Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആ അരി ഇനി ഇവിടെ വേവില്ല; സമാന്തര അടുക്കളയും വീട്ടിൽ സമാഹരിച്ചുള്ള പൊതി വിതരണവും വേണ്ട; ഭക്ഷ്യവിഷബാധയുണ്ടായാൽ ആരു സമാധാനം പറയും; പത്തനംതിട്ടയിൽ സമൂഹ അടുക്കളയും ബജറ്റ് ഹോട്ടലും മതിയെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്; രാഷ്ട്രീയ മുതലെടുപ്പുകാർക്ക് തിരിച്ചടി

ആ അരി ഇനി ഇവിടെ വേവില്ല; സമാന്തര അടുക്കളയും വീട്ടിൽ സമാഹരിച്ചുള്ള പൊതി വിതരണവും വേണ്ട; ഭക്ഷ്യവിഷബാധയുണ്ടായാൽ ആരു സമാധാനം പറയും; പത്തനംതിട്ടയിൽ സമൂഹ അടുക്കളയും ബജറ്റ് ഹോട്ടലും മതിയെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്; രാഷ്ട്രീയ മുതലെടുപ്പുകാർക്ക് തിരിച്ചടി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോവിഡ് കാലത്ത് സമാന്തര അടുക്കളയും പൊതിച്ചോർ വിതരണവുമായി മുതലെടുപ്പിന് ഇറങ്ങിയ രാഷ്ട്രീയക്കാർക്കും മറ്റുള്ളവർക്കും വമ്പൻ തിരിച്ചടി. ഭക്ഷണ വിതരണത്തിന്റെ പേരിൽ തേരാപ്പാരാ കറങ്ങി നടന്നവർ അടക്കമുള്ളവർക്ക് മുട്ടൻ പണി നൽകി സമാന്തര അടുക്കളയുടെ പ്രവർത്തനവും വീട്ടിൽ നിന്നുള്ള പൊതിച്ചോർ വിതരണവും വിലക്കി കൊണ്ട് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും നടത്തുന്ന കമ്യൂണിറ്റി കിച്ചണും ബജറ്റ് ഹോട്ടലുമല്ലാത്ത മറ്റ് സംഘടനകളും വ്യക്തികളും നടത്തുന്ന സമാന്തര ഭക്ഷണ വിതരണം അനുവദിക്കില്ലെന്നു കലക്ടർ പറഞ്ഞു. ജില്ലയിൽ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ പഞ്ചായത്ത് സെക്രട്ടറിമാർ, മുനിസിപ്പൽ സെക്രട്ടറിമാർ എന്നിവരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ജില്ലാ കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.

തദ്ദേശ സ്ഥാപനങ്ങളുടെ കമ്യൂണിറ്റി കിച്ചണും കുടുംബശ്രീയുടെ ബജറ്റ് ഹോട്ടലിനും സമാന്തരമായി നടത്തുന്ന ഭക്ഷണ വിതരണം ചില പ്രശ്‌നങ്ങൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണു തീരുമാനം. സംഘടനകളും വ്യക്തികളും വീടുകളിൽനിന്നു ശേഖരിക്കുന്ന ഭക്ഷണപൊതികളിൽ ഏതെങ്കിലും തരത്തിൽ ഭക്ഷ്യവിഷബാധയുണ്ടായാൽ അതു ഭീഷണി ഉണ്ടാക്കും. സർക്കാർതലത്തിൽ ഇത്തരം സമാന്തര ഭക്ഷണപൊതി വിതരണം പ്രോത്സാഹിപ്പിക്കേണ്ട എന്ന നിർദേശമാണു ലഭിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ തങ്ങളുടെ പരിധിയിൽ ഇത്തരത്തിൽ സമാന്തരമായി നടക്കുന്ന ഭക്ഷണപ്പൊതി വിതരണവുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് അടിയന്തരമായി നൽകണം.

ഏപ്രിൽ 9 മുതൽ ജില്ലയിൽ സമാന്തര ഭക്ഷണപൊതി വിതരണം അനുവദിക്കില്ല. സമാന്തര പൊതിച്ചോർ വിതരണം നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. കമ്മ്യൂണിറ്റി കിച്ചണുമായി ബന്ധപ്പെട്ട് വാർഡ്തല മോണിറ്ററിങ് കമ്മറ്റി ദിവസവുംചേർന്ന് കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം ലഭ്യമാക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി ഭക്ഷണമെത്തുന്നുവെന്ന് ഉറപ്പുവരുത്തണം. വീടുകളിൽ ഐസലേഷനിൽ കഴിയുന്നവർക്കുള്ള സപ്ലൈക്കോ കിറ്റ് വിതരണത്തിന് നിരീക്ഷണത്തിലുള്ള ആളുകളുടെ കുടുംബങ്ങൾ തിരിച്ചുള്ള കണക്ക് ഗ്രാമപഞ്ചായത്ത് തയ്യാറാക്കണം. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കുള്ള കിറ്റ് പാക്കിങ് പൂർത്തിയായിവരുന്നു.

വൃദ്ധസദനങ്ങൾക്കും മറ്റും സൗജന്യ അരി എത്തിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാർ വൃദ്ധസദനങ്ങളിൽ ഉള്ളവരുടെ കണക്ക് തയ്യാറാക്കി അവർ ഇതിന് അർഹരെന്ന് കാട്ടി സാക്ഷ്യപത്രം താലൂക്ക് സപ്ലൈ ഓഫീസർക്ക് നൽകണം. വൃദ്ധസദനത്തിലെ ഒരു അംഗത്തിന് അഞ്ചുകിലോ സൗജന്യ അരി എന്ന കണക്കിലാണ് വിതരണം.

ഏപ്രിൽ 14 നുശേഷം കൂടുതൽ ആളുകൾ വിദേശങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്താൻ സാധ്യതയുള്ളതിനാൽ ഇവരെ ഐസലേഷനിൽ നിരീക്ഷിക്കാൻ കൂടുതൽ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ ഓരോ പഞ്ചായത്തിലും 100 മുറികൾ കണ്ടെത്തണം. ഇതിന് ആൾതാമസം ഇല്ലാത്ത വീടുകൾ കണ്ടെത്തിവയ്‌ക്കേണ്ടതുണ്ട്. ഇതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണം. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രായമായവരും ഐസ്വലേഷനിലുള്ളവരും പൂർണമായും വീടുകളിൽ കഴിയുന്നു എന്ന് ഉറപ്പുവരുത്തണം. അതിനുള്ള വിപുലമായ പദ്ധതി തയ്യാറായി വരുന്നു. ഇത് ഉടൻ അറിയിക്കും.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ ടെക്‌നിക്കൽ അസിസ്റ്റന്റിനെ കോവിഡ് ട്രാക്കറിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്ര(പി.എച്ച്.സി)ങ്ങളിൽ വിടുകയും ഡേറ്റ എൻട്രി നടത്തുകയും വേണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. വീഡിയോ കോൺഫറൻസിൽ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ സൈമ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP