Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാർ തീരുമാനം റദ്ദുചെയ്ത രണ്ടു ഹൈക്കോടതി ജഡ്ജിമാരുടെയും മക്കൾ സ്വാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ ആണെന്ന് ആരോപണം; മക്കൾ പഠിക്കുന്ന സ്ഥാപനങ്ങൾക്ക് അനുകൂലമായി വിധിയെഴുതിയ ജസ്റ്റിസ് മേരി ജോസഫിനും ജസ്റ്റിസ് സുരേന്ദ്ര മോഹനുമെതിരെ നടപടി ആവശ്യപ്പെട്ടു പരാതി; ജഡ്ജിമാരുടെ ബലത്തിൽ കോടതി നിർദ്ദേശം പോലും വകവയ്ക്കാതെ മാനേജ്‌മെന്റുകൾ

സർക്കാർ തീരുമാനം റദ്ദുചെയ്ത രണ്ടു ഹൈക്കോടതി ജഡ്ജിമാരുടെയും മക്കൾ സ്വാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ ആണെന്ന് ആരോപണം; മക്കൾ പഠിക്കുന്ന സ്ഥാപനങ്ങൾക്ക് അനുകൂലമായി വിധിയെഴുതിയ ജസ്റ്റിസ് മേരി ജോസഫിനും ജസ്റ്റിസ് സുരേന്ദ്ര മോഹനുമെതിരെ നടപടി ആവശ്യപ്പെട്ടു പരാതി; ജഡ്ജിമാരുടെ ബലത്തിൽ കോടതി നിർദ്ദേശം പോലും വകവയ്ക്കാതെ മാനേജ്‌മെന്റുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രണ്ടു ഹൈക്കോടതി ജഡ്ജിമാരുടെ മക്കൾ പഠിക്കുന്നതു സ്വാശ്രയ കോളേജിൽ ആയതിനാലാണു സ്വാശ്രയ മെഡിക്കൽ പ്രവേശന കേസിൽ സർക്കാരിനെതിരായ വിധി പുറപ്പെടുവിച്ചതെന്ന് ആരോപണം. മക്കൾ പഠിക്കുന്ന സ്ഥാപനങ്ങൾക്ക് അനുകൂലമായി വിധിയെഴുതിയതിനു ജസ്റ്റിസ് മേരി ജോസഫും ജസ്റ്റിസ് സുരേന്ദ്ര മോഹനുമെതിരെ നടപടി വേണമെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇതിനിടെ, ജഡ്ജിമാരുടെ ബലത്തിൽ കോടതി നിർദ്ദേശം പോലും വകവയ്ക്കാതെ മാനേജ്‌മെന്റുകൾ പ്രവേശന നടപടികൾ തുടങ്ങയിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

ക്രൈം നന്ദകുമാറാണു ജഡ്ജിമാർക്കെതിരെ പരാതിയുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുന്നിലെത്തിയത്. വിധി പുറപ്പെടുവിച്ച ജസ്റ്റിസ് സുരേന്ദ്രമോഹന്റെ മകൾ അമൃത ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥിനിയാണെന്നും ജസ്റ്റിസ് മേരി ജോസഫിന്റെ മകൾ ജൂബിലി മെഡിക്കൽ മിഷൻ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയുമാണെന്നുമാണു പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

സ്വാശ്രയ മാനേജ്മെന്റുകൾ സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെതിരെ നൽകിയ കേസിൽ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർ സ്വാശ്രയ മാനേജുമെന്റുകളെ സഹായിച്ചതിനു പിന്നിൽ ഇതാണു കാര്യമെന്നാണു നന്ദകുമാറിന്റെ ആരോപണം. കേസ് പരിഗണിച്ച ജഡ്ജിമാർ സ്വാശ്രയ മാനേജ്മെന്റുകൾക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചത് .ഈ ജഡ്ജിമാരുടെ സ്വാർത്ഥ താല്പര്യങ്ങളായിരുന്നുവെന്നും ആരോപണമുണ്ട്.

ജസ്റ്റിസുമാരായ സുരേന്ദ്രമോഹൻ,മേരി ജോസഫ് എന്നിവർക്കെതിരായ പരാതിയുടെ കോപ്പി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അയച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളെജുകളിലെ പ്രവേശനം പൂർണമായും ഏറ്റെടുത്തു സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇതിനെതിരെ സമീപിച്ച മാനേജ്‌മെന്റ് അസോസിയേഷന് അനുകൂലമായാണു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. സ്വാശ്രയ മാനേജ്മെന്റുകളുടെ കേസ് പരിഗണിക്കുന്ന അവസരത്തിൽ തന്നെ സ്വാശ്രയ മാനേജ്മെന്റുകൾക്ക് അനുകൂലമായ വിധിക്കാണു നീക്കം എന്ന പ്രചാരണമുണ്ടായിരുന്നു. ഇതിനുപിന്നാലെ കേസ് വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസുമാരായ പി ആർ രാമചന്ദ്രൻ മേനോൻ, അനിൽ നരേന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറിയത്. തുടർന്നു ജസ്റ്റിസുമാരായ സുരേന്ദ്രമോഹൻ, മേരി ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ കോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ സ്വാർഥതാൽപര്യങ്ങളാണെന്ന പരാതി ഉയരുന്നത്.

സ്വാശ്രയ മാനേജ്മെന്റുകളുമായി കേരള ഹൈക്കോടതിയിലെ പല ജഡ്ജിമാർക്കും ബന്ധമുണ്ട് എന്ന് നന്ദകുമാർ നൽകിയ പരാതിയിൽ പറയുന്നു. സ്വാശ്രയ മാനേജ്മെന്റുകൾ സംസ്ഥാന സർക്കാരിനെതിരെ നൽകിയ കേസിൽ ഹൈക്കോടതിയുടെ വിധി പക്ഷപാതപരമാണെന്ന് പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ആണ് രാജ്യത്ത് ഒരു ഏകീകൃത എൻട്രൻസ് സംവിധാനം കൊണ്ട് വന്നത്.എന്നാൽ സുപ്രീംകോടതി വിധിയുടെ അന്തഃസത്തയെയും അട്ടിമറിക്കുകയാണ് ഈ വിധിയിലൂടെ ഹൈക്കോടതി ചെയ്തതെന്നും ആരോപണമുണ്ട്.

ഇതിനിടെയാണ് കോടതി ഉത്തരവ് ലംഘിച്ച് സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകൾ സ്വന്തം ഇഷ്ടപ്രകാരം പ്രവേശന നടപടികൾ തുടങ്ങിയതായുള്ള വാർത്തകൾ പുറത്തുവരുന്നത്. സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനം ഏറ്റെടുത്ത സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു നൽകിയ നിർദേശങ്ങൾ മറികടന്നാണ് കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, വട്ടപ്പാറ എസ് യു ടി മെഡിക്കൽ കോളജ് എന്നിവ സ്വന്തം നിലയിൽ പ്രവേശന നടപടികൾ സ്വീകരിച്ചത്.

മാനേജുമെന്റുകൾക്ക് പ്രവേശന നടപടികളുമായി മുന്നോട്ടു പോകാൻ കർശന ഉപാധികൾ കോടതി മുന്നോട്ടുവച്ചിരുന്നു. ജെയിംസ് കമ്മറ്റി അംഗീകരിച്ച പ്രോസ്പക്ടസ് അടിസ്ഥാനമാക്കിയായിരിക്കണം പ്രവേശനം എന്നതാണ് പ്രധാന വ്യവസ്ഥ. പ്രവേശനത്തിന്റെ മേൽനോട്ടം ജെയിംസ് കമ്മിറ്റി നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ രണ്ട് വ്യവസ്ഥകളാണ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും വട്ടപ്പാറ എസ് യു ടിയും ലംഘിക്കുന്നത്. രണ്ട് കോളജുകളുടെയും പ്രോസ്പക്ടസ് ജെയിംസ് കമ്മിറ്റി ഇതുവരെ അംഗീകരിച്ചിട്ടില്ല. പ്രോസ്പെക്ടസുകളിൽ ചില ഭേദഗതി ജെയിംസ് കമ്മിറ്റി നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഇത് രണ്ടും അവഗണിച്ചാണ് ഈ രണ്ട് കോളജുകളും സ്വന്തം നിലയിൽ പ്രവേശന നടപടി തുടരുന്നതെന്നാണു റിപ്പോർട്ട്. പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഈ കോളെജുകൾ അവസാനിപ്പിക്കുകയും ചെയ്തു.

പ്രോസ്പെക്ടസ് അംഗീകരിക്കാതെയുള്ള പ്രവേശന നടപടികൾക്ക് അംഗീകാരം നൽകില്ലെന്ന് ജെയിംസ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. കോടതി ഉത്തരവ് ലംഘിച്ചുള്ള മാനേജുമെന്റുകളുടെ നീക്കത്തിനതെിരെ നടപടിയെടുക്കുമെന്നും ജെയിംസ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP