Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെറുതേയല്ല ജപ്തി നടപടികൾ കണ്ട് സർക്കാർ മിണ്ടാതിരിക്കുന്നത്; സഹകരണബാങ്കുകളിലെ വായ്പാ ക്കുടിശ്ശിക ജപ്തിചെയ്ത് പിരിച്ചെടുക്കുന്നതിന് സർക്കാറിന് കമ്മീഷൻ; തിരിച്ചുപിടിക്കേണ്ട പണത്തിന്റെ 7.5 ശതമാനം സർക്കാരിന് നൽകണം; ഇനി കുടിയിറക്കലുകൾക്ക് വേഗം കൂടുമോ?

വെറുതേയല്ല ജപ്തി നടപടികൾ കണ്ട് സർക്കാർ മിണ്ടാതിരിക്കുന്നത്; സഹകരണബാങ്കുകളിലെ വായ്പാ ക്കുടിശ്ശിക ജപ്തിചെയ്ത് പിരിച്ചെടുക്കുന്നതിന് സർക്കാറിന് കമ്മീഷൻ; തിരിച്ചുപിടിക്കേണ്ട പണത്തിന്റെ 7.5 ശതമാനം സർക്കാരിന് നൽകണം; ഇനി കുടിയിറക്കലുകൾക്ക് വേഗം കൂടുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂവാറ്റുപുഴയിൽ അർബൻ സഹകരണ ബാങ്ക് നിർധന കുടുംബത്തെ ജപ്തി ചെയ്ത നടപടി സർക്കാറിന്റെ ഒരു ടെസ്റ്റ് ഡോസ് ആയിരുന്നോ? കണ്ണിൽചോരയില്ലാത്ത ഈ നടപടിയുടെ പേരിൽ കടുത്ത വിമർശനം സർക്കാറും കേരളബാങ്കും കേൾക്കേണ്ടി വന്നിരുന്നു. ഇഥിനിടെയാണ് സഹകരണബാങ്കുകളിലെ വായ്പക്കുടിശ്ശിക ജപ്തിചെയ്ത് പിരിച്ചെടുക്കുന്നതിന് സർക്കാറിനും കമ്മീഷൻ നിശ്ചയിച്ച നടപടിയാണ് വിവാദത്തിലാകുന്നത്. മൊത്തം തിരിച്ചുപിടിക്കേണ്ട പണത്തിന്റെ 7.5 ശതമാനം സർക്കാരിന് നൽകണമെന്നാണ് കരട് ചട്ടത്തിലെ വ്യവസ്ഥ ചെയ്യുന്നത്. ഈ തുക ജപ്തിനടപടികളുടെ തുടക്കത്തിൽത്തന്നെ സഹകരണബാങ്കുകളും സംഘങ്ങളും സർക്കാരിന് അടയ്ക്കണം. ഫലത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന സർക്കാറിന് ഒരു ധനാഗമ മാർഗ്ഗം കൂടി ആകുകയാണ് ജപ്തി നടപടിയും.

വായ്പയെടുത്തയാളിൽനിന്ന് ഈ തുകയടക്കമായിരിക്കും ബാങ്കുകൾ പിന്നീട് ജപ്തിയിലൂടെ ഈടാക്കുക. ജപ്തിയിലൂടെ അത്രയും തുക ലഭിച്ചില്ലെങ്കിൽ സർക്കാരിന് നൽകിയ തുക ബാങ്കിന് നഷ്ടമാവും.സഹകരണസംഘങ്ങൾ വിവിധ കാര്യങ്ങൾക്ക് സർക്കാരിലേക്ക് നൽകേണ്ട ഫീസ് നിരക്ക് ഉയർത്തി പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റ കരടിലാണ് ഇക്കാര്യങ്ങളുള്ളത്. ആർബിട്രേഷൻ ഫീസ് എന്ന വിഭാഗത്തിലാണ് പരിഷ്‌കാരം. ജപ്തി നടപടിക്ക് അനുമതി ലഭിക്കുന്നതിന് സഹകരണരജിസ്ട്രാർക്ക് ഓരോ ബാങ്കും കുടിശ്ശിക വായ്പയുടെ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ നൽകണം.

ഇതിന് 1000 രൂപയായിരുന്നു പരമാവധി നൽകേണ്ട ഫീസ്. ഇതാണ് കമ്മിഷനാക്കിയത്. ഒരുലക്ഷത്തിൽ താഴെയാണ് ജപ്തിയിലൂടെ പിരിച്ചെടുക്കേണ്ടതെങ്കിൽ സർക്കാരിന് 5000 രൂപ നൽകണം. ഒരുലക്ഷത്തിന് മുകളിലാണെങ്കിൽ അതിന്റെ 7.5 ശതമാനം സർക്കാരിലേക്ക് നൽകണം. ഇതാണ് പുതിയ വ്യവസ്ഥ. ഇതനുസരിച്ച് 10 ലക്ഷം രൂപ ബാങ്കിന് കുടിശ്ശികയായ ഒരാൾ അത് തീർക്കുന്നതിനൊപ്പം 75,000 രൂപ സർക്കാരിനുകൂടി നൽകേണ്ടിവരും. സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളുമെല്ലാം സമാനരീതിയിൽ കമ്മിഷൻ അടിസ്ഥാനമാക്കിയാണ് കുടിശ്ശിക പിരിവിന് ഏജൻസികളെ നിശ്ചയിക്കാറുള്ളത്.

പ്രാഥമിക സഹകരണബാങ്കുകളിൽ ജപ്തി നടപടികൾക്കായി സഹകരണവകുപ്പിലെ ഉദ്യോഗസ്ഥരെയാണ് സെയിൽസ് ഓഫീസർമാരായി നിയമിക്കാറുള്ളത്. വലിയ ബാങ്കുകൾ അവർക്ക് മാത്രമായി സ്ഥിരം സെയിൽസ് ഓഫീസർമാരെ നിയമിക്കും. ചെറുതാണെങ്കിൽ ഒന്നിലേറെ ബാങ്കുകൾക്കായി ഗ്രൂപ്പ് സെയിൽസ് ഓഫീസർമാരാണ് ഉണ്ടാകുക.

ഇങ്ങനെ നിയമിക്കുന്ന ഉദ്യോഗസ്ഥന്റെ ശമ്പളം, ആനുകൂല്യം എന്നിവയെല്ലാം കണക്കാക്കി ബാങ്കുകൾ സർക്കാരിന് അടയ്ക്കണം. അതിനാൽ, ജപ്തിനടപടിയിൽ സർക്കാരിന് ഒരുചെലവുമില്ല. സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകളിൽമാത്രം 80,000 കോടിരൂപയുടെ വായ്പയുണ്ട്. മൂന്നുവർഷമായി കാര്യമായി തിരിച്ചടവ് ഉണ്ടാകുന്നില്ല. കർഷകരും സാധാരണക്കാരുമാണ് പ്രാഥമിക സഹകരണ ബാങ്കുകളിലെ ഇടപാടുകാരിൽ ഏറെയും. തിരിച്ചടവ് വഴിമുട്ടിയ അവരിൽനിന്നാണ് ജപ്തി നടത്തി തുക ഈടാക്കുമ്പോൾ സർക്കാർ വിഹിതം ചോദിക്കുന്നത്.

അതേസമയം പുതിയ സംഘം രജിസ്റ്റർചെയ്യാനുള്ള ഫീസ് 50 ശതമാനംവരെ കൂട്ടിയിട്ടുണ്ട്. ബൈലോ ഭേദഗതി ചെയ്യുന്നതിനുള്ള ഫീസ് 500-ൽനിന്ന് 2000 രൂപയാക്കിയും ഉയർത്തി. തിരഞ്ഞെടുപ്പ് ഫീസ് അഞ്ചിരട്ടി ആക്കിയപ്പോൾ പരമാവധി 5000 രൂപയായിരുന്നത് 25,000 രൂപയാക്കാനുമാണ് തീരുമാനം. ഓഡിറ്റ് ഫീസ് പരമാവധി ഒരുലക്ഷമുണ്ടായിരുന്നത് അഞ്ചുലക്ഷമാക്കിയും ഉയർത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ്, സ്ഥാനക്കയറ്റം തുടങ്ങിയ ധനപരമല്ലാത്ത തർക്കങ്ങൾക്കുള്ള അപ്പീൽഫീസുകളും അഞ്ചിരട്ടി കൂട്ടി. പുതിയ ശാഖ തുറക്കുന്നതിനുള്ള അപേക്ഷയ്ക്കുള്ള ഉയർന്ന ഫീസ് 25,000 രൂപയാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP