഴിക്കോടാണ്‌. സത്യധാര കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിലാണ് ചാനൽ പ്രവർത്തിക്കുന്നത്. ഇതിന്റെയും നേതൃത്വത്തിലുള്ളത് ഇതേ ആളുകളൊക്കെയാണ്. ഒരു ഇസ്ലാം മത സംഘടനയുടെ കീഴിൽ ചാനൽ തുടങ്ങുക എന്ന വെല്ലുവിളി അതിജീവിച്ച് ജന്മം നൽകിയ ചാനലിനാണ് ഇപ്പോൾ കേവലം 20,000 രൂപയുടെ പേരിൽ ഇത്രയും വലിയ പേരുദോഷം ഉണ്ടായിരിക്കുന്നത്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP