Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ട ആദ്യ എംഎൽഎ; ഏറനാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്ത ധീരപോരാളി; തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി മരണം വരെ പോരാടി; നിലമ്പൂരിൽ നിന്ന് രണ്ട് തവണ നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖാവ് കുഞ്ഞാലിയുടെ ഓർമ്മകൾക്ക് അര നൂറ്റാണ്ട്

കേരളത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ട ആദ്യ എംഎൽഎ; ഏറനാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്ത ധീരപോരാളി; തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി മരണം വരെ പോരാടി; നിലമ്പൂരിൽ നിന്ന് രണ്ട് തവണ നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖാവ് കുഞ്ഞാലിയുടെ ഓർമ്മകൾക്ക് അര നൂറ്റാണ്ട്

ജാസിം മൊയ്തീൻ

മലപ്പുറം: ഏറനാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക സ്വാധീനമായ വ്യക്തിയായിരുന്നു സഖാവ് കുഞ്ഞാലി. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് 51 വർഷങ്ങൾ പൂർത്തിയാകുന്നു. 1969 ജൂലൈ 28ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് അദ്ദേഹം മരണപ്പെടുമ്പോൾ കുഞ്ഞാലി നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ ആയിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തിന് ചുള്ളിയോട് അങ്ങാടിയിൽ വെച്ച് വെടിയേൽക്കുന്നത്.

രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കുഞ്ഞാലി മരണപ്പെട്ടു. അങ്ങനെ കേരളത്തിൽ എംഎൽഎ ആയിരിക്കെ വെടിയേറ്റ് മരണപ്പെട്ട ആദ്യ വ്യക്തിയായി കുഞ്ഞാലി മാറി. അന്ന് കേസിൽ ഒന്നാം പ്രതിയായ മുതിർന്ന കോൺഗ്രസ് നേതാവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയും ചെയ്തു.

പിന്നീട് കുഞ്ഞാലിയെ വെടിവെച്ചു എന്ന് കരുതപ്പെടുന്ന ഗോപാലൻ എന്ന കോൺഗ്രസ് അനുഭാവിയെ 1971 ഫെബ്രുവരി 12ന് സിപിഎം പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങൾ കഴിഞ്ഞ മാസം അവസാനത്തിൽ ആര്യാടൻ മുഹമ്മദ് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലൂടെ വളിപ്പെടുത്തുകയും ചെയ്തിരുന്നു. ഏറനാടിന്റെ ചെഗുവേരെ എന്നറിയപ്പെട്ടിരുന്ന സഖാവ് കുഞ്ഞാലിയുടെ ജിവിതം വായിച്ചറിയാം

വിപ്ലവകാരിയായ ഉമ്മ വളർത്തിയ മകൻ

1924 ജൂലൈ 8നാണ് കുഞ്ഞാലി ജനിക്കുന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലായിരുന്നു ജനനം. കാരിക്കോടൻ കുഞ്ഞിക്കമ്മദിന്റെയും ആമ്പലൻ ആയിശയുടെ ഏകമകനായിരുന്നു കെ കുഞ്ഞാലിയെന്ന കാരിക്കോടൻ കുഞ്ഞാലി. പിന്നീട് സഖാവ് കുഞ്ഞാലിയെന്ന പേരിൽ അറിയപ്പെട്ടയാൾ. ധീരയും തന്റേടിയുമായ ഉമ്മയുടെ വളർത്തു ഗുണമായിരുന്ന കുഞ്ഞാലിയുടെ ജീവിതത്തിലത്രയും പ്രകടമായത്. വിപ്ലവകാരിയായിരുന്നു കുഞ്ഞാലിയുടെ മാതാവ് ആമ്പലൻ ആയിശ.

രാഷ്ട്രീയ അരജാകത്വവും മതപൗരോഹിത്യവും സമൂഹത്തിൽ അത്രമേൽ അള്ളിപ്പിടിച്ചിരുന്ന ഇരുപതുകളുടെ സാഹചര്യത്തിൽ സമൂഹത്തിന്റെ പൊതു മദ്ധ്യത്തിലേക്കിറങ്ങി ഇത്തിളും പപ്പടവും വിൽപന നടത്തി കുടുംബം പുലർത്തിയ മുസ്ലിം സ്ത്രീയുടെ ജീവിതം ഇന്ന് ചിന്തിക്കുമ്പോൾ അത്ഭുതമുളവാക്കുന്നതാണ്. ഉപ്പയെന്നത് നേർത്തൊരു ഓർമ്മ മാത്രമായിരുന്നു കുഞ്ഞാലിക്ക്. ഉമ്മയാണ് വളർത്തിയത് മുഴുവൻ. മതപൗരോഹിത്യത്തിന്റെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ആയിശ കുഞ്ഞാലിയെ വളർത്തി. തന്റേടവും പോരാട്ട വീര്യവും ഉമ്മയിൽ നിന്ന് ആവോളം കുഞ്ഞാലിക്ക് പകർന്ന് ലഭിച്ചതായി ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. പിന്നീട് കുഞ്ഞാലി ഏറ്റെടുത്ത ചരിത്ര പോരാട്ടങ്ങളിലും കർഷക പ്രക്ഷോഭങ്ങളിലുമെല്ലാം ധീരയായ ഉമ്മ വളർത്തിയ മകനെ കാണാമായിരുന്നു.

കൊണ്ടോട്ടിയിൽ നിന്ന് മലയോര ഗ്രാമങ്ങളിലേക്ക്

1942ൽ സൈന്യത്തിൽ ചേർന്ന കുഞ്ഞാലി ലോക മഹായുദ്ധത്തിന് ശേഷം നാട്ടിലെത്തി സജീവ രാഷ്ട്രീയ പ്രവർത്തകനാകുകയായിരുന്നു.അൻപതുകളിലാണ് കൊണ്ടോട്ടിയിൽ നിന്നും കാളികാവും, നിലമ്പൂരുമെല്ലാം ഉൾപ്പെടുന്ന കിഴക്കൻ ഏറനാടിന്റെ മലയോര ഗ്രാമങ്ങളിലേക്ക് കുഞ്ഞാലി എത്തുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് തീരെ വേരോട്ടമില്ലാതിരുന്ന മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട മേഖലകളിലേക്കായിരുന്ന ആ യാത്ര. ഐഎൻടിയുസി സജീവമായി ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തിയിരുന്ന പ്രദേശങ്ങൾ. ഇവിടെ കർഷക തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും സംഘടിപ്പിക്കലായിരുന്നു കുഞ്ഞാലിയുടെ വരവിന്റെ ഉദ്ദേശം.

കൊളോണിയൽ നിയമങ്ങളുടെ തണലിൽ തോട്ടം തൊഴിലാളികൾക്ക് ന്യായമായ കൂലിയോ മറ്റ് ആനുകൂല്യങ്ങളോ നൽകാതെ തോട്ടം ഉടമകൾ പണിയെടുപ്പിക്കുന്ന കാലം കൂടിയായിരുന്നു അത്. ഈ സാഹചര്യത്തിലേക്കാണ് കുഞ്ഞാലിയെത്തുന്നത്. ദുരിതം പേറി ജീവിച്ചിരുന്ന പുല്ലങ്കോട് എസ്‌റ്റേറ്റിലെയും കേരള എസ്‌റ്റേറ്റിലെയും തൊഴിലാളികൾക്ക് കുഞ്ഞാലിയുടെ ഇടപെടലുകൾ പ്രതീക്ഷ നൽകി. തോട്ടം തൊഴിലാളികൾ കുഞ്ഞാലിക്ക് പിന്നിൽ അണി നിരന്നു. വർഷങ്ങളായി ഐഎൻടിയുസിയിലും മറ്റ് ട്രേഡ് യൂണിയനുകളിലും പ്രവർത്തിച്ചിരുന്നവരും കുഞ്ഞാലിക്കൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു. തോട്ടം ഉടമകളുമായി നിരന്തരം കലഹിച്ചും ചർച്ച ചെയ്തും കുഞ്ഞാലി തോട്ടം തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനവും നിഷേധിക്കപ്പെട്ട അവകാശങ്ങളും നേടിക്കൊടുത്തു. തങ്ങളുടെ അവകാശങ്ങൾ നേടിത്തന്ന നേതാവിനൊപ്പം തൊഴിലാളികൾ ഉറച്ചു നിന്നു. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ബാലി കേറാമലയായിരുന്ന മലപ്പുറത്തിന്റെ മലയോര ഗ്രാമങ്ങളിൽ ഇടത് തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ കുഞ്ഞാലി അടിത്തറയുണ്ടാക്കി.

പഞ്ചായത്ത് പ്രസിഡണ്ട് മുതൽ എംഎൽഎ വരെ, പ്രധാന ശത്രുക്കളിലൊരാൾ ടികെ ഹംസ

തോട്ടം തൊഴിളാകൾക്കൊപ്പം അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ കുഞ്ഞാലി ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാട്ടുകാർക്കിടയിൽ പ്രിയങ്കരനായി. കാളികാവിൽ തന്നെ വീടെടുത്ത് താമസവും ആരംഭിച്ചു. 1961ൽ വിവാഹം കഴിച്ച് കുടുംബ സമേതം കാളികാവിൽ ജീവിതം തുടർന്നു. 1964ലാണ് കാളികാവ് പഞ്ചായത്ത് രൂപീകരിക്കുന്നത്. കാളികാവ് പഞ്ചായത്തിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വിജയിച്ച് പഞ്ചായത്ത് പ്രസിഡണ്ടാവുകയും ചെയ്തു. പുതുതായി രൂപീകരിച്ച പഞ്ചായത്തിന്റെ ആദ്യ എക്‌സിക്യുട്ടീവ് ഓഫീസറായി അന്നുണ്ടായിരുന്നത് ടികെ ഹംസയായിരുന്നു.

ഇന്നത്തെ പഞ്ചായത്ത് സെക്രട്ടറി സ്ഥാനം. അന്ന് അദ്ദേഹം കോൺഗ്രസ് നേതാവായിരുന്നു. പല തരത്തിൽ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ടികെ ഹംസ ശ്രമിച്ചിരുന്നു. പുതിയ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് മതിയായ ഫണ്ട് നൽകാതെ ടികെ ഹംസ പദ്ധതികൾ തടസ്സപ്പെടുത്തുന്നതായി കുഞ്ഞാലി നിരന്തരം പരാതിപ്പെട്ടു. ഒടുക്കം കുഞ്ഞാലിയുമായി തെറ്റിപ്പിരിഞ്ഞ് ടികെ ഹംസ ജോലി ഉപേക്ഷിച്ച് പോകുകയും ചെയ്തു. അതേ ടികെ ഹംസ പിന്നീട് സിപിഐഎമ്മിലെത്തുകയും മത്സരിച്ച് എംഎൽയും മന്ത്രിയും എംപിയും വരെ ആയി എന്നതാണ് മറ്റൊരു വസ്തുത. പിന്നീട് 1965ലും 67ലും കുഞ്ഞാലി നിലമ്പൂരിൽ നിന്നും നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

65ൽ ജയിലിൽ നിന്നാണ് കുഞ്ഞാലി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ടും വിജയിച്ചു.എന്നാൽ ആ വർഷം ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ രൂപീകരിക്കാനായില്ല. പിന്നീട് 67ൽ നടന്ന തെരഞ്ഞെടുപ്പിലൂടെ കുഞ്ഞാലി വീണ്ടും എംഎൽഎ ആയി. രണ്ട് തവണയും മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ആര്യാടൻ മുഹമ്മദിനെയാണ് കുഞ്ഞാലി പരാജയപ്പെടുത്തിയിരുന്നത്. രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള മത്സരം എന്നത് മാത്രമായിരുന്ന നിലമ്പൂരിലെ ആ രാഷ്ട്രീയ പോരാട്ടം.അത് രണ്ട് ട്രേഡ് യൂണിയനുകൾ തമ്മിലുള്ള മത്സരം കൂടിയായിരുന്നു. അക്കാലത്ത് തോട്ടം മേഖലിയും ബീഡിത്തെറുപ്പ് മേഖലയിലും ഐഎൻടിയുസിക്ക് വേണ്ടി തൊഴിലാളികളെ സംഘടിപ്പിച്ചിരുന്നത് ആര്യാടൻ മുഹമ്മദായിരുന്നു.

കുഞ്ഞാലി രാഷ്ട്രീയം പഠിച്ചത് വായിച്ചും അനുഭവങ്ങളിലൂടെയും

നിരന്തരമായ വായനയിലൂടെയും ജീവിത അനുഭവങ്ങളിലൂടെയുമാണ ്കുഞ്ഞാലി കമ്മ്യൂണിസ്റ്റുകാരനായത്. അക്ഷങ്ങളുമായുള്ള നിരന്തര സഹവാസവും അടങ്ങാത്ത അന്വേഷണങ്ങളുമാണ് കുഞ്ഞാലിയെന്ന രാഷ്ട്രീയക്കാരനെ വളർത്തിയത്. പാർട്ടി വേദികളിലും തൊഴിലാളികൾക്കിടയിലും അദ്ദേഹം തന്റെ അറിവുകൾ പ്രയോഗിച്ചു. വായനയിലൂടെ കൈമുതലായിക്കിട്ടിയവ പങ്കുവെച്ചു. ചരിത്രത്തിൽ അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി കാണാവുന്ന നിരവധി സംഭവങ്ങളിൽ പ്രധാനപ്പെട്ടതാണ് 48ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം പാർട്ടി കോൺഗ്രസിലെ ചർച്ചയിൽ പങ്കെടുത്ത് അദ്ദേഹം നടത്തി പ്രസംഗം. എല്ലാവരും രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ ഒന്നാം വർഷത്തിലേക്ക് ആഹ്ലാദപൂർവ്വം കടക്കുമ്പോൾ കുഞ്ഞാലി ആ സ്വാതന്ത്ര്യത്തെ അംഗീകരിച്ചിരുന്നില്ല. രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യം യഥാർത്ഥമല്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ അടിമത്വം നമ്മെ വിട്ടുപോയിട്ടില്ലെന്നും കൽക്കത്തിൽ വെച്ച് കുഞ്ഞാലി പ്രസംഗിച്ചു.

ഞാനല്ല കുഞ്ഞാലിയെ കൊന്നത്; അരനൂറ്റാണ്ടിന് ശേഷം ആര്യാടന്റെ വെളിപ്പെടുത്തൽ

1969 ജൂലൈ 26-ന് ചുള്ളിയോട് അങ്ങാടിയിൽ വച്ചാണ് കുഞ്ഞാലി ശത്രുക്കളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അര നൂറ്റാണ്ടിന് ശേഷം ഈ ജൂൺ അവസാന വാരത്തിലാണ് കുഞ്ഞാലിയുടെ മരണം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. അത് കുഞ്ഞാലി വധക്കേസിൽ ഒന്നാം പ്രതിയായി ചേർക്കപ്പെടുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയത് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ നിർണ്ണായക വെളിപ്പെടുത്തലോട് കൂടിയായിരുന്നു. മാതൃഭമി ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ആര്യാടൻ മുഹമ്മദ് കുഞ്ഞാലി വധത്തിൽ തന്റെ നിരപരാധിത്ത്വം തെളിയുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തൽ നടത്തിയത്. താനല്ല കുഞ്ഞാലിയെ കൊലപ്പെടുത്തിയതെന്നും, സിപിഎം തന്നെ കുരുക്കുകയായിരുന്നുവെന്നുമാണ് ആര്യാടൻ മുഹമ്മദ് മാതൃഭൂമിയലൂടെ വെളിപ്പെടുത്തിയത്. മറ്റൊരു കോൺഗ്രസ് പ്രവർത്തകനായിരുന്ന ഗോപാലനാണ് കുഞ്ഞാലിയെ വെടിവച്ചതെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരുന്നു കൃത്യം നിർവ്വഹിച്ചതെന്നും ആര്യാടൻ പറഞ്ഞു.

ചുള്ളിയോടിലെ പാർട്ടി ഓഫീസിന് മുന്നിൽ വച്ച് വെടിയേറ്റ കുഞ്ഞാലി പിന്നീട് നിലമ്പൂർ ആശുപത്രിയിലും മഞ്ചേരി ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും വച്ച് ആര്യാടനാണ് തന്നെ വെടിവച്ചതെന്ന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ ആര്യാടനെ മുഖ്യപ്രതിയാക്കിയത്. കൂടാതെ ചുള്ളിയോട് തന്നെയുള്ള കോൺഗ്രസ് ഓഫീസിൽ നിന്നും ആര്യാടനെയും മറ്റ് 23 പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കുഞ്ഞാലിക്ക് മരണ മൊഴി നൽകാനുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നില്ലെന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി ആര്യാടനെ വെറുതെ വിടുകയായിരുന്നു. അതോടൊപ്പം സാക്ഷികൾ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ട് സാക്ഷി മൊഴികൾ കണക്കിലെടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിൽ ഒന്നാം പ്രതിയായിരുന്ന ആര്യാടനെ പിന്നീട് കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കുകയും ചെയ്തു.

പിന്നീട് നിലമ്പൂരിൽ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ ഒരാൾ പോലും വിജയിച്ചില്ല

കുഞ്ഞാലിയുടെ മരണത്തോട് കൂടി നിലമ്പൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയും നഷ്ടമായി എന്നതാണ് വാസ്തവം. കുഞ്ഞാലിയുടെ മരണ ശേഷം സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ ഒരാൾ പോലും നിലമ്പൂരിൽ നിന്ന് നിയമ സഭയിലേക്ക് എത്തിയില്ല. മാത്രവുമല്ല ഏറെക്കാലം നിലമ്പൂർ ആര്യാടൻ മുഹമ്മദിന്റെ കുത്തകയാകുകയും ചെയ്തു.

കുഞ്ഞാലിയുടെ മരണത്തിന് ശേഷം ഇക്കാലയളവിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിലമ്പൂരിൽ നിന്ന് മത്സരിച്ചത് രണ്ട് പേരായിരുന്നു. ഇപ്പോഴത്തെ നിയമസഭ സ്പീക്കറായ പി ശ്രീരാമകൃഷ്ണനും, ദേവദാസ് പൊറ്റക്കാടും. രണ്ട പേരും ദയനീമായി പരായജയപ്പെട്ടു. ടികെ ഹംസയും ഇപ്പോൾ പിവി അൻവറും വിജയിച്ചത് കുടം ചിഹ്നത്തിൽ സ്വതന്ത്രരായി മത്സരിച്ചാണ്

 അതു കൊണ്ടാണ് കുഞ്ഞാലിയുടെ മരണത്തോട് കൂടി നിലമ്പൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ നഷ്ടമായി എന്ന് സിപിഎമ്മുകാർ പോലും ഇപ്പോഴും വിശ്വസിക്കുന്നത്.അത്തരം കമ്മ്യൂണിസ്റ്റുകാർ അൻവറിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ അംഗീകരിക്കാത്തതും കുഞ്ഞാലിയുടെ ഓർമ്മകൾ അവരിൽ അവശേഷിക്കുന്നതുകൊണ്ടാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP